|
ജ്യോതിബസു പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഇന്ത്യയുടെയും കമ്യൂണിസ്റ്റ് ലോകത്തിന്റെയും ഗതിതന്നെ മാറിപ്പോകുമായിരുന്നു എന്ന് ഈയിടെ അദ്ദേഹത്തെക്കുറിച്ച് ചരമക്കുറിപ്പ് എഴുതിയവര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സി.പി.എം നേതൃത്വത്തിന്റെ വിഡ്ഢിത്തം മൂലം അത് നടന്നില്ല. 23 വര്‍ഷം പടിഞ്ഞാറെ ബംഗാളിന്റെ ഭരണം മാറ്റമില്ലാതെ നയിച്ച അദ്ദേഹം ആ സംസ്ഥാനത്തെ ജനങ്ങള്‍ക്കുവേണ്ടി യഥാര്‍ത്ഥത്തില്‍ എന്തുചെയ്തു? നാമരൂപങ്ങളില്ലാത്ത ലോകത്തേക്ക് മറഞ്ഞ ജ്യോതിബസുവിനെ കുറ്റപ്പെടുത്തുന്നില്ല. എങ്കിലും മരിക്കാത്ത യാഥാര്‍ത്ഥ്യങ്ങള്‍ വരുംകാലത്തെ നോക്കി ചിരിക്കാതിരിക്കില്ല. കാരണം അത് ചരിത്രവും സത്യവുമാണ്.
സുതാനുഗുരു ജ്യോതിബസുവിന്റെ സംഭാവനകളെ വിലയിരുത്തുന്നു. (കടപ്പാട് - ദ സണ്‍ഡേ ഇന്ത്യന്‍) ജ്യോതിബസുവിനെ ഇന്‍ഡ്യക്ക് കിട്ടാത്ത ഏറ്റവും നല്ല പ്രധാനമന്ത്രിയെന്നും ആധുനിക ഇന്‍ഡ്യയിലെ ഏറ്റവും മഹാനായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായും വിശേഷിപ്പിക്കുന്നതിനു മുന്‍പ് നമുക്ക് ചില രസിക്കാത്ത സത്യങ്ങള്‍ പരിശോധിക്കാം. നിങ്ങള്‍ ബസുവിനെ പാവപ്പെട്ടവരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും വക്താവായി കാണുന്നുണ്ടെങ്കില്‍, മഗ്സാസേ അവാര്‍ഡ് ജേതാവും ഗ്രന്ഥകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മഹാശ്വേതാദേവിക്ക് പറയാനുള്ളത് കേള്‍ക്കൂ: 'ജ്യോതിബസു സംസ്ഥാനത്തെ ആദിവാസികള്‍ക്ക് വേണ്ടി വേണ്ടതൊന്നും ചെയ്തില്ല. ഞാന്‍ ബസുവിനെ പലവട്ടം നേരില്‍ കണ്ട് ഈ കാര്യം അഭ്യര്‍ത്ഥിച്ചു. അതെല്ലാം പതിച്ചത് ബധിര കര്‍ണങ്ങളില്‍! നിങ്ങള്‍ ചിന്തിച്ചേക്കാം ആദരണീയയും വയോവൃദ്ധയുമായ മഹാശ്വേതാദേവി തനിക്ക് വനവാസികളോടും ഗിരിജനങ്ങളോടുമുള്ള താല്‍പര്യം മൂലം മുന്‍വിധിയോടെ പെരുമാറുന്നുവെന്ന്. എങ്കില്‍ നിങ്ങള്‍ക്കത് അവഗണിക്കാം. എന്നാല്‍ ഈ വസ്തുതകളെ അവഗണിക്കാനാവുമോ? ഇതാ ചില സത്യങ്ങള്‍. ഇടതുപക്ഷത്തിന് തെറ്റുപറ്റില്ല� എന്ന് ഉറപ്പിച്ചുപറയുന്ന കടുത്ത വിശ്വാസികള്‍ക്കുപോലും പഠനവിഷയമാക്കാവുന്ന ചില കാര്യങ്ങള്‍.അറുപതുകളുടെ അവസാനം വരെ ഏറ്റവും വലിയ വ്യവസായവല്‍ക്കൃത സംസ്ഥാനമായിരുന്ന പശ്ചിമബംഗാള്‍ ഇന്ന് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ്. മുപ്പതിനായിരത്തോളം വ്യവസായസ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. 27,000ലധികം സ്ഥാപനങ്ങള്‍ പീഡിതം. കാലം, പ്രായോഗിക മാര്‍ക്സിസത്തിലെ ബസുയുഗം. 1977ല്‍ ചണമില്‍ തൊഴിലാളികളുടെ അടയ്ക്കാത്ത പ്രോവിഡന്റ് ഫണ്ട് തുക അഞ്ചുകോടി രൂപ. 2000ല്‍ ബസു അധികാരം ബുദ്ധദേവ് ഭട്ടാചാര്‍ജിക്ക് കൈമാറുമ്പോള്‍ അത് 200 കോടി. (പശ്ചിമബംഗാളിലെ അധ്വാനിക്കുന്ന വര്‍ഗത്തിനു വേണ്ടി സ്വര്‍ഗം പണിയുന്ന തിരക്കിലായിരുന്നു ബസുവും മാര്‍ക്സിസ്റ്റ് സഖാക്കളും എന്ന് ധരിച്ചവര്‍ക്കുള്ള പാഠം)മുസ്ലിങ്ങള്‍ക്ക് ഏറ്റവും മോശമായ സാമൂഹ്യജീവിത സാഹചര്യങ്ങളും സര്‍ക്കാര്‍ ജോലിയില്‍ പ്രാതിനിധ്യവും ഉള്ളത് കടുകട്ടി മതേതര സംസ്ഥാനമായ പശ്ചിമബംഗാളില്‍ (മറ്റൊരു സുപ്രധാനവും ചരിത്രപരവുമായ വിവരം: അര്‍പ്പിത മാര്‍ക്സിസ്റ്റായിരുന്ന നൂറുല്‍ 1976ലെ ഭക്ഷ്യക്ഷാമ സമരങ്ങളില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. സിപിഎം 1977ലെ തെരഞ്ഞെടുപ്പ് തൂത്തുവാരിയത് ഈ മരണത്തെ ഉപയോഗിച്ചായിരുന്നു. പിന്നീട് സഖാക്കള്‍ ഇസ്ലാമിന്റെ കുടുംബത്തെ ഉപേക്ഷിച്ചു. അദ്ദേഹത്തിന്റെ സഹോദരന്മാര്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്)! പശ്ചിമബംഗാളിലെ 18 പ്രധാന ജില്ലകളില്‍ കുറഞ്ഞത് 13 എണ്ണമെങ്കിലും രാജ്യത്തെ ഏറ്റവും ദരിദ്രമായ 100 ജില്ലകളില്‍പ്പെടുന്നു. ജ്യോതിബസുവിന്റെ ഉജ്വലകാലത്ത് സംസ്ഥാനത്ത് ഒരു മെഡിക്കല്‍ കോളേജ് പോലും വന്നിട്ടില്ല. ജ്യോതിയുടെ ഭരണകാലത്ത് തൊഴിലാളികള്‍, ഗിരിജനങ്ങള്‍, കൃഷിക്കാര്‍ എന്നിവരുടെ നേര്‍ക്കുള്ള വെടിവെയ്പ്പ് സ്ഥിരം കാര്യക്രമമായി തീര്‍ന്നു. ഏകദേശം 20 അന്വേഷണക്കമ്മീഷനുകള്‍ നിയമിക്കപ്പെട്ടു. ഒന്ന് മാത്രമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്: അതിലെ ശുപാര്‍ശകളൊന്നും തന്നെ നടപ്പാക്കിയതുമില്ല. ഇനിയും വളരെയധികം കാര്യങ്ങള്‍ തെളിവായി കാണിക്കാനുണ്ട്. എന്നാല്‍ ഭരണകൂടത്തിന്റെ തെറ്റായ പ്രവര്‍ത്തനങ്ങളെപ്പറ്റി എത്ര എഴുതിയാലും വസ്തുതകളേക്കാള്‍ തത്വശാസ്ത്രമാണ് മഹത്തരമെന്ന് വിശ്വസിക്കുന്നവരുടെ കണ്ണുതുറപ്പിക്കില്ലെന്ന് ഞങ്ങള്‍ക്കറിയാം. കാര്യങ്ങള്‍ തെളിച്ചുപറയേണ്ടത് അവശ്യം തന്നെ.
ബസുവിന്റെ മരണത്തിനുശേഷം നടക്കുന്ന അനുഭവത്തിന്റെ പിന്‍ബലമില്ലാത്ത ഗൃഹാതുരത്വ കോലാഹലങ്ങളും ബസുവിന്റെ പ്രവര്‍ത്തന ചരിത്രങ്ങളും താരതമ്യപ്പെടുത്തുമ്പോള്‍ ഭാവി ചരിത്രകാരന്മാര്‍ അത്ഭുതപ്പെടും തീര്‍ച്ച. എന്നാല്‍ അത്തരത്തിലുണ്ട വിവേചനരഹിതമായ പഴംകഥകള്‍ മൂലം രാജ്യം, ചെങ്കൊടിയുടെ മേന്മക്കായി ജ്യോതിബസു ചെയ്ത തെറ്റുകള്‍ ആവര്‍ത്തിച്ചേക്കാം. ഈ 21-ാം നൂറ്റാണ്ടില്‍ ലോകം ചടുലമായ മാറ്റങ്ങള്‍ക്ക് വിധേയമാവുകയാണ്. അപ്പോള്‍ ബസുവിന്റേയും ചെമ്പടയുടേയും പാരമ്പര്യത്തെ പുച്ഛിച്ചും അപമാനിച്ചും മാത്രം ഇന്‍ഡ്യക്ക് മുന്നേറാനാവില്ല. അതിന് അഞ്ച് സുപ്രധാന കാരണങ്ങള്‍ ഇതാ: പാര്‍ട്ടിയും ദേശീയ താല്‍പര്യത്തിനു പരിചയമുള്ള ആദര്‍ശവും പ്രകാശ് കാരാട്ടും അദ്ദേഹത്തിന്റെ സഖാക്കളും ഇന്‍ഡ്യയും അമേരിക്കയും തമ്മിലുള്ള ആണവകരാറിനെ വൈകാരികമായും അണുവിട വിട്ടുകൊടുക്കാതേയും എതിര്‍ത്തിരുന്നത് മിക്കവരും ഓര്‍ക്കുന്നുണ്ടാവും. ജോര്‍ജ് ബുഷിന്റെ ഔദ്യോഗിക ഇന്‍ഡ്യാ സന്ദര്‍ശനകാലത്ത് എല്ലാ മര്യാദകളും മറന്ന് അവര്‍ അദ്ദേഹത്തിനെതിരെ ചീത്തവിളി പ്രകടനം നടത്തി. ചൈനീസ് നേതാവ് ഹു ജിണ്ടാവോ കൊല്‍ക്കൊത്തയിലേക്ക് ഒരു യാത്ര നടത്തിയെന്ന് സങ്കല്‍പിച്ചാല്‍ അദ്ദേഹത്തിനെതിരെ ചീത്തവിളിച്ചുകൊണ്ട് പ്രകടനം നടന്നാല്‍ എത്രപേര്‍ പൊലീസ് വെടിവെപ്പില്‍ മരിക്കുമായിരുന്നുവെന്നത് അചിന്തനീയം)
1962ലെ യുദ്ധത്തെ സംബന്ധിച്ച് ചൈനയേക്കാള്‍ ഇന്‍ഡ്യയെ കുറ്റപ്പെടുത്തിയത് ബസുവായിരുന്നുവെന്ന് അധികം പേര്‍ ഓര്‍ക്കുന്നില്ല. ഇത് നോക്കൂ: സോവിയറ്റ് ആഭിമുഖ്യമുള്ള സിപിഐ അടിയന്തരാവസ്ഥയെ പിന്തുണച്ചു. കാരണം, ഇന്ദിരയുടെ ഇന്‍ഡ്യ സോവിയറ്റ് യൂണിയന്റെ സഖ്യത്തിലായിരുന്നു. സിപിഎം അടിയന്തരാവസ്ഥയെ എതിര്‍ത്തു. എന്തെന്നാല്‍� ചൈന, ഇന്ദിരയുടെ ഇന്‍ഡ്യയുമായി ചങ്ങാത്തത്തിലായിരുന്നില്ല. തീര്‍ച്ചയായും ഇരുകൂട്ടരും 1979ല്‍ സോവിയറ്റ് യൂണിയന്‍ അഫ്ഘാനിസ്ഥാനെ കീഴടക്കിയതിനെ പിന്തുണച്ചു. എന്നാല്‍ ചൈന തങ്ങളുടെ മാര്‍ക്സിസ്റ്റ് അയല്‍രാജ്യമായ വിയറ്റ്നാമിനെ ആക്രമിച്ചപ്പോള്‍ ഒന്നുമുരിയാടിയില്ല.
ജ്യോതിബസുവിന്റെ കീഴില്‍ പശ്ചിമബംഗാള്‍ ജനനന്മയെക്കാള്‍ പ്രാധാന്യം നല്‍കിയത് തത്വശാസ്ത്രങ്ങള്‍ക്കാണ്. അമേരിക്ക എന്ത് ചെയ്താലും തെറ്റ്, പാപം, സാമ്രാജ്യത്വം, പൈശാചികം. മുന്‍ സോവിയറ്റ് യൂണിയനും ചൈനയും എന്തു ചെയ്താലും വിമര്‍ശിക്കരുത്. എന്നാല്‍ തത്വങ്ങള്‍ പ്രായോഗിക രാഷ്ട്രീയത്തെ കീഴടക്കിയപ്പോള്‍ അത് കോടിക്കണക്കിനാളുകളുടെ ജീവിതത്തേയും ഉപജീവനത്തേയും ബാധിച്ചുതുടങ്ങി. ഭാഗ്യവശാല്‍ ഇന്‍ഡ്യന്‍ വോട്ടര്‍മാര്‍ തത്വങ്ങളുടെ പേരില്‍ പണ്ടത്തെപ്പോലെ ഇളകുന്നില്ല. അതാണ് 2009ല്‍ വോട്ടര്‍മാര്‍ നല്‍കിയ ശക്തമായ സന്ദേശം! അന്നാണല്ലോ സിപിഎമ്മും ബിജെപിയും പരാജയപ്പെട്ടത്.
അസഹിഷ്ണുതയും അധികാര പ്രമത്തതയും വിചിത്രമെന്ന് തോന്നാം ഫാസിസ്റ്റുകളുമായി മാര്‍ക്സിസ്റ്റുകള്‍ പങ്കുവെക്കുന്ന ഒരു ഗുണം ഇതാണ്. ഫാസിസ്റ്റുകളെപ്പോലെ മാര്‍ക്സിസ്റ്റുകള്‍ക്കും വിമത ശബ്ദത്തെയും സ്വന്തം നിരയിലുള്ളവരുടെ സ്വതന്ത്ര അഭിപ്രായങ്ങളെപ്പോലും നിഷ്കരുണം ഇല്ലാതാക്കാനുള്ള വഴികളുണ്ട്. ഒരു ലോക്സഭാ സ്പീക്കറെപ്പോലെ പെരുമാറിയതിനും മന്‍മോഹന്‍ സിംഗിനെതിരെ വോട്ട് ചെയ്യാന്‍ വിസമ്മതിച്ചതിനും മാര്‍ക്സിസ്റ്റായ സോമനാഥ് ചാറ്റര്‍ജിയെ പ്രകാശ് കാരാട്ടും സഖാക്കളും പുറത്താക്കിയത് നിങ്ങളില്‍ പലരും ഓര്‍ക്കുന്നുണ്ടാകും. എന്നാല്‍ സോമനാഥ് ചാറ്റര്‍ജി ഉത്തമമായ മാര്‍ക്സിസ്റ്റ് അസഹിഷ്ണുതയുടെ ഇരയാകുന്നതിന് വളരെ മുമ്പു തന്നെ ജ്യോതി ബസുവും സഖാക്കളും അത്ഭുതകരമായ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. പാവപ്പെട്ടവരുടെ ചെലവില്‍ സര്‍ക്കാര്‍ വ്യാപാരികളെയും വ്യവസായികളെയും പ്രോത്സാഹിപ്പിക്കുന്നു എന്ന് വിമര്‍ശിച്ചതിന് ബസുവിന്റെ പ്രതാപകാലത്ത് മുതിര്‍ന്ന മാര്‍ക്സിസ്റ്റ് നേതാവായിരുന്ന ബിനോയ് ചൗധരിയെ നിര്‍ദ്ദയം ഒതുക്കി.
വിസ്മൃതനായിട്ടായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പ്രൊമോട്ടര്‍ രാജ്�വളര്‍ത്തുന്നുവെന്ന് ഒപ്പമുള്ള സഖാക്കള്‍ക്കെതിരെ ആരോപിച്ചപ്പോഴാണ് മറ്റൊരു മാര്‍ക്സിസ്റ്റ് നേതാവായിരുന്ന മനോരഞ്ജന്‍ ഹസ്രക്ക് പാര്‍ട്ടി വിടേണ്ടിവന്നത്. നിരവധി ഹൈക്കോടതി വിധികള്‍ ഉണ്ടായിട്ടും അദ്ദേഹത്തിന്റെ മകള്‍ക്ക് ഒരു ഹൈസ്കൂള്‍ അധ്യാപികയുടെ ജോലി പോലും ബസുവിന്റെ ബംഗാളില്‍ കിട്ടിയില്ല. ത്രിപുര മുഖ്യമന്ത്രിയായിരുന്ന നൃപന്‍ ചക്രവര്‍ത്തിയെ നിങ്ങള്‍ കേട്ടിരിക്കും. ബസുവിനെ പരസ്യമായി വിമര്‍ശിച്ചതിന് അദ്ദേഹത്തെ എന്നേക്കുമായി ഒതുക്കി. ബസുവും അനുയായികളും �കുടുംബാംഗങ്ങളെ� ഇത്രയും നിര്‍ദ്ദയമാണ് കൈകാര്യം ചെയ്തതെങ്കില്‍ മാര്‍ക്സിസ്റ്റുകളല്ലാത്ത പൗരന്മാരുടെയും ആക്ടിവിസ്റ്റുകളുടെയും വിധി എന്തായിരുന്നുവെന്ന് സങ്കല്‍പ്പിച്ചു നോക്കൂ. പൊലീസ് വെടിവെപ്പും കസ്റ്റഡി മരണങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരുടെ സംഘടിതമായ റെയ്ഡുകളും ബസുവിന്റെ ബംഗാളില്‍ നിത്യസംഭവമായിരുന്നു.
ഇതില്‍ ഏറ്റവും ഹീനമായത് മൂവായിരത്തോളം ദലിത് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ട മാരിച്ചബി കൂട്ടക്കൊലയാണ്. സിംഗൂര്‍, നന്ദിഗ്രാം പ്രക്ഷോഭങ്ങളുടെ കാലത്ത് മാത്രമാണ് മാര്‍ക്സിസ്റ്റുകാരുടെയും അവരുടെ പൊലീസിന്റെയും കൊടും ക്രൂരതകള്‍ വെളിച്ചത്ത് വരുകയും മാധ്യമങ്ങളില്‍ തലക്കെട്ടുകളാകുകയും ചെയ്തത്. എന്നാല്‍ ഏതെങ്കിലും ഗ്രാമീണന്‍ മാര്‍ക്സിസ്റ്റുകള്‍ക്കെതിരെ വോട്ട് ചെയ്യാന്‍ ധൈര്യപ്പെട്ടാല്‍ സ്വാഭാവികമായും പാര്‍ട്ടി ഗുണ്ടകള്‍ അയാളെ ഉന്നം വെച്ചിരുന്ന ബസുവിന്റെ ഭരണകാലത്താണ് ഇത് പൂര്‍ണമായിരുന്നത്. തിരിച്ചുവന്ന അത്തരം അധികാര പ്രമത്തതയാണ് ഇപ്പോള്‍ ബസുവിന്റെ പിന്‍ഗാമികളെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. സത്യസന്ധമായി സ്വയം ചോദിച്ചുനോക്കൂ: ഇത്രയും ആവലാതികളും അനീതികളും അസമത്വങ്ങളുമുള്ള ഇന്‍ഡ്യയില്‍ ഭരണകൂടം പ്രകടിപ്പിക്കുന്ന അധികാര പ്രമത്തത അതിജീവിക്കുമോ? (തുടരും) |