| ഉദാരവല്‍ക്കരണത്തെ സ്വയം വിഴുങ്ങുന്ന അമേരിക്ക |
|
എന്നാല്‍ സാമ്പത്തിക മുന്നേറ്റത്തിന് അതിരുകളില്ലാത്ത ലോകം സൃഷ്ടിക്കാന്‍ ഇവ ഉപയുക്തമാണെന്ന് ആഗോളവല്‍ക്കരണത്തിന്റെ പ്രണേതാക്കള്‍ അഭിപ്രായപ്പെട്ടു. അതേക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ ഇനിയും അസ്തമിച്ചിട്ടില്ല. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്ന മനുഷ്യരാശിയുടെ മഹനീയമായ മുദ്രാവാക്യങ്ങള്‍ക്ക് പകരം മുതലാളിത്തം മുന്നോട്ടുവെച്ച ആശയമാണ് വാണിജ്യവല്‍ക്കരണം, ഉദാരവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്ന് പറഞ്ഞവര്‍ പോലും സാവകാശം പുതിയ ലോകക്രമത്തെ ആശ്ലേഷിക്കുകയും അതിന്റെ ഗുണഫലങ്ങള്‍ പങ്കിടുകയും ചെയ്തു.
ഇപ്പോഴും അവരില്‍ ചിലര്‍ അങ്ങനെതന്നെ വിശ്വസിക്കുന്നു. എങ്കിലും ആഗോളവല്‍ക്കരണത്തിന്റെ ഗുണവശങ്ങള്‍ പങ്കുവെച്ചുകൊണ്ട് സാമൂഹിക വ്യവസ്ഥയെ മാറ്റാന്‍ പ്രതിജ്ഞയെടുത്ത കമ്യൂണിസ്റ്റുകാര്‍ അതിവേഗം സ്ഥാപനവല്‍ക്കരിക്കപ്പെടുകയാണ് ചെയ്തത്. മാറ്റത്തെക്കുറിച്ചുള്ള പ്രസംഗവും നിലനിര്‍ത്താനുള്ള പ്രവൃത്തിയും അവര്‍ക്കിടയില്‍ സൃഷ്ടിച്ച ആശയസംഘര്‍ഷം ഇനിയും മാറിയിട്ടില്ല. കേരളം ഭരിക്കുന്ന ഇടതുമുന്നണിയുടെ നേതാക്കളില്‍ ഈ വൈരുദ്ധ്യം ദഹനക്കേടായി തുടരുകയാണ്. അപ്പോഴാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയില്‍ നിന്ന് പുതിയൊരു പ്രഖ്യാപനം വന്നിരിക്കുന്നത്. ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ കെടുതിയില്‍ നിന്ന് അമേരിക്കയെ രക്ഷപെടുത്താന്‍ പല മാര്‍ഗങ്ങളും പ്രസിഡന്റ് ഒബാമ ആരായുന്നുണ്ട്.
കഴിഞ്ഞവര്‍ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പുവേളയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിരുന്ന ഒബാമ അമേരിക്കന്‍ ജനതയ്ക്ക് നല്‍കിയ വാഗ്ദാനങ്ങളിലൊന്ന് രാജ്യത്തെ കമ്പനികളുടെ പുറംജോലിക്കരാര്‍ (ഔട്ട്സോഴ്സിംഗ്) ഇല്ലാതാക്കുമെന്നായിരുന്നു. അധികാരത്തില്‍ വന്ന് ഒരുവര്‍ഷം കഴിഞ്ഞിട്ടും ആ വാഗ്ദാനം നിറവേറ്റാന്‍ പ്രസിഡന്റിന് കഴിഞ്ഞിരുന്നില്ല. അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ചെയ്തുവരുന്ന പുറംജോലിക്കരാര്‍ തുടര്‍ന്നാല്‍ ഇപ്പോള്‍ ആ കമ്പനികള്‍ക്ക് നല്‍കിവരുന്ന നികുതിയിളവുകളും മറ്റ് ആനുകൂല്യങ്ങളും തടയുമെന്ന് യു.എസ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണ്. അമേരിക്കയിലെ തൊഴിലില്ലായ്മ ലഘൂകരിക്കുന്നതിനും പുറത്തേക്കൊഴുകുന്ന സമ്പത്ത് ആ രാജ്യത്തുതന്നെ നിലനിര്‍ത്തുന്നതിനുമുള്ള ഒരു നീക്കമാണിത്. അമേരിക്കന്‍ കമ്പനികള്‍ ഈ തീരുമാനത്തെ അനുകൂലിക്കാന്‍ സാധ്യതയില്ല.
കാരണം ആ രാജ്യത്ത് നിലവിലുള്ള കൂലിവ്യവസ്ഥയില്‍ ഇപ്പോള്‍ ഇന്ത്യയിലും മറ്റും കരാര്‍ പ്രകാരം ചെയ്തുവരുന്ന ജോലി നിര്‍വഹിച്ചാല്‍ വന്‍നഷ്ടം നേരിടുമെന്നാണ് അനുമാനം. അമേരിക്കയുടെ തീരുമാനം കേരളമുള്‍പ്പെടെ ഐ.ടി മേഖലയില്‍ വന്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന പ്രദേശങ്ങളിലെ വ്യവസായ സംരംഭങ്ങള്‍ക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് പറയപ്പെടുന്നു. അമേരിക്കയുടെ തീരുമാനം മൂലം സംഭവിക്കാവുന്ന ക്ഷതം മറികടക്കാന്‍ ഫ്രാന്‍സ്, ജര്‍മ്മനി, യു.കെ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഐ.ടി കമ്പനികള്‍ പ്രവര്‍ത്തനക്കരാര്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കള്‍ പ്രതീക്ഷയോടെ നോക്കുന്ന മേഖലയാണ് ഐ.ടി വ്യവസായം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ചെറുതും വലുതുമായ ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നു.
തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിലും കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിലും നിലവില്‍ നൂറുകണക്കിന് കമ്പനികള്‍ അമേരിക്കയുള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ കരാര്‍ ജോലികള്‍ ചെയ്തുവരുന്നുണ്ട്. ഐ.ടി വ്യവസായത്തില്‍നിന്ന് കേരളത്തിന്റെ പ്രതിവര്‍ഷ വരുമാനം മൂവായിരം കോടി രൂപയാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഐ.ടി കയറ്റുമതിയില്‍ റിക്കാര്‍ഡ് നേട്ടമാണ് കേരളം കൈവരിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്ക ഇപ്പോള്‍ എടുത്തിട്ടുള്ള തീരുമാനം നടപ്പായാല്‍ ഇന്ത്യയില്‍ ഏറ്റവും ദോഷകരമായി ബാധിക്കുന്നത് കേരളത്തെയായിരിക്കും. ഹൈദരാബാദും ബാംഗ്ലൂരും ഐ.ടി വ്യവസായത്തില്‍ മുന്നിട്ടുനില്‍ക്കുമ്പോഴും മലയാളി യുവാക്കളാണ് രണ്ട് നഗരങ്ങളിലും പ്രവര്‍ത്തിക്കുന്നവരിലേറെ. അമേരിക്കന്‍ കമ്പനി മണിക്കൂറില്‍ 25 ഡോളര്‍ പ്രതിഫലം നല്‍കുന്ന ജോലിക്ക് ഇന്ത്യയിലെ ഐ.ടി കമ്പനികള്‍ വെറും മൂന്ന് ഡോളര്‍ കൂലി നല്‍കുന്നു.
പ്രതിഫലത്തിലെ ഈ അന്തരമാണ് ഐ.ടി വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ കമ്പനികളുടെ വന്‍ കുതിപ്പിന് ആധാരം. നികുതിയിളവുകള്‍ പിന്‍വലിക്കുമെന്ന് ഭീഷണിപ്പെടുത്തി അമേരിക്കന്‍ കമ്പനികളെ പുറംജോലിക്കരാറില്‍ നിന്ന് പെട്ടെന്ന് പിന്തിരിപ്പിക്കാന്‍ ഒബാമ ഭരണകൂടത്തിന് കഴിയുമോ എന്ന് കണ്ടറിയണം. ആഗോളവല്‍ക്കരണം അതിരുകളില്ലാത്ത ലോകം സൃഷ്ടിക്കുമെന്നും തടസ്സമില്ലാത്ത വാണിജ്യബന്ധങ്ങള്‍ ഉണ്ടാക്കുമെന്നും പ്രചരിപ്പിച്ച അമേരിക്ക സാമ്പത്തിക പ്രയാസങ്ങള്‍ വന്നപ്പോള്‍ അതെല്ലാം മറന്ന് തന്‍കാര്യം നോക്കുന്നത് നെറികേടാണ്. ലോകം ഒറ്റവിപണിയാണെന്നാണ് ഇത്രകാലം പറഞ്ഞുകൊണ്ടിരുന്നത്. പുറംജോലിക്കരാര്‍ നിര്‍ത്താന്‍ തീരുമാനിക്കുമ്പോള്‍ ഈ ആദര്‍ശ പ്രസംഗം എവിടെപ്പോയി? |
| < മുന്‍ പേജ് | അടുത്തത് > |
|---|

ലോകക്രമത്തെ തകിടം മറിച്ച ആഗോളവല്‍ക്കരണം മുതലാളിത്ത വ്യവസ്ഥയുടെ കുതന്ത്രമാണെന്ന് വിമര്‍ശിച്ചവരുണ്ട്. വാണിജ്യവല്‍ക്കരണം, ഉദാരവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്നിവ മനുഷ്യര്‍ക്കിടയില്‍ അസമത്വവും അസംതൃപ്തിയും വളര്‍ത്തുമെന്നാണ് വിമര്‍ശകര്‍ വിലയിരുത്തിയത്. 
-°C 