കേരളാ പൊലീസിന്‌ തീരാക്കളങ്കം

Imageഅഞ്ചുമാസം കേരളാ പൊലീസ്‌ അന്വേഷിച്ച്‌ കുളമാക്കിയ മുത്തൂറ്റ്‌ പോള്‍ ജോര്‍ജ്ജ്‌ വധക്കേസ്‌ സി.ബി.ഐയ്ക്ക്‌ വിടാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ക്രൈം ബ്രാഞ്ച്‌ ഈയിടെ നടത്തിയ അന്വേഷണം കുറ്റവാളികളെ കണ്ടെത്തുന്നതിനല്ല സംരക്ഷിക്കുന്നതിനുമാത്രം ഉപകരിക്കുന്നതാണെന്ന്‌ ആരോപിച്ച്‌ കൊല്ലപ്പെട്ട പോളിന്റെ പിതാവ്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവുണ്ടായത്‌. സംസ്ഥാനമൊട്ടാകെ കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതകക്കേസ്‌ അന്വേഷിക്കുന്നതില്‍ ഇവിടുത്തെ പൊലീസ്‌ കാട്ടിയ വീഴ്ചകള്‍ ഒന്നൊന്നായി എടുത്തുകാണിച്ചുകൊണ്ട്‌ നിയമരംഗത്തുള്ളവരും മാധ്യമപ്രവര്‍ത്തകരും നേരത്തെതന്നെ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നുവെന്നകാര്യം ശ്രദ്ധേയമാണ്‌. പോള്‍ വധക്കേസിന്റെ തുടക്കം മുതല്‍ അന്വേഷണത്തിന്‌ നേതൃത്വം നല്‍കിയ ഐ.ജി അടക്കമുള്ള പൊലീസ്‌ ഓഫീസര്‍മാര്‍ കഥകള്‍ കെട്ടിച്ചമയ്ക്കാനും കൃത്രിമമായി തെളിവുകള്‍ സൃഷ്ടിക്കാനും അതുവഴി ഗുരുതരമായ ഒരു കുറ്റകൃത്യത്തിനുപിന്നിലെ യഥാര്‍ത്ഥ സംഭവങ്ങള്‍ മറച്ചുപിടിക്കാനും ശ്രമിച്ചുവരികയായിരുന്നു.

 

എത്ര കടുത്ത വിമര്‍ശനമുണ്ടായിട്ടും അവയെല്ലാം അവഗണിച്ച്‌ മുന്‍കൂട്ടി ആസൂത്രണം ചെയ്ത സ്വന്തം വഴികളിലൂടെ നീങ്ങിയ പൊലീസ്‌ ഒടുവില്‍ രാമങ്കരി മജിസ്ട്രേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ പൊരുത്തക്കേടുകള്‍ ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. മജിസ്ട്രേറ്റ്‌ ആ കുറ്റപത്രം നിരസിക്കുകയും പുതിയ അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. അതിനിടെയാണ്‌ സംസ്ഥാന പൊലീസില്‍ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട്‌ കൊല്ലപ്പെട്ട പോളിന്റെ പിതാവ്‌ ജോര്‍ജ്ജ്‌ മുത്തൂറ്റ്‌ ഹൈക്കോടതിയെ സമീപിച്ചത്‌.


കഴിഞ്ഞവര്‍ഷം ആഗസ്റ്റ്‌ 21-ാ‍ം തീയതി അര്‍ദ്ധരാത്രിയില്‍ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ പൊങ്ങ ജ്യോതി ജംഗ്ഷനില്‍വെച്ചാണ്‌ പോള്‍ ജോര്‍ജ്ജ്‌ ദാരുണമായി വധിക്കപ്പെട്ടത്‌. സംഭവത്തിന്റെ നാലാംദിവസം മധ്യമേഖലാ ഐ.ജി കൊച്ചിയില്‍ പത്രസമ്മേളനം നടത്തി കൊലപാതക സാഹചര്യത്തെക്കുറിച്ചും രീതികളെക്കുറിച്ചും അസാധാരണമാംവിധം വിശദീകരിക്കുകയുണ്ടായി. 'എസ്‌' ആകൃതിയിലുള്ള കത്തികൊണ്ട്‌ കുത്തിയാണ്‌ പോളിനെ കൊന്നതെന്ന്‌ ഐ.ജി പറഞ്ഞു. പോള്‍ ഓടിച്ചിരുന്ന എന്‍ഡവര്‍ കാര്‍ ഒരു ബൈക്കുമായി ഉരസിയതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റം അവിചാരിതമായി കൊലപാതകത്തില്‍ കലാശിച്ചു എന്നായിരുന്നു ഐ.ജിയുടെ കഥ. ചങ്ങനാശ്ശേരിയിലെ 22 അംഗ ക്വട്ടേഷന്‍ സംഘമാണ്‌ സംഭവത്തിന്റെ പിന്നിലെന്ന്‌ കൃത്യമായി അദ്ദേഹം വിശദീകരിച്ചു.

 

സംസ്ഥാനത്തെ ജനങ്ങള്‍ ഈ കെട്ടുകഥ കണ്ണുമടച്ച്‌ വിശ്വസിക്കുമെന്നാണ്‌ ഐ.ജിയും അദ്ദേഹത്തെക്കൊണ്ട്‌ അങ്ങനെ പറയിപ്പിച്ച രാഷ്ട്രീയ ഭരണനേതൃത്വവും തെറ്റായി ധരിച്ചത്‌. കൊല്ലപ്പെട്ട പോളിനെ വഴിയില്‍ ഉപേക്ഷിച്ച്‌ എന്‍ഡവര്‍ കാറുമായി കടന്നുകളഞ്ഞ രണ്ട്‌ സഹയാത്രികര്‍ പൊലീസിന്റെ കെട്ടുകഥയില്‍ ഒരു പൊരുത്തക്കേടായി നിലനിന്നു. കഥ ചമയ്ക്കുമ്പോള്‍ യുക്തിഭദ്രത ഉണ്ടാകണമെന്ന്‌ പൊലീസ്‌ മാന്വലില്‍ പറഞ്ഞിട്ടില്ലല്ലോ. മധ്യമേഖലാ ഐ.ജി വിന്‍സന്‍ പോള്‍ സത്യസന്ധനായ ഒരു പൊലീസ്‌ ഓഫീസര്‍ എന്ന്‌ പേരെടുത്ത ആളാണെങ്കിലും പ്രതിഭാശാലിയായ ഒരു കഥാകാരനായി അദ്ദേഹത്തെ കേരളം ഇതുവരെ അറിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ കഥ അപ്പാടെ പാളിപ്പോയി. ഓംപ്രകാശ്‌, പുത്തന്‍പാലം രാജേഷ്‌ എന്നീ ഗുണ്ടകള്‍ തിരുവനന്തപുരത്തെ സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിലെ സേവകരും ചില സി.പി.എം നേതാക്കളുടെ ഭൂമിയിടപാടുകളുടെ ഒത്താശക്കാരും നിരവധി അടിപിടി അക്രമക്കേസുകളില്‍ അകപ്പെട്ടിട്ടുള്ളവരുമാണ്‌.

 

പൊലീസ്‌ പറഞ്ഞില്ലെങ്കിലും അവരെക്കുറിച്ചുള്ള കഥകള്‍ പോള്‍ വധക്കേസ്‌ നിരന്തരം റിപ്പോര്‍ട്ട്‌ ചെയ്തുകൊണ്ടിരുന്ന മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഗത്യന്തരമില്ലാതെ പൊലീസിന്‌ അവരെ അറസ്റ്റ്‌ ചെയ്യേണ്ടിവന്നു. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന്‌ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു അത്‌. തീര്‍ന്നില്ല; പോളിനെ കുത്താന്‍ ഉപയോഗിച്ചതെന്ന നിലയില്‍ പൊലീസ്‌ ഉയര്‍ത്തിക്കാട്ടിയ 'എസ്‌' ആകൃതിയിലുള്ള കത്തി കേസ്‌ അന്വേഷിക്കുന്ന ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആലപ്പുഴയിലെ ഒരു ഇരുമ്പുപണിക്കാരനെക്കൊണ്ട്‌ പ്രത്യേകം പറഞ്ഞു നിര്‍മ്മിച്ചതാണെന്ന്‌ വെളിപ്പെടുത്തപ്പെട്ടു. കാരി സതീശ്‌ എന്ന്‌ പൊലീസ്‌ പറയുന്ന പ്രതിയുടെ വീട്ടില്‍ ആ കത്തി ഒളിപ്പിച്ചുവെച്ചത്‌ അന്വേഷണത്തില്‍ പങ്കെടുക്കുന്ന പൊലീസ്‌ തന്നെയായിരുന്നു എന്നും മൊഴിയുണ്ടായി.

 

ഇത്തരം സംഭവങ്ങള്‍ കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തില്‍ മുമ്പ്‌ കേട്ടുകേള്‍വിപോലും ഇല്ലാത്തതാണ്‌. പൊലീസിന്‌ യഥാര്‍ത്ഥ സംഭവം മറച്ചുവെക്കാനും ആരെയോ രക്ഷിക്കാനുമുണ്ടെന്ന്‌ പ്രത്യക്ഷത്തില്‍ തന്നെ ബോധ്യപ്പെടുത്തുന്ന കാര്യങ്ങളായിരുന്നു ഇവ. എന്നിട്ടും യാതൊരു കൂസലുമില്ലാതെ അന്വേഷണം നേര്‍വഴിക്കാണെന്ന്‌ ആഭ്യന്തരവകുപ്പുമന്ത്രി ആവര്‍ത്തിച്ച്‌ പറഞ്ഞുകൊണ്ടിരുന്നു. സംസ്ഥാന പൊലീസ്‌ ഇന്നത്തെ ഇടതുഭരണത്തിന്‍ കീഴില്‍ എത്ര ശ്രമിച്ചാലും പോള്‍ വധക്കേസിന്റെ നിജസ്ഥിതി ജനങ്ങള്‍ അറിയാന്‍ പോകുന്നില്ലെന്ന്‌ വ്യക്തമായ സാഹചര്യത്തില്‍ മരിച്ച പോളിന്റെ പിതാവുതന്നെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ നീതിപീഠത്തെ സമീപിക്കുകയായിരുന്നു.

 

യുവാവും അവിവാഹിതനുമായ മകന്‍ നഷ്ടപ്പെട്ട ദുഃഖകരമായ സാഹചര്യത്തില്‍ നിന്ന്‌ മനോസാന്നിധ്യം വീണ്ടെടുത്ത്‌ കേസ്‌ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാനെടുത്ത കാലതാമസം മാത്രമേ ജോര്‍ജ്ജ്‌ മുത്തൂറ്റിന്‌ ഹൈക്കോടതിയെ സമീപിക്കാന്‍ വേണ്ടിവന്നുള്ളൂ. അതിനുള്ളില്‍ സംസ്ഥാന പൊലീസ്‌ പോള്‍ വധക്കേസ്‌ അന്വേഷിച്ച്‌ സ്വയം അപഹാസ്യരായി കഴിഞ്ഞിരുന്നു. കുറ്റാന്വേഷണ പ്രക്രിയയില്‍ രാഷ്ട്രീയ ഭരണകൂടം അവിഹിതമായി ഇടപെടുകയും നീതിവ്യവസ്ഥയെ അട്ടിമറിക്കുകയും ചെയ്യുന്ന ഗര്‍ഹണീയമായ സാഹചര്യത്തിന്‌ ഉദാഹരണമായി കേരളം ഈ സംഭവം ഭാവിയില്‍ ഓര്‍ത്തുവച്ചേക്കാം.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls