| വരുന്നു കയറിനു നല്ലകാലം |
|
പരമ്പരാഗത വ്യവസായങ്ങളുടെ ശ്രേണിയില്‍ മലയാളിയുടെ നെഞ്ചകത്ത് സവിശേഷ സ്ഥാനം നേടിയ ജനകീയ പ്രസ്ഥാനമാണ് കയര്‍ വ്യവസായം. കേരളത്തിലെ തീരദേശ മേഖലകളിലെ ലക്ഷക്കണക്കിന് ആളുകളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ ജീവനോപാധിയായിരുന്നു ഇത്. കേരളത്തിന് പ്രകൃതി കനിഞ്ഞുനല്‍കിയ പ്രത്യേകതകള്‍ ഏറ്റവും നല്ല രീതിയില്‍ വിനിയോഗിക്കുവാന്‍ അനുയോജ്യമായൊരു വ്യവസായംകൂടിയാണ് കയര്‍. 7 ലക്ഷത്തോളം പേര്‍ കയര്‍ വ്യവസായത്തില്‍ ജോലി ചെയ്യുന്നുണ്ട്. ചരിത്രപരമായി നോക്കിയാല്‍ വ്യാവസായികാടിസ്ഥാനത്തില്‍ കേരളത്തില്‍ കയറുല്‍പാദനം തുടങ്ങിയത് ബ്രിട്ടീഷുകാരാണ്. കയര്‍ വ്യവസായത്തിന്റെ ആസ്ഥാനമായി ആലപ്പുഴയെ പ്രതിഷ്ഠിച്ചതും അവരാണ്. ആലപ്പുഴയുടെ ജലഗതാഗത സൗകര്യങ്ങളായിരുന്നു അവരെ ആകര്‍ഷിച്ചത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ വ്യാപിച്ചുകിടന്നിരുന്ന തീരദേശ മേഖലയിലെ ചകിരി വ്യവസായത്തിന് കേന്ദ്രീകൃത ഉല്‍പാദന കേന്ദ്രമായി ആലപ്പുഴ വളര്‍ന്നത് 1859ല്‍ ജെയിംസ് ഡാറ സ്ഥാപിച്ച ഫാക്ടറി വന്നതോടുകൂടിയാണ്.
1960കളുടെ അവസാനത്തോടെ ആലപ്പുഴയില്‍ മാത്രം 1400 കയര്‍ കമ്പനികള്‍ ഉണ്ടായി. തൊട്ടടുത്ത സ്ഥാനം 80 കമ്പനികളോടെ കൊച്ചിക്കായിരുന്നു. തൊണ്ട് ചീയിക്കുവാന്‍ ഉപ്പുവെള്ളമുള്ള കായലുകളും, തൊണ്ട് തല്ലി വേര്‍പെടുത്താന്‍ നല്ല വെള്ളം സുലഭമായിരുന്ന പുഴകളും തടാകങ്ങളും സുലഭമായ തെങ്ങുകളും, തൊഴിലറിയാവുന്ന ജനതയും എല്ലാം കൂടിച്ചേര്‍ന്നാണ് കയര്‍ വ്യവസായത്തിന് കേരളത്തില്‍ ശക്തമായ അടിത്തറ പാകിയത്.
പുത്തന്‍ തലമുറയെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുവാന്‍ സാധിക്കാഞ്ഞതും കേരളത്തില്‍ കയര്‍ വ്യവസായത്തെ പിന്നോട്ടടിച്ച പ്രമുഖ കാരണമാണ്. സര്‍ക്കാര്‍ തലത്തില്‍ സഹകരണ മേഖലയിലേക്ക് കയര്‍ വ്യവസായത്തെ കൊണ്ടെത്തിക്കുവാനുള്ള ശ്രമങ്ങളും വേണ്ടത്ര വിജയത്തിലെത്തിയില്ല. ഇന്ന് കേരളത്തില്‍ ആലപ്പുഴയിലെ ചില വന്‍കിട കമ്പനികളൊഴിച്ച് സാര്‍വദേശികമായി കയര്‍ വ്യവസായത്തിന് സാന്നിദ്ധ്യമില്ലാത്ത അവസ്ഥയാണ്.
പ്രതിവര്‍ഷം 2 ലക്ഷം ടണ്‍ ചകിരി ആവശ്യമുള്ള കേരളത്തില്‍ ഒരു ലക്ഷം ടണ്ണില്‍ കൂടുതല്‍ തമിഴ്‌നാട്ടില്‍നിന്നാണ് വരുന്നത്. ഈ അടുത്ത കാലത്ത് ചൈനയിലേക്ക് വന്‍തോതില്‍ കയറ്റുമതി ഓര്‍ഡറുകള്‍ തമിഴ്‌നാട്ടിലെ കമ്പനികള്‍ക്ക് ലഭിച്ചതോടുകൂടി കേരളത്തിലെ വിപണിയിലെ താല്‍പര്യം അവര്‍ക്ക് കുറഞ്ഞു. കേരളത്തില്‍ കിലോയ്ക്ക് 16 രൂപവരെ നല്‍കുവാന്‍ കമ്പനി തയ്യാറുള്ളപ്പോഴും കിലോയ്ക്ക് 11 രൂപ വിലയിട്ട് ചൈനയിലേക്ക് കയറ്റുമതി ചെയ്യുവാനാണ് തമിഴ്‌നാട്ടിലെ കമ്പനികള്‍ താല്‍പര്യപ്പെടുന്നത്. ഇത് കേരളത്തിലെ കയര്‍ വ്യവസായത്തില്‍ ഒരു പുത്തന്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ഈ പ്രതിസന്ധിതന്നെ പുത്തന്‍ പ്രതീക്ഷകള്‍ക്കും വഴിവയ്ക്കുന്നുണ്ട്. പരമ്പരാഗത രീതിയില്‍ തൊണ്ട് ചീയ്ക്കല്‍ 3 മുതല്‍ 10 മാസംവരെ എടുക്കുമ്പോള്‍ പച്ചത്തൊണ്ടില്‍നിന്ന് ചകിരി ഉല്‍പാദിപ്പിക്കുന്ന യന്ത്രവല്‍കൃത രീതി ഉപയോഗിക്കുന്ന ഡീഫൈബറിങ്ങ് യൂണിറ്റുകള്‍ പുനരുജ്ജീവിപ്പിക്കുവാന്‍ സര്‍ക്കാര്‍ തലത്തിലും കയര്‍ ബോര്‍ഡ് തലത്തിലും പുത്തന്‍ ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്.
56-ഓളം ഡീഫൈബറിങ്ങ് യൂണിറ്റുകള്‍ കേരളത്തില്‍ പൂട്ടി കിടപ്പുണ്ട്. അവയെ വീണ്ടും തുറപ്പിക്കുവാനും അതുകൂടാതെ കേരളത്തിലെ ചെറുകിട തോട്ടങ്ങളില്‍നിന്ന് മൊബെയില്‍ ഡീഫൈബറിങ്ങ് യൂണിറ്റുകള്‍ ഉപയോഗിച്ച് ചകിരി സംഭരിക്കുവാനുള്ള പുത്തന്‍ ശ്രമങ്ങളും കയര്‍ബോര്‍ഡ് ആരംഭിച്ചിട്ടുണ്ട്. ഇത്തരം യൂണിറ്റുകള്‍ക്ക് 85,000 രൂപയോളം മാത്രമേ ചെലവ് വരുന്നുള്ളൂ. മാത്രവുമല്ല പരിസരമാലിന്യം ഇല്ലാതെ പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.പുത്തന്‍ സംരംഭകരെ ആകര്‍ഷിക്കുവാന്‍ കയര്‍ ബോര്‍ഡ് 'റിമോട്ട്സ്' എന്നൊരു പദ്ധതി നടപ്പിലാക്കിവരുന്നുണ്ട്. പദ്ധതി പ്രകാരം സ്പിന്നിങ്ങ് യൂണിറ്റ് ആരംഭിക്കുവാന്‍ 2 ലക്ഷം രൂപയും ചെറുകിട യൂണിറ്റ് ആരംഭിക്കുവാന്‍ 5 ലക്ഷം രൂപവരെയും ലഭിക്കും.
ഇതില്‍ സംരംഭകന്റെ മുതല്‍മുടക്ക് 5 ശതമാനം മാത്രം മതി. ബാക്കി 55 ശതമാനം കുറഞ്ഞ പലിശയില്‍ ബാങ്ക് വായ്പയായും 40 ശതമാനം സര്‍ക്കാര്‍ സബ്സിഡിയായും ലഭിക്കും. ഏകദേശം 36,000ത്തിലധികം തൊഴിലവസരങ്ങള്‍ ഈ പദ്ധതിയിലൂടെ സൃഷ്ടിക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റിമോട്സ് പദ്ധതിയില്‍ത്തന്നെ സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് സ്വയം തൊഴില്‍ കണ്ടെത്തുവാന്‍ 'മഹിളാ കൊയര്‍ യോജന' എന്ന സ്കീം നടപ്പിലാക്കിവരുന്നുണ്ട്. 75 ശതമാനം സബ്സിഡിയോടുകൂടി മഹിളകള്‍ക്ക് വീടുകളില്‍ത്തന്നെ തൊഴില്‍ ചെയ്യുവാന്‍ ഉതകുന്ന റാട്ടുകളും മറ്റ് ഉപകരണങ്ങളും നല്‍കുമെന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. കയര്‍ തൊഴിലാളികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയും കയര്‍ ബോര്‍ഡ് നടപ്പിലാക്കിവരുന്നുണ്ട് എന്നത് ആശാവഹമായ മറ്റൊരു കാല്‍വയ്പാണ്.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

ഹെന്‍ട്രി ഓസ്റ്റിന്‍ 
-°C 