ദേശീയ അവാര്‍ഡും മലയാള സിനിമയും

Imageരണ്ടായിരത്തിഎട്ടിലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പുറത്തുവന്നപ്പോള്‍ മലയാള സിനിമയ്ക്ക്‌ ആഹ്ലാദിക്കാന്‍ കാര്യമായി ഒന്നുമില്ല. അതില്‍ സിനിമയെ സ്നേഹിക്കുന്നവര്‍ ആശ്ചര്യപ്പെടുന്നുമില്ല.

മലയാള സിനിമയ്ക്ക്‌ ദേശീയ സിനിമാവേദിയില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാന്‍ പറ്റുന്ന മൂല്യമൊന്നും ഇപ്പോഴില്ലെന്ന്‌ ആര്‍ക്കാണ്‌ അറിയാത്തത്‌? കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ശക്തിമത്തായ ആശയവിനിമയ സങ്കേതവും കലാമാധ്യമവുമാണ്‌ സിനിമ. ശാസ്ത്ര സാങ്കേതിക വളര്‍ച്ചയ്ക്കൊപ്പം ലോകമെങ്ങും വളര്‍ന്നുവന്ന സിനിമയുടെ ശക്തിയും സൗന്ദര്യവും തിരിച്ചറിഞ്ഞവര്‍ കേരളത്തില്‍ ഉണ്ടായിരുന്നു. അറിവിന്‌ മനുഷ്യബുദ്ധിയില്‍ പ്രവേശിക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി കണ്ണുകളാണ്‌. പ്രത്യേക ശിക്ഷണമൊന്നും കൂടാതെ ദൃശ്യമാധ്യമങ്ങള്‍ക്ക്‌ മനുഷ്യചിന്തയില്‍ കടന്നുകൂടാനും പരിവര്‍ത്തനമുണ്ടാക്കാനും കഴിയും. ഈ സാധ്യത കലാപരമായി ഉപയോഗിക്കുന്നവരാണ്‌ സിനിമാ പ്രവര്‍ത്തകര്‍.

 

ഒരു ദേശത്തിന്റെ സംസ്കാരത്തോടും ചിന്താപരമായ ജീവിതത്തോടും വൈകാരിക പ്രശ്നങ്ങളോടും ഇണങ്ങിപ്പോകുന്ന ചലച്ചിത്രങ്ങള്‍ അവിടെനിന്ന്‌ ഉണ്ടാകണമെന്ന്‌ ആരും ആഗ്രഹിക്കുന്നു. കേരളത്തില്‍ ഇപ്പോള്‍ നിര്‍മ്മിക്കപ്പെടുന്ന സിനിമകളെ അത്തരത്തില്‍ പരിശോധിച്ചാല്‍ വലിയ നിരാശയാണ്‌ അനുഭവപ്പെടുക. ചലച്ചിത്രം കലയും വ്യവസായവുമാണെന്ന്‌ അതില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം പേരും പറയുന്നു. ഒരിക്കല്‍ സാഹിത്യത്തെ ഉപജീവിച്ച്‌ പിച്ചവെച്ചുതുടങ്ങിയ സിനിമ സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങിയശേഷം വാണിജ്യ താല്‍പര്യങ്ങളുടെ കളകള്‍ കയറി നല്ല സിനിമയെ തകര്‍ക്കുകയാണ്‌ ചെയ്തത്‌. മലയാള സിനിമയുടെ ഉള്ളടക്കവും രൂപഘടനയും നിശ്ചയിക്കുന്നത്‌ യഥാര്‍ത്ഥ സിനിമയെപ്പറ്റി യാതൊരു ബോധവുമില്ലാത്ത ആളുകളാണെന്ന്‌ കേള്‍ക്കുന്നു.

 

പ്രദര്‍ശനശാലകള്‍ നടത്തുന്നവരും പണം വട്ടിപ്പലിശയ്ക്ക്‌ കടം കൊടുക്കുന്നവരും മദ്യരാജാക്കന്‍മാരും കള്ളപ്പണക്കാരും ഗള്‍ഫില്‍ പോയി തിരിച്ചുവന്ന പുതുപ്പണക്കാരും സിനിമയിലേക്ക്‌ ആകൃഷ്ടരാകുകയും നല്ല സിനിമാ പ്രവര്‍ത്തകരെപ്പോലും വിലയ്ക്കെടുത്ത്‌ വഴിതെറ്റിക്കുകയും ചെയ്യുന്ന ദയനീയമായ അവസ്ഥയാണ്‌ മലയാള സിനിമയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. താരപരിവേഷവും തട്ടുപൊളിപ്പന്‍ രംഗങ്ങളും ഉള്‍ക്കിടിലന്‍ സംഭാഷണങ്ങളും നിറച്ച്‌ ചേലുള്ള പെണ്‍കുട്ടികളുടെ ഗോഷ്ടികളും കാട്ടി നാട്ടുകാരെ പറ്റിക്കുന്ന സംഘടിതമായ ഏര്‍പ്പാടായി സിനിമ മാറിയപ്പോള്‍ നല്ല സിനിമയുടെ പ്രണേതാക്കള്‍ ഒന്നൊന്നായി രംഗം വിടേണ്ടിവന്നു. മനുഷ്യാവസ്ഥയെക്കുറിച്ചും നമ്മുടെ ജീവിതഗതികളെക്കുറിച്ചും തിരിച്ചറിവ്‌ നല്‍കുന്ന കലാമൂല്യമുള്ള സിനിമകള്‍ കാണാനും അറിയാനുമുള്ള ആഗ്രഹം പോലുമില്ലാത്ത താണതരം അഭിരുചിയോടെ വളരുന്ന ഒരു തലമുറയെ തല്‍പ്പരകക്ഷികള്‍ സിനിമാ പ്രേക്ഷകരായി സൃഷ്ടിക്കുകയും ചെയ്തു.

 

ഇടയ്ക്കെങ്കിലും പ്രത്യക്ഷപ്പെട്ടിരുന്ന നല്ല സിനിമകള്‍ പോലും മലയാളത്തില്‍ കേട്ടുകേള്‍വിയായിത്തീര്‍ന്നു. ഉച്ചപ്പടമെന്നും ആര്‍ട്ട്‌ സിനിമയെന്നും വിളിച്ച്‌ ഗൗരവതരമായ സിനിമാ സമീപനം പുലര്‍ത്തുന്നവരുടെ സൃഷ്ടികളെ പരിഹസിക്കുന്ന ഒരു ദൂഷിതവൃന്ദവും മലയാള സിനിമയില്‍ ഉണ്ടായി.
മികച്ച അഭിനേതാക്കളെക്കൊണ്ട്‌ അനുഗ്രഹിക്കപ്പെട്ട മലയാള സിനിമാരംഗത്തുനിന്ന്‌ നല്ല സിനിമ ഉണ്ടാകാതെപോയത്‌ ഒരു വിരോധാഭാസമാണ്‌. ഒരിക്കല്‍ ഇന്ത്യയിലെ അന്യഭാഷാ ചിത്രങ്ങള്‍ക്ക്‌ പ്രേരണയും പ്രചോദനവും മലയാള സിനിമ ആയിരുന്നു. ആസാം, മണിപ്പൂരി, മറാത്തി, കന്നഡ, തമിഴ്‌ സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന ബോധമുള്ള ചെറുപ്പക്കാര്‍ മലയാളികളുടെ സിനിമ ആസ്വാദന നിലവാരത്തെ ആദരവോടെ കാണുകയും പ്രശംസിക്കുകയും ചെയ്യുന്നത്‌ പതിവായിരുന്നു.

 

സത്യജിത്ത്‌ റേ, ഋത്വിക്‌ ഘട്ടക്‌, മൃണാള്‍സെന്‍ തുടങ്ങിയ പ്രഗത്ഭരായ സിനിമാ സംവിധായകര്‍ക്കുശേഷം ഇന്ത്യന്‍ സിനിമയുടെ അഭിമാനങ്ങളെന്ന്‌ വിശേഷിപ്പിക്കപ്പെട്ട ചിലര്‍ കേരളത്തില്‍ സിനിമയെടുത്തവരായിരുന്നു. അവരൊക്കെത്തന്നെ പില്‍ക്കാലത്ത്‌ സ്വയം അനുകരിച്ച്‌, പുതുതായി ഒന്നും പ്രേക്ഷകര്‍ക്ക്‌ നല്‍കാനില്ലാതെ കുറ്റിയില്‍ കെട്ടിയ പശുവിനെപ്പോലെ വട്ടംചുറ്റുകയാണ്‌. ഈ അവസ്ഥയില്‍ നിന്ന്‌ രൂപംകൊണ്ട ഏതാനും ചലച്ചിത്രങ്ങളാണ്‌ 2008ല്‍ ദേശീയതലത്തില്‍ മത്സരിക്കാന്‍ കേരളത്തില്‍ നിന്ന്‌ പോയത്‌. അവയില്‍ മികച്ച ചിത്രങ്ങള്‍ ഇല്ലെന്ന്‌ മാത്രമല്ല, ഭേദപ്പെട്ടത്‌ എന്നുപറയാവുന്നവപോലും ഇല്ലെന്നതാണ്‌ വസ്തുത. തമിഴിലും മറാത്തിയിലും ബംഗാളിയിലും പുതിയ പ്രതിഭാശാലികള്‍ വളര്‍ന്നുവന്നിരിക്കുന്നു. ലോകഗതിയെക്കുറിച്ചും മാറുന്ന സങ്കല്‍പനങ്ങളെക്കുറിച്ചും അവര്‍ ഉള്‍ക്കാഴ്ചയോടെ സിനിമ നിര്‍മിക്കുന്നു. താരമൂല്യങ്ങളുടെ പിന്നാലെ അന്ധമായി ഓടുന്നില്ല.

 

ജോത്സ്യന്മാരെ കണ്ടിട്ട്‌ സിനിമയ്ക്ക്‌ പേരും നാളും കുറിക്കുന്നില്ല. കച്ചവട താല്‍പര്യങ്ങള്‍ അവര്‍ക്കുമുണ്ട്‌. എന്നാല്‍ അതിനുവേണ്ടി സിനിമയില്‍ അവശ്യം സന്നിവേശിപ്പിക്കേണ്ട കലാസങ്കല്‍പ്പങ്ങളെ അവര്‍ അശ്ലീലമാക്കുന്നില്ല. മലയാള സിനിമയുമായി മത്സരിക്കുന്ന അന്യഭാഷാ ചിത്രങ്ങളുടെ അത്ഭുതകരമായ വളര്‍ച്ച വിസ്മരിക്കാനാകില്ലെന്ന്‌ ദേശീയ അവാര്‍ഡ്‌ ജൂറി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ പറയുന്നു. മലയാള സിനിമയെ ആരെങ്കിലും ബോധപൂര്‍വം പിന്തള്ളിയെന്ന്‌ ഇതുവരെ പരാതിയൊന്നും കേട്ടില്ല. അങ്ങനെ പരാതി പറയുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. അഹന്തയും പൊങ്ങച്ചവും പൊള്ളയായ അവകാശവാദവും കൊണ്ട്‌ സിനിമാ പ്രേക്ഷകരെ വിസ്മയിപ്പിക്കാമെന്ന്‌ ആരും കരുതേണ്ട. മലയാള സിനിമയുടെ അഹന്തയ്ക്കേറ്റ ഒരു പ്രഹരമായി വേണം 2008ലെ ദേശീയ അവാര്‍ഡിനെ കാണാന്‍. സ്വയം പരിശോധിക്കാനും വീണ്ടുവിചാരത്തിനുമുള്ള ഒരു അവസരമായി ഈ തിരിച്ചടിയെ നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ കാണേണ്ടതാണ്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls