|
സര്‍ക്കാരിന്റെ ഉഴപ്പിനെതിരെ കോടതി |
|
കൊച്ചി: സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങുമെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഹൈക്കോടതി. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മാത്രമാണ് തല്‍ക്കാലം കോടതി പരിഗണിക്കുന്നതെന്ന് ബസ് സമരവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍
വാദം കേള്‍ക്കവേ ചീഫ് ജസ്റ്റിസ് എസ്.ആര്‍ ബന്നൂര്‍മഠ്, ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. നിരക്കുവര്‍ധന പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ബസ് ഉടമകളുടെ വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച ത്രൈമാസ റിട്ടേണുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ നിരക്ക് നിശ്ചയിക്കാവൂ എന്ന് ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകള്‍ നടപ്പാക്കിയിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. യാത്രാനിരക്ക് നിശ്ചയിക്കുന്നതിനെക്കുറിച്ച് പഠനം നടത്തിയ രവീന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നിരക്ക് നിശ്ചയിക്കാവൂ എന്നും ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെയും സംഘടനകളുടെയും നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് ബസുകള്‍ നിരത്തിലിറങ്ങാതെ ചാര്‍ജ് വര്‍ധിപ്പിക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞത്. |