| അയ്യോ! മൊബെയില്‍ കൊഞ്ചല്‍ |
|
ഈ ലേഖകന് ഒരു മൊബെയില്‍ ഫോണുണ്ട്. എയര്‍ടെല്‍ കമ്പനിക്കാരുടേതാണ് സാധനം. വരിക്കാരെ കുടുക്കുന്ന പരസ്യങ്ങള്‍ വിളിച്ചുപറയുക മൊബെയില്‍ കമ്പനിക്കാരുടെ പരിപാടിയാണല്ലോ. അടുത്തകാലത്ത് ഇത് അതിരുവിട്ടതും അസഹനീയമായിത്തീര്‍ന്നിരിക്കുന്നു. അങ്ങോട്ട് വിളിക്കാനോ ഇങ്ങോട്ട് കാള്‍ സ്വീകരിക്കാതിരിക്കാനോ എളുപ്പം കഴിയാത്ത രീതിയില്‍ ഇടപെടുന്ന പരസ്യക്കളികൊണ്ട് പൊറുതിമുട്ടുകയാണ് ഈ ഉള്ളവന്‍. ഈ അനുഭവം എന്റേതുമാത്രമായിരിക്കില്ല. "സഹജീവികള്‍" ധാരാളം കണ്ടേക്കും. "ഒന്നുവച്ചാല്‍ മൂന്ന്" എന്ന് ഒരു കളമൊഴി അടുത്തകാലത്ത് തുടര്‍ച്ചയായി കേള്‍ക്കുന്നുണ്ട്. ഇതൊക്കെ സഹിച്ചിരിക്കുമ്പോഴാണ് പുതിയൊരു സന്ദേശവുമായി ഏതോ സ്വര്‍ഗ്ഗകന്യക ഇപ്പോള്‍ മൊബെയിലില്‍ ഇറങ്ങിവന്നത്. അത്യാവശ്യ കാളായിരിക്കുമെന്ന് കരുതി മൊബെയില്‍ സ്വിച്ച് ഓണ്‍ ചെയ്തു. അപ്പോള്‍ കേട്ടത് ഇതാണ്: "നിങ്ങള്‍ പ്രണയത്തിലാണോ? പ്രണയം എങ്ങനെ പ്രകടിപ്പിക്കണമെന്നറിയാതെ വിഷമിക്കുകയാണോ? വിവാഹിതനാണെങ്കിലും പഴയ ഓര്‍മ്മകള്‍ പുതുക്കാന്‍ പരിപാടിയുണ്ടെന്നാണ്" സ്വര്‍ഗ്ഗകന്യക മൊഴിഞ്ഞത്.
"ഇന്നുവേണ്ടിന്നുവേണ്ടോമലാളേ" എന്നു പറയാനോ; "പാടില്ല, പാടില്ല, നമ്മെ നമ്മള്‍ പാടേ മറന്നൊന്നും ചെയ്തുകൂടാ" എന്നു പറയാനോ കഴിയുന്നുമില്ല. കാരണം ഈ മാലാഖ അദൃശ്യയും അരൂപിയുമാണല്ലോ, നിര്‍ഗുണപരബ്രഹ്മമല്ലെന്നു മാത്രം! ഞാന്‍ അനുരാഗവിലോചനോ അതിലേറെ മോഹിതനോ അല്ലെന്നും പറയണമെന്നുണ്ട്.26 കൊല്ലത്തെ കോളെജ് അധ്യാപന പരിചയമുള്ളവനാണ് ഈ ലേഖകന്‍. പഴയകുട്ടികളെയോ മറ്റോ വിളിച്ച് പഠനത്തെപ്പറ്റിയോ പരീക്ഷയെപ്പറ്റിയോ ചോദിക്കാന്‍ പേടിയാകുന്നു. കാരണം മറ്റൊന്നുമല്ല. അങ്ങോട്ടു വിളിച്ചാല്‍ കേള്‍ക്കുന്നത് ഇതാണ്: "ഡാഡി മമ്മി വീട്ടില്‍ ഇല്ലൈ." എന്താ കഥ?!
|
| < മുന്‍ പേജ് | അടുത്തത് > |
|---|

ഡോ.എം.എസ്.ജയപ്രകാശ്
-°C 