മുല്ലപ്പെരിയാര്‍ പ്രശ്നത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍

Imageമുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍, ഒടുവില്‍ മുട്ടുമടക്കിയ തമിഴ്‌നാട്‌ ഉപാധികളോടെയാണെങ്കിലും പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കാന്‍ സുപ്രീംകോടതിയില്‍ വാക്കാല്‍ സമ്മതിച്ചു. നൂറ്റാണ്ട്‌ പഴക്കമുള്ള ഇപ്പോഴത്തെ അണക്കെട്ട്‌ അപകടാവസ്ഥയിലാണെന്ന കേരളത്തിന്റെ സുനിശ്ചിതമായ നിലപാട്‌ പരോക്ഷമായെങ്കിലും തമിഴ്‌നാട്‌ അംഗീകരിച്ചിരിക്കുകയാണ്‌.

എന്നാല്‍ പുതുതായി കേരളത്തില്‍ നിര്‍മ്മിക്കുന്ന അണക്കെട്ടിന്റെ നിയന്ത്രണാധികാരം തമിഴ്‌നാടിന്‌ വേണമെന്ന ഉപാധി ഉന്നയിച്ചതിലൂടെ നമ്മുടെ രാജ്യത്ത്‌ നിലനില്‍ക്കുന്ന ഫെഡറല്‍ വ്യവസ്ഥകളെ വിസ്മരിക്കുകയാണെന്ന്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ അറിയുന്നില്ല. അതേക്കുറിച്ച്‌ കേരളത്തിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ നല്‍കിയ മറുപടി അര്‍ത്ഥവത്താണ്‌. മുല്ലയാറും പെരിയാറും ചേര്‍ന്ന്‌ ഒഴുകുന്ന നദിയാണ്‌ മുല്ലപ്പെരിയാര്‍ എന്ന്‌ അറിയപ്പെടുന്നത്‌. കേരളത്തില്‍ തന്നെ ഉത്ഭവിച്ച്‌ കേരളത്തിലൂടെ മാത്രം ഒഴുകുന്ന നദികളിലൊന്നാണിത്‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ തമിഴ്‌നാട്‌ പ്രസിഡന്‍സിയുടെ ആവശ്യപ്രകാരം മുല്ലപ്പെരിയാറിന്‌ കുറുകെ നിര്‍മ്മിച്ച അണക്കെട്ടിലൂടെ കൃഷിക്ക്‌ ജലം നല്‍കാന്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഒരു കരാറുണ്ടാക്കി. 110 വര്‍ഷം മുമ്പ്‌ അങ്ങനെയൊരു കരാര്‍ ഒപ്പിടുമ്പോള്‍ കേരളമെന്ന സംസ്ഥാനം ഇല്ലായിരുന്നു.

 

ഭാഷാ സംസ്ഥാനം രൂപംകൊള്ളുകയും ഇന്ത്യന്‍ റിപ്പബ്ലിക്കിന്‌ പുതിയ ഭരണഘടന ഉണ്ടാവുകയും ജനാധിപത്യ സംവിധാനം നിലവില്‍വരികയും ചെയ്തശേഷം രാജഭരണകാലത്തെ പഴയ കരാറിലെ വ്യവസ്ഥകള്‍ക്ക്‌ അര്‍ത്ഥമോ നിലനില്‍പ്പോ ഇല്ല. എന്നാല്‍ കേരളത്തില്‍ ആദ്യം നിലവില്‍വന്ന കമ്യൂണിസ്റ്റ്‌ സര്‍ക്കാരില്‍ പഴയ മദ്രാസ്‌ സ്റ്റേറ്റില്‍ ഉള്‍പ്പെട്ട മലബാര്‍ പ്രദേശത്തുള്ള നേതാക്കള്‍ക്ക്‌ ആജ്ഞാനുസാരിയായ സ്വാധീനമുണ്ടായിരുന്നു. ഇ.എം.എസ്‌ ഭരണകൂടം, നിയമ-ജലവിഭവ വകുപ്പുകളുടെ മന്ത്രിയായിരുന്ന വി.ആര്‍. കൃഷ്ണയ്യര്‍ വഴി തമിഴ്‌നാടിനെ സഹായിക്കാന്‍ മുല്ലപ്പെരിയാര്‍ ജലം പങ്കുവെയ്ക്കുന്നതിനുള്ള പഴയ കരാര്‍ ദീര്‍ഘകാലത്തേക്ക്‌ പുതുക്കി നിശ്ചയിച്ചു. 999 വര്‍ഷം നീണ്ടുനില്‍ക്കുന്ന ഏതെങ്കിലും കരാര്‍ മനുഷ്യയുക്തിക്ക്‌ ഇണങ്ങുന്നതോ യാഥാര്‍ത്ഥ്യബോധം നിഴലിക്കുന്നതോ അല്ല.

 

എന്നിട്ടും കേരളത്തിന്റെ ഭാവിയെക്കുറിച്ചും ജനങ്ങളെക്കുറിച്ചും യാതൊരു വീണ്ടുവിചാരവുമില്ലാതെ ആദ്യത്തെ കമ്യൂണിസ്റ്റ്‌ ഗവണ്‍മെന്റ്‌ അങ്ങനെയൊരു കരാറുണ്ടാക്കി. പിന്നീട്‌ അച്യുതമേനോന്‍ ഗവണ്‍മെന്റും നായനാര്‍ ഗവണ്‍മെന്റും ആ കരാറിലെ വ്യവസ്ഥകള്‍ തമിഴ്‌നാടിന്‌ അനുകൂലമാംവിധം ഉദാരവ്യവസ്ഥകളോടെ പുതുക്കി നിശ്ചയിച്ചു. അങ്ങനെ അടിയ്ക്കടി മുല്ലപ്പെരിയാറിലെ ജലം തമിഴ്‌നാട്ടിലേക്ക്‌ ഒഴുക്കിക്കൊണ്ടുപോകാന്‍ ഉണ്ടാക്കിയ കരാര്‍ ഒരു ആയുധമാക്കി വിലപേശുന്ന ഇന്നത്തെ തമിഴ്‌നാട്‌ ഗവണ്‍മെന്റ്‌ അപകടകരമാംവിധം കാലഹരണപ്പെട്ട അണക്കെട്ടിന്റെ നിലനില്‍പ്പിനെക്കുറിച്ചും അത്‌ കേരളത്തില്‍ ഉണ്ടാക്കാവുന്ന മനുഷ്യനാശത്തെക്കുറിച്ചും ക്രൂരമായി വിസ്മരിക്കുകയായിരുന്നു. ഇപ്പോള്‍ പരോക്ഷമായെങ്കിലും തമിഴ്‌നാടിന്‌ വസ്തുതകള്‍ അംഗീകരിക്കേണ്ടിവന്നതില്‍ സന്തോഷം.


നശിപ്പിക്കപ്പെടേണ്ട പഴയ അണക്കെട്ട്‌ നില്‍ക്കുന്ന സ്ഥലത്തിന്‌ പടിഞ്ഞാറുമാറി കേരളത്തിന്റെ പൂര്‍ണ നിയന്ത്രണ പ്രദേശത്ത്‌ കെട്ടിയുയര്‍ത്താന്‍ ഉദ്ദേശിക്കുന്ന പുതിയ അണക്കെട്ടിന്റെ നിയന്ത്രണാധികാരം തമിഴ്‌നാട്‌ ഗവണ്‍മെന്റിന്‌ വേണമെന്ന്‌ വാദിക്കുന്നത്‌ അല്‍പം കടന്നകൈയാണ്‌. ശ്രീലങ്കയില്‍ തമിഴ്‌ വംശജര്‍ക്ക്‌ പ്രത്യേകരാജ്യം വേണമെന്ന്‌ ദശകങ്ങളോളം വാദിക്കുകയും അതിനുവേണ്ടി വിനാശകരമായ അക്രമമാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്ത തമിഴ്‌ പുലികളുടെ നിലപാടാണ്‌ ഇത്തരുണത്തില്‍ ഓര്‍ത്തുപോകുന്നത്‌. ശ്രീലങ്കന്‍ ഭരണകൂടത്തിന്‌ ആ ആവശ്യത്തിന്റെ ഭീകരവക്താക്കളെ ഉന്മൂലനം ചെയ്യേണ്ടിവന്നു. നിലവിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടും ചുറ്റുമുള്ള വനപ്രദേശവും തമിഴ്‌നാട്ടിലെ വനംവകുപ്പ്‌ ഉദ്യോഗസ്ഥരുടെയും ജലവിഭവ വകുപ്പ്‌ എന്‍ജിനീയര്‍മാരുടെയും മറ്റും നിയന്ത്രണത്തിലാണ്‌. അര്‍ത്ഥശൂന്യമായ പഴയകരാറിന്റെ തണലില്‍ ലഭിച്ച 'നിയമപരമായ ഒരു അതിക്രമം' മാത്രമാണിത്‌. മുല്ലപ്പെരിയാര്‍ സംസ്ഥാനാന്തര നദിയല്ല.

 

കാവേരി, ഗോദാവരി, മഹാനദി എന്നിവപോലെ പല സംസ്ഥാനങ്ങളിലൂടെ ഒഴുകി തര്‍ക്കവിഷയമായിരിക്കുന്നതുപോലെ ഒരു പ്രശ്നം മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഒരിക്കലും ഉയരാന്‍ പാടില്ലാത്തതാണ്‌. എങ്കിലും കേരളം നദീജലം തമിഴ്‌നാടിന്‌ പങ്കുവെയ്ക്കാമെന്ന്‌ ഉദാരപൂര്‍വം സമ്മതിക്കുന്നു. കമ്പം, തേനി, മധുര തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട നാലഞ്ച്‌ ജില്ലകളില്‍ കൃഷിക്കും കുടിവെള്ളത്തിനുമായി മുല്ലപ്പെരിയാറിലെ ജലം ഉപകരിക്കുന്നുണ്ട്‌. അത്‌ തുടര്‍ന്നും നല്‍കുന്നതിന്‌ കേരളം ഒരുതരത്തിലും എതിരല്ല. ഇപ്പോള്‍ രഹസ്യമായി ചോര്‍ത്തിക്കൊണ്ടുപോകുന്ന വെള്ളത്തിന്‌ ഒരു കണക്കും വ്യവസ്ഥയുമൊക്കെ ഉണ്ടാകണം. കര്‍ണാടകവുമായി തമിഴ്‌നാട്‌ കാവേരി ജലം പങ്കിടുന്നതിന്‌ ഉണ്ടാക്കിയതുപോലെ കൃതൃമായി അളന്ന്‌ വെള്ളം നല്‍കേണ്ടിവരും. മുട്ടാപ്പോക്കും വിതണ്ഡവാദവും വഴി തമിഴ്‌നാട്‌ അതിന്‌ എതിര്‌ നില്‍ക്കരുത്‌. ജലമോഷണം, അത്‌ ഭരണകൂടത്തിന്റേതായാല്‍ പോലും അധാര്‍മികമാണ്‌.

 

കേരളത്തിന്റെ വിശാലമനസ്കതയും ഔദാര്യവും ദൗര്‍ബല്യമായി കരുതി അനന്തകാലം മുതലെടുക്കാന്‍ ശ്രമിക്കുന്നത്‌ ആപത്തായിത്തീരും. കേരളത്തിലേക്ക്‌ പച്ചക്കറിയും മറ്റ്‌ ഭക്ഷ്യവസ്തുക്കളും കയറ്റിവരുന്ന വാഹനങ്ങള്‍ തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ തടയുന്ന തലതിരിഞ്ഞ നേതാക്കള്‍ വിലസുന്ന നാടാണ്‌ ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ അയലത്തുള്ളത്‌. മുല്ലപ്പെരിയാര്‍ പ്രശ്നം അധമമാര്‍ഗത്തിലൂടെ തെരുവിലേക്ക്‌ വലിച്ചിഴയ്ക്കുകയല്ല വേണ്ടത്‌. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ നിര്‍ദ്ദേശിച്ചതുപോലെ ന്യായയുക്തമായി പരിഹാരം തേടണം. തമിഴ്‌നാടിന്റെ ഇതുവരെയുള്ള കള്ളക്കളികളെല്ലാം മാറ്റിവെച്ച്‌ യാഥാര്‍ത്ഥ്യത്തിലേക്ക്‌ തിരിയുന്നു എന്നതിന്റെ സൂചനയായി പുതിയ നിലപാടിനെ കാണുന്നു. എന്നാല്‍ അതിനുവെച്ച ഉപാധി പിന്‍വലിച്ചാല്‍ ഇനി കാര്യങ്ങള്‍ എളുപ്പമായി.


അധികാരത്തില്‍ നിന്ന്‌ വിശ്രമജീവിതത്തിലേക്ക്‌ മടങ്ങുന്ന തമിഴ്‌നാട്‌ മുഖ്യമന്ത്രി കരുണാനിധിയുടെ മകന്‍ ഉപമുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ യുക്തിപൂര്‍വം കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ശ്രമിക്കട്ടെ. അദ്ദേഹത്തിന്‌ ചരിത്രം നല്ല തൊപ്പിയും തൂവലുകളും തുന്നാന്‍ ഇടവരട്ടെ!

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls