മൂന്നാറിനെപ്പറ്റി മുഖ്യമന്ത്രി മിണ്ടാത്തതെന്ത്‌ ?

Imageകേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന മൂന്നാര്‍ മലനിരകള്‍ വീണ്ടും രാഷ്ട്രീയ വിവാദച്ചൂടില്‍ അകപ്പെടുകയാണ്‌. മൂന്നാര്‍ പ്രദേശങ്ങളിലെ ഭൂമികയ്യേറ്റം ഒഴിപ്പിക്കാന്‍ കര്‍ശനവും ഫലപ്രദവുമായ നടപടി വേണമെന്ന്‌ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നു.

റവന്യൂ വകുപ്പിന്റെയോ കോടതിയുടെയോ അനുമതിയില്ലാതെ മൂന്നാറില്‍ യാതൊരുതരത്തിലുമുള്ള നിര്‍മാണ പ്രവര്‍ത്തനവും പാടില്ലെന്ന്‌ നേരത്തെ ഉത്തരവുള്ളതാണ്‌. എന്നാല്‍ ആ ഉത്തരവ്‌ തൃണവത്ഗണിച്ചുകൊണ്ട്‌ മൂന്നാറില്‍ സംസ്ഥാന ഭരണകൂടത്തിന്റെ ഒത്താശയോടെ വന്‍തോതില്‍ കയ്യേറ്റവും നിര്‍മ്മാണവും നടന്നുവരികയാണ്‌. മൂന്നാര്‍ പ്രദേശത്ത്‌ നടന്ന ഭൂമി കയ്യേറ്റവും അനധികൃത നിര്‍മാണവും തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചുകൊണ്ട്‌ റിപ്പോര്‍ട്ട്‌ നല്‍കണമെന്ന്‌ ഹൈക്കോടതി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. അതോടെ ഇടക്കാലത്ത്‌ ആറിത്തണുത്തുകിടന്ന മൂന്നാര്‍ പ്രശ്നം വീണ്ടും ജനശ്രദ്ധയില്‍ വരികയുണ്ടായി. മൂന്നാര്‍ മലനിരകളില്‍ ഉടമാവകാശം സ്ഥാപിച്ചുകൊണ്ട്‌ ആയിരക്കണക്കിന്‌ പട്ടയങ്ങള്‍ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്‌. അവയില്‍ ഭൂരിഭാഗവും വ്യാജപട്ടയങ്ങളാണെന്ന്‌ പൊലീസ്‌ ഐ.ജി രാജന്‍ മധേക്കര്‍ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.

 

അങ്ങനെ വ്യാജ ഉടമാവകാശം ലഭിച്ച ഭൂമിയില്‍ നടന്നുവന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ റവന്യൂ സെക്രട്ടറി നിവേദിതാ പി. ഹരന്‍ ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടുള്ളതാണ്‌. ഇതെല്ലാം അവഗണിച്ച്‌ സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ വന്‍തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും കയ്യേറ്റങ്ങളും മൂന്നാറില്‍ തടസ്സമില്ലാതെ നടന്നുവരികയാണ്‌. തൃശൂരിലെ 'വണ്‍ എര്‍ത്ത്‌, വണ്‍ ലൈഫ്‌' എന്ന സംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ്‌ ഇപ്പോള്‍ ഹൈക്കോടതിയുടെ ഇടപെടലിന്‌ ആധാരം.
ഇടതുസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ മുഖ്യമന്ത്രി അച്യുതാനന്ദന്‍ രൂപംകൊടുത്ത മൂന്നാര്‍ ദൗത്യസംഘത്തിന്റെ വിവാദപരമായ പ്രവര്‍ത്തനത്തോടെയാണ്‌ പ്രശ്നം ജനശ്രദ്ധയില്‍ വന്നത്‌. കെ. സുരേഷ്കുമാറിന്റെ അധ്യക്ഷതയില്‍ പ്രവര്‍ത്തിച്ച ദൗത്യസംഘം പന്തീരായിരം ഏക്കര്‍ കയ്യേറ്റഭൂമി തിരിച്ചുപിടിച്ചു.

 

തൊണ്ണൂറില്‍പ്പരം അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു. കുപ്രസിദ്ധമായ രവീന്ദ്രന്‍ പട്ടയത്തിന്റെ ബലത്തില്‍ സി.പി.ഐയും സി.പി.എമ്മും അനധികൃതമായി നിര്‍മ്മിച്ച ഓഫീസ്‌ മന്ദിരങ്ങള്‍ക്കെതിരെ ദൗത്യസംഘം നീങ്ങിയപ്പോഴാണ്‌ മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വന്‍ രാഷ്ട്രീയ വിവാദമായത്‌. പിന്നീട്‌ വിവാദങ്ങളും പ്രസ്താവനകളും കോടതി വ്യവഹാരങ്ങളുമല്ലാതെ അര്‍ത്ഥവത്തായ യാതൊരു നടപടിയും മൂന്നാര്‍ പ്രദേശത്തുണ്ടായില്ല. ദൗത്യസംഘത്തെ രണ്ടുതവണ മാറ്റി. കെ.എം രാമാനന്ദ്‌, കെ. രവീന്ദ്രന്‍, കളക്ടര്‍ അശോക്‌ കുമാര്‍ എന്നിവരുള്‍പ്പെട്ട മൂന്നാം ദൗത്യസംഘം ഉണ്ടെന്നാണ്‌ വയ്പ്പ്‌. ഇവരെ കയ്യേറ്റ പ്രദേശമായ മൂന്നാറില്‍ ഇതുവരെ ആരും കണ്ടിട്ടില്ല. ദേവികുളം ഗൗസ്റ്റ്‌ ഹൗസില്‍ സംഘത്തിനുവേണ്ടി ഒരു ഓഫീസ്‌ തുറന്നിട്ട്‌ ആറുമാസമായി. ആരെങ്കിലും അങ്ങോട്ട്‌ തിരിഞ്ഞുനോക്കിയിട്ടുണ്ടോ എന്തോ? മുഖ്യമന്ത്രി അച്യുതാനന്ദന്‍ നേരിട്ട്‌ വിരല്‍ചൂണ്ടിക്കാണിച്ച സ്ഥലം പോലും ഇതുവരെ തിരിച്ചുപിടിച്ചിട്ടില്ല. 2007 മേയ്‌ വരെ നടന്ന ഭൂമിയിടപാട്‌ പുനഃപരിശോധിക്കുമെന്ന വാഗ്ദാനം വെറും പാഴ്‌വാക്കായി.

 

രവീന്ദ്രന്‍ പട്ടയത്തിന്റെ ഉറപ്പില്‍ പണിത കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫീസുകള്‍ക്കെതിരെ ചെറുവിരല്‍ അനക്കിയിട്ടില്ല. 2008 ഒക്ടോബര്‍ ഒമ്പതിന്‌ മൂന്നാറില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയോഗം കയ്യേറ്റം തടയാന്‍ ഒരു പാക്കേജിന്‌ രൂപംനല്‍കിയിരുന്നു. മന്ത്രിമാര്‍ മടങ്ങിപ്പോന്നതോടെ ആ പാക്കേജ്‌ നാട്ടുകാര്‍ മറന്നു. കയ്യേറ്റവും അനധികൃത നിര്‍മാണവും തകൃതിയായി പുനഃരാരംഭിച്ചു. ടാറ്റയുടെ കൈവശമുള്ള അനധികൃത ഭൂമിയെന്ന്‌ മുഖ്യമന്ത്രി തന്നെ പറയുന്ന സ്ഥലത്ത്‌ ദൗത്യസംഘവും അച്യുതാനന്ദനും ചേര്‍ന്ന്‌ സ്ഥാപിച്ച ബോര്‍ഡിന്റെ കീഴില്‍ ഇതിനകം ധാരാളം പുല്ല്‌ കിളിര്‍ത്തതല്ലാതെ 1200 ഏക്കര്‍ കയ്യേറ്റഭൂമിയെക്കുറിച്ച്‌ ഒരു സര്‍വ്വേപോലും ഇതുവരെ നടത്താന്‍ ശ്രമിച്ചിട്ടില്ല.


കെ.ഡി.എച്ച്‌ വില്ലേജിലെ വ്യാജപട്ടയങ്ങള്‍ക്കെതിരെ കേസെടുക്കുമെന്നും കയ്യേറ്റക്കാരെ ഒഴിപ്പിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. പക്ഷേ അതേക്കുറിച്ചുള്ള അന്വേഷണം പോലും അപ്പോള്‍തന്നെ അസ്തമിച്ചു. 2008 സെപ്തംബര്‍ 30, ഒക്ടോബര്‍ 1, 9 തീയതികളില്‍ മുഖ്യമന്ത്രി മൂന്നാറില്‍ വന്നുപോയിട്ടുണ്ട്‌. പക്ഷേ ആ വഴി പിന്നീടൊരു ദൗത്യസംഘാംഗവും ഇതുവരെ കടന്നുവന്നിട്ടില്ല. ചെറുകിട കയ്യേറ്റക്കാരുടെ സങ്കടകഥകളുടെ മറവില്‍ വന്‍തോക്കുകള്‍ മൂന്നാര്‍ മലനിരകള്‍ കയ്യേറി സുഖവാസ കേന്ദ്രങ്ങളും നക്ഷത്രഹോട്ടലുകളും പണിയാന്‍ ഭരണസ്വാധീനമുള്ള രാഷ്ട്രീയക്കാര്‍ ഒത്താശ ചെയ്തുകൊണ്ടിരിക്കുന്നു. സര്‍ക്കാരിന്റെ അറിവോടെ നടക്കുന്ന ഭൂമികയ്യേറ്റം ഇന്നത്തെ വേഗതയില്‍ തുടരുകയാണെങ്കില്‍ കേരളത്തിലെ ഊട്ടി അട്ടപ്പാടിയായിത്തീരും എന്ന്‌ പറയേണ്ടതില്ല.


ഹൈക്കോടതിയുടെ അവസരോചിതമായ ഇടപെടല്‍ മൂന്നാറിലെ അനധികൃത കയ്യേറ്റത്തിന്‌ തടയിടാന്‍ ഉപകരിക്കണമെന്ന്‌ സാമാന്യജനങ്ങള്‍ ആഗ്രഹിക്കുന്നു. പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും ഈ മാസം 28-ാ‍ം തീയതി മൂന്നാറിലെ കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. വസ്തുതകള്‍ നേരിട്ട്‌ മനസ്സിലാക്കി കയ്യേറ്റ പ്രശ്നത്തിന്റെ വ്യാപ്തിയും പ്രാധാന്യവും പൊതുശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ഒരു ക്രിയാത്മക നീക്കമാണത്‌. ദയവായി ഭരണക്കാര്‍ അതിലെങ്കിലും കക്ഷിരാഷ്ട്രീയത്തിന്റെ വിഷബീജം വിതയ്ക്കരുത്‌. സി.പി.എമ്മും സി.പി.ഐയും രണ്ട്‌ വലിയ ടേപ്പുകള്‍ മുഖ്യമന്ത്രി അച്യുതാനന്ദന്റെ വിടര്‍ന്ന ചുണ്ടുകള്‍ക്ക്‌ കുറുകെ ഒട്ടിച്ചിരിക്കുന്നതിനാല്‍ അദ്ദേഹമിപ്പോള്‍ മൂന്നാര്‍ എന്ന വാക്കുപോലും ഉച്ചരിക്കാറില്ല. എങ്കിലും നാട്ടുകാര്‍ക്ക്‌ സത്യമറിയണമല്ലോ.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls