മണ്ണില്‍ തലപൂഴ്ത്തിയ കംഗാരു

Imageസിഡ്നിയില്‍ നിന്ന്‌ സുന്ദര്‍

ഓസ്ട്രേലിയയിലെ മെല്‍ബണില്‍ കഴിഞ്ഞ കുറേക്കാലമായി ഇന്ത്യന്‍ വംശജരുടെ മേല്‍ നടന്നുവരുന്ന ആക്രമണങ്ങളില്‍ നിരവധിപേര്‍ക്ക്‌ പരിക്കേറ്റു, രണ്ടുപേര്‍ കൊല്ലപ്പെട്ടു.

ഇന്ത്യക്കാരനെന്ന്‌ തെറ്റിദ്ധരിച്ച്‌ ഒരുപറ്റം ചെറുപ്പക്കാര്‍ ഒരു ചൈനീസ്‌ റിസര്‍ച്ച്‌ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുകൊന്നു. പണിതുകൊണ്ടിരിക്കുന്ന ഒരു ഗുരുദ്വാറിന്‌ തീവെച്ചു.ഇന്ത്യാക്കാരുടെ നേര്‍ക്കുള്ള ആക്രമണങ്ങള്‍ പരിശോധിക്കുന്ന ഏതൊരാള്‍ക്കും കണ്ടെത്താന്‍ കഴിയുന്ന ചില കാര്യങ്ങളില്‍ പ്രധാനം, വംശീയാക്രമണമാണെന്ന്‌ നിസ്സംശയം പറയാവുന്നവ നിരവധിയാണെന്നും, മൂക്കറ്റം മദ്യപിച്ച ചെറുപ്പക്കാരാണ്‍്‌ ഈ കുറ്റകൃത്യങ്ങള്‍ ചെയ്തിരിക്കുന്നതെന്നും. Xenophobia-വിദേശികളെക്കുറിച്ചുള്ള ഭീതിയാണ്‌ ഈ വംശീയാക്രമണങ്ങള്‍ക്ക്‌ പുറകില്‍ എന്ന്‌ വിശ്വസിക്കുന്ന ഒരുകൂട്ടര്‍, കറകളഞ്ഞ റേസിസമാണ്‌ ഈ ആക്രമണങ്ങളുടെ ഹേതു എന്ന്‌ വിശ്വസിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍, ആസ്ട്രേലിയയില്‍ വംശവെറിയില്ല എന്ന്‌ ആണയിട്ട്‌ പറയുന്ന ഇന്ത്യന്‍ വംശജരായ മുതിര്‍ന്ന ആസ്ട്രേലിയന്‍ പൗരന്മാര്‍, ഈ വര്‍ണ്ണ വെറി അത്രയെളുപ്പം ഇല്ലാതാവുന്ന ഒന്നാണെന്ന്‌ വിശ്വാസമില്ലാത്ത ഒരുപറ്റം അക്കാദമിക്‌ ഗവേഷകര്‍, കണ്ണടച്ചിട്ടിരുട്ടാക്കാതെ ആസ്ട്രേലിയ ആത്മപരിശോധന നടത്തണമെന്ന്‌ പറയുന്ന കാര്‍ട്ടൂണിസ്റ്റുകള്‍, ഗീബല്‍സിന്റെ തന്ത്രമുപയോഗിച്ച്‌ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രാജ്യത്തിലേക്ക്‌ ആകര്‍ഷിച്ച്‌ പത്ത്‌ പതിനാറു ബില്യന്‍ ഡോളര്‍ വിദ്യാഭ്യാസവ്യവസായം നിലനിറുത്താന്‍ ശ്രമിക്കുന്ന ഭരണകൂടം, ഇന്ത്യയിലെ ജാതിവ്യവസ്ഥിതി ചൂണ്ടിക്കാട്ടി, ഞങ്ങളെത്ര ഭേദം എന്ന്‌ പറയുന്ന ഒരു വിഭാഗം ആസ്ട്രേലിയക്കാര്‍.... ഈ ആക്രമണങ്ങളോടുള്ള പ്രതികരണങ്ങള്‍ ഇതും ഇതിലുമെത്രയോ വൈവിദ്ധ്യമുള്ളതാണ്‌.


ഇതിനെല്ലാമുപരി, ആസ്ട്രേലിയയില്‍ പഠിക്കുവാന്‍ അയച്ച വിദ്യാര്‍ത്ഥികളുടെ ഇന്ത്യന്‍ കുടുംബങ്ങളുടെ അരക്ഷിതാവസ്ഥയും, അശുഭചിന്തകളും.
1975 ലാണ്‌ 'വെള്ളക്കാര്‍ മാത്രം' എന്ന പോളിസി ആസ്ട്രേലിയ മാറ്റിയത്‌. അതിനുശേഷവും അവിടെ എത്തിച്ചേര്‍ന്ന എല്ലാ രാജ്യക്കാരോടും അക്രമങ്ങള്‍ കാട്ടിയിട്ടുണ്ട്‌ ആ രാജ്യം. ഇക്കാലത്ത്‌ വിയറ്റനാമികളെയും ചീനക്കാരെയും ഏറെക്കുറെ അംഗീകരിക്കുന്ന ആസ്ട്രേലിയ ഇന്ത്യന്‍ വംശജരെയാണ്‌ മര്‍ദ്ദനത്തിനും വംശീയാധിക്ഷേപത്തിനും ഇരയാക്കുന്നത്‌. വര്‍ണ്ണവിവേചനമില്ലിവിടെ എന്ന്‌ പറയുന്നവരോട്‌ ആസ്ട്രേലിയയില്‍ കുടിയേറിപാര്‍ത്ത ആഫ്രിക്കന്‍ തിങ്കുടാങ്ക്‌ ചെയര്‍മാന്‌ പറയാനുള്ളത്‌, ഈ പറയുന്നവര്‍ വേറിട്ട തൊലിനിറമുള്ളവരോടൊപ്പം സമയം ചിലവാക്കണമെന്നാണ്‌. (നേരാണ്‌. എത്ര മള്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയാണെങ്കിലും ഒരേ തൂവല്‍ പക്ഷികളുടെ സൗഹൃദങ്ങളും ഒത്തുചേരലുകളും മാത്രമേ കാണാന്‍ കഴിയൂ ഈ രാജ്യത്തെമ്പാടും.

 

ചീനാക്കാര്‍ ചീനാക്കാരോടൊത്തും ഇന്ത്യക്കാര്‍ ഇന്ത്യാക്കോടൊത്തും ലെബനീസ്‌ ലെബനീസിനോടൊത്തും... ആരും മറ്റുള്ളവരുടെ ജീവിതം കാണാറില്ല).
ഒരു വല്ലാത്ത അസഹിഷ്ണുത അവിടെ നിറഞ്ഞുനില്‍ക്കുന്നു അടുത്തിടെയായി. അമേരിയിലെ വംശതീവ്രവാദി ഗ്രൂപ്പായ ക്ലൂക്ലക്സ്‌ ക്ലാനിനെപ്പോലെയാണ്‌ എന്ന്‌ ഡല്‍ഹിപത്രമായ ഡെയിലി മെയിലില്‍ വരച്ചു കാര്‍ട്ടൂണിസ്റ്റ്‌ ആര്‍ പ്രസാദ്‌. ഒരു കാര്‍ട്ടൂണിസ്റ്റിന്റെ അഭിപ്രായപ്രകടന അവകാശം അംഗീകരിക്കാന്‍ അതിശക്തമായ കാര്‍ട്ടൂണ്‍ പാരമ്പര്യമുള്ള ആസ്ട്രേലിയയിലെ ഡെപ്യൂട്ടി പ്രധാനമന്ത്രിക്ക്‌ കഴിയാതെ വരുമ്പോഴാണ്‌ മെല്‍ബണിലും എന്തോ ചീഞ്ഞുനാറുന്നു എന്ന്‌ വീണ്ടും പറയേണ്ടിവരുന്നത്‌. മെല്‍ബണില്‍ അമ്പതിനായിരത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുണ്ടിപ്പോള്‍. ക്രൈം റേറ്റ്‌ ഏറിവരുന്നു എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുമ്പോഴും, ആനുപാതികമായി നോക്കവേ, ഇന്ത്യക്കാര്‍ക്ക്‌ നേരെയുള്ള അക്രമം വളരെ കൂടുതലാണ്‌.


ഒരുവശത്ത്‌ ആക്രമണങ്ങളും, അതുളവാക്കുന്ന ഭീതിയും അരക്ഷിതാവസ്ഥയും, അതോടൊപ്പം ഗുണനിലവാരം നന്നേക്കുറഞ്ഞ ജീവിതവും. മെല്‍ബനില്‍ മാത്രമല്ല, മറ്റ്‌ പല നഗരങ്ങളിലും സ്റ്റുഡന്റ്‌ വിസയില്‍ അവിടെ എത്തിച്ചേര്‍ന്ന പല വിദ്യാര്‍ത്ഥികളുടെയും ജീവിതം ദുസ്സഹമാണ്‌. ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ടിവരുന്ന കനത്ത ഫീസ്‌, ഒരു മയവുമില്ലാത്ത വാടക, താങ്ങാനാവാത്ത ജീവിതച്ചെലവ്‌, ഒരു കണ്‍സഷനും ഇല്ലാത്ത യാത്രാച്ചെലവ്‌, ഇവയ്ക്കൊക്കെ പണം കണ്ടെത്താന്‍ സര്‍വ്വീസ്‌ ഇന്‍ഡസ്ട്രി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മേഖലയില്‍ രായ്ക്കു രായ്മാനം പണിയെടുക്കേണ്ടിവരുന്നു ഈ കുട്ടികള്‍ക്ക്‌. മിനിമം വേജസ്‌ പോലും കിട്ടാതെ കടകളിലെ ചെക്കൗട്ട്‌ കൗണ്ടറില്‍ മണിക്കൂറുകളോളം ഒറ്റ നില്‍പാണ്‌ നില്‍ക്കേണ്ടിവരുന്നത്‌.

 

ഷോപ്പിംഗ്‌ കോംപ്ലക്സുകളിലും പെട്രോള്‍ സ്റ്റേഷനുകളിലും റെസ്റ്റോറന്റുകളിലും 'അണ്‍സ്കില്‍ഡ്‌ വര്‍ക്കേഴ്സാ'യി ജോലിയെടുത്ത്‌ ഉപജീവനം കഴിച്ചുകൂട്ടി പഠിക്കുന്ന ഇവരില്‍ ചിലരെങ്കിലും കിടന്നുറങ്ങുന്നത്‌ മൂന്നാള്‍ പങ്ക്‌വെയ്ക്കുന്ന ഒരു കിടക്കയിലാണ്‌. (ഇത്രയൊക്കെ കഷ്ടപ്പെടണോ ഉണ്ണീ ജീവിക്കാന്‍ എന്നാരും ചോദിച്ചുപോവും) അറുപതോളം വിദ്യാര്‍ത്ഥികള്‍ ഒരു വീട്ടിലും അതിന്റെ കാര്‍ ഷെഡ്ഡിലും താമസിച്ചിരുന്നത്‌ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. തീര്‍ച്ചയായിട്ടും ഇതൊരു ഒറ്റപ്പെട്ട കഥയല്ല.
ടെംപററി മെട്രന്റ്‌ വര്‍ക്ക്‌ ഫോഴ്സ്‌ എന്ന നിലയില്‍ ഈ വിദ്യാര്‍ത്ഥികളുടെ ഒരു തരത്തിലുള്ള അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നില്ല എന്നും, അതിനായി ആസ്ട്രേലിയന്‍ സര്‍ക്കാരോ ഇന്ത്യന്‍ സര്‍ക്കാരോ യാതൊന്നും ചെയ്യുന്നില്ല എന്നും, വിദ്യാര്‍ത്ഥി തൊഴിലാളികളെ ചൂഷണം ചെയ്യുന്നതില്‍ വെളുത്ത ആസ്ട്രേലിയാക്കാരെക്കാള്‍ നിറവൈവിദ്ധ്യമുള്ള കുടിയേറ്റക്കാരാണ്‌ മുന്നിലെന്നതും സങ്കടകരമാണ്‌.


കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌, വിദ്യാഭ്യാസം സ്വകാര്യവത്കരിച്ചതിന്റെ ഫലമായി കൂണുപോലെ മുളച്ച, കമ്മേഴ്സ്യല്‍ കുക്കറി കോഴ്സുകള്‍ക്കും ഹെയര്‍ഡ്രസ്സിംഗ്‌ കോഴ്സുകള്‍ക്കും ചെന്ന്‌ ചേര്‍ന്ന വിദ്യാര്‍ത്ഥികളില്‍ പലരും മോഹനസുന്ദരവാഗ്ദാനങ്ങള്‍ കേട്ടു മയങ്ങിയാണവിടെ എത്തിച്ചേര്‍ന്നത്‌. ഇരുട്ടടിപോലെയാണ്‌ സ്വകാര്യ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്നതും, കുട്ടികള്‍ ദിക്കറ്റുഴറുന്നതും. ഈ തരികിട വിദ്യാഭ്യാസകേന്ദ്രങ്ങള്‍ കൃത്യമായി ഓഡിറ്റ്‌ ചെയ്യാന്‍ ആസ്ട്രേലിയന്‍ ഗവണ്‍മെന്റിന്‌ കഴിഞ്ഞിട്ടില്ല. ഇവരെ സൂക്ഷിക്കണമെന്ന്‌ പറയാന്‍ ഇന്ത്യാ ഗവണ്‍മെന്റിനും കഴിഞ്ഞിട്ടില്ല. പെര്‍മനന്റ്‌ റസിഡന്‍സി ലഭിക്കാന്‍ വേണ്ടി കമേഴ്സ്യല്‍ കോഴ്സുകള്‍ക്ക്‌ ചേരുന്ന വിദ്യാര്‍ത്ഥികളില്‍ ഒരു നല്ല ശതമാനം പേരും സമ്പന്നരൊന്നുമല്ല. കിടപ്പാടം പണയംവെച്ച്‌ ആസ്ട്രേലിയയിലെത്തിപ്പെടുന്ന ഇവര്‍ക്ക്‌ യാതൊരു സപ്പോര്‍ട്ട്‌ സോണും നിലവിലില്ല. വിമാനം പറത്താന്‍ പഠിക്കുന്ന പല ലക്ഷങ്ങള്‍ ചിലവാക്കി ആസ്ട്രേലിയയില്‍ എത്തപ്പെടുന്ന വിദ്യാര്‍ത്ഥികള്‍പോലും കബളിപ്പിക്കപ്പെടുന്നു.

 

ഇവയ്ക്കൊക്കെ പിന്നില്‍ ഇന്ത്യയിലെയും ആസ്ട്രേലിയയിലെയും ഇമ്മിഗ്രേഷന്‍/എഡ്യുക്കേഷന്‍ ഏജന്‍ന്മാരും. ഗവണ്‍മെന്റ്‌ ഫണ്ട്‌ ചെയ്യുന്ന യൂണിവേഴ്സിറ്റികളിലും ടി.എ.എഫ്‌.ഇ (ടേഫ്‌)ന്റെ കീഴില്‍ വരുന്ന ടെക്നിക്കല്‍ കോളേജുകളിലും ചേര്‍ന്ന വിദ്യാഭ്യാസത്തിന്റെ വകുപ്പിലെങ്കിലും നിലവാരത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കുള്ളില്‍, വിദ്യാര്‍ത്ഥികള്‍ ഭാഗ്യവാന്മാരാണ്‌. അവര്‍ക്ക്‌ കിട്ടുന്ന ഡിഗ്രിയ്ക്കോ ഡിപ്ലോമയ്ക്കോ വിലയുണ്ടാവും. യൂണിവേഴ്സിറ്റിയോ ടേഫോ ഒരു സുപ്രഭാതത്തില്‍ അടച്ചുപൂട്ടില്ല.പല കാരണങ്ങള്‍ കൊണ്ടും- ഇരുപത്‌ മണിക്കൂറിലേറെ ജോലി ചെയ്യുന്നത്‌ അധികാരികള്‍ അറിയുന്നത്‌, വേണ്ടത്ര അറ്റന്‍ഡന്‍സ്‌ ഇല്ലായ്മ, ചെറുകിട വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ മാനേജ്മെന്റിന്റെ മൊട, ഫീസടയ്ക്കാന്‍ പറ്റാത്തതിന്റെ പേരില്‍ എന്‍റോള്‍മെന്റ്‌ നഷ്ടപ്പെടല്‍-നാട്‌ കടത്തപ്പെടാന്‍ വേണ്ടി ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ എത്തിപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ കണക്കും കഥയും നാമറിയാറേയില്ല.

 

ഇന്ത്യന്‍ സര്‍ക്കാരും ഈയൊരു കാര്യത്തെക്കുറിച്ച്‌ മിണ്ടാറില്ല (അറിവില്‍ ഒരേയൊരപവാദം ഡിറ്റന്‍ഷന്‍ സെന്ററില്‍ അടയ്ക്കപ്പെടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട്‌ അനുതാപം കാട്ടണമെന്ന്‌ 2006 ല്‍ വയലാര്‍ രവി പറഞ്ഞതാണ്‌.)ആസ്ട്രേലിയന്‍ സമ്പദ്‌ വ്യവസ്ഥക്ക്‌ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യമുണ്ട്‌. അതുകൊണ്ട്‌ തന്നെയാണ്‌ ഇന്ത്യയിലെ നഗരങ്ങളായ നഗരങ്ങളിലെല്ലാം അവരുടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എഡ്യുക്കേഷന്‍ ഫെയര്‍ നടത്തുന്നതും, പോലീസുദ്യോഗസ്ഥന്മാരും, ഭരണകൂടവും ആസ്ട്രേലിയ സുരക്ഷിതരാജ്യമാണെന്ന്‌ ആണയിട്ട്‌ പറയാന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതും. ഉണ്ണിയുടെ കാര്‍ട്ടൂണിലെന്നപോലെ കംഗാരു മണ്ണിനുള്ളില്‍ തലപൂഴ്ത്തിവെച്ചിരിക്കുകയാണ്‌.


കഴിഞ്ഞവര്‍ഷം നടന്ന ആക്രമണങ്ങളുടെ ഫലമായി ആസ്ട്രേലിയയിലേക്ക്‌ പഠിക്കാന്‍ എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇപ്പോള്‍ പകുതിയായി കുറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസാ അപേക്ഷകളില്‍ മൂന്നിലൊന്ന്‌ ആസ്ട്രേലിയന്‍ സര്‍ക്കാര്‍ നിരസിച്ചു. ആസ്ട്രേലിയന്‍ വിദ്യാഭ്യാസ മേഖലയെ വളരെ പ്രതികൂലമായി ബാധിക്കുന്നുണ്ടിതു രണ്ടും.
ഇന്ത്യന്‍ വംശജരോടുള്ള ഓസ്സി അക്രമങ്ങള്‍ ഒട്ടും കുറയുന്നില്ല- ഓരോ നാളും തളര്‍ത്തുന്ന വാര്‍ത്തകളോടൊപ്പം ഭരണകൂടത്തിന്റെ നുണകളും ഒരു ആസ്ട്രേലിയന്‍ കാര്‍ട്ടൂണിസ്റ്റ്‌ പറഞ്ഞതുപോലെ അപകടം നിറഞ്ഞ നാടകശാലയില്‍ തളയ്ക്കപ്പെട്ട മനുഷ്യര്‍, വേദിക്കുപുറത്ത്‌ തറനാടകം അരങ്ങേറുന്നു.


വര്‍ഷങ്ങളായി എവിടെയൊക്കെയോ നടക്കുന്ന ആരുടെയൊക്കെയോ യുദ്ധങ്ങളില്‍ പങ്കാളികളായി, യുദ്ധത്തെ പ്രകീര്‍ത്തിക്കുന്ന പ്രതിമകള്‍ നിറച്ച്‌, മദ്യപാനം നാട്ടുഭാഷയാക്കി, സ്പോര്‍ട്സിനോടുള്ള ആസക്തിയേറ്റി ഒരു തലമുറയുടെ ആത്മാവ്‌ പരിക്കനാക്കി. വെള്ളത്തൊലിയുടെ മേല്‍ക്കോയ്മയില്‍ വിശ്വസിക്കുന്ന ഈ പരുക്കന്‍ യുവതലമുറയുടെ മുഷ്ക്കാണി അക്രമങ്ങള്‍ക്ക്‌ പുറകില്‍. നെറികെട്ടു നഗരങ്ങളില്‍ മൂല്യങ്ങള്‍ നഷ്ടപ്പെട്ട സംഘങ്ങള്‍ മദ്യപിച്ച്‌ അഹന്തകൂട്ടി, എന്തിനാണെന്നറിയാത്ത പകയും വിദ്വേഷവും കൊണ്ട്‌ ഇന്ത്യന്‍ വംശജരെ തച്ചുചതയ്ക്കുന്നു, കൊല്ലുന്നു.രണ്ടുനാള്‍ മുമ്പ്‌ നടന്ന ഒരു സര്‍വ്വേയില്‍ മൂന്നിലൊന്ന്‌ ആസ്ട്രേലിയക്കാര്‍, ഈ ആക്രമണങ്ങള്‍ക്ക്‌ പിന്നില്‍ വര്‍ണ്ണവെറിയാണെന്ന്‌ വിശ്വസിക്കുന്നു എന്ന വാര്‍ത്ത കണ്ടു. എന്താണ്‌ പോംവഴിയെന്ന്‌ ആസ്ട്രേലിയന്‍ സുമനസ്സുകള്‍ക്കുപോലുമറിയില്ല. ആസ്ട്രേലിയന്‍ ഭരണകൂടവും പോലീസും ഈ ആക്രമങ്ങള്‍ക്ക്‌ പിന്നിലെ വംശീയവിദ്വേഷവും വര്‍ണ്ണവെറിയും അംഗീകരിക്കാത്തിടത്തോളം പ്രശ്നപരിഹാരം വിദൂരമാണ്‌.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls