|
തിരുവനന്തപുരം: ജ്ഞാനത്തിന്റെയും കരുണയുടെയും ആത്മീയതയുടെയും സ്നേഹജ്വാല തെളിയിച്ച, സവര്‍ണ്ണ സര്‍വ്വാധിപത്യത്തെ നിഷ്പ്രഭമാക്കിയ നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരുദേവന്റെ ജീവിതവും ദര്‍ശനങ്ങളും ആസ്പദമാക്കി ചിത്രീകരിച്ച 'യുഗപുരുഷന്‍' റീലിസിംഗിന് ഒരുങ്ങുന്നു.
പാദമുദ്രയ്ക്കും രാജശില്‍പ്പിക്കും ശേഷം ആര്‍ സുകുമാരന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന യുഗപുരുഷന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂര്‍ത്തിയായി. കെസി കുട്ടനെന്ന വിപ്ലവകാരിയായി മമ്മൂട്ടിയും കോരനെന്ന കഥാപാത്രമായി കലാഭവന്‍ മണിയും അഭിനയിക്കുന്ന ചിത്രത്തില്‍ ശ്രീനാരായണ ഗുരുവിന് ജീവന്‍ പകര്‍ന്നിരിക്കുന്നത് ദക്ഷിണേന്ത്യന്‍ സിനിമയിലെ ശ്രദ്ധേയനായ നടന്‍ തലൈവാസല്‍ വിജയ് ആണ്. എവിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ വി അനൂപ് (മെഡിമിക്സ്) നിര്‍മ്മിച്ച യുഗപുരുഷന്‍ ഫിബ്രവരി അഞ്ചിന് തിയേറ്ററുകളിലെത്തും. ജാതിയുടെ സ്വാധീനം വിദ്യാസമ്പന്നരിലേക്ക് പോലും വ്യാപിച്ചിരിക്കുന്ന കാലഘട്ടത്തില്‍ ഇത്തരം അനാചാരങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ഗുരുദര്‍ശനത്തിന് മാത്രമേ കഴിയൂ എന്ന സന്ദേശമാണ് യുഗപുരുഷനിലൂടെ അണിയറപ്രവര്‍ത്തകര്‍ കൈമാറുന്നത്. ഗുരുദര്‍ശനം ആഗോളതലത്തില്‍ കൂടുതല്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യവും ചിത്രത്തിന്റെ നിര്‍മ്മാണത്തിന് പിന്നിലുണ്ട്. മാനവരാശിക്ക് എന്നും നന്മ വിളംബരം ചെയ്യുന്ന അനേകം സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ യുഗപുരുഷനിലുണ്ടെന്ന് സംവിധായകന്‍ ആര്‍ സുകുമാരന്‍ പറയുന്നു. ഡോക്യുമെന്ററിയുടെ തലത്തിലേക്ക് വഴിമാറാതെ സിനിമയുടെ ലളിതമായ ഭാഷയില്‍ തന്നെയാണ് യുഗുപുരുഷന്റെ സംവേദനം. ചരിത്രസംഭവങ്ങള്‍ ക്രമാനുഗതമായി ഉള്‍പ്പെടുത്തിയാണ് കാലത്തിന്റെ സ്ഥിതിവിശേഷങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇവയെ പരസ്പരം കോര്‍ത്തിണക്കാന്‍ സാങ്കല്‍പ്പിക കഥാപാത്രങ്ങളുടെ നൂലിഴകള്‍ സസൂക്ഷ്മം ഉപയോഗിച്ചിട്ടുണ്ട്. സാധാരണ സിനിമകളിലെ പോലെ ഗാനങ്ങളും നര്‍മ്മരംഗങ്ങളും യുഗപുരുഷനിലുണ്ട്. അനീതിക്കെതിരായ പോരാട്ടവും പ്രണയവും മനുഷ്യബന്ധങ്ങളും ഉള്‍പ്പെട്ട ദൃശ്യങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
ഒറ്റപ്പാലം, കണ്ണൂര്‍, ചേര്‍ത്തല, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കൂറ്റന്‍ സെറ്റുകളിട്ടാണ് ചരിത്രപ്രധാനമായ സംഭവങ്ങള്‍ പുനരാവിഷ്ക്കരിക്കുന്നത്. ഗുരുദേവന്റെ ജന്മഗൃഹം, അരുവിപ്പുറം പ്രതിഷ്ഠ, മരുത്വാമലയിലെ തപസ്, ശിവഗിരി, ശാരദാമഠം, ഇലവങ്കോടത്തെ കണ്ണാടി പ്രതിഷ്ഠ, ഗുരുപ്രതിഷ്ഠ നടത്തിയ തലശ്ശേരിയിലെ ശ്രീ ജഗന്നാഥക്ഷേത്രം, ഗാന്ധിജി, ടാഗോര്‍ എന്നിവരുടെ സന്ദര്‍ശനം തുടങ്ങിയവ തന്മയത്വത്തോടെ ചിത്രീകരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഡോ. പല്‍പ്പുവിനെ സിദ്ധീഖും, അയ്യന്‍കാളിയായി ബാബു ആന്റണിയും, സഹോദരന്‍ അയ്യപ്പനായി ജിഷ്ണുവും, ഗാന്ധിജിയായി ജോര്‍ജ് പോളും രവീന്ദ്രനാഥ ടാഗോറായി കോഴിക്കോട് സ്വദേശി മൂസക്കുട്ടിയുമാണ് വേഷമിടുന്നത്.
സാവിത്രി അന്തര്‍ജ്ജനമായി നവ്യാനായരുടെ പ്രകടനം വേറിട്ടു നില്‍ക്കുന്നു. ഛായാഗ്രഹണം രാമചന്ദ്രബാബുവും കലാസംവിധാനം കൃഷ്ണന്‍കുട്ടിയും എഡിറ്റിംഗ് സായി സുരേഷും നിര്‍വ്വഹിക്കുന്നു. കൈതപ്രത്തിന്റെ വരികള്‍ക്ക് മോഹന്‍സിത്താരയാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. |