കൊച്ചിന്‍ ഹനീഫ വിടപറഞ്ഞു

Imageകൊച്ചി: സംവിധായകനും നടനും തിരക്കഥാകൃത്തുമായ കൊച്ചിന്‍ ഹനീഫ (58) അന്തരിച്ചു. ഇന്നലെ വൈകുന്നേരം 4.25-ന്‌ ചെന്നൈയിലെ രാമചന്ദ്ര മെഡിക്കല്‍ കോളജ്‌ ആസ്പത്രിയിലായിരുന്നു അന്ത്യം. മൃതദേഹം വിമാനമാര്‍ഗ്ഗം ഇന്ന്‌ കൊച്ചിയില്‍ കൊണ്ടുവരും. ഉച്ചകഴിഞ്ഞ്‌ രണ്ടുമുതല്‍ നാലുവരെ അംബേദ്കര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന്‌ വെയ്ക്കും.

അഞ്ചുമണിക്ക്‌ എറണാകുളം സെന്‍ട്രല്‍ ജുമാമസ്ജിദ്‌ ഖബര്‍സ്ഥാനില്‍ കബറടക്കും. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന്‌ മൂന്ന്‌ മാസമായി ചികിത്സയിലായിരുന്നു. രോഗം മൂര്‍ഛിച്ചതിനെതുടര്‍ന്ന്‌ ഇന്നലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മലയാളത്തില്‍ ഹാസ്യത്തിന്‌ സ്വന്തമായ ശൈലി രൂപപ്പെടുത്തിയ നടനായ ഹനീഫ മലയാളം, തമിഴ്‌, ഹിന്ദി, തെലുങ്ക്‌ ഉള്‍പ്പെടെ മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. സിദ്ധിഖ്‌ സംവിധാനം ചെയ്ത ബോഡി ഗാര്‍ഡാണ്‌ അവസാനമായി പുറത്തുവന്ന സിനിമ.


മിമിക്രിയിലൂടെയാണ്‌ കൊച്ചിന്‍ ഹനീഫ സിനിമാലോകത്തെത്തിയത്‌. സുവോളജിയില്‍ ബിരുദം നേടിയെങ്കിലും മറ്റ്‌ ജോലികളൊന്നും അന്വേഷിക്കാതെ മദ്രാസിലേക്ക്‌ വണ്ടികയറുകയായിരുന്നു. 1970കളില്‍ വില്ലന്‍ റോളുകള്‍ കൈകാര്യം ചെയ്തുകൊണ്ടാണ്‌ സിനിമയില്‍ സജീവമായത്‌. അപ്പച്ചന്‍ സംവിധാനം നിര്‍വ്വഹിച്ച മാമാങ്കം ആണ്‌ ആദ്യചിത്രം. ഇരുനൂറോളം മലയാള ചിത്രങ്ങളിലും പതിനഞ്ച്‌ തമിഴ്‌ സിനിമകളിലും ഹനീഫ അഭിനയിച്ചിട്ടുണ്ട്‌. സൂത്രധാരനിലെ അഭിനയത്തിന്‌ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌. സിബി മലയില്‍ സംവിധാനം ചെയ്ത കിരീടമാണ്‌ നടന്‍ എന്ന നിലയില്‍ ഹനീഫയെ ശ്രദ്ധേയനാക്കിയത്‌.നടന്‍ എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും സിനിമയില്‍ നിറഞ്ഞുനിന്ന ഹനീഫ തമിഴ്‌ -മലയാളം ഭാഷകളിലായി സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു.

 

മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത വാല്‍സല്യം ഒരു സംവിധായകനെന്ന നിലയില്‍ ഹനീഫയെ ശ്രദ്ധേയനാക്കിയ ചിത്രമായിരുന്നു. ഭീഷ്മാചാര്യ, വീണമീട്ടിയ വിലങ്ങുകള്‍, ആണ്‍കിളിയുടെ താരാട്ട്‌, ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മയ്ക്ക്‌ , മൂന്ന്‌ മാസങ്ങള്‍ക്ക്‌ മുമ്പ്്‌ എന്നീ ചിത്രങ്ങളാണ്‌ ഹനീഫ സംവിധാനം ചെയ്ത മലയാള സിനിമകള്‍. എല്ലാ ചിത്രങ്ങളും നല്ല ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയവയായിരുന്നു.
ആദ്യകാലത്ത്‌ വില്ലന്‍ വേഷങ്ങളിലായിരുന്നു ഹനീഫ തിളങ്ങിയതെങ്കില്‍ പിന്നീട്‌ ഹാസ്യതാരമായി മാറി. ഹാസ്യാഭിനയത്തില്‍ തനതായ ശൈലി വികസിപ്പിച്ചെടുത്ത നടനായിരുന്നു കൊച്ചിന്‍ ഹനീഫ. പഞ്ചാബിഹൗസ്‌, റണ്‍വേ, മീശമാധവന്‍, അനന്തഭദ്രം, സി ഐ ഡി മൂസ, രാജമാണിക്യം, പുലിവാല്‍ കല്യാണം, പട്ടണത്തില്‍ സുന്ദരന്‍, അനിയത്തിപ്രാവ്‌, കുഞ്ഞിക്കൂനന്‍, മധുചന്ദ്രലേഖ, അഴകിയ രാവണന്‍, പറക്കും തളിക തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠനേടി. സി ഐ മഹാദേവന്‍ അഞ്ചടി മൂന്നിഞ്ച്‌ എന്ന സിനിമയില്‍ നായകനായി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls