കമ്യൂണിസം തകര്‍ത്ത ത്രിപുരയില്‍ തളിരിടുന്ന ജീവിതം-2

Imageഅവിടെ ആദിവാസികള്‍ക്ക്‌ സ്വന്തം ഭൂമി, നാണ്യവിള കൃഷി

ഭാരതീപുരം ശശി

ഹോട്ടല്‍ മുറിയിലെ വിശ്രമത്തിനുശേഷം വൈകിട്ട്‌ ഞങ്ങള്‍ ഇന്ത്യ-ബംഗ്ലാദേശ്‌ അതിര്‍ത്തി ചെക്കുപോസ്റ്റ്‌ സന്ദര്‍ശിക്കുകയുണ്ടായി.

ഹോട്ടലില്‍ നിന്നും നാലു കിലോമീറ്റര്‍മാത്രം അകലെ ബംഗ്ലാദേശാണ്‌. എല്ലാദിവസവും വൈകിട്ട്‌ ഇരുരാജ്യങ്ങളും അവരവരുടെ കൊടി ഇറക്കി പരസ്പരം അഭിവാദ്യം ചെയ്യുന്ന ചടങ്ങ്‌ ഏറെ ഹൃദ്യമായി തോന്നി. ഏതൊരു മനുഷ്യനും തന്റെ മാതൃരാജ്യത്തോടു തോന്നുന്ന അദമ്യമായ ഒരാവേശത്തിരയിളക്കം അനുഭവപ്പെട്ടു. ഇന്ത്യന്‍ സൈനികരുമായി സംസാരിക്കുന്നതിനും അവസരം ലഭിച്ചു. അവര്‍ എത്ര സ്നേഹത്തോടുകൂടിയാണ്‌ ഞങ്ങളോട്‌ സംസാരിച്ചത്‌. തഞ്ചാവൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ജവാന്മാരെ കണ്ടു. പ്രതികൂല കാലാവസ്ഥയിലും ജന്മനാടിന്റെ അതിര്‍ത്തി കാക്കുന്നവര്‍. ഒരു തോടിന്റെ ഇപ്പുറം ഭാരതവും, അപ്പുറം ബംഗ്ലാദേശും. പാകിസ്ഥാന്‍ അതിര്‍ത്തികളില്‍ കാണുന്ന കലുഷമായ ഒരന്തരീക്ഷമല്ല, നമുക്കവിടെ കാണാന്‍ കഴിയുന്നതെന്ന്‌ എടുത്തു പറയേണ്ടിയിരിക്കുന്നു.


14-ന്‌ രാവിലെ ബോര്‍ഡ്‌ യോഗം ചേര്‍ന്നു. ബോര്‍ഡ്‌ യോഗത്തില്‍ അതിഥിയായി എത്തിയത്‌ ത്രിപുര മുഖ്യമന്ത്രി മണിക്ക്‌ സര്‍ക്കാരാണ്‌. കാഴ്ചയില്‍ ആര്‍ക്കും അടുപ്പം തോന്നുന്ന, ജാടകളില്ലാത്ത സാധാരണ മനുഷ്യന്‍. വിവാദങ്ങളുടെ കൂട്ടുകാരായ മറ്റു മുഖ്യമന്ത്രിമാര്‍ക്ക്‌ ഇദ്ദേഹം മാതൃകയാണ്‌. അദ്ദേഹം ഏറെ സമയം ഞങ്ങളോടൊപ്പം ചെലവഴിക്കുകയും ചെയ്തു. ബോര്‍ഡിലെ വ്യവസായികളുടെ പ്രതിനിധികളെ അദ്ദേഹം ത്രിപുരയില്‍ റബ്ബര്‍ അധിഷ്ഠിത വ്യവസായം തുടങ്ങാന്‍ ക്ഷണിക്കുകയും ചെയ്തു. തുടര്‍ന്ന്‌ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന റബ്ബര്‍ പാര്‍ക്ക്‌ സന്ദര്‍ശിച്ചു. ഇരുപത്തഞ്ചോളം റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങാനുള്ള സൗകര്യം ഒരുക്കുന്നതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

 

ചിലവ തുടങ്ങിക്കഴിഞ്ഞു. ത്രിപുര വ്യവസായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായും ബോര്‍ഡ്‌ ചര്‍ച്ച നടത്തി. ത്രിപുര സംസ്ഥാനത്ത്‌ ഉല്‍പാദിപ്പിക്കുന്ന 25,588 മെട്രിക്‌ ടണ്‍ റബ്ബറില്‍ എട്ടു ശതമാനം പ്രാദേശിക ഉപഭോഗത്തിന്‌ മാറ്റിവെച്ചശേഷം, ബാക്കി വരുന്നവയെല്ലാം സംസ്ഥാനത്തിന്‌ പുറത്തേക്കയക്കുകയാണ്‌.നവംബര്‍ 15-ാ‍ം തീയതി ഞായറാഴ്ചയാണ്‌ ചെയര്‍മാനും ബോര്‍ഡ്‌ അംഗങ്ങളും ത്രിപുര ബ്ലോക്ക്‌ പ്ലാന്റേഷന്‍ പ്രോജക്ടുകള്‍ സന്ദര്‍ശിക്കാനായി പോയത്‌. അഗര്‍ത്തലയില്‍ നിന്ന്‌ 50 കിലോമീറ്ററോളം അകലെയുള്ള ശാന്താറാം പാറ ബ്ലോക്ക്‌ പ്ലാന്റേഷനാണ്‌ ഞങ്ങള്‍ സന്ദര്‍ശിച്ചത്‌.


1992-ലാണ്‌ പിന്നോക്കാവസ്ഥയിലുള്ള ജുമൈയ്യാ പട്ടികജാതിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി ഈ പദ്ധതിക്ക്‌ തുടക്കമാകുന്നത്‌. ഈ വിഭാഗത്തിന്‌ പൂര്‍ണ്ണാവകാശമുള്ള ഭൂമിയില്‍ 100 ശതമാനം സബ്സിഡി നല്‍കി റബ്ബര്‍ നട്ടുവളര്‍ത്തുന്ന സംരംഭമാണ്‌ റബ്ബര്‍ ബോര്‍ഡ്‌ ഏറ്റെടുത്തത്‌. ഇവര്‍ അവരുടെ സ്വന്തം ഭൂമിയില്‍ അദ്ധ്വാനിക്കുന്നു. ഇതിന്റെ വേതനം റബ്ബര്‍ബോര്‍ഡ്‌ തന്നെ നല്‍കുകയാണ്‌. റബ്ബറില്‍ നിന്ന്‌ ആദായം എടുക്കാറാകുമ്പോഴേയ്ക്കും, തോട്ടങ്ങള്‍ സ്വന്തമായി നോക്കിനടത്താന്‍ ഇവരെ പ്രാപ്തരാക്കുകയാണ്‌ ഇതിന്റെ പിന്നിലെ ക്രിയാത്മകമായ ലക്ഷ്യം. ഇങ്ങനെ ഇവര്‍ സ്വയം പര്യാപ്തമാകുന്നതോടുകൂടി അവരവരുടെ റബ്ബര്‍ തോട്ടം പൂര്‍ണ്ണമായി പരിരക്ഷിക്കുന്നതിനും ആദായം എടുക്കുന്നതിനും അവര്‍ക്ക്‌ വിട്ടുകൊടുക്കുന്നു. ഇവിടെയെല്ലാം ഗവണ്‍മെന്റിന്റെയും റബ്ബര്‍ ബോര്‍ഡിന്റെയും പ്രത്യേകം ശ്രദ്ധപതിയുന്നുണ്ടെന്ന കാര്യം എടുത്തുപറയേണ്ടതാണ്‌. റബ്ബര്‍ ബോര്‍ഡിന്റെ സാങ്കേതികവും ഭരണപരവുമായ മേല്‍നോട്ടം എത്ര പ്രകീര്‍ത്തിച്ചാലും അധികമാവില്ല.


ആദിവാസി വിഭാഗങ്ങള്‍ക്ക്‌ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളതും പൂര്‍ണ്ണ അവകാശം ഉള്ളതുമായ ഭൂമിയിലാണ്‌ ബ്ലോക്ക്‌ പ്ലാന്റേഷനുകള്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്‌. നാടോടി വിഭാഗക്കാരായ 3200 ജുമൈയ്യാ കുടുംബങ്ങളും അവരുടെ 20,000 ആശ്രിതരും ഇന്ന്‌ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്‌. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും റബ്ബര്‍ ബോര്‍ഡിന്റെ മേല്‍നോട്ടവും പ്രസ്തുത പദ്ധതിയെ വളര്‍ച്ചയുടെ പാതയിലൂടെ നയിക്കുന്നു. സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നുള്ള ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും റബ്ബര്‍ ബോര്‍ഡിന്റെ മേല്‍നോട്ടവും പ്രസ്തുത പദ്ധതിയെ വളര്‍ച്ചയുടെ പടവുകളില്‍ നിലയുറപ്പിച്ചു കഴിഞ്ഞു. എല്ലാ ആറു മാസത്തിലൊരിക്കലും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം റബ്ബര്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ ത്രിപുര സന്ദര്‍ശിക്കുന്നു.

 

ത്രിപുരയില്‍ സാജന്‍ പീറ്റര്‍ സ്റ്റേറ്റ്‌ ഗസ്റ്റാണ്‌. ഇത്‌ മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശമാണ്‌. ബ്ലോക്ക്‌ പ്ലാന്റേഷനുകളുടെ ആവിര്‍ഭാവത്തിന്‌ മുന്‍പുള്ള ജുമൈയ്യാ ട്രൈബുകളുടെ ജീവിതരീതിയും പരിശോധിക്കേണ്ടതു തന്നെയാണ്‌. യാതൊരു ജീവിതമാര്‍ഗ്ഗവും ഇല്ലാതെ, വിറകുവെട്ടി വില്‍ക്കുന്ന ചില്ലറ ജോലികളുമായി ഇവര്‍ പട്ടിണിയില്‍ കഴിഞ്ഞിരുന്നവരാണ്‌. റബ്ബര്‍ പ്ലാന്റേഷനുകളുടെ വിജയകരമായ ഉയര്‍ച്ചയോടുകൂടി ഇവരുടെ സാമ്പത്തിക സാംസ്കാരിക രീതികളിലും ഗണ്യമായ മാറ്റം സംഭവിച്ചിരിക്കുന്നു. ഇന്നത്തെ പരിതസ്ഥിതി പരിശോധിച്ചാല്‍ ജുമൈയ്യകള്‍ എല്ലാം തന്നെ മെച്ചപ്പെട്ട സാമ്പത്തിക നിലവാരത്തിലേക്ക്‌ കുതിക്കുന്നതുകാണാം. റബ്ബര്‍ കര്‍ഷകര്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ റബ്ബര്‍ ഉല്‍പാദക സഹകരണ സംഘങ്ങളാണ്‌. ഈ സഹകരണ സംഘങ്ങളെല്ലാം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

 

അതുകൊണ്ടുതന്നെ കര്‍ഷകര്‍ക്ക്‌ മെച്ചപ്പെട്ട വില ലഭിക്കുകയും ചെയ്യുന്നു.
പ്രതിവര്‍ഷ വരുമാനം കേവലം 3000 രൂപ ആയിരുന്ന ഈ വിഭാഗത്തിന്റെ ഇപ്പോഴത്തെ വരുമാനം ഒന്നരലക്ഷം രൂപയാണ്‌. വരും വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം വരുമാനം ഇനിയും വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ആ കര്‍ഷകരുടെ മുഖത്ത്‌ തെളിഞ്ഞ്‌ നില്‍ക്കുന്നുണ്ട്‌.ആതിഥേയ മര്യാദയുടെ കാര്യത്തിലും ഇവിടുത്തെ ആദിവാസികള്‍ ഒരുപടി മുന്നിലാണെന്ന്‌ പറയാന്‍ കഴിയും. എസ്റ്റേറ്റ്‌ കവാടത്തില്‍ പരമ്പരാഗത രീതിയില്‍ വാദ്യമേളങ്ങളോടെയാണ്‌ അവര്‍ ഞങ്ങളെ സ്വീകരിച്ചത്‌. ഇവരുടെ പാരമ്പര്യ വേഷവിധാനത്തോടുകൂടിയുള്ള നൃത്തം ഏറെ ആകര്‍ഷണീയമായിരുന്നു. ജുമൈയ്യകള്‍ പൊതുവേ ഉറച്ച ശരീരവും സൗന്ദര്യവുമുള്ളവരാണ്‌. ശുചിത്വത്തില്‍ ഇവര്‍ക്ക്‌ പ്രത്യേക ശ്രദ്ധയുണ്ട്‌. വീടും പരിസരവും വെടിപ്പായി സൂക്ഷിക്കുന്നു. ഇവരുടെ കുട്ടികളെ ഇംഗ്ലീഷ്മീഡിയം സ്കൂളുകളിലയച്ച്‌ വിദ്യാഭ്യാസം ചെയ്യിക്കുന്ന കാര്യം പറയുമ്പോള്‍ ഇവരുടെ കണ്ണുകളില്‍ നക്ഷത്ര തിളക്കം. അവരുടെ മുഖങ്ങളില്‍ മാറ്റത്തിന്റെ പ്രസന്നത പ്രകടമായിരിക്കുന്നു.

 

ദാരിദ്ര്യത്തിന്റെയും പട്ടിണിയുടേയും ദൈന്യത ഇനി ഒരിക്കലും തിരിച്ചു വരാത്ത രീതിയില്‍ ത്രിപുരയിലെ ആദിവാസികള്‍ ഉറച്ച കാല്‍വയ്പ്പോടുകൂടി മുന്നോട്ട്‌ കുതിക്കുകയാണ്‌. റബ്ബര്‍ ബോര്‍ഡിനോട്‌ അവര്‍ വികാരപരമായ അടുപ്പം പുലര്‍ത്തുന്നു.ശാന്താറാംപാറയിലെ സ്വീകരണത്തിനിടയില്‍ സംഘാടകനായി ഓടി നടന്ന അവിടുത്തെ ഒരു ഉദ്യോഗസ്ഥനെ ഞാന്‍ ശ്രദ്ധിച്ചു. അയാളാണ്‌ ഇംഗ്ലീഷിലുള്ള ഞങ്ങളുടെ പ്രസംഗങ്ങള്‍ ബംഗ്ലാ ഭാഷയിലേക്ക്‌ പരിഭാഷപ്പെടുത്തിയത്‌. ആ പരിഭാഷപ്പെടുത്തലിനിടയില്‍ അയാളുടെ കൈ ശ്രദ്ധിക്കാനിടയായി. കയ്യ്മുട്ടിന്‌ താഴെ തീരെ ശോഷിച്ചു കാണുന്നു. പ്ലാന്റേഷന്റെ പ്രാരംഭ കാലത്ത്‌ തൊഴിലാളികള്‍ക്ക്‌ ശമ്പളവുമായി വന്ന ബോര്‍ഡ്‌ ഉദ്യോഗസ്ഥരെ തീവ്രവാദികള്‍ ആക്രമിക്കുമായിരുന്നു. വെടിവെയ്പില്‍ മൂന്ന്‌ ഉദ്യോഗസ്ഥര്‍ മരിച്ചു. ഒരാള്‍ ബോധരഹിതനായി കിടന്നു. മരിച്ചുവെന്ന്‌ കരുതി തീവ്രവാദികള്‍ ഇയാളെ ഉപേക്ഷിച്ചു പോവുകയായിരുന്നു.

 

ഉപേക്ഷിക്കപ്പെട്ട ആളാണ്‌ ഇന്ന്‌ പരിഭാഷകനായി ഞങ്ങളുടെ മുന്നിലെത്തിയത്‌. ശാന്താറാം പാറ ബ്ലോക്ക്‌ പ്ലാന്റേഷന്‍ നോക്കി നടത്തുന്ന തദ്ദേശവാസിയായ ഇയാള്‍ റബ്ബര്‍ ബോര്‍ഡിലെ ഓഫീസറാണ്‌.തീവ്രവാദത്തിന്‌ വേരോട്ടമുള്ള നാടാണ്‌ ത്രിപുര. ഞങ്ങള്‍ എത്തുന്നതിനടുത്ത ദിവസം ഒരു വീട്ടിലെ അംഗങ്ങളെ തീവ്രവാദികള്‍ കൊലചെയ്തിരുന്നു. അവരെ അമര്‍ച്ച ചെയ്യാന്‍ തോക്കിന്‍ കുഴലിനോടൊപ്പം, ദീര്‍ഘവീക്ഷണവും പ്രായോഗികവും മനുഷ്യത്വപരവുമായ സമീപനവുമാണ്‌ നമുക്ക്‌ ആവശ്യം. ഇതിന്‌ കേന്ദ്രസര്‍ക്കാരിനേയും ത്രിപുര ഗവണ്‍മെന്റിനേയും ഒപ്പം ജീവന്‍ പണയപ്പെടുത്തി പ്രസ്തുത പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന റബ്ബര്‍ ബോര്‍ഡിലെ ജീവനക്കാരുടെ സേവനത്തേയും അഭിനന്ദിച്ചേ തീരൂ. തീവ്രവാദ നിര്‍മ്മാര്‍ജ്ജനത്തിന്‌ ത്രിപുര മോഡല്‍ മറ്റ്‌ വടക്കുപടിഞ്ഞാറ്‌ സംസ്ഥാനങ്ങള്‍ക്കും പ്രയോജനപ്പെടാം.


ഏീ‍റെ‍ ീ‍ംി‍ രീൌ‍ി‍്്യ‍യില്‍ നിന്നും ആീ‍മൃറ ീ‍ംി‍ രീൌ‍ി‍്്യ‍-യിലേക്കുള്ള യാത്ര അവിസ്മരണീയമായ അനുഭവങ്ങളാണ്‌ പകര്‍ന്നു തന്നത്‌. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി ഇവിടെ ജോലി ചെയ്യുന്ന ബോര്‍ഡ്‌ ജീവനക്കാരെ എത്ര പ്രശംസിച്ചാലും മതിവരില്ല. അഗര്‍ത്തലയിലെ റബ്ബര്‍ ബോര്‍ഡ്‌ റീജിയണല്‍ ഓഫീസ്‌ പരിസരത്ത്‌ ഒരു സന്ധ്യയ്ക്ക്‌ ജീവനക്കാരുടെ കുട്ടികള്‍ ഓടിക്കളിക്കുന്നു. അവര്‍ നല്ല ഇംഗ്ലീഷ്‌ ഭാഷയില്‍ സംസാരിക്കുന്നു. പാട്ടുകള്‍ പാടുന്നു.നവംബര്‍ 15-ന്‌ അഗര്‍ത്തലയില്‍ നിന്നും ഡല്‍ഹി വിമാനം കയറുമ്പോള്‍ ഞങ്ങളെ യാത്രയയ്ക്കാന്‍ അവരില്‍ പലരും എത്തിയിരുന്നു. അവരില്‍ പലരുടെ മുഖത്തും ഒരു വിരഹാതുരത തെളിഞ്ഞു വരുന്നുണ്ടായിരുന്നു. എന്നെങ്കിലുമൊരിക്കല്‍ വീണ്ടും കാണാമെന്ന്‌ എന്റെ മനസ്സ്‌ അവരോട്‌ പറഞ്ഞു. ഒടുവില്‍ കണ്ണുകള്‍ കൊണ്ടൊരു യാത്രാമൊഴിയും.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls