ഒരു കളക്ടറെ മാറ്റാന്‍ പോലും അധികാരമില്ലാത്ത മുഖ്യമന്ത്രി

Imageസര്‍ക്കാര്‍ ഭൂമി വെട്ടിപ്പിടിക്കുന്ന വന്‍കിട മാഫിയകള്‍ക്ക്‌ കീഴടങ്ങിയ രണ്ട്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ഭരണമാണ്‌ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്‌.

മൂന്നാറിലെ ഭൂമി കയ്യേറ്റം തടയണമെന്നും അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്നവരെ ഉടനടി ഒഴിപ്പിക്കണമെന്നും ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. അതേക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കൂടിയ മന്ത്രിസഭാ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതില്‍ പരാജയപ്പെട്ട ഇടുക്കി ജില്ലാ കളക്ടറെ മാറ്റണമെന്ന മുഖ്യമന്ത്രി അച്യുതാനന്ദന്റെ ആവശ്യം മന്ത്രിസഭാ യോഗത്തില്‍ നിരാകരിക്കപ്പെട്ടു. മൂന്നാര്‍ കയ്യേറ്റവിമുക്തമാക്കാനുള്ള തീരുമാനം ഇടതു മുന്നണിക്ക്‌ വിടുകയും ചെയ്തു. കുറുക്കന്മാരെ കോഴിക്കൂടിന്റെ കാവലേല്‍പ്പിക്കുന്നതു പോലെയാണ്‌ ഇതെന്ന്‌ പറയേണ്ടതില്ല.


കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രിക്ക്‌ ബോധ്യമുള്ള ഒരു ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്തു നിന്നു മാറ്റാന്‍ ആഗ്രഹിച്ചാലും കഴിയാത്തത്‌ എത്ര ഖേദകരമായ അവസ്ഥയാണ്‌. മുഖ്യമന്ത്രി അച്യുതാനന്ദന്‌ സംസ്ഥാന ഭരണത്തില്‍ എന്ത്‌ അധികാരമാണിപ്പോഴുള്ളത്‌? ഹൈക്കോടതി ഉത്തരവ്‌ നടപ്പാക്കാന്‍ ആഗ്രഹിച്ച മുഖ്യമന്ത്രിക്ക്‌ അതിനുപറ്റിയ ഉദ്യോഗസ്ഥനല്ല ജില്ലാ കളക്ടര്‍ അശോക്‌ കുമാര്‍ സിംഗ്‌ എന്ന്‌ തോന്നി. കളക്ടറെ മാറ്റാന്‍ അദ്ദേഹം ആഗ്രഹിക്കുകയും ചെയ്തു. പക്ഷേ റവന്യു മന്ത്രി രാജേന്ദ്രന്‍ ജില്ലാ കളക്ടറെ മാറ്റുന്നതിനെ എതിര്‍ക്കുന്നു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ കളക്ടര്‍ സമര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ മന്ത്രിയുടെ വാദം. ജില്ലാ കളക്ടര്‍ അത്ര സാമര്‍ത്ഥ്യപൂര്‍വം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ മൂന്നാര്‍ കയ്യേറ്റ പ്രശ്നം ഉത്ഭവിക്കുകയില്ല.

 

ഹൈക്കോടതിക്ക്‌ ഇത്ര രൂക്ഷമായ വിമര്‍ശനത്തോടെ ശ്രദ്ധേയമായ ഒരുത്തരവ്‌ ഇറക്കേണ്ടി വരികയുമില്ല. മൂന്നാര്‍ മലനിരകള്‍ ഒന്നൊന്നായി കയ്യേറ്റക്കാര്‍ വെട്ടിവെളുപ്പിക്കുകയാണ്‌. അവിടുത്തെ പച്ചപ്പുകള്‍ നശിക്കുന്നുവെന്ന്‌ കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. കാര്‍ഷിക ആവശ്യത്തിന്‌ പാട്ടത്തിന്‌ കൊടുത്ത ഭൂമി റിസോര്‍ട്ട്‌ നിര്‍മാതാക്കളും ഹോട്ടല്‍ വ്യവസായികളും കയ്യടക്കുന്ന സംഭവത്തോട്‌ കളക്ടര്‍ മാത്രമല്ല കേരളം ഭരിക്കുന്നവരെല്ലാം കണ്ണടച്ചു കൊടുക്കുകയാണ്‌. കല്ലാര്‍പുഴയുടെ ഉത്ഭവ സ്ഥാനത്ത്‌ 75 മീറ്റര്‍ നീളത്തില്‍ അണക്കെട്ട്‌ നിര്‍മിച്ചത്‌ ആരുടെ അനുമതിയോടെയാണെന്ന്‌ സര്‍ക്കാരിന്‌ പറയാന്‍ കഴിയുന്നില്ല. കൃഷിക്ക്‌ പാട്ടത്തിനു നല്‍കിയ ഭൂമിയിലെ തടിയെല്ലാം വെട്ടിയെടുക്കുകയും നിക്ഷിപ്ത വനത്തിലൂടെ വീതിയുള്ള ടാര്‍ റോഡ്‌ നിര്‍മിക്കുകയും പുഴയുടെ ഇരുകരകളിലും നൂറോളം റിസോര്‍ട്ടുകള്‍ പണിയുകയും ചെയ്തതായി കോണ്‍ഗ്രസ്‌ അംഗം ശിവദാസന്‍ നായര്‍ ഉള്‍പ്പെട്ട നിയമസഭാ കമ്മറ്റി റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌.

 

ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആരാണ്‌ അനുമതി നല്‍കിയതെന്ന്‌ സര്‍ക്കാരിന്‌ അറിയാത്തതാണോ? കേരളത്തിലെ ഏത്‌ ഗ്രാമത്തിലും ഒരു മതില്‌ കെട്ടാനോ കുടില്‌ കെട്ടാനോ തദ്ദേശ ഭരണ സ്ഥാപനത്തിന്റെ അനുമതി ആവശ്യമുണ്ട്‌. ഉടമസ്ഥാവകാശമില്ലാത്ത ഭൂമിയില്‍ ആര്‍ക്കും നിര്‍മാണ പ്രവര്‍ത്തനം അനുവദിക്കുകയില്ല. എന്നിരിക്കെ മൂന്നാറിലെ കല്ലാര്‍ പുഴയോരത്തും മലമേടുകളിലും എങ്ങനെ നൂറോളം റിസോര്‍ട്ടുകളും വന്‍കിട ഹോട്ടലുകളും നിര്‍മിക്കപ്പെട്ടു എന്നതിന്‌ ഉത്തരം പറയേണ്ടത്‌ സംസ്ഥാന സര്‍ക്കാരാണ്‌. അനധികൃത നിര്‍മാണം തടയേണ്ടതും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കേണ്ടതും ജില്ലാ കളക്ടറാണ്‌. അത്‌ ചെയ്യാത്ത കളക്ടറെ മാറ്റണമെന്ന്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ പോലും നടപ്പാകില്ലെങ്കില്‍ ഇപ്പോള്‍ കേരളം ഭരിക്കുന്നത്‌ നിക്ഷിപ്ത താല്‍പര്യക്കാരായ വനം കയ്യേറ്റക്കാരാണെന്ന്‌ കരുതേണ്ടി വരും.


ഇടുക്കിയിലെ ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചാല്‍ തടയുമെന്ന്‌ വെല്ലുവിളിച്ചിരിക്കുന്നത്‌ നിസ്സാരക്കാരല്ല. സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയുടെ വെല്ലുവിളിയെക്കുറിച്ച്‌ പ്രതികരണം ആരാഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ സ്വരഗാംഭീര്യം പോലും നഷ്ടപ്പെട്ടുപോയി. ഒഴുക്കന്‍മട്ടില്‍ അദ്ദേഹം പറഞ്ഞത്‌ കേരളം ഭരിക്കുന്നത്‌ ഒരു പാര്‍ട്ടിയല്ലെന്നും ഏഴു പാര്‍ട്ടികള്‍ ചേര്‍ന്നാണെന്നുമാണ്‌. സ്വന്തം പാര്‍ട്ടിയുടെ പോലും പിന്തുണയില്ലാത്ത മുഖ്യമന്ത്രി അച്യുതാനന്ദന്‌ മൂന്നാര്‍ കാര്യത്തില്‍ ഹൈക്കോടതി ഉത്തരവ്‌ നടപ്പാക്കാന്‍ കഴിയുമെന്ന്‌ തോന്നുന്നില്ല. സി.പി.എമ്മില്‍ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്ന ശൈലി അറിയുന്നവര്‍ക്ക്‌ ഇക്കാര്യം കൂടുതല്‍ വ്യക്തമാണ്‌. പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ച്‌ മേല്‍ഘടകം തീരുമാനമെടുക്കുന്ന കേന്ദ്രീകൃത ജനാധിപത്യ പാര്‍ട്ടിയാണ്‌ സി.പി.എം. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ധൈര്യം ഉള്ളവന്‍ ആരെന്ന്‌ വെല്ലുവിളിക്കുന്ന പ്രാദേശിക നേതാവിനെ സി.പി.എം നേതൃത്വം ഇതുവരെ കുറ്റപ്പെടുത്തുക പോലും ചെയ്തിട്ടില്ല.

 

എന്നിരിക്കെ സി.പി.എം നയിക്കുന്ന ഇടതു മുന്നണി മൂന്നാര്‍ കയ്യേറ്റ പ്രശ്നത്തില്‍ ഇന്ന്‌ എന്ത്‌ തീരുമാനമാണ്‌ എടുക്കാന്‍ പോകുന്നതെന്ന്‌ ഏറെക്കുറെ അനുമാനിക്കാന്‍ കഴിയും. പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന്റെ ചട്ടവിരുദ്ധമായ നിലപാടിന്‌ അനുകൂലമായി കയ്യേറ്റക്കാരെയും ഭൂമാഫിയയെയും സഹായിക്കുന്ന തീരുമാനം തന്നെയാവും ഇടതു മുന്നണിയിലുണ്ടാവുക. കാരണം ആ തല്‍പര കക്ഷികള്‍ക്കെല്ലാം ഇത്രകാലവും അവിഹിതമായി ഒത്താശ ചെയ്തു പോരുന്ന പാര്‍ട്ടികള്‍ അതിനെതിരെ തീരുമാനമെടുക്കുമെങ്കില്‍ അതില്‍പ്പരം വലിയ അത്ഭുതമെന്ത്‌? കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ കൂട്ടാക്കാത്ത കളക്ടറെ ന്യായീകരിക്കുന്ന റവന്യു മന്ത്രിയുടെ നിലപാടില്‍ നിന്നുതന്നെ ഇടതു മുന്നണിയില്‍ നിന്നുണ്ടാകാന്‍ പോകുന്ന തീരുമാനമെന്തായിരിക്കുമെന്ന്‌ അനുമാനിക്കാം.

 

തല്‍ക്കാലം മന്ത്രിസഭാ യോഗത്തില്‍ നിന്ന്‌ വിഷയം തട്ടിമാറ്റാന്‍ കഴിഞ്ഞുവെങ്കിലും മുഖ്യമന്ത്രിയും ഇടതു മുന്നണിയും തമ്മിലുള്ള ഒരു വടംവലിയായി മൂന്നാര്‍ പ്രശ്നം വളരുമെന്ന്‌ കരുതാന്‍ ന്യായമില്ല. എന്തെന്നാല്‍ അധികാരം നിലനിര്‍ത്തുന്നതിന്‌ പാര്‍ട്ടിക്കും മുന്നണിക്കും കീഴടങ്ങുന്ന ചരിത്രമാണ്‌ അച്യുതാനന്ദനുള്ളത്‌. മൂന്നാര്‍ പ്രശ്നത്തില്‍ അല്‍പ്പം ഖ്യാതി കിട്ടുമെങ്കില്‍ ആകട്ടെ എന്നു മാത്രമേ അദ്ദേഹം കരുതുന്നുള്ളു. കേരളം അതീവ ഗുരുതരമായ ഒരു സ്ഥിതിവിശേഷത്തിലൂടെയാണ്‌ കടന്നു പോകുന്നത്‌. പൊതു താല്‍പ്പര്യത്തെ കയ്യേറ്റക്കാര്‍ക്കും പുതുപ്പണക്കാര്‍ക്കും മാഫിയകള്‍ക്കും തീറെഴുതിയ പാര്‍ട്ടികളുടെ ഭരണമാണ്‌ ഇവിടെ നടക്കുന്നത്‌. അവര്‍ക്കിടയില്‍ നിസ്സഹായനായ ഒരു കളിപ്പാവ മാത്രമാണ്‌ മുഖ്യമന്ത്രി. ഒരു ജില്ലാ കളക്ടറെ പോലും മാറ്റാന്‍ അധികാരമില്ലാത്ത പാവം മുഖ്യമന്ത്രി. കേരളം അദ്ദേഹത്തോട്‌ സഹതപിക്കുക.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls