പോടുവീണ മരത്തിലെ ദുശ്ശകുനപ്പക്ഷി

Imageമുഖ്യമന്ത്രി അച്യുതാനന്ദന്റെ വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും ചില പൊരുത്തക്കേടുകള്‍ ഉണ്ടാകാറുണ്ട്‌. പരിഷ്കൃത മനുഷ്യര്‍ക്ക്‌ ചിലപ്പോള്‍ അറപ്പുളവാക്കുന്ന പ്രയോഗങ്ങള്‍ വി.എസ്‌ സങ്കോചമില്ലാതെ ഉപയോഗിക്കുന്നു.

കേരളത്തിലെ ഒരു ഉള്‍നാടില്‍ നിന്ന്‌ പടിപടിയായി രാഷ്ട്രീയ നേതൃനിരയിലേക്ക്‌ വളര്‍ന്നുവന്ന സി.പി.എം നേതാവാണ്‌ അദ്ദേഹം. കുട്ടനാടന്‍ ശൈലിയും പ്രയോഗങ്ങളും വി.എസിന്റെ ഭാഷയെ വലിയ അളവില്‍ സ്വാധീനിച്ചിട്ടുണ്ട്‌. ചില സി.പി.എമ്മുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ അത്‌ വി.എസിന്റെ വായ്മൊഴി വഴക്കമായിരിക്കാം. അത്‌ ആവര്‍ത്തിച്ച്‌ കേള്‍ക്കുന്നത്‌ സി.പി.എമ്മുകാര്‍ക്ക്‌ സുഖമായിതോന്നിയെന്നുംവരാം.കേരളത്തിലെ പൊതുസമൂഹം വി.എസിനെ സി.പി.എം നേതാവായിട്ടുമാത്രമല്ല കാണുന്നത്‌. അദ്ദേഹം ഈ സംസ്ഥാനത്തെ മുഖ്യമന്ത്രിയെന്ന നിലയില്‍ കാര്യങ്ങളെ വിലയിരുത്തുമ്പോള്‍ പക്വതയും നിലവാരവും പുലര്‍ത്തണം. രണ്ടും പ്രായംകൊണ്ട്‌ മാത്രം നേടാവുന്നതല്ല. അത്‌ ഒരു സംസ്കാരമാണ്‌.

 

കുട്ടനാട്ടുകാരനായ ഒരു പ്രാദേശിക സി.പി.എം നേതാവല്ല കേരള മുഖ്യമന്ത്രി. അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും ഉത്തരവാദിത്വത്തിന്റെ ഭാരവും അര്‍ത്ഥമൂല്യവും ഉണ്ടാവണം.
കഴിഞ്ഞദിവസം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയെ മുഖ്യമന്ത്രി അച്യുതാനന്ദന്‍ 'ഓടിനടക്കുന്ന പൈതലാന്‍' എന്നുവിളിച്ചു. മുമ്പൊരിക്കല്‍ എ.ഐ.സി.സി അധ്യക്ഷ സോണിയാ ഗാന്ധിയെ അദ്ദേഹം വിശേഷിപ്പിച്ചത്‌ 'തള്ളച്ചി' എന്നാണ്‌. ഇഷ്ടമില്ലാത്തവരെ വി.എസ്‌ പതിവായി ഇങ്ങനെയൊക്കെയായിരിക്കും വിളിക്കുന്നത്‌. പക്ഷേ കേരളാ മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ പൈതലാന്‍, തള്ളച്ചി പ്രയോഗങ്ങള്‍ അദ്ദേഹത്തിന്റെ അന്തസ്സും മഹിമയും കെടുത്തുന്നകാര്യം സ്വയം തിരിച്ചറിയുന്നില്ലെങ്കില്‍ ആരെങ്കിലും അദ്ദേഹത്തെ അക്കാര്യമൊന്ന്‌ ഇനിയെങ്കിലും ബോധ്യപ്പെടുത്തണം.


കോണ്‍ഗ്രസിന്റെ യുവനേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധി ദേശമെങ്ങും സഞ്ചരിക്കുന്നു. ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങളോട്‌ അനുഭാവം പുലര്‍ത്തുകയും അവരുടെ ക്ലേശങ്ങളുമായി സമരസപ്പെടുകയും ആധുനിക ഇന്ത്യയുടെ അവസ്ഥയെ പുസ്തകജ്ഞാനം കൂടാതെ നേരിട്ട്‌ ഗ്രഹിക്കുകയും ചെയ്യുന്നു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനങ്ങള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നു. യുവാക്കളും വൃദ്ധന്മാരും രാഹുലിനെ ആവേശപൂര്‍വ്വം സ്വീകരിക്കുന്നു. സാധാരണക്കാരായ മനുഷ്യര്‍ക്ക്‌ ഒരു രാഷ്ട്രീയ നേതാവ്‌ തന്റെ വാക്കുകള്‍കൊണ്ടും സാമീപ്യംകൊണ്ടും പകര്‍ന്നു നല്‍കേണ്ട ഊര്‍ജ്ജം രാഹുലില്‍ നിന്നും ലഭിക്കുന്നതുകൊണ്ടാണ്‌ ജനങ്ങളില്‍ ഈ ആവേശത്തിരയിളക്കം. ഈയിടെ രാഹുല്‍ ഗാന്ധി മുംബൈ നഗരത്തില്‍ എത്തി. ട്രെയിനില്‍ സഞ്ചരിച്ച്‌ നഗരത്തിലെ ജനങ്ങളുടെ ദൈനംദിന ജീവിതരീതി നേരിട്ട്‌ കണ്ടറിഞ്ഞ അദ്ദേഹം മഹാനഗരം മഹാരാഷ്ട്രക്കാര്‍ക്കുവേണ്ടി പതിപ്പിച്ചെടുക്കാന്‍ സങ്കുചിത രാഷ്ട്രീയക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ചു.

 

ശിവസേനയും അതില്‍നിന്ന്‌ പൊട്ടിമുളച്ച മറ്റൊരു പ്രദേശികകക്ഷിയും ചേര്‍ന്ന്‌ ചരിത്രപ്രസിദ്ധമായ മുംബൈയില്‍ മണ്ണിന്റെമക്കള്‍ വാദം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്‌ താക്കീത്‌ നല്‍കിക്കൊണ്ട്‌ രാഹുല്‍ ഗാന്ധി പറഞ്ഞു: 'ഈ മഹാനഗരം എല്ലാ ഇന്ത്യക്കാരുടേതുമാണ്‌'. രാജ്യം മുഴുവന്‍ പ്രതിധ്വനിച്ച ദേശീയബോധത്തിന്റെയും സമത്വചിന്തയുടെയും ദൃഢപ്രത്യയമായിരുന്നു രാഹുലിന്റെ വാക്കുകള്‍. തൊഴില്‍ അന്വേഷകരായും ജോലിക്കാരായും ആ നഗരത്തില്‍ രാജ്യത്തിന്റെ എല്ലാഭാഗത്തുനിന്നുമുള്ളവര്‍ വന്നുതാമസിക്കുന്നുണ്ട്‌. ഒരു മഹാനഗരമെന്ന നിലയില്‍ വിദേശികളും മുംബൈയില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്‌. അവരെയെല്ലാം ആട്ടിയോടിച്ചിട്ട്‌ പ്രാദേശികവാദത്തിന്റെ കൊടികുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ്‌ രാഹുല്‍ ഗാന്ധി നേരിട്ടെത്തി ജനങ്ങളെ സാക്ഷിനിര്‍ത്തി മുംബൈ ഇന്ത്യക്കാരുടേതാണെന്ന്‌ പറഞ്ഞത്‌. ശിവസേനാ തലവന്‍ രാഹുലിന്റെ സന്ദര്‍ശനത്തിനുശേഷം തന്റെ ഇടുങ്ങിയ വാദഗതികള്‍ക്ക്‌ വാക്കുകള്‍കൊണ്ടോ വരകൊണ്ടോ പിന്നീട്‌ ഒരു പരിഹാസം ചമയ്ക്കാന്‍പോലും തുനിഞ്ഞതായി കണ്ടില്ല.

 

എന്നാല്‍ കേരളത്തിലെ മുഖ്യമന്ത്രിക്ക്‌ രാഹുല്‍ ഗാന്ധി ഇവിടുത്തെ സി.പി.എം നേരിടുന്ന ദയനീയമായ പതനത്തെക്കുറിച്ച്‌ നടത്തിയ വിമര്‍ശനം തീരെ രസിച്ചില്ല. സി.പി.എമ്മിന്‌ ഒന്നരക്കൊല്ലത്തെ ആയുസ്സേയുള്ളൂ എന്ന്‌ മുംബൈ സന്ദര്‍ശനം കഴിഞ്ഞ്‌ കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി പറഞ്ഞു. ഒന്നരവര്‍ഷം കഴിഞ്ഞ്‌ നടക്കാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ സി.പി.എം ഇല്ലാതാകുമെന്നാണ്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി അര്‍ത്ഥമാക്കിയത്‌. അത്‌ അദ്ദേഹത്തിന്റെ രാഷ്ട്രീയ അഭിപ്രായവും വിലയിരുത്തലുമാണ്‌. അതിന്‌ രാഷ്ട്രീയമായി മറുപടി പറയാന്‍ 87 പിന്നിട്ട മുഖ്യമന്ത്രി അച്യുതാനന്ദന്‌ കഴിയാതെപോയത്‌ അദ്ദേഹത്തിന്റെ പാപ്പരത്തമാണെന്ന്‌ പറയുന്നില്ല. പകരം ഉത്തരംമുട്ടുമ്പോള്‍ കൊഞ്ഞണം കുത്തുന്നവരെപ്പോലെ 'ഓടിനടക്കുന്ന പൈതലാന്‍' എന്നുപറഞ്ഞ്‌ നിസ്സാരവല്‍ക്കരിക്കാനാണ്‌ വി.എസ്‌ ശ്രമിച്ചത്‌.

 

ഒന്നരക്കൊല്ലം കഴിയേണ്ട, അതിനുമുമ്പും ഇവിടെ തെരഞ്ഞെടുപ്പുണ്ട്‌. നമുക്ക്‌ കാണാം സി.പി.എമ്മിന്റെ ഭാവി. താത്വികമായും സംഘടനാപരമായും പാതാളഗര്‍ത്തത്തില്‍ അകപ്പെട്ടിരിക്കുന്ന സി.പി.എമ്മില്‍ നിന്ന്‌ പക്ഷികളെപ്പോലെ നേതാക്കള്‍ പറന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്‌. മഹാനായ ഒരു റഷ്യന്‍ സാഹിത്യകാരന്‍ രാഷ്ട്രീയക്കാരെ ഫലവൃക്ഷത്തിലെ പക്ഷികള്‍ എന്ന്‌ വിശേഷിപ്പിച്ചിട്ടുണ്ട്‌. പോടുവീണ്‌ നിലംപതിക്കാറായ സി.പി.എമ്മില്‍ നിന്ന്‌ പുതിയ പൂമരങ്ങള്‍ തേടി നേതാക്കള്‍ പറന്നുപോവുകയാണ്‌. അക്കാര്യം വി.എസിനുമറിയാം. ഈ പ്രായത്തില്‍ അദ്ദേഹം ഏത്‌ ഫലവൃക്ഷത്തില്‍ ചേക്കേറുമെന്നതിന്റെ സ്വകാര്യ വിഷമം കേരളീയര്‍ക്ക്‌ മനസ്സിലാകും.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls