| പഞ്ചസാരക്കച്ചവടം ജനവഞ്ചന |
|
കഴിഞ്ഞ ഏതാനും ആഴ്ചകളായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പന ശാലകളായ ലാഭംമാര്‍ക്കറ്റ്, മാവേലിസ്റ്റോര്‍ എന്നിവിടങ്ങളില്‍ കണികാണാന്‍ ഇല്ലാതിരുന്ന പഞ്ചസാര ഇതാ ഇപ്പോള്‍ എല്ലായിടവും സുലഭമായി എത്തിയിരിക്കുന്നു. 25 രൂപാ ക്രമത്തില്‍ സപ്ലൈകോ വിറ്റുവന്ന സബ്സിഡി പഞ്ചസാര 14 രൂപ വര്‍ദ്ധിപ്പിച്ച് ഇപ്പോള്‍ 39 രൂപയ്ക്കാണ് കച്ചവടം നടത്തുന്നത്. സബ്സിഡി നീക്കം ചെയ്യുംവരെ ഒളിവിലായിരുന്നു പഞ്ചസാര. സര്‍ക്കാര്‍ തന്നെ പൂഴ്ത്തിവെച്ച പഞ്ചസാര, സബ്സിഡി നീക്കം ചെയ്യാന്‍ തീരുമാനിച്ചതിന്റെ പിറ്റേദിവസം പുറത്തെടുത്ത് കൂടിയ വിലയ്ക്ക് വില്‍പ്പന തുടങ്ങിയിരിക്കുകയാണ്. ഇത് ജനവഞ്ചനയാണെന്ന് പറയേണ്ടതില്ല.
കൃത്രിമ ക്ഷാമം ഉണ്ടാക്കി സര്‍ക്കാരിന് വില വര്‍ദ്ധിപ്പിക്കാമെങ്കില്‍ സ്വകാര്യ വ്യക്തികള്‍ക്ക് ആ കുറ്റം നൂറുതവണ ആവര്‍ത്തിക്കാന്‍ പ്രേരണയാകും. അതാണിപ്പോള്‍ കേരളത്തിലെ പഞ്ചസാര വിപണിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജനക്ഷേമം കൈവരുത്താന്‍ പ്രതിജ്ഞയെടുത്ത ഭരണാധികാരികള്‍ തന്നെ ജനങ്ങളെ ദ്രോഹിക്കുന്ന തരത്തില്‍ വിലവര്‍ദ്ധിപ്പിക്കാന്‍ സാഹചര്യമൊരുക്കുമെന്ന് ആരും വിശ്വസിക്കില്ല. എന്നാല്‍ കേരളത്തിലെ പഞ്ചസാര വിപണിയിലെ മുഖ്യവില്ലനായി ഇപ്പോള്‍ അവതരിച്ചിരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. പഞ്ചസാര സബ്സിഡി ഉത്സവകാലത്തേയ്ക്ക് മാത്രമുള്ളതാണെന്നും അത് 365 ദിവസവും തുടരാനാവില്ലെന്നും വിശദീകരിച്ചുകൊണ്ടാണ് മന്ത്രിസഭാ യോഗം പഞ്ചസാരവില കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തില്‍ ഉയര്‍ത്തിയത്.
ഒരു കിലോ പഞ്ചസാരയ്ക്ക് 14 രൂപ ഒറ്റയടിക്ക് വില വര്‍ദ്ധിപ്പിക്കുന്ന നടപടി സര്‍ക്കാരിനു ചെയ്യാമെങ്കില്‍ ലാഭക്കൊതിയന്മാരായ വ്യാപാരികള്‍ എങ്ങനായിരിക്കും പ്രവര്‍ത്തിക്കുക? പൊതുകമ്പോളത്തില്‍ ഇപ്പോള്‍ ഒരു കിലോ പഞ്ചസാരയുടെ വില 50 രൂപയായിരിക്കുന്നു. അടുത്തെങ്ങും ഇത് കുറയുമെന്ന പ്രതീക്ഷയില്ല. കുറയണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നുമില്ല. പഞ്ചസാര വിലവര്‍ദ്ധനവ് തടയാന്‍ സംസ്ഥാന സര്‍ക്കാരിന് യാതൊന്നും ചെയ്യാനില്ലെന്നാണ് ഭക്ഷ്യ മന്ത്രി ദിവാകരന്റെ പക്ഷം. വിലക്കയറ്റത്തിന്റെ പഴി മുഴുവന്‍ കേന്ദ്ര സര്‍ക്കാരില്‍ ചാരി കയ്യുംകെട്ടിയിരിക്കുകയല്ല സംസ്ഥാന സര്‍ക്കാരിന്റെ ധര്‍മം. വിലക്കയറ്റം നിയന്ത്രിക്കേണ്ടത് സംസ്ഥാന ഭരണകൂടങ്ങളാണെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഉപദേശിച്ചിരുന്നു.
കേന്ദ്രം ഭക്ഷ്യ ധാന്യ വിതരണ കാര്യത്തില്‍ സ്വീകരിക്കുന്ന ജനോപകാര നടപടികളൊന്നും സംസ്ഥാനം യഥാവിധി പിന്തുടരുകയോ പാലിക്കുകയോ ചെയ്യുന്നില്ല. രണ്ടുമാസത്തേക്ക് റേഷന്‍ ധാന്യം വര്‍ദ്ധിപ്പിച്ച കേന്ദ്ര തീരുമാനം കേരളത്തില്‍ ഇതുവരെ നടപ്പായില്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. 2010 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ വീതം അരിയും ഗോതമ്പും കുറഞ്ഞ വിലയ്ക്ക് നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായത്. നിലവിലുള്ള റേഷനു പുറമെയാണിത്. കേരളം ഇതുവരെ ഈ അധിക റേഷന്‍ വാങ്ങി വിതരണം ചെയ്തിട്ടില്ല. അതിനാവശ്യമായ ഫണ്ട് ഭക്ഷ്യവകുപ്പിന് സംസ്ഥാന ധനകാര്യവകുപ്പ് അനുവദിക്കാത്തതാണ് കാരണമെന്നറിയുന്നു. ഭക്ഷ്യമന്ത്രി ദിവാകരനും ധനമന്ത്രി തോമസ് ഐസക്കും തമ്മില്‍ കുറേക്കാലമായി നടക്കുന്ന 'ഞരമ്പ് യുദ്ധം' മൂലമാണ് കേരളത്തിലെ റേഷന്‍ വിതരണം ക്രമമായി നടക്കാത്തതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
പഞ്ചസാര സബ്സിഡി ഇനത്തില്‍ പ്രതിമാസം 15 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചു പോന്നത്. അത് തുടരാന്‍ പറ്റില്ലെന്നത് ധനകാര്യ വകുപ്പിന്റെ കര്‍ക്കശമായ നിലപാടാണ്. സി.പി.ഐക്കാരനായ ഭക്ഷ്യമന്ത്രിക്ക് മാര്‍ക്സിസ്റ്റ് ധനമന്ത്രിയുടെ മുഷ്ക്കിന് വഴങ്ങുകയേ തരമുള്ളു. അതിന്റെ ദോഷഫലം അനിയന്ത്രിതമായ വിലവര്‍ദ്ധനവിലൂടെ കേരളത്തിലെ ജനങ്ങള്‍ നേരിടേണ്ടിവരുന്നു. പഞ്ചസാര ഇറക്കുമതിയെക്കുറിച്ച് ആലോചിക്കുകയാണ് സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രി. ബ്രസീലില്‍ നിന്ന് ഇറക്കുമതി സാധ്യമാകുമോ എന്ന് പഠിക്കാന്‍ ഉദ്യോഗസ്ഥ സംഘത്തെ ആ രാജ്യത്തേയ്ക്ക് അയക്കുമെന്ന് മന്ത്രി ദിവാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോകത്തെ വന്‍കിട പഞ്ചസാര ഉത്പാദക രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍.
അവിടത്തെ ലഭ്യതയെക്കുറിച്ചും വിലനിലവാരത്തെക്കുറിച്ചും അറിയാന്‍ ഇവിടെ നിന്ന് പണം ചെലവാക്കി ഉദ്യോഗസ്ഥ സംഘത്തെ ബ്രസീലിലേയ്ക്ക് അയക്കേണ്ട ആവശ്യമൊന്നുമില്ല. കമ്പ്യൂട്ടര്‍ വെബ്സൈറ്റില്‍ നിന്ന് ആ വിവരവും അതിനപ്പുറവും നിമിഷങ്ങള്‍ക്കകം മന്ത്രിക്ക് തിരുവനന്തപുരത്തിരുന്ന് അറിയാവുന്നതേയുള്ളു. ഇറക്കുമതി സാധ്യതയെക്കുറിച്ചും അതിനായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളെക്കുറിച്ചും ബ്രസീലിലെ പഞ്ചസാര കമ്പോളത്തിലെ വിലനിലവാരത്തെക്കുറിച്ചുമെല്ലാം വെബ്സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്. വലിയ അളവില്‍ പഞ്ചസാര ഇറക്കുമതി ചെയ്യുന്നതിന് ഈ മുഖപ്രസംഗം എഴുതുന്ന ദിവസം ബ്രസീലില്‍ ഒരു ടണ്ണിന് 350 യു.എസ് ഡോളര്‍ ആണ് വില. ഏകദേശം 16 ഇന്ത്യന്‍ രൂപയ്ക്ക് ബ്രസീലിലെ മൊത്ത കമ്പോളത്തില്‍ ഒരു കിലോ പഞ്ചസാര ലഭിക്കും.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

വിലക്കയറ്റം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ഭക്ഷ്യ വസ്തു പൂഴ്ത്തിവെക്കുന്ന സംഭവം കേട്ടുകേള്‍വി പോലുമില്ല. പൂഴ്ത്തിവെപ്പുകാരെ കയ്യോടെ പിടിച്ച് കയ്യാമം വയ്ക്കേണ്ട സര്‍ക്കാര്‍ തന്നെ പഞ്ചസാര വിലകൂട്ടി വില്‍ക്കാന്‍ പൂഴ്ത്തിവെച്ചതായി തെളിഞ്ഞു. 
-°C 