ഇന്ത്യയുടെ പുത്തന്‍ പ്രതീക്ഷകള്‍-3

Imageഇത്‌ വളര്‍ച്ചയുടെ വിത്തുകള്‍

ഹെന്‍ട്രി ഓസ്റ്റിന്‍

ഗ്രാമങ്ങള്‍ക്കൊപ്പംതന്നെ രാജ്യത്തെ മെട്രോകളല്ലാത്ത 60ല്‍പരം ചെറു പട്ടണങ്ങളുടെ വികസനമാണ്‌ ഈ പദ്ധതിയിലൂടെ നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവുമാണ്‌ ഈ പദ്ധതിയില്‍ പെട്ടിട്ടുള്ളത്‌.

തിരുവനന്തപുരത്ത്‌ നടപ്പിലാക്കുന്ന പദ്ധതികള്‍ 75:25 എന്ന അനുപാതത്തില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും വിഹിതം വഹിക്കേണ്ടിവരുമ്പോള്‍ കൊച്ചിയില്‍ അത്‌ 50:50 എന്ന അനുപാതത്തിലാണ്‌. ബി.ഒ.ടി. അല്ലെങ്കില്‍ ടോള്‍ സിസ്റ്റം അംഗീകരിച്ചാല്‍ കൊച്ചിയിലെ മരട്‌, വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി എന്നിവിടങ്ങളിലെ ഫ്ലൈഓവര്‍ പണിയുവാന്‍ ഈ പദ്ധതി പ്രകാരം സാധിക്കും. എന്നാല്‍ ഈ രീതിയോട്‌ പ്രത്യയശാസ്ത്രപരമായ എതിര്‍പ്പ്‌ പ്രകടിപ്പിച്ചുകൊണ്ട്‌ സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതികള്‍ അനാവശ്യമായി വൈകിക്കുകയാണ്‌. ഇൌ‍ രീതി അംഗീകരിക്കുന്നില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ വിഹിതം കടമായി കണ്ടെത്തേണ്ടതാണ്‌. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ കൊച്ചിയുടെ ഭാവി ആവശ്യകതകളെ കണക്കിലെടുത്തുകൊണ്ട്‌ ഒരു ബൃഹത്തായ കുടിവെള്ള പദ്ധതിയാണ്‌ ജനേറാം പദ്ധതി പ്രകാരം നടപ്പിലാക്കാന്‍ ശ്രമിച്ചത്‌.

 

എന്നാല്‍ തുടര്‍ന്നുവന്ന അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഈ പദ്ധതി വേണ്ടെന്നുവയ്ക്കുകയും മാലിന്യനിര്‍മ്മാര്‍ജനത്തിനുവേണ്ടി ബ്രഹ്മപുരം പദ്ധതിയും വോള്‍വോ ബസ്‌ പദ്ധതിക്കുമാണ്‌ താല്‍പ്പര്യം പ്രകടിപ്പിച്ചത്‌. ഇപ്പോള്‍ അനുവദിച്ചുകിട്ടിയിട്ടുള്ള 200 വോള്‍വോ ബസ്സില്‍ 7 എണ്ണം മാത്രമാണ്‌ കെ.എസ്‌.ആര്‍.ടി.സി.യെ ഏല്‍പ്പിച്ചുകൊണ്ട്‌ നിരത്തിലിറക്കാനായിട്ടുള്ളത്‌. ബ്രഹ്മപുരം പദ്ധതിയാവട്ടെ ഇപ്പോള്‍ പ്രവര്‍ത്തനരഹിതവുമാണ്‌.കഴിഞ്ഞ യു.പി.എ. സര്‍ക്കാര്‍ തുടക്കംകുറിച്ചതും ഇപ്പോഴത്തെ സര്‍ക്കാര്‍ തുടര്‍ന്നുപോരുന്നതുമായ കാര്‍ഷിക നയങ്ങള്‍ വലിയൊരളവില്‍ കാര്‍ഷിക മേഖലയില്‍ പുത്തനുണര്‍വുണ്ടാക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഈ നയങ്ങള്‍ ഫലപ്രാപ്തിയിലെത്തിയാല്‍ 1.7 ശതമാനത്തില്‍നിന്ന്‌ 4 ശതമാനത്തിലേക്ക്‌ കാര്‍ഷിക വളര്‍ച്ച എത്തിക്കാമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.

 

ഇന്നും 14 കോടി ഹെക്ടര്‍ കൃഷിഭൂമിയില്‍ 60 ശതമാനവും കാലവര്‍ഷത്തെ ആശ്രയിച്ചാണ്‌ കൃഷി നടത്തുന്നത്‌. അതുകൊണ്ടുതന്നെ കാര്‍ഷിക മേഖലയില്‍ ജലസേചന പദ്ധതികള്‍ക്ക്‌ പ്രത്യേക ഊന്നല്‍ ദേശീയ തൊഴില്‍ സുരക്ഷാ പദ്ധതിവഴി നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്‌. കഴിഞ്ഞ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ 3 കോടി കര്‍ഷകര്‍ക്കുവേണ്ടി 70,000 കോടി രൂപയാണ്‌ കാര്‍ഷിക കടാശ്വാസത്തിനായി മാറ്റിവച്ചത്‌. കേരളത്തില്‍ മാത്രം 2520 കോടി രൂപയുടെ കാര്‍ഷിക കടം കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളി. 12 ലക്ഷത്തോളം കേരളീയ കര്‍ഷകര്‍ക്കാണ്‌ ഇതിന്റെ ഗുണം ലഭിച്ചത്‌. (കേരള സര്‍ക്കാര്‍ 2007ലാരംഭിച്ച കാര്‍ഷിക കടാശ്വാസ കമ്മീഷനില്‍ അപേക്ഷ കൊടുത്ത നാല്‌ ലക്ഷം പേര്‍ക്ക്‌ ഇന്നേവരെ 21 കോടി രൂപ മാത്രമാണ്‌ ഇളവ്‌ ചെയ്തതെന്നത്‌ ഈ അവസരത്തില്‍ ശ്രദ്ധേയമാണ്‌) ഈ വര്‍ഷത്തെ ബജറ്റില്‍ കാര്‍ഷിക വായ്പയ്ക്കായി 3,25,000 കോടി രൂപയാണ്‌ വകയിരുത്തിയിട്ടുള്ളത്‌.

 

മുന്‍ വര്‍ഷം 2,87,000 കോടി കാര്‍ഷിക വായ്പ നല്‍കിയെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. കര്‍ഷകര്‍ക്ക്‌ 3 ലക്ഷം രൂപവരെയുള്ള വായ്പയ്ക്ക്‌ 7 ശതമാനം മാത്രമേ പലിശയുള്ളൂ. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക്‌ 1 ശതമാനം പലിശയില്‍ ഇളവുമുണ്ട്‌. ഫലത്തില്‍ 6 ശതമാനത്തിന്‌ കാര്‍ഷിക വായ്പകള്‍ കര്‍ഷകര്‍ക്ക്‌ ലഭിക്കും. 2 ഹെക്ടറില്‍ കൂടുതല്‍ ഭൂമിയുള്ള കര്‍ഷകര്‍ക്ക്‌ കടം തിരിച്ചടയ്ക്കുവാന്‍ 6 മാസം അധികം സാവകാശംകൂടി നല്‍കിയിട്ടുണ്ട്‌. കാര്‍ഷിക മേഖലയോടനുബന്ധമായി സര്‍ക്കാര്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുള്ള സുപ്രധാന നിയമമാണ്‌ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം. രാജ്യാന്തര ഭക്ഷ്യ ഗവേഷക കേന്ദ്രം 88 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ വിശപ്പനുഭവിക്കുന്ന ആളുകള്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ 66-ാ‍മത്തെ സ്ഥാനത്താണ്‌ ഇന്ത്യ.

 

ഇന്ത്യയില്‍ ഇന്നും 24 കോടിയിലേറെ ബി.പി.എല്‍. ജനവിഭാഗമുണ്ടെന്നാണ്‌ ആസൂത്രണ കമ്മീഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. ഗ്രാമങ്ങളില്‍ 2400 കാലറിയും നഗരങ്ങളില്‍ 2200 കാലറിയും ഒരു ദിവസം വാങ്ങിക്കുവാന്‍ കഴിവില്ലാത്തവരെയാണ്‌ ബി.പി.എല്‍. എന്നുള്ള പട്ടികയില്‍ ആസൂത്രണ കമ്മീഷന്‍ പെടുത്തിയിട്ടുള്ളത്‌. അതായത്‌ ദരിദ്രരില്‍ത്തന്നെ തീര്‍ത്തും ദരിദ്രരായവരെയാണ്‌ ബി.പി.എല്‍. എന്ന വിശേഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്‌. ഈ ഭക്ഷ്യസുരക്ഷാ നിയമംവഴി ഇന്ത്യയിലെ ഓരോ ദരിദ്ര പൗരനും ഭക്ഷണം ഒരവകാശമാക്കി മാറ്റുവാനുള്ള ചരിത്രപരമായ നടപടിക്കാണ്‌ യു.പി.എ. സര്‍ക്കാര്‍ മുതിരുന്നത്‌. ഈ നിയമപ്രകാരം എല്ലാ ബി.പി.എല്‍. കുടുംബങ്ങള്‍ക്കും 25 കിലോ അരിയോ ഗോതമ്പോ 3 രൂപ നിരക്കില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്നാണ്‌ വിഭാവനം ചെയ്തിരിക്കുന്നത്‌.

 

ലോകത്തെതന്നെ ഭക്ഷണം അവകാശമായി നല്‍കുന്ന ആദ്യത്തെ നിയമമാണിത്‌. എന്നാല്‍ ബി.പി.എല്‍. ലിസ്റ്റിന്‍ച്ചൊല്ലി ആസൂത്രണ കമ്മീഷന്റെ കണക്കുകളില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ട്‌ സംസ്ഥാന സര്‍ക്കാരുകള്‍ എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്‌. കേരളത്തില്‍ ആസൂത്രണ കമ്മീഷന്‍ 8 ലക്ഷം ബി.പി.എല്‍. കുടുംബങ്ങള്‍ എന്നുപറയുമ്പോള്‍ 24 ലക്ഷമെന്നാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഇത്തരം തര്‍ക്കങ്ങള്‍ പരിഹരിക്കാനായാല്‍ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം ഉടന്‍തന്നെ പ്രാബല്യത്തിലാകുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. ഈ പദ്ധതിയില്‍ അരിയും ഗോതമ്പും കൂടാതെ ചില പ്രദേശങ്ങളില്‍ സുലഭമായി ഉപയോഗിക്കുന്ന ബാജ്‌റ, ജോവര്‍, റാഗി തുടങ്ങിയവകൂടി കേന്ദ്രം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ ആവശ്യപ്പെടുന്നവരുമുണ്ട്‌.


സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിക്കുന്ന വ്യക്തികളുടെ കൈകളില്‍ത്തന്നെ എത്തുന്നുഎന്ന്‌ ഉറപ്പുവരുത്തുവാന്‍ ഉതകുന്ന ഒരു പദ്ധതിയാണ്‌ യു.ഐ.ഡി. കാര്‍ഡ്‌ പദ്ധതി വഴി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്‌. യുണീക്‌ ഐഡന്റിറ്റി ഡാറ്റാ കാര്‍ഡ്‌ എന്ന ഈ പദ്ധതിക്ക്‌ പതിനായിരത്തിലേറെ കോടി രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. മുന്‍ ഇന്‍ഫോസിസ്‌ ചെയര്‍മാന്‍ നന്ദന്‍ നിലക്കേനിക്കാണ്‌ ഈ പദ്ധതിയുടെ ചുമതല നല്‍കിയിരിക്കുന്നത്‌. ഈ പദ്ധതിയിലൂടെ ഓരോ ഇന്ത്യക്കാരനും അവന്‌ മാത്രമായിട്ടുള്ള ഒരു നമ്പര്‍ കാര്‍ഡ്‌ വഴി ലഭിക്കും. എന്‍.ആര്‍.ഇ.ജി. പദ്ധതിക്ക്‌ ഉപയോഗിക്കുന്ന ജോബ്‌ കാര്‍ഡുകളും ഭക്ഷ്യസുരക്ഷാ പദ്ധതിക്കുള്ള റേഷന്‍ കാര്‍ഡുകള്‍ക്കും പകരമായി ഈ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ പറ്റുമെന്നാണ്‌ കരുതപ്പെടുന്നത്‌. സര്‍ക്കാരിന്റെ എല്ലാ സേവനങ്ങളും സബ്സിഡികളും നേരിട്ട്‌ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക്‌ ഈ കാര്‍ഡ്‌ വഴി കൊടുക്കുവാന്‍ സാധിക്കുമെന്നതാണ്‌ ഇതിന്റെ ഏറ്റവും വലിയ മെച്ചമായി ചൂണ്ടിക്കാട്ടുന്നത്‌.

 

 ഉദാഹരണത്തിന്‌ കൃഷിക്കാര്‍ക്ക്‌ നല്‍കുന്ന വളം സബ്സിഡി നിലവില്‍ വളം കമ്പനികള്‍ക്കാണ്‌ നല്‍കുന്നത്‌. അവര്‍ സബ്സിഡി വാങ്ങിയതിനുശേഷം വിലകുറച്ച്‌ വിപണിയില്‍ വളം കര്‍ഷകര്‍ക്ക്‌ നല്‍കാറുണ്ട്‌. എന്നാല്‍ ജൈവകൃഷിയോ, വളമില്ലാത്ത തരം കൃഷിയിലേര്‍പ്പെടുന്നവര്‍ക്ക്‌ ഇതുകൊണ്ട്‌ യാതൊരു പ്രയോജനവുമില്ല. ഏകദേശം 70,000 കോടി രൂപയാണ്‌ കേന്ദ്ര സര്‍ക്കാര്‍ വളം കമ്പനികള്‍ക്ക്‌ സബ്സിഡി വഴി നല്‍കുന്നത്‌. ഇത്രയും പണം കര്‍ഷകര്‍ക്ക്‌ നേരിട്ട്‌ ഈ കാര്‍ഡ്‌ വഴി നല്‍കിയാല്‍ ഓരോ കര്‍ഷകന്റെയും അക്കൗണ്ടില്‍ 10,000 രൂപയെങ്കിലും നേരിട്ട്‌ സര്‍ക്കാരിന്‌ നല്‍കുവാന്‍ സാധിക്കും.


ശ്രദ്ധേയമായ മറ്റുചില പദ്ധതികള്‍കൂടി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നുണ്ട്‌. ഇന്ത്യയിലെ 40 ശതമാനം ഗ്രാമങ്ങളിലേയും റോഡുകള്‍ സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ ഇതിനൊരു ശാശ്വതപരിഹാരം കാണുവാന്‍ 12,000 കോടി രൂപ വകയിരുത്തിക്കൊണ്ട്‌ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ഗ്രാമസഡക്ക്‌ യോജനയാണ്‌ അവയില്‍ പ്രധാനപ്പെട്ട ഒരു പദ്ധതി. ഇതുകൂടാതെ ഏഴരക്കോടിയോളം ഗ്രാമീണ ഭവനങ്ങള്‍ക്ക്‌ വൈദ്യുതി എത്തിക്കുവാന്‍ ലക്ഷ്യംവച്ചുകൊണ്ടുള്ള രാജീവ്‌ ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണയോജനയ്ക്കായി 7,000 കോടി രൂപയാണ്‌ വകയിരുത്തിയിട്ടുള്ളത്‌. ദരിദ്രര്‍ക്കായിട്ടുള്ള ഭവന പദ്ധതി, ഇന്ദിരാ ആവാസ്‌ യോജനയ്ക്കുവേണ്ടി 8,800 കോടി രൂപയാണ്‌ വകയിരുത്തിയിട്ടുള്ളത്‌. ഇതുകൂടാതെ ഗ്രാമീണ പാര്‍പ്പിട പദ്ധതിക്കുവേണ്ടി 2,000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്‌.

 

ഇന്ത്യയുടെ ഗ്രാമങ്ങളിലെ 48 ശതമാനം കുട്ടികള്‍ക്കും പോഷകാഹാരം ലഭ്യമല്ല എന്നുള്ളതിനാല്‍ അവര്‍ക്കുവേണ്ടിയുള്ള ഇന്റഗ്രേറ്റഡ്‌ ചെയില്‍ഡ്‌ ഡെവലപ്പ്‌ സ്കീം (കഇഉട) വഴി അംഗന്‍വാടികളും ഉച്ചഭക്ഷണ പദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റോടുകൂടി തുടരുകയാണ്‌. 6,000 കോടി രുപയ്ക്കുമേല്‍ ഇതിനായി വകയിരുത്തിയിട്ടുണ്ട്‌. 100 ശതമാനം കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റോടുകൂടി നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ്‌ രാഷ്ട്രീയ കൃഷി വികാസ്‌ യോജന. അതാത്‌ സംസ്ഥാനങ്ങളിലെ പ്രത്യേകം ജില്ലകള്‍ക്ക്‌ അനുയോജ്യമായ കാര്‍ഷിക പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാക്കി നല്‍കിയാല്‍ അതിന്‌ 100 ശതമാനം കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റ്‌ നല്‍കുന്ന കാര്‍ഷിക വികസന പദ്ധതിയാണ്‌ ഞഗഢഥ. കേരളത്തിലെ കുട്ടനാട്‌ പാക്കേജ്‌, ഇടുക്കി പാക്കേജ്‌ തുടങ്ങിയവ ഈ പദ്ധതിയില്‍പെടുത്തിയാണ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്‌.


ഇത്തരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും വളര്‍ത്തിക്കൊണ്ട്‌ ഇന്ത്യയുടെ എല്ലാ ജനവിഭാഗങ്ങളുടേയും സമഗ്ര വികസനത്തിന്‌ അടിത്തറയേകുന്ന യു.പി.എ. സര്‍ക്കാര്‍ ഉദാരവല്‍ക്കരണത്തിന്റെ ഗുണഫലങ്ങള്‍ എല്ലാ തലത്തിലും എത്തിക്കുവാന്‍ സമര്‍ത്ഥമായി ശ്രമിക്കുന്നുണ്ട്‌. ഈ പദ്ധതികളുടെ വിജയം ഇന്ത്യയുടെ ദാരിദ്ര്യ നിര്‍മ്മാര്‍ജന ശ്രമങ്ങള്‍ക്കും വളര്‍ച്ചയ്ക്കുള്ള ആഗ്രഹത്തിനും ഒരേപോലെ ഗുണം ചെയ്യുമെന്നാണ്‌ കരുതപ്പെടുന്നത്‌. മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ ഒരു പ്രത്യേക ജനവിഭാഗത്തിനുമാത്രം സര്‍ക്കാര്‍ നയങ്ങളുടെ ഗുണങ്ങള്‍ ലഭിക്കുന്നത്‌ തടഞ്ഞുകൊണ്ട്‌ സമസ്ത മേഖലകളിലും വളര്‍ച്ചയുടെ വിത്തുകള്‍ പാകുന്ന യു.പി.എ. സര്‍ക്കാരിന്‌ ഇനിയും വിജയങ്ങള്‍ പ്രതീക്ഷിക്കാം.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls