|
മൂന്നാറും മുല്ലപ്പെരിയാറും മുരളീധരനുമൊക്കെ വാര്‍ത്താ മാധ്യമങ്ങളില്‍ കത്തി നില്‍ക്കുമ്പോള്‍ ആരോരും അറിയാതെ ആരവങ്ങളില്ലാതെ ഒരാഘോഷത്തിന് കേരളം മൂകസാക്ഷിയായി.
5000 വിശിഷ്ടാതിഥികളെ ക്ഷണിച്ചുവരുത്തി അവരെ സല്‍ക്കരിക്കുന്ന തിരക്കിനിടയില്‍ മത്സരാര്‍ത്ഥികളായ കുട്ടികള്‍ക്കുപോലും സമയത്തിന് ഭക്ഷണം നല്‍കാനാവാതെ മന്ത്രിമാരും, എം.എല്‍.എമാരും മുഴുനീള നടത്തിപ്പുകാരും ഭരിപ്പുകാരായി വിളയാടിയ കോഴിക്കോട് യുവജനോത്സവത്തിന് തൊട്ടുപിന്നാലെയായി വന്ന പാലക്കാട് മോയന്‍ മോഡല്‍ എച്ച്.എസ്.എസില്‍ നടന്ന പന്ത്രണ്ടാമത് സ്പെഷ്യല്‍ സ്കൂള്‍ കലോത്സവവേദിയാണിത്. സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം എന്നു പറഞ്ഞാല്‍ അങ്ങാടിമരുന്നോ, പച്ചമരുന്നോ എന്ന് സംശയിക്കുന്നവരാണ് ഇന്നധികവും ഉളളത്. മാനസികമായി വെല്ലുവിളി നേരിടുന്ന 249 കുട്ടികളും കേള്‍വിക്കുറവുളള 665 കുട്ടികളും കാഴ്ചക്കുറവുളള 244 കുട്ടികളും ഉള്‍പ്പെടെ അംഗവൈകല്യമുളള 1158 കുട്ടികളാണ് ഈ കലോത്സവത്തില്‍ പങ്കെടുത്തത്. മോഹിനിയാട്ടം, ഭരതനാട്യം, നാടോടി നൃത്തം, മോണോആക്ട് തുടങ്ങിയ 38 മത്സരങ്ങളാണുണ്ടായിരുന്നത്. ഐശ്വര്യ, ശ്രീ, രഞ്ജിനി, ആരഭി, വാണി, ഭവാനി, നിള തുടങ്ങിയ ഏഴു സ്റ്റേജുകളിലായി 2010 ജനുവരി 28 മുതല്‍ 30 വരെ നടന്ന ആഘോഷ പരിപാടികളില്‍ - വിക്ടോറിയ കോളേജില്‍ നിന്നും തുടങ്ങിയ ഘോഷയാത്ര മുതല്‍ സമാപന സമ്മേളനം വരെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയോ, സ്ഥലം എം.എല്‍. എയോ, സ്ഥലം എം.പിയോ, വേണ്ട ഏതെങ്കിലും ഒരു മന്ത്രിയോ, എം.എല്‍.എമാരോ, നേതാക്കന്മാരോ ആരും പങ്കെടുത്തു കണ്ടില്ല.
പാവപ്പെട്ടവര്‍ക്കുവേണ്ടി സദാസമയവും മുതലക്കണ്ണീരൊഴുക്കുന്ന നേതാക്കളെല്ലാം തന്നെ തെരക്കുനടിച്ച് ഒഴിഞ്ഞുമാറി എന്നതാണ് വസ്തുത. കൊട്ടും, പാട്ടും, പൂത്താലവും, മുലക്കച്ച കെട്ടിയ പെണ്‍പടയും ആനയും അമ്പാരിയുമൊക്കെയായി ആരതി ഉഴിഞ്ഞെത്തുന്ന മന്ത്രി ശ്രേഷ്ഠന്മാരുടെ സാന്നിധ്യമില്ലാത്തതിനാലാവാം കാഴ്ചക്കാരായി നാട്ടുകാരോ, രക്ഷാകര്‍ത്താക്കളോ, ചാനല്‍പടയോ ഒന്നും അവിടെ എത്താതിരുന്നത്. കുട്ടികള്‍ക്ക് നല്‍കിയ വേകാത്ത ഇഡ്ഡലിയെ പറ്റിയോ, കറിയില്ലാതെ വിളമ്പിയ ചോറിനെപ്പറ്റിയോ, പലഹാരമില്ലാതെ നല്‍കിയ കടുപ്പമേറിയ, മധുരംകുറഞ്ഞ, അളവുകുറഞ്ഞ ചായയെപ്പറ്റിയോ വിലപിക്കാനും , ആക്ഷേപിക്കാനുമൊന്നും ആരെയും കണ്ടില്ല. അന്ധ-ബധിര-മൂക വിദ്യാര്‍ത്ഥികളായതിനാല്‍ അവര്‍ എന്തും സഹിക്കണമല്ലോ. ഡി.പി.ഐ ഉള്‍പ്പെടെയുളള വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥന്മാരുടെ നിറഞ്ഞ സാന്നിധ്യവും ശ്രദ്ധയും മാത്രമായിരുന്നു ആശ്വാസം. ജാതി സംവരണത്തിനും പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കുന്നതിനും ബസ് ചാര്‍ജ്ജ്, വൈദ്യുതി ചാര്‍ജ്ജ് മുതലായവ വര്‍ദ്ധിപ്പിക്കുന്നതിനുമൊക്കെ ഉത്സാഹം കാണിക്കുന്ന സര്‍ക്കാരും, പൊതുജനഹിതം നിറവേറ്റുന്നതിനായി ആത്മരോക്ഷം ഉതിര്‍ക്കുന്ന പ്രതിപക്ഷ നേതാക്കളുമൊക്കെ ഇത്തരം കുറേ മിണ്ടാപ്രാണികളും ഇവിടെയുണ്ടെന്ന് ഓര്‍ക്കേണ്ടതുണ്ട്. കണ്ണും, കാതും, ചുണ്ടുമില്ലാത്ത, മാനസികവളര്‍ച്ചയില്ലാത്ത ഈ പാവം കുട്ടികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ കുറേ അധ്യാപകരെമാത്രം ചുമതല ഏല്‍പ്പിക്കാതെ, സര്‍ക്കാരിനും, രാഷ്ട്രത്തിനും, ചെയ്യാവുന്നതൊക്കെ ചെയ്യാന്‍ സന്മനസ്സുണ്ടാവാന്‍-വൈകിക്കൂടാ.
കെ.എന്‍. ഗീതാ കുമാരി, തൊടുപുഴ.
|