ഇന്ത്യയുടെ പുത്തന്‍ പ്രതീക്ഷകള്‍-2

Imageപാശ്ചാത്യരെ വിസ്മയിപ്പിച്ച വളര്‍ച്ച 

ഹെന്‍ട്രി ഓസ്റ്റിന്‍

കടുത്ത വ്യാപാരക്കമ്മി നേരിട്ട ഇന്ത്യ ആവശ്യത്തിന്‌ വിദേശനാണ്യമില്ലാതെ ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ 65 ടണ്‍ സ്വര്‍ണം ബാങ്ക്‌ ഓഫ്‌ ഇംഗ്ലണ്ടിന്‌ പണയംവച്ചത്‌ ആ കാലഘട്ടത്തിലാണ്‌.

പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ അന്നത്തെ ധനമന്ത്രിയും ഇന്നത്തെ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലാണ്‌ ഇന്ത്യ ഉദാരവല്‍ക്കരണത്തിന്റെ പാതയിലേക്ക്‌ നീങ്ങിയത്‌. അന്ന്‌ ഇത്തരമൊരു നീക്കം ഇന്ത്യയുടെ ആഭ്യന്തര സമ്പദ്ഘടനയെ തകര്‍ക്കുമെന്നും നവ കൊളോണിയലിസത്തിന്‌ വഴിവയ്ക്കുമെന്നും നമ്മുടെ സ്വകാര്യ കമ്പനികളും പൊതുമേഖലാ സ്ഥാപനങ്ങളും മല്‍സരക്ഷമതയില്ലാത്തതുകൊണ്ട്‌ പൂട്ടിപ്പോകേണ്ടിവരുമെന്നുമെല്ലാം പ്രതിപക്ഷ കക്ഷികള്‍ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ 18 വര്‍ഷങ്ങള്‍ക്കിപ്പുറം ലോകത്തിനുതന്നെ മാതൃകയാകുന്ന രീതിയില്‍ ഇന്ത്യയുടെ സമ്പദ്ഘടന ശക്തിപ്രാപിച്ചിരിക്കുന്നു. ഈ വര്‍ഷവും നമ്മുടെ സമ്പദ്ഘടന ഏഴ്‌ ശതമാനത്തിനുമേല്‍ വളര്‍ച്ച നേടിക്കൊണ്ട്‌ പാശ്ചാത്യ ലോകത്തെവരെ അമ്പരപ്പിച്ചിരിക്കുകയാണ്‌. ഉദാരവല്‍ക്കരണത്തിന്റെ ഫലമായിത്തന്നെ നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും ഇന്ന്‌ ആഗോളതലത്തില്‍ മല്‍സരിക്കുവാന്‍ ക്ഷമത നേടിയിട്ടുണ്ട്‌.

 

ടെലിക്കമ്യൂണിക്കേഷന്‍, വിവരസാങ്കേതിക വിദ്യ, ഓട്ടോമൊബെയില്‍ ആന്‍സിലറി, ഫാര്‍മസ്യൂട്ടിക്കല്‍, ബയോടെക്നോളജി, ബാങ്കിംഗ്‌ തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ നേട്ടം കൈവരിക്കാനായിട്ടുണ്ട്‌.
എന്നാല്‍ ഉദാരവല്‍ക്കരണത്തിന്റെ സദ്ഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അത്‌ വേണ്ടുംവിധം ഗ്രാമീണ മേഖലയിലേക്ക്‌ വ്യാപിപ്പിക്കുവാന്‍ ആദ്യകാലങ്ങളില്‍ സാധിച്ചിരുന്നില്ല. നഗരവാസികളും മധ്യവര്‍ഗക്കാരും സ്വകാര്യ കമ്പനികളുമാണ്‌ ഉദാരവല്‍ക്കരണത്തിന്റെ നേട്ടങ്ങള്‍ ഏറെയും കൊയ്തത്‌. അതുകൊണ്ടുതന്നെ അന്നത്തെ കോണ്‍ഗ്രസ്‌ സര്‍ക്കാരിന്‌ തിരിച്ചടികള്‍ നേരിടേണ്ടിവന്നു. തുടര്‍ന്നുവന്ന എന്‍.ഡി.എ. സര്‍ക്കാരും ഇതേ സാമ്പത്തിക നയങ്ങള്‍ പിന്തുടര്‍ന്നപ്പോള്‍ ഇന്ത്യ തിളങ്ങുന്നുവെന്ന അവരുടെ അവകാശവാദത്തിന്റെ പൊള്ളത്തരം വെളിവാക്കിക്കൊണ്ട്‌ അധികാരത്തില്‍നിന്ന്‌ അവരെ തൂത്തെറിഞ്ഞുകൊണ്ടാണ്‌ ഇന്ത്യന്‍ ജനത പ്രതികരിച്ചത്‌.

 

'കോണ്‍ഗ്രസിന്റെ കൈ എന്നും സാധാരണക്കാരന്റെ കൂടെ' എന്ന മുദ്രാവാക്യമുയര്‍ത്തിയ സോണിയാ ഗാന്ധിയുടെ നേതൃത്വത്തെയാണ്‌ ഒട്ടുമിക്ക മാധ്യമ സര്‍വ്വേഫലങ്ങള്‍ക്കു വിപരീതമായി കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ സ്വീകരിച്ചത്‌. ഒന്നാം യു.പി.എ. ഗവണ്‍മെന്റ്‌ അധികാരത്തിലേറിയതിനുശേഷം ഉദാരവല്‍ക്കരണത്തിന്‌ ഒരു മാനുഷികമുഖം നല്‍കുവാനും എല്ലാ ജനവിഭാഗങ്ങളിലേക്കും വികസനം എത്തിക്കുവാനും ഉതകുന്ന രീതിയിലുള്ള പല പദ്ധതികള്‍ക്കും രൂപംനല്‍കുകയുണ്ടായി. ഉദാരവല്‍ക്കരണത്തിന്റെ നല്ല ഫലങ്ങള്‍ അനുഭവിച്ച നമ്മുടെ സ്വകാര്യ കമ്പനികളും മധ്യവര്‍ഗക്കാരില്‍നിന്നും ലഭിച്ച അധിക നികുതിവരുമാനം ജനക്ഷേമ പദ്ധതികള്‍ക്കായി വിനിയോഗിക്കുവാന്‍ യു.പി.എ. സര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായി.

 

ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള വിടവ്‌ ഇല്ലാതാക്കുവാനും ജനക്ഷേമ പദ്ധതികള്‍ സര്‍ക്കാരിന്റെ മുഖമുദ്രയാക്കുവാനും തീരുമാനിച്ചതാണ്‌ യു.പി.എ. സര്‍ക്കാരിനെത്തന്നെ വീണ്ടും അധികാരത്തിലേറ്റുവാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്‌. മുന്‍ യു.പി.എ. സര്‍ക്കാരിന്റെയും ഇപ്പോഴുള്ള യു.പി.എ. സര്‍ക്കാരിന്റെയും ചില പുരോഗമനപരമായ സാമ്പത്തിക നയങ്ങളെ വിശകലനം ചെയ്യുകയാണ്‌ ഈ പംക്തിയില്‍.കഴിഞ്ഞ സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു നേട്ടമാണ്‌ വിവരാവകാശ നിയമം. സര്‍ക്കാര്‍ തലത്തില്‍ എന്ത്‌ നടക്കുന്നു എന്നും, എന്തെങ്കിലും ഒരു അപേക്ഷ വച്ചാല്‍ അതിന്റെ പുരോഗതി എന്തായി എന്നും ജനത്തിന്‌ അറിയുവാനുള്ള അവകാശം നല്‍കിയ ഈ സുപ്രധാന നിയമം സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അകലം അകറ്റുവാന്‍ നിര്‍ണായക പങ്കാണ്‌ ഇന്ന്‌ വഹിക്കുന്നത്‌. സര്‍ക്കാരിന്റെ ഔദ്യോഗിക രഹസ്യങ്ങളുടെ മറനീക്കി സുതാര്യത കൈവരുത്തുവാന്‍ ഈ നിയമത്തിന്‌ സാധിച്ചിട്ടുണ്ട്‌.

 

പൊതു പ്രവര്‍ത്തകരേയും സര്‍ക്കാരുദ്യോഗസ്ഥരേയും സുപ്രീം കോടതി ചീഫ്‌ ജസ്റ്റീസ്‌ അടക്കമുള്ള ജുഡീഷ്യറിയെയും വരെ അക്കൗണ്ടബിളാക്കാന്‍ ഈ നിയമത്തിന്‌ സാധിച്ചിട്ടുണ്ട്‌. ഈ അടുത്ത്‌ ആര്‍.ടി.ഐ. നിയമപ്രകാരം സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍വരെ പുറത്തുകൊണ്ടുവരുവാന്‍ സാധിച്ചത്‌ ഇൌ‍ നിയമത്തിന്റെ ശക്തി വെളിവാക്കുന്നു. ഇന്‍ക്ലൊാസെവ്‌ ഗ്രോത്ത്‌ അഥവാ എല്ലാവരേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വളര്‍ച്ച ലക്ഷ്യമാക്കിക്കൊണ്ട്‌ യു.പി.എ. സര്‍ക്കാര്‍ നടപ്പിലാക്കിയ വിപ്ലവകരമായ ഒരു നിയമമാണ്‌ ദേശീയ തൊഴിലുറപ്പ്‌ നിയമം അഥവാ നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ്‌ ഗാരന്റി സ്കീം. ഇന്ത്യയുടെ ഗ്രാമാന്തരങ്ങളില്‍ യാത്രചെയ്തുകൊണ്ട്‌ ഫ്രഞ്ച്‌ സാമ്പത്തിക വിദഗ്ദ്ധനായ ജീന്‍ ഡ്രസ്സ്‌ രൂപപ്പെടുത്തിയ മൂല ആശയമാണ്‌ ഈ നിയമത്തിന്റെ കാതല്‍. ഈ നിയമപ്രകാരം ഇന്ത്യയിലെ എല്ലാ ബി.പി.എല്‍. കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം നൂറു ദിവസമെങ്കിലും ജോലി ലഭിക്കുവാനുള്ള അവകാശം നല്‍കുകയുണ്ടായി. 2006-ല്‍ ഇന്ത്യയിലെ 200 ജില്ലകളില്‍ നടപ്പിലാക്കിയ പദ്ധതി വഴി 137 ലക്ഷം കുടുംബങ്ങള്‍ക്കാണ്‌ തൊഴില്‍ നല്‍കിയത്‌.

 

6500 കോടി രൂപയാണ്‌ ആ വര്‍ഷം തൊഴില്‍ നല്‍കുവാനായി വിനിയോഗിച്ചത്‌. ഈ പദ്ധതിവഴി അഞ്ചര ലക്ഷം ഗ്രാമീണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കംകുറിക്കുകയും ചെയ്തു. ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവും, കനാലുകള്‍, ജലസേചന സൗകര്യങ്ങള്‍ റോഡുകള്‍, വരള്‍ച്ചാ പ്രതിരോധ നടപടികള്‍, പ്രളയക്കെടുതി നടപടികള്‍, നീര്‍ച്ചാലുകള്‍, നീര്‍ത്തടങ്ങളുടെ പുനരുദ്ധീകരണം, തടാകങ്ങളും കനാലുകളും വൃത്തിയാക്കല്‍ മുതലായ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ഈ പദ്ധതിയിലൂടെ ഊന്നല്‍ കൊടുത്തത്‌. പദ്ധതിയുടെ വന്‍ വിജയം ഇപ്പോഴത്തെ സര്‍ക്കാരിന്‌ ഇന്ത്യയിലെ എല്ലാ ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിക്കുവാനുള്ള പ്രേരണയായിട്ടുണ്ട്‌. മുന്‍പ്‌ പ്രതിദിനം 85 രൂപയാണ്‌ വേതനമായി നല്‍കിയിരുന്നതെങ്കില്‍ നിലവില്‍ 100 രൂപ നല്‍കുവാന്‍ തീരുമാനമായിട്ടുണ്ട്‌.

 

കേരളത്തില്‍ 125 രൂപയാണ്‌ മിനിമം വേതനമായി നല്‍കുന്നത്‌. ഈ വര്‍ഷത്തെ ബജറ്റില്‍ 39,100 കോടി രൂപയാണ്‌ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയെന്ന്‌ പുനര്‍ നാമകരണംചെയ്ത ഈ പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്‌. ഈ വര്‍ഷം 430 ലക്ഷത്തോളം ആളുകള്‍ക്കാണ്‌ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഗ്രാമീണ സമ്പദ്‌ വ്യവസ്ഥയില്‍ ഈ പദ്ധതിയില്‍ വന്നിട്ടുള്ള ഉത്തേജനം സാമ്പത്തിക മാന്ദ്യത്തില്‍നിന്ന്‌ ഇന്ത്യയെ അകറ്റിനിര്‍ത്തിയ ഒരു പ്രധാന ഘടകമെന്ന്‌ ഇപ്പോള്‍ വിലയിരുത്തപ്പെടുന്നുണ്ട്‌. പദ്ധതിയുടെ വിജയം നിമിത്തം ഗ്രാമങ്ങളില്‍നിന്ന്‌ തൊഴില്‍ തേടിയുള്ള ദേശാടനം കുറഞ്ഞതായും നഗരങ്ങളിലെ ചേരികളില്‍ നിവസിച്ചിരുന്ന ഗ്രാമീണര്‍ സ്വന്തം ഗ്രാമങ്ങളിലേക്ക്‌ തിരിച്ചുപോകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌. കാര്‍ഷിക മേഖലയിലേക്കുകൂടി ഈ പദ്ധതി വ്യാപിപ്പിക്കണമെന്ന്‌ പല സാമ്പത്തിക വിദഗ്ദ്ധരും ആവശ്യപ്പെടുന്നുണ്ട്‌.


ആദ്യ യു.പി.എ. സര്‍ക്കാരിന്റെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു പദ്ധതിയാണ്‌ ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ അഥവാ ഖചചഡഞ്ഞങ്ങ പദ്ധതി. ഇന്ത്യയിലെ 33 ശതമാനത്തോളം ജനങ്ങള്‍ നഗരങ്ങളില്‍ വസിക്കുന്നതുകൊണ്ട്‌ അവയുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ്‌ ഈ പദ്ധതിയിലൂടെ നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നത്‌. നാല്‌ വര്‍ഷംകൊണ്ട്‌ 1 ലക്ഷം കോടി രൂപയാണ്‌ ഈ പദ്ധതിയിലൂടെ ചിലവഴിക്കപ്പെടുമെന്ന്‌ പ്രതീക്ഷിക്കുന്നത്‌. 2008-2009 കാലയളവില്‍ 12,887 കോടി രൂപയാണ്‌ ഈ പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്‌. ഇതുവരെ 1230 പ്രോജക്ടുകള്‍ക്കായി 64,500 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 75: 25, 50:50 എന്ന അനുപാതത്തിലാണ്‌ മിക്ക പദ്ധതികളും നടപ്പിലാക്കുന്നത്‌. മാസ്‌ റാപ്പിഡ്‌ ട്രാന്‍സ്പോര്‍ട്ട്‌, ലോ ഫ്ലോര്‍ ബസ്സുകള്‍, മെട്രോ റെയില്‍ പദ്ധതികള്‍, നാഗരിക ദരിദ്രര്‍ക്കുള്ള ഭവന പദ്ധതികള്‍, റോഡുകള്‍, ഫ്ലൈ ഓവറുകള്‍, കുടിവെള്ള പദ്ധതികള്‍, വെള്ളം ശുദ്ധീകരിക്കുന്ന പദ്ധതികള്‍, സിവറേജ്‌ പദ്ധതികള്‍ തുടങ്ങിയവയ്ക്കാണ്‌ ജനോറാം പദ്ധതിയിലുടെ ഊന്നല്‍ കൊടുക്കുന്നത്‌.
(തുടരും)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls