|
കരുനാഗപ്പള്ളി ടാങ്കര്‍ ദുരന്തം: ഒരാള്‍കൂടി മരിച്ചു |
|
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ടാങ്കര്‍ ദുരന്തത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. ആയൂര്‍ തേവന്നൂര്‍ സാഫല്യത്തില്‍ അഭിലാഷ്(24)ആണ് മരിച്ചത്.
ഇതോടെ ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം8ആയി. കഴിഞ്ഞ ഡിസംബര്‍ 31നാണ് ദേശീയപാതയില്‍ പുത്തന്‍തെരുവിന് സമീപം ഗ്യാസ് ടാങ്കര്‍ ലോറി കാറുമായി കൂട്ടിയിടിച്ച് അഗ്നിബാധയുണ്ടായത്. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പോലീസുകാരടക്കം 7പേരാണ് അന്ന് മരിച്ചത്. അഗ്നിബാധയില്‍ ഗുരുതരമായി പൊള്ളലേറ്റ അഭിലാഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. പുത്തന്‍തെരുവ് വെസ്റ്റേണ്‍ ഇന്ത്യ കാഷ്യു ഫാക്ടറിയിലെ ജീവനക്കാരനാണ് അഭിലാഷ്. പ്രഭാകരന്‍പിള്ള-സുമതി ദമ്പതികളുടെ മകനാണ്. അരുണ്‍കുമാര്‍ സഹോദരനാണ്. സഹപ്രവര്‍ത്തകരായ ദശരഥദാസ്, വിനുദാസ് എന്നിവര്‍ക്കും പൊള്ളലേറ്റിരുന്നു. |