| മുതലാളിസമരം ജയിക്കുന്നു |
|
എങ്കിലും സന്തോഷത്തോടെ സമ്മര്‍ദ്ദസമരം പിന്‍വലിച്ച ബസ് ഉടമകള്‍ നല്ലൊരു കോളടിച്ച ആഹ്ലാദത്തിലാണ്. ഈ ഇടപാടില്‍ ഭരണമുന്നണിക്ക് എന്തുകിട്ടിയെന്ന് മാത്രമേ നാട്ടുകാര്‍ക്ക് സംശയമുള്ളൂ. ബസ് യാത്രാക്കൂലി വര്‍ധിപ്പിക്കേണ്ട യാതൊരു സാഹചര്യവും സംസ്ഥാനത്ത് ഇപ്പോള്‍ ഇല്ല. നിലവിലുള്ള നിരക്കുതന്നെ അമിതമാണ്. ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തും കേരളത്തിലുള്ളത്ര ബസ് യാത്രാനിരക്കില്ല. മുമ്പ് ഇന്ധനവില വര്‍ധിപ്പിച്ചപ്പോള്‍ ലക്കും ലഗാനുമില്ലാതെ യാത്രാക്കൂലി ഒരു കൂട്ടുകൂട്ടി. പിന്നീട് ഇന്ധനവില കുറഞ്ഞെങ്കിലും വര്‍ധിപ്പിച്ച യാത്രാനിരക്ക് അപ്പടി കുറയ്ക്കാന്‍ ബസ് ഉടമകളോ കുറപ്പിക്കാന്‍ സര്‍ക്കാരോ തുനിഞ്ഞില്ല. ജനങ്ങള്‍ പ്രക്ഷോഭമുണ്ടാക്കുമെന്ന് ഭയന്ന് നാമമാത്രമായ ഒരു കുറവുവരുത്തി. അതും കെ.എസ്.ആര്‍.ടി.സി ബസുകള്‍ കുറച്ചതുപോലെ സ്വകാര്യ ബസ് ഉടമകള്‍ വഴങ്ങിയില്ല.
ഇപ്പോള്‍ നിലനില്‍ക്കുന്നത് അശാസ്ത്രീയമായ ഫെയര്‍ സ്റ്റേജും നിരക്കുമാണ്. കേരളത്തിലെ സാധാരണ ജനങ്ങളുടെ സഹനശേഷിയും സമാധാന ജീവിതശീലവും മുതലെടുത്ത് അമിതമായ യാത്രാനിരക്ക് അഭംഗുരം തുടര്‍ന്നുവരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ബസ് യാത്രാ നിരക്ക് കൂട്ടേണ്ടതായി യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ല. ഇന്ധനവിലയില്‍ വര്‍ധനവില്ല. സ്പെയര്‍പാര്‍ട്സ് വില കൂടിയിട്ടില്ല, ബസ് തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചിട്ടില്ല, നികുതി നിരക്കില്‍ യാതൊരു വര്‍ധനവുമില്ല, ടയറിന്റെ വില കഴിഞ്ഞ ഒരുകൊല്ലത്തിനിടയില്‍ കുറയുകയാണ് ചെയ്തത്. സ്വകാര്യ ബസ് സര്‍വീസ് നഷ്ടത്തിലാണെന്ന് ഉടമകള്‍ പറയുന്നത് പച്ചക്കള്ളമാണ്. അത്രവലിയ നഷ്ടമാണെങ്കില്‍ അവര്‍ സര്‍വീസ് അവസാനിപ്പിച്ച് വേറെ പണി നോക്കുമായിരുന്നു. കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലോടുന്നതിന്റെ കാരണം എല്ലാവര്‍ക്കും അറിയാവുന്നതുപോലെ അഴിമതിയും കെടുകാര്യസ്ഥതയുമാണ്.
നിലവില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബസ് സര്‍വീസ് സമ്മര്‍ദ്ദ തന്ത്രത്തിലൂടെ യാത്രാക്കൂലി വര്‍ധിപ്പിക്കാന്‍ ശ്രമിച്ചത് അമിതലാഭം മോഹിച്ചുതന്നെ. അമിതമായി ലഭിക്കുന്ന ലാഭത്തിന്റെ വിഹിതം അതിന് കൂട്ടുനില്‍ക്കുന്ന സര്‍ക്കാരിന്റെ കങ്കാണികള്‍ക്ക് തീര്‍ച്ചയായും ലഭിക്കുന്നുണ്ടാകണം. ഇടതുമുന്നണി ചാര്‍ജ് വര്‍ധനവിന് പച്ചക്കൊടി കാണിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഉചിതമായ തീരുമാനമെടുക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടത്രേ. എല്ലാ ഭരണകക്ഷികള്‍ക്കും പ്രാതിനിധ്യം നല്‍കി ഉപസമിതിയിലെ അംഗസംഖ്യ വിപുലപ്പെടുത്തി. എത്ര രൂപാ വര്‍ധിപ്പിക്കണം, മിനിമം കൂലി എന്തായിരിക്കണം എന്നൊക്കെ അവര്‍ തലങ്ങും വിലങ്ങുമിരുന്ന് ആലോചിക്കുകയാണ്.
ബസ് സര്‍വീസ് മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട നാറ്റ്പാക് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഉപസമിതിയുടെ മുന്നില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. യാത്രാക്കൂലി വര്‍ധിപ്പിച്ച് ബസ് ഉടമകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ തീരുമാനമെടുത്തശേഷം നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ നാറ്റ്പാക് റിപ്പോര്‍ട്ട് എഴുന്നള്ളിച്ച് കൊണ്ടുവരുന്നുവെന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്. അന്യായമാണ് ഇപ്പോള്‍ ബസ് കൂലി വര്‍ധിപ്പിക്കുന്നത്. സമരതന്ത്രത്തിലൂടെ ജനങ്ങളെ ബുദ്ധിമുട്ടിച്ച് അനുകൂല അന്തരീക്ഷം സൃഷ്ടിക്കാമെന്ന് സര്‍ക്കാരും ബസ് ഉടമകളും കരുതിയിരിക്കാം. എന്നാല്‍ കോടതി കര്‍ശനമായ ചില ഉത്തരവുകളും പരാമര്‍ശങ്ങളും പുറപ്പെടുവിച്ചതിനാല്‍ മുഖം രക്ഷിക്കാന്‍ സര്‍ക്കാരിന് ഒരു വീണ്ടുവിചാരം വേണ്ടിവന്നു. സമരം അവസാനിപ്പിച്ചശേഷം ചാര്‍ജ്ജ് വര്‍ധനവ് ആവശ്യപ്പെടൂ എന്ന ഹൈക്കോടതിയുടെ ഉത്തരവുണ്ടാകുന്നതിന് മുമ്പ്, അവശ്യസര്‍വീസ് സംരക്ഷണ നിയമപ്രകാരം പണിമുടക്കിലേര്‍പ്പെടുന്ന ബസ് പിടിച്ചെടുക്കുമെന്നും പെര്‍മിറ്റ് റദ്ദാക്കുമെന്നുമൊക്കെ സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.
മൂന്നുദിവസമായി നടക്കുന്ന പണിമുടക്കിനിടയില്‍ നാട്ടുകാര്‍ അനുഭവിക്കുന്ന യാത്രാക്ലേശം കണ്ടിട്ടെങ്കിലും സംസ്ഥാനത്തെ ഏതെങ്കിലും ജില്ലയില്‍ ഒരു ബസെങ്കിലും പിടിച്ചെടുത്ത് ഓടിച്ചതായി വിവരമില്ല. എന്നിരിക്കെ, ഇന്നലെ പ്രഖ്യാപിക്കാനിരുന്ന യാത്രാക്കൂലി വര്‍ധന തല്‍ക്കാലം പതിക്കിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ബസ് ഉടമകളുടെ നാല് ആവശ്യങ്ങളും പരിഗണിക്കാമെന്ന് ഉറപ്പുകൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് മൂന്നുദിവസമായി നടന്നുവരുന്ന സമരത്തില്‍ നിന്ന് ബസ് ഉടമകള്‍ പിന്മാറിയത്. അവരെ സംബന്ധിച്ചിടത്തോളം യാത്രാക്കൂലി വര്‍ധനവ് എന്ന മുഖ്യ ആവശ്യം അംഗീകരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇപ്പോള്‍ ലഭിക്കുന്ന ലാഭം ശതഗുണീഭവിച്ച് കിട്ടുന്ന വലിയ ഒരു ചാകരയാണ് ഈ അനാവശ്യ സമരത്തിലൂടെ നേടിയിരിക്കുന്നത്. അനാവശ്യം എന്നുപറഞ്ഞത് ജനങ്ങളുടെ കാഴ്ചപ്പാടിലാണ്. അതേസമയം കെ.എസ്.ആര്‍.ടി.സിയില്‍ കുടിശികയുള്ള ക്ഷാമബത്തയ്ക്കുവേണ്ടി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.
അത് പാവപ്പെട്ട തൊഴിലാളികളുടെ പണിമുടക്കായിരുന്നു. അവരുടെ ഡി.എ കുടിശികയില്‍ പകുതിയെങ്കിലും അനുവദിക്കുമെന്ന് യാതൊരു വാഗ്ദാനവുമില്ല. മുതലാളിമാരുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ ഒത്തുകളിച്ച്, നാട്ടുകാരെയും കോടതിയെയും കബളിപ്പിച്ച് അന്യായമായി യാത്രാക്കൂലി കൂട്ടാന്‍ പോവുകയാണ്. നമ്മുടെ നാട്ടിലെ ഇന്നത്തെ ഭരണസംസ്കാരത്തില്‍ തൊഴിലാളി സമരങ്ങള്‍ തോല്‍ക്കുകയും മുതലാളിമാരുടെ സമരം ജയിക്കുകയും ചെയ്യുന്നു. കലികാലവൈഭവം! |
| < മുന്‍ പേജ് | അടുത്തത് > |
|---|

സംസ്ഥാനത്തെ സ്വകാര്യ ബസ് മുതലാളിമാര്‍ വിചാരിക്കുന്നിടത്തേക്ക് യാത്രാക്കൂലി വര്‍ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഓടിയെത്തുകയാണ്. ഹൈക്കോടതിയുടെ സമയോചിതമായ ഇടപെടല്‍ ഒന്നുകൊണ്ടുമാത്രം തല്‍ക്കാരം തീരുമാനത്തിനൊരു സഡന്‍ ബ്രേക്ക് ഉണ്ടായി.
-°C 