ഇന്ത്യയില്‍ നടക്കുന്ന വൈജ്ഞാനിക വിപ്ലവം

Imageരാജ്യത്തെ എല്ലാ കല്‍പ്പിത സര്‍വകലാശാലകളും അടുത്തവര്‍ഷത്തോടെ ഇല്ലാതാകുമെന്ന്‌ കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രി കപില്‍ സിബല്‍ പ്രസ്താവിച്ചിരിക്കുന്നു. ഉന്നതവിദ്യാഭ്യാസരംഗത്ത്‌ വരാന്‍പോകുന്ന സമൂലമായ പുനഃസംഘടനയുടെയും പരിവര്‍ത്തനത്തിന്റെയും ഭാഗമായിട്ടാണ്‌ ഈ നടപടിയെന്ന്‌ അദ്ദേഹം വിശദീകരിച്ചു.

വിദ്യാഭ്യാസരംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങളാണ്‌ ഇപ്പോള്‍ രാജ്യത്ത്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. പ്രാഥമിക വിദ്യാഭ്യാസതലം മുതല്‍ ഗവേഷണ പഠനരംഗങ്ങള്‍ വരെ ഈ മാറ്റപ്രക്രിയയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്‌. പുതുതായി പുനഃസംഘടിപ്പിക്കപ്പെട്ട ദേശീയ നോളഡ്ജ്‌ കമ്മീഷന്റെ അര്‍ത്ഥവത്തായ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ്‌ വിദ്യാഭ്യാസ മാറ്റങ്ങള്‍ ത്വരിതഗതിയില്‍ സംഭവിക്കുന്നത്‌. ഇന്ത്യയെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു വൈജ്ഞാനിക ശക്തിയാക്കി മാറ്റാന്‍ ഉപകരിക്കുന്ന വിപുലമായ ആശയങ്ങള്‍ അടങ്ങുന്നതാണ്‌ സാം പിത്രോഡ അധ്യക്ഷനായുള്ള നോളഡ്ജ്‌ കമ്മീഷന്റെ റിപ്പോര്‍ട്ട്‌. അതിന്റെ ഭാഗമായി സ്കൂള്‍ വിദ്യാഭ്യാസം നിര്‍ബന്ധിതവും സാര്‍വത്രികവുമാക്കിക്കൊണ്ട്‌ നേരത്തെ ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു.

 

മാത്രമല്ല വിദ്യാഭ്യാസം മൗലിക അവകാശപ്പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുകയാണ്‌. സ്ത്രീകളുടെ വിദ്യാഭ്യാസ ഉന്നമനത്തിന്‌ വിപുലമായ സഹായ പദ്ധതികള്‍ സ്കോളര്‍ഷിപ്പ്‌ രൂപത്തിലും മറ്റ്‌ ധനസഹായ പ്രോത്സാഹന മാര്‍ഗത്തിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സാമൂഹിക, സാമ്പത്തിക പിന്നോക്കാവസ്ഥ തരണം ചെയ്ത്‌ അറിവിനുവേണ്ടിയുള്ള അന്വേഷണത്തില്‍ ഏതൊരു ഇന്ത്യക്കാരനും മുഖ്യധാരയിലെത്താന്‍ അവസരമൊരുക്കുകയാണ്‌ കേന്ദ്രം ഭരിക്കുന്ന ഐക്യപുരോഗമന സഖ്യത്തിന്റെ ലക്ഷ്യം. രാജ്യത്തെ കല്‍പ്പിത സര്‍വകലാശാലകള്‍ ലക്ഷ്യവും ഉദ്ദേശ്യവും മറന്ന്‌ വിദ്യാഭ്യാസത്തിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ചൂഷണം ചെയ്തും പ്രവര്‍ത്തിക്കുന്നതായി വ്യാപകമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്‌. അതേപ്പറ്റി ഗവണ്‍മെന്റ്‌ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ പുറത്തുവന്നത്‌.

 

128 കല്‍പ്പിത സര്‍വകലാശാലകളാണ്‌ രാജ്യത്ത്‌ ഇപ്പോഴുള്ളത്‌. പ്രൊഫസര്‍ ബി.എന്‍ ടാന്റന്റെ നേതൃത്വത്തില്‍ രൂപംകൊടുത്ത മൂന്നംഗസമിതി കല്‍പ്പിത സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. 30 ശതമാനം സ്ഥാപനങ്ങള്‍ക്കുമാത്രമേ ആ പദവിപോലും അര്‍ഹിക്കുന്നുള്ളൂ എന്നാണ്‌ കമ്മിറ്റിയുടെ കണ്ടെത്തല്‍. 44 കല്‍പ്പിത സര്‍വകലാശാലകളുടെ പദവി ഉടന്‍ റദ്ദാക്കണമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ തന്നെ സുപ്രീംകോടതിയെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇപ്പോള്‍ ഇത്തരം സര്‍വകലാശാലകള്‍ തന്നെ രാജ്യത്തിന്‌ ആവശ്യമില്ലെന്ന തരത്തിലാണ്‌ കേന്ദ്രമന്ത്രി വിശദീകരിക്കുന്നത്‌. കല്‍പ്പിത സര്‍വകലാശാലകളെ ആശ്രയിച്ച്‌ പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ തടസ്സമുണ്ടാകാത്ത തരത്തില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന്‌ മന്ത്രി കപില്‍ സിബല്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്‌. കേരളത്തില്‍ തിരുവനന്തപുരത്തെ ശ്രീചിത്രാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌, ചെറുതുരുത്തിയിലെ കലാമണ്ഡലം എന്നിവ കല്‍പ്പിത സര്‍വകലാശാലാ പദവിയുള്ളവയാണ്‌.

 

ശ്രീചിത്ര വൈദ്യശാസ്ത്രരംഗത്ത്‌ നൂതനപ്രതിഭകളെ പരിശീലിപ്പിച്ച്‌ ലോകത്തിനാകെ സംഭാവന ചെയ്യുന്ന ഒരു മഹല്‍സ്ഥാപനമാണ്‌. ഹൃദ്രോഗത്തിലും നാഡീസംബന്ധ രോഗത്തിലും ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായ ഗവേഷണവും പഠനവും ചികിത്സയും നടത്തിക്കൊണ്ടിരിക്കുന്ന ശ്രീചിത്രയ്ക്ക്‌ ഡീംഡ്‌ പദവി നഷ്ടപ്പെട്ടാല്‍ പകരം ലഭിക്കുന്നത്‌ ഇപ്പോഴുള്ളതിലും മഹനീയമായ പദവിയും സ്ഥാനവുമായിരിക്കുമെന്ന്‌ പ്രത്യാശിക്കാം. ചെറുതുരുത്തിയിലെ കലാമണ്ഡലം മഹാകവി വള്ളത്തോള്‍ കഥകളി പഠിപ്പിക്കാന്‍ എളിയനിലയില്‍ സ്ഥാപിച്ച വലിയൊരു സ്ഥാപനമാണ്‌. സുകുമാര കലകളുടെ കലയായിട്ടാണ്‌ കഥകളി കരുതപ്പെടുന്നത്‌. കലാമണ്ഡലത്തിന്റെ കല്‍പ്പിത സര്‍വകലാശാലാ പദവി ഏതെങ്കിലും തരത്തില്‍ പൊതുതാല്‍പര്യത്തിന്‌ വിരുദ്ധമായി ദുരുപയോഗിക്കപ്പെട്ടതായി ആര്‍ക്കും പരാതിയില്ല.

 

എന്നാല്‍ രാജ്യത്തെ കല്‍പ്പിത സര്‍വകലാശാലകള്‍ അപ്പാടെ റദ്ദാക്കപ്പെടുമ്പോള്‍ കലാമണ്ഡലത്തിന്‌ യാതൊരു ക്ഷതവും ഉണ്ടാകരുതെന്നത്‌ കേരളീയരുടെയാകെ വൈകാരികമായ ആവശ്യമാണ്‌. അക്കാര്യം വിദ്യാഭ്യാസ പുനഃസംഘടനാ വേളയില്‍ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ സംസ്ഥാനസര്‍ക്കാരും കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളും യഥാവിധി കൊണ്ടുവരുമെന്ന്‌ കരുതുന്നു. വാര്‍ത്താവിനിമയ വിപ്ലവത്തില്‍ രാജ്യത്ത്‌ ഏറ്റവും ക്രിയാത്മകമായ പരിവര്‍ത്തനത്തിന്‌ വഴിയൊരുക്കിയ സാങ്കേതിക പ്രതിഭയാണ്‌ നോളഡ്ജ്‌ കമ്മീഷന്റെ അധ്യക്ഷനായ സത്യന്‍ ഗംഗാറാം പിത്രോഡ എന്ന സാം പിത്രോഡ. ടെലികമ്യൂണിക്കേഷന്‍ രംഗത്ത്‌ നിരവധി പേറ്റന്‍സി അദ്ദേഹത്തിന്റെ പേരിലുണ്ട്‌. അമേരിക്കയിലെ ചിക്കാഗോ സര്‍വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കി കമ്യൂണിക്കേഷന്‍ സാങ്കേതിക വ്യവസായത്തിന്റെ ഭാഗമായിത്തീര്‍ന്ന പിത്രോഡയെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയാണ്‌ ഇന്ത്യയില്‍ തിരിച്ചുകൊണ്ടുവന്നത്‌.

 

രാജ്യം മുഴുവന്‍ സാര്‍വത്രികമായി തീര്‍ന്ന എസ്‌.ടി.ഡി.-ഐ.എസ്‌.ഡി ശൃംഖലയിലൂടെ തൊഴില്‍രംഗത്തും വാര്‍ത്താവിനിമയ രംഗത്തും അറിവിന്റെ വ്യാപനരംഗത്തും അത്ഭുതകരമായ വിപ്ലവം സൃഷ്ടിച്ച സിഡോട്ട്‌ സാങ്കേതിക വിദ്യയുടെ ഉപജ്ഞാതാവ്‌ സാം പിത്രോഡയാണെന്ന കാര്യം ഏറെപ്പേര്‍ക്ക്‌ അറിയില്ല. രാജ്യത്തിന്റെ നാനാഭാഗങ്ങളിലും കൂടുതല്‍ ഐ.ഐ.എമ്മും ഐ.ഐ.ടികളും സ്ഥാപിച്ച്‌ വൈജ്ഞാനിക വ്യാപനത്തിന്‌ പുതിയ സാധ്യതകളുണ്ടാക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ്‌ നോളഡ്ജ്‌ കമ്മീഷന്‍ അധ്യക്ഷനെന്ന നിലയില്‍ ഇപ്പോള്‍ പിത്രോഡ. കല്‍പ്പിത സര്‍വകലാശാലകളെ പിന്‍വലിക്കുമ്പോള്‍ പകരം വരുന്ന സാധ്യതകളെക്കുറിച്ചുള്ള പ്രതീക്ഷ ഉന്നത വിദ്യാഭ്യാസരംഗത്തുള്ളവരെ മാത്രമല്ല സാധാരണ ജനങ്ങളെപ്പോലും ആഹ്ലാദിപ്പിക്കുന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls