വാര്‍ദ്ധക്യം ബാധിച്ച യുവസംഘടന

Imageകേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ യുവത്വം ആശയപരമായും സാംസ്കാരികമായും ഏതു പാതാള ഗര്‍ത്തത്തിലാണ്‌ കഴിയുന്നതെന്ന്‌ ഡി.വൈ.എഫ്‌.ഐ ഉദാഹരിക്കുന്നു.

തിരുവനന്തപുരത്ത്‌ ഇന്നലെ പ്രകടനത്തോടെ സമാപിച്ച ആ സംഘടനയുടെ സംസ്ഥാന സമ്മേളനം കേരളീയ യുവത്വത്തെ ഒരുതരത്തിലും അഭിസംബോധന ചെയ്യുന്നതായി തോന്നിയില്ല. യുവജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതുകൊണ്ടോ അവര്‍ക്ക്‌ ഒരു സംഘബോധത്തിന്റെ ആവശ്യമില്ലാത്തതുകൊണ്ടോ സി.പി.എമ്മിന്റെ യുവവിഭാഗമായ ഡി.വൈ.എഫ്‌.ഐ ആശയലോകത്ത്‌ അലസഗമനം നടത്തിയതല്ല. കേരളത്തിലെ ഭരണ മുന്നണിയെ നയിക്കുന്ന പാര്‍ട്ടിയുടെ അനുസരണയുള്ള വിനീത വിധേയരെപ്പോലെ ആര്‍ക്കും യാതൊരു അലോസരവും ഉണ്ടാക്കാതെ നിലവിലുള്ള ഭാരവാഹികളെ വീണ്ടും തെരഞ്ഞെടുത്ത്‌ സമ്മേളന പരിപാടികള്‍ അവസാനിപ്പിച്ചു. യുവാക്കളെ ആശയപരമായി ത്രസിപ്പിക്കുന്ന ഒരു പ്രമേയം പോലും കൊണ്ടുവരാന്‍ കഴിയാതെ ആള്‍കൂട്ടത്തിന്റെ മൃഗീയതയില്‍ അഭിരമിച്ച നേതാക്കള്‍ സഹോദര കമ്മ്യൂണിസ്റ്റ്‌ യുവസംഘടനയായ എ.ഐ.വൈ.എഫിനെ നിന്ദിച്ച്‌ പിരിഞ്ഞു.

 

ഡി.വൈ.എഫ്‌.ഐ സമ്മേളന വേദിയില്‍ നിന്ന്‌ കഴിഞ്ഞ ദിവസം ഉയര്‍ന്നുവന്ന ഏറ്റവും വലിയ ആവശ്യം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക സമുദായത്തിലെ അംഗങ്ങള്‍ക്ക്‌ ഇതര സംവരണ സമുദായങ്ങള്‍ക്ക്‌ ദോഷം പറ്റാത്തതരത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കണം എന്നതായിരുന്നു. പെരുന്നയില്‍ നായര്‍ സര്‍വീസ്‌ സൊസൈറ്റി ആഴ്ചകള്‍ക്കു മുമ്പ്‌ ഉന്നയിച്ച മുഖ്യമായ ഒരാവശ്യത്തിന്റെ പ്രതിധ്വനി മാത്രമായിരുന്നു ഡി.വൈ.എഫ്‌.ഐയുടെ ഈ ആവശ്യം. ഒരു സമുദായ സംഘടന രാഷ്ട്രീയ സാമൂഹിക ലക്ഷ്യത്തോടെ ഉയര്‍ത്തിക്കൊണ്ടുവന്ന ന്യായമായ ഒരു ആവശ്യം ഏറ്റുപിടിക്കാനല്ലാതെ സംസ്ഥാനത്തെ ചെറുപ്പക്കാരുടെ അടിസ്ഥാന പ്രശ്നങ്ങളിലൊന്നു തൊടാന്‍ പോലും ഡി.വൈ.എഫ്‌.ഐയ്ക്ക്‌ കഴിഞ്ഞില്ല. വിദ്യാഭ്യാസം ചെയ്തവരും അല്ലാത്തവരുമായ നാല്‍പത്‌ ലക്ഷം തൊഴില്‍ രഹിതര്‍ വസിക്കുന്ന നാടാണ്‌ കേരളം.

 

പിന്‍വാതില്‍ നിയമനവും നിയമന നിരോധനവും വഴി ചെറുപ്പക്കാരുടെ അവസരങ്ങള്‍ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു സര്‍ക്കാരാണ്‌ ഇവിടെ ഭരിക്കുന്നത്‌. പുതിയ തൊഴില്‍ അവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ മൂന്നേമുക്കാല്‍ വര്‍ഷത്തെ ഭരണത്തിനുള്ളില്‍ ഇടതു സര്‍ക്കാരിന്‌ കഴിഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലേയ്ക്ക്‌ ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട്‌ ചെയ്യേണ്ട പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ എന്ന ഭരണഘടനാ സ്ഥാപനത്തെ കേവലം നോക്കുകുത്തിയാക്കി മാറ്റിയ സര്‍ക്കാര്‍ ചെറുപ്പക്കാര്‍ക്ക്‌ തൊഴിലവസരം ഉണ്ടാക്കാന്‍ പുതുതായി ഒരു തീപ്പെട്ടിക്കമ്പനി പോലും കേരളത്തില്‍ തുറന്നിട്ടില്ല. ഒരു ലക്ഷം പേര്‍ക്ക്‌ പണി നല്‍കുമെന്ന്‌ പറഞ്ഞുകൊണ്ട്‌ രണ്ടുകൊല്ലം മുമ്പ്‌ എറണാകുളത്തെ കാക്കനാട്ട്‌ തറക്കല്ലിട്ട സ്മാര്‍ട്ട്സിറ്റി പദ്ധതി ഇനിയും അനിശ്ചിതാവസ്ഥയിലാണ്‌.

 

കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തന മൂലധനം വാഗ്ദാനം ചെയ്തിട്ടുള്ള വിഴിഞ്ഞം തുറമുഖ പദ്ധതി, ബ്രഹ്മോസ്‌ മിസെയില്‍ നിര്‍മാണ പദ്ധതി, കാസര്‍കോട്ടെ എച്ച്‌.എ.എല്‍ പദ്ധതി, സര്‍വോപരി എറണാകുളത്തെ വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്‌ ഷിപ്പ്മെന്റ്‌ പ്രോജക്ട്‌ എന്നിവയെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ സഹകരണക്കുറവുമൂലം ഇഴഞ്ഞു നീങ്ങുകയാണ്‌. പൊതുമേഖലയില്‍ പുതുതായി തൊഴിലവസരങ്ങളൊന്നും ഉണ്ടാക്കുന്നില്ല. സ്വകാര്യ സംരംഭകരെ ആകര്‍ഷിക്കാന്‍ ഉദാരനയങ്ങളില്ല. പൊതുവില്‍ വികസനത്തെക്കുറിച്ചും തൊഴിലിനെ കുറിച്ചും നീട്ടിക്കുറുക്കിയ വര്‍ത്തമാനങ്ങള്‍ മാത്രം കൂടെക്കൂടെ ഭരണാധികാരികളില്‍ നിന്നും കേള്‍ക്കാം. ഉപരിപഠനം നടത്തി ഭൂമിയുടെ ഏതെങ്കിലും കോണില്‍ പോയി ജീവിക്കാമെന്നു കരുതിയാല്‍ നല്ല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെ വിരളം. പുതിയ കേരളീയ യുവത്വത്തിന്‌ ആവേശമോ അഭിമാനമോ നല്‍കുന്ന നല്ലൊരു സംരംഭം ഇടതുഭരണകാലത്ത്‌ ഉണ്ടാകുമെന്ന പ്രതീക്ഷപോലുമില്ല.

 

ഭരണമുന്നണിയെ അന്ധമായി താങ്ങാന്‍ അച്ചാരം വാങ്ങിയ ദാസന്മാരുടെയും സംസ്കാരത്തിനും സാഹിത്യത്തിനും മുതല്‍ക്കൂട്ടേകിയ മഹത്തുക്കളെ തെറിവിളിച്ച്‌ കയ്യേറ്റം ചെയ്യുന്നവരുടെയും പ്രസ്ഥാനമായി ഡി.വൈ.എഫ്‌.ഐ ജീര്‍ണിച്ചിരിക്കുന്നു. എഴുത്തുകാരനായ സക്കറിയ നാലുദശാബ്ദങ്ങളായി മലയാളിയുടെ ചിന്താലോകത്ത്‌ നക്ഷത്രപ്രഭ ചൊരിഞ്ഞുകൊണ്ടിരിക്കുന്ന പ്രതിഭാശാലിയാണ്‌. ഒരിടത്ത്‌, ആര്‍ക്കറിയാം, കണ്ണാടി കാണ്‍മോളവും, യേശുപുരം പബ്ലിക്‌ ലൈബ്രറിയെപ്പറ്റി ഒരു പരാതി തുടങ്ങിയ കഥകളിലൂടെ ആസ്വാദക ലോകത്തെ ആനന്ദിപ്പിച്ചിട്ടുള്ള സക്കറിയയെ 'പട്ടി' എന്ന്‌ വിളിച്ച്‌ ആക്രമിക്കുന്നവര്‍ക്ക്‌ തണലേകുന്ന സംഘടനയ്ക്ക്‌ കേരളീയ യുവത്വത്തിന്റെ പ്രാതിനിധ്യം അവകാശപ്പെടാന്‍ യാതൊരു അവകാശവുമില്ല.

 

മുമ്പ്‌ ഒരവസരത്തില്‍ തിരുവനന്തപുരത്തെ പത്രലേഖകരെ 'പിതൃശൂന്യര്‍' എന്ന്‌ വിളിച്ച ചെറുപ്പക്കാരന്‍ പുതിയ ഡി.വൈ.എഫ്‌.ഐ കമ്മറ്റിയില്‍ ഭാരവാഹിയായിട്ടുണ്ട്‌. അടുത്ത സമ്മേളനം കഴിയുമ്പോള്‍ പയ്യന്നൂരില്‍ സക്കറിയയെ തെറിയഭിഷേകം നടത്തി ആക്രമിച്ചവര്‍ക്കും സംഘടനയുടെ നേതൃത്വത്തില്‍ സ്ഥാനം ലഭിച്ചേക്കും. ഒരു പ്രമുഖ കവി പറഞ്ഞതുപോലെ മാര്‍ക്സിസത്തെ മുഷ്കിസമാക്കിയ വിവര ശൂന്യന്മാരുടെയും സാമൂഹ്യ വിരുദ്ധരുടെയും സംഘടനയായി ഡി.വൈ.എഫ്‌.ഐ അധഃപതിച്ചു. നാല്‍പത്‌ വയസില്‍ താഴെയായതുകൊണ്ട്‌ ഈ സംഘടനയില്‍പ്പെട്ടവര്‍ യുവാക്കള്‍ എന്ന്‌ സ്വയം വിശേഷിപ്പിക്കുന്നു. ചിന്തയിലും മനസ്സിലും ജരാനര ബാധിച്ച അവരെ യുവകേരളത്തിന്റെ പ്രതിനിധികളായി ആര്‍ക്കും കാണാനാവില്ല. യൗവനം പ്രായത്തിന്റെ മാത്രം പ്രശ്നമല്ല. അത്‌ മഹത്തായ ഒരു മനോഭാവമാണ്‌. ആ അര്‍ത്ഥത്തില്‍ കേരളത്തിലെ ഡി.വൈ.എഫ്‌.ഐയ്ക്ക്‌ വാര്‍ദ്ധക്യം ബാധിച്ചിരിക്കുന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls