കുറ്റവാളികള്‍ക്കും പി.എസ്‌.സി അംഗമാകാമോ?

Imageകേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ ഒരു ഭരണഘടനാ സ്ഥാപനമാണ്‌. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലേയ്ക്ക്‌ ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട്‌ ചെയ്യാനുള്ള ചുമതല ഏറ്റെടുത്ത ഈ സ്ഥാപനം ജനങ്ങളില്‍ മതിപ്പും ആദരവും നേടിയെടുക്കാന്‍തക്ക വിധം സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കണമെന്നാണ്‌ വയ്പ്‌.

മികച്ച സേവന ദാതാക്കളെ പൊതു മേഖലയിലേയ്ക്ക്‌ കൊണ്ടുവരിക വഴി കാര്യനിര്‍വഹണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തേണ്ട ഭാരിച്ച ഉത്തരവാദിത്വം പി.എസ്‌.സി വഹിക്കണം. കമ്മീഷന്റെ തലപ്പത്ത്‌ എത്തുന്നവര്‍ സമൂഹത്തില്‍ ആദരിക്കപ്പെടുന്നവരാവണം. നിഷ്പക്ഷതയ്ക്കും പാണ്ഡിത്യത്തിനും പേരുകേട്ട വ്യക്തികളാണ്‌ സര്‍വീസ്‌ കമ്മീഷനില്‍ അംഗങ്ങളായി വരേണ്ടത്‌. ക്ലാസ്‌ വണ്‍ ഓഫീസര്‍ മുതല്‍ ശിപായി തസ്തികയില്‍ വരെ ഉദ്യോഗാര്‍ത്ഥികളെ യഥാവിധി തിരഞ്ഞെടുക്കാനുള്ള ചുമതല പി.എസ്‌.സി അംഗങ്ങള്‍ക്കുണ്ട്‌. വൈദഗ്ധ്യം ആവശ്യപ്പെടുന്ന മേഖലയില്‍ വേണ്ടി വന്നാല്‍ താല്‍ക്കാലികമായി പുറമേ നിന്ന്‌ വിദഗ്ധനെ ഉദ്യോഗാര്‍ത്ഥികളെ പരീക്ഷിക്കാന്‍ പി.എസ്‌.സിക്ക്‌ ക്ഷണിക്കാവുന്നതാണ്‌. പൊതുവില്‍ അംഗങ്ങളായി വരുന്നവര്‍ സാമാന്യ വിജ്ഞാനം ഉള്ളവരും ഏതു ജോലിക്കും ഇണങ്ങിയവരെ തിരഞ്ഞെടുക്കാന്‍ പ്രാപ്തരും ആയിരിക്കണം. ഈ പൊതുധാരണയ്ക്ക്‌ ചേരാത്ത പലരും ദൗര്‍ഭാഗ്യവശാല്‍ കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷനില്‍ അംഗങ്ങളായി എത്തുന്നു.


പി.എസ്‌.സി അംഗങ്ങളുടെ നാമനിര്‍ദ്ദേശം സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ്‌ നടത്തുന്നത്‌. സ്വാഭാവികമായും ഏതെങ്കിലും ഭരണകക്ഷിയോട്‌ ചായ്‌വ്‌ പുലര്‍ത്തുന്നവര്‍ മാത്രമേ ഈയിടെയായി പി.എസ്‌.സിയില്‍ അംഗങ്ങളായി വരാറുള്ളു. അവരില്‍ നിന്ന്‌ പ്രതീക്ഷിക്കുന്ന പൊതു സേവനത്തിന്‌ പ്രാപ്തരാണോ എന്നു പോലും നോക്കാതെ രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ക്ക്‌ പി.എസ്‌.സി അംഗത്വം ലഭിക്കുന്നതു വഴി ഈ ഭരണ ഘടനാ സ്ഥാപനത്തിന്റെ മേന്മ നാള്‍ക്കു നാള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്‌. വിവിധ പാര്‍ട്ടികളുടെ പ്രതിനിധികളെ ജാതിമത അടിസ്ഥാനത്തില്‍ അംഗങ്ങളായി തിരുകിക്കയറ്റുന്നതിന്റെ തിരക്കില്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ വിസ്മരിക്കപ്പെടുന്നു. ഭാരിച്ച വേതനവും ആനുകൂല്യങ്ങളും അംഗത്വ കാലാവധി കഴിയുമ്പോള്‍ പെന്‍ഷനും ലഭിക്കുന്ന പദവിയിലെത്താന്‍ ഭരണ കക്ഷികളില്‍ പലപ്പോഴും മത്സരം തന്നെ അരങ്ങേറാറുണ്ട്‌.

 

പി.എസ്‌.സിയുടെ പ്രവര്‍ത്തന സ്വഭാവവും ലക്ഷ്യ ഗൗരവവും വിസ്മരിക്കുന്ന ഭരണാധികാരികള്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ആജ്ഞാനുവര്‍ത്തികളെ അംഗങ്ങളായി തിരുകി വയ്ക്കുന്നതിന്റെ ഭാരം ആത്യന്തികമായി ജനങ്ങളാണ്‌ പേറേണ്ടി വരുന്നത്‌. അത്തരം അംഗങ്ങള്‍ സമര്‍ത്ഥരും ജ്ഞാനികളുമായ ഉദ്യോഗാര്‍ത്ഥികളുടെ മുന്നില്‍ അഭിമുഖ വേളയില്‍ വിഡ്ഢി ചോദ്യങ്ങളുമായി ഇരിക്കുന്ന അപഹാസ്യമായ അനുഭവം നിരവധി ഉണ്ടായിട്ടുണ്ട്‌. സ്വാധീനവിധേയമല്ലാത്തവരും സ്വഭാവമഹിമ പുലര്‍ത്തുന്നവരുമായ അംഗങ്ങള്‍ ഈയിടെയായി വളരെ വിരളമായി മാത്രമേ പി.എസ്‌.സിയില്‍ വരാറുള്ളൂ. സ്വകാര്യമായി സന്ദര്‍ശിക്കുകയും പരീക്ഷയ്ക്ക്‌ മുമ്പോ പിമ്പോ പ്രലോഭനങ്ങളുമായി എത്തുകയും ചെയ്യുന്നവര്‍ക്ക്‌ റിക്രൂട്ട്മെന്റില്‍ മുന്തിയ പരിഗണന ലഭിക്കുന്ന ദുരനുഭവങ്ങള്‍ പി.എസ്‌.സിയുടെ ചരിത്രത്തില്‍ നിരവധിയാണ്‌. ഉദ്യോഗാര്‍ത്ഥികളുടെ കഴിവും സാമര്‍ത്ഥ്യവും കൃത്യമായി നിശ്ചയിക്കുന്നതില്‍ പരാജയപ്പെടുന്ന അംഗങ്ങള്‍ അനഭിലഷണീയമായ മറ്റു മാനദണ്ഡങ്ങള്‍ നോക്കി കൊള്ളരുതാത്ത ആളുകളെ സര്‍ക്കാര്‍ സര്‍വീസിലേയ്ക്ക്‌ തിരഞ്ഞെടുക്കും.

 

അങ്ങനെ പി.എസ്‌.സി അംഗമായി വരുന്ന വ്യക്തിയുടെ വൈകല്യം മൂലം ദീര്‍ഘകാലത്തേയ്ക്ക്‌ സര്‍ക്കാര്‍ സര്‍വീസില്‍ മോശപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ ഉണ്ടാകാന്‍ ഇടവരുന്നു. അത്‌ സിവില്‍ സര്‍വീസിന്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നു. കഴിഞ്ഞമാസം 13-ാ‍ം തീയതി സംസ്ഥാന മന്ത്രിസഭാ യോഗം കേരളാ പബ്ലിക്‌ സര്‍വീസ്‌ കമ്മീഷനില്‍ പുതിയൊരംഗത്തെ നിയമിക്കാന്‍ ഗവര്‍ണറോട്‌ ശുപാര്‍ശ ചെയ്തു. തിരുവനന്തപുരത്തെ ഇ.ജീസ്‌ ഓഫീസില്‍ നിന്ന്‌ പെരുമാറ്റ ദൂഷ്യത്തിന്‌ പിരിച്ചുവിടപ്പെട്ട വ്യക്തിയാണ്‌ ഇത്തരത്തില്‍ പി.എസ്‌.സി അംഗമാകാന്‍ ശുപാര്‍ശ ചെയ്യപ്പെട്ടയാള്‍. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ അച്ചടക്കത്തോടെ ജോലി ചെയ്യാന്‍ യോഗ്യനല്ലാത്ത ഒരാള്‍ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കേണ്ട പി.എസ്‌.സിയില്‍ അംഗമായി വരുന്നത്‌ എത്രമാത്രം ഗര്‍ഹണീയമാണ്‌.


ജോലിയില്‍ നിന്ന്‌ പിരിച്ചുവിടും മുമ്പ്‌ ഇ.ജീസ്‌ ഓഫീസിലെ ജീവനക്കാരുടെ സംഘടനയില്‍ നേതൃത്വം വഹിച്ചിരുന്നു എന്ന രാഷ്ട്രീയ യോഗ്യതയാണ്‌ ഇടതു ഭരണകൂടം ഈ വ്യക്തിയില്‍ കാണുന്നത്‌. ഇദ്ദേഹത്തെ നിയമിക്കണമെന്ന മന്ത്രിസഭയുടെ ശുപാര്‍ശയിന്മേല്‍ ഗവര്‍ണര്‍ ആര്‍.എസ്‌ ഗവായ്‌ സര്‍ക്കാരിനോട്‌ വിശദീകരണം ചോദിച്ചിരിക്കുകയാണ്‌. തിരുവനന്തപുരത്തെ ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയില്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്ന വ്യക്തിയാണ്‌ ഇദ്ദേഹം. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ നിയമനത്തെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്‌. നാട്ടില്‍ കഴിവും യോഗ്യതയുമുള്ള വ്യക്തികള്‍ ഇല്ലാത്തതുകൊണ്ടാണോ പെരുമാറ്റ ദൂഷ്യത്തിന്‌ പിരിച്ചുവിടപ്പെട്ടയാളെ സര്‍ക്കാര്‍ പി.എസ്‌.സി അംഗമാക്കാന്‍ ശ്രമിക്കുന്നത്‌? കേരളത്തിലെ ലക്ഷോപലക്ഷം ഉദ്യോഗാര്‍ത്ഥികളെ അപമാനിക്കുന്നതിന്‌ തുല്യമാണിത്‌.

 

രാജ്യം മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ ആവശ്യമായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന യു.പി.എസ്‌.സിയില്‍ വെറും പത്ത്‌ അംഗങ്ങളാണ്‌ ഉള്ളത്‌. എന്നാല്‍ കേരളാ പബ്ലിക്‌ സര്‍വീസ്‌ കമ്മീഷനില്‍ ഇപ്പോള്‍ 19 അംഗങ്ങളുണ്ട്‌. എന്തിനാണ്‌ ഇത്രയധികം പി.എസ്‌.സി അംഗങ്ങള്‍? പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പേരില്‍ ഭരണകക്ഷികളുടെ വാലാട്ടികളെ യോഗ്യതയും സ്വഭാവ മഹിമയും നോക്കാതെ വലിയ പദവികളില്‍ നിയമിച്ച്‌ ജനങ്ങളെ വിഡ്ഢികളാക്കരുത്‌. ഇടതുപക്ഷ സര്‍ക്കാര്‍ ഇങ്ങനെ പോയാല്‍ നാളെ മൂത്തൂറ്റ്‌ പോള്‍ ജോര്‍ജ്ജ്‌ വധക്കേസിലെ പ്രതികളായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും പി.എസ്‌.സി അംഗങ്ങളാക്കില്ലെന്ന്‌ എന്താണ്‌ ഉറപ്പ്‌?

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls