ബസ്‌ കൂലി കൂട്ടാന്‍ സര്‍ക്കാരിന്റെ ഒത്തുകളി

Imageജനങ്ങളെ തീരെ പേടിയില്ലാത്ത ഒരു സര്‍ക്കാരാണ്‌ കേരളം ഭരിക്കുന്നത്‌. രണ്ടുദിവസമായി സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതം വിവരിക്കാന്‍ മലയാളഭാഷയിലെ സങ്കടപദങ്ങള്‍ മതിയാവില്ല.

സ്ത്രീകളും കുട്ടികളും വൃദ്ധരും അവശരും എന്നുവേണ്ട ആബാലവൃദ്ധം ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പെരുവഴിയില്‍ അലയുകയാണ്‌. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം എന്ന മൗലിക അവകാശത്തിന്‍മേല്‍ സര്‍ക്കാരും ബസ്സുടമകളും നടത്തുന്ന കുതിരകയറ്റമായി ഇതിനെ മിതമായ ഭാഷയില്‍ വ്യാഖ്യാനിക്കാം. ബസ്‌ യാത്രാക്കൂലി വര്‍ധിപ്പിക്കാന്‍ യുക്തിസഹമായ ന്യായങ്ങളൊന്നുമില്ലാത്ത സര്‍ക്കാര്‍ സ്വകാര്യ ബസ്സുടമകളുമായി ഒത്തുകളിച്ചതിന്റെ ഫലമായി ക്ഷണിച്ചുവരുത്തിയ സമരമാണ്‌ സംസ്ഥാനത്തെ ജനങ്ങളെയാകെ ഇപ്പോള്‍ ദുരിതക്കയത്തില്‍ തള്ളിയിട്ടിരിക്കുന്നത്‌. ബസ്‌ യാത്രാനിരക്ക്‌ ഇപ്പോള്‍ ഉടനടി കൂട്ടേണ്ട പ്രകോപനമൊന്നുമില്ല. പെട്രോളിന്‌ വില വര്‍ധിപ്പിച്ചിട്ടില്ല. സ്പെയര്‍ പാര്‍ട്സ്‌ വില കൂടിയിട്ടില്ല.

 

നികുതി വര്‍ധനവുമില്ല. പിന്നെന്തിന്‌ ഇപ്പോള്‍ യാത്രാനിരക്ക്‌ കൂട്ടണം? പക്ഷേ ബസ്‌ യാത്രാനിരക്ക്‌ കൂട്ടി നിശ്ചയിച്ചില്ലെങ്കില്‍ പണിമുടക്കുമെന്ന്‌ ബസ്‌ ഉടമകളുടെ സംഘടനാ പ്രതിനിധികള്‍ സര്‍ക്കാരിന്‌ മാസങ്ങള്‍ക്കുമുമ്പ്‌ മുന്നറിയിപ്പ്‌ നല്‍കി. ഡിസംബര്‍ 31ന്‌ മുമ്പ്‌ നിരക്ക്‌ പുതുക്കി നിശ്ചയിച്ചില്ലെങ്കില്‍ ജനുവരി അഞ്ചുമുതല്‍ അനിശ്ചിതകാലത്തേക്ക്‌ ബസുകള്‍ ഓടിക്കില്ലെന്ന്‌ ഒരു വെല്ലുവിളിയെന്നോണം അന്ത്യശാസനവും നല്‍കി. എന്നിട്ടും സര്‍ക്കാര്‍ കുലുങ്ങിയില്ല. കാരണം സര്‍ക്കാര്‍ ഉടമയിലുള്ള കെ.എസ്‌.ആര്‍.ടി.സിയും ബസ്‌ ചാര്‍ജ്ജ്‌ കൂട്ടണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.

 

പൊതുമേഖലയുടെയും സ്വകാര്യ മേഖലയുടെയും ജനവിരുദ്ധ ആവശ്യമാണ്‌ ബസ്‌ യാത്രാനിരക്ക്‌ വര്‍ധിപ്പിക്കണമെന്നത്‌. എന്നാല്‍ അതിന്‌ യുക്തിസഹമായ യാതൊരു ന്യായീകരണവും അവതരിപ്പിക്കാന്‍ ഭരിക്കുന്നവരുടെ പക്കലില്ല. ഇന്ധനവില പത്തുപൈസയെങ്കിലും കൂട്ടിയിരുന്നെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ മുതുകില്‍ ചാരി ബസ്‌ യാത്രാനിരക്ക്‌ വര്‍ധിപ്പിച്ചതിന്‌ ഒരു ന്യായീകരണം കണ്ടെത്താമായിരുന്നു. അതിനും വഴിയില്ലാതെ വന്നപ്പോള്‍ ബസ്‌ ഉടമകളുടെ അഹന്ത നിറഞ്ഞ അന്ത്യശാസനത്തിന്റെ തലേദിവസം ഗതാഗതമന്ത്രി തണുത്ത പുതപ്പുമാറ്റി തലനീട്ടി പുറത്തുവന്നു. ഉടമാസംഘം പ്രതിനിധികളെ വിളിച്ച്‌ ഒഴുക്കന്‍ മട്ടില്‍ സംസാരിച്ചു. മന്ത്രിസഭാ ഉപസമിതി ബസ്‌ യാത്രാനിരക്ക്‌ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച്‌ പഠിച്ചുവരികയാണെന്നും ഇതുസംബന്ധിച്ച്‌ നാട്പാക്കിന്റെ പഠനറിപ്പോര്‍ട്ട്‌ രണ്ടാഴ്ചയ്ക്കകം കിട്ടുമെന്നും പിന്നീട്‌ ഭരണമുന്നണി ചര്‍ച്ച ചെയ്ത്‌ 'ഉചിതമായ' തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി ബസ്‌ ഉടമകളോട്‌ പറഞ്ഞു.

 

ഈ അയഞ്ഞാന്‍ കൊയഞ്ഞാന്‍ വര്‍ത്തമാനത്തിന്റെ അര്‍ത്ഥം ബസ്‌ ഉടമകളെ, നിങ്ങള്‍ പോയി സമരം ചെയ്യൂ എന്നാണെന്ന്‌ കേരളത്തിലെ ഏത്‌ ചാത്തന്‍പുല്ലനാണ്‌ മനസ്സിലാവാത്തത്‌? സ്വകാര്യ ബസ്‌ ഉടമകളെ ജനവിരുദ്ധ സമരത്തിന്‌ പ്രേരിപ്പിച്ച്‌ ഇറക്കി ജനങ്ങളുടെ ദുരിതം വര്‍ധിപ്പിച്ച്‌ ബസ്‌ യാത്രാനിരക്ക്‌ ഉയര്‍ത്താന്‍ വഴികണ്ടെത്തുകയായിരുന്നു സര്‍ക്കാര്‍. ദുരിതം സഹിക്കവയ്യാതായ മനുഷ്യര്‍ കൂട്ടത്തോടെ കവലകളിലും റോഡുകളിലും നിന്ന്‌ ശപിക്കുന്നത്‌ മന്ത്രി കേള്‍ക്കുന്നില്ല. മന്ത്രിയെ ആ സ്ഥാനത്ത്‌ പിടിച്ചിരുത്തിയിരിക്കുന്ന പാര്‍ട്ടിക്കും (അതിന്റെ പേര്‌ എന്താണോ ആവോ?) കേള്‍ക്കാന്‍ കാതുകളില്ല. ബധിരത അഭിനയിക്കുന്നത്‌ എത്ര സൗകര്യവും സുഖവുമുള്ള കാര്യമാണ്‌.


പക്ഷേ കൊച്ചിയിലെ ഒരു സ്ത്രീപക്ഷ സംഘടന ദുരിതയാത്ര അനുഭവിച്ചുതീര്‍ക്കാന്‍ തയ്യാറായില്ല. അതിന്റെ പ്രതിനിധികള്‍ ഹൈക്കോടതിയില്‍ ജനങ്ങളുടെ മൗലികാവകാശമായ സഞ്ചാരസ്വാതന്ത്ര്യം നിഹനിക്കുന്ന ബസ്‌ സമരത്തിനെതിരെ ഹര്‍ജി നല്‍കി. ബസ്‌ സമരം ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കോടതിക്ക്‌ ഇടപെടേണ്ടിവരുമെന്ന്‌ ഇന്നലെ ഡിവിഷന്‍ ബഞ്ച്‌ സര്‍ക്കാരിന്‌ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുകയാണ്‌. അവശ്യസര്‍വ്വീസ്‌ സംരക്ഷണ നിയമപ്രകാരം (എസ്മ) ബസുകള്‍ പിടിച്ചെടുത്തും ജനങ്ങളുടെ യാത്രാദുരിതം ലഘൂകരിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ സമരത്തെ നിസംഗതയോടെ സമീപിക്കുന്നതില്‍ കോടതിപോലും ആശ്ചര്യം പ്രകടിപ്പിച്ചു. പണിമുടക്ക്‌ പിന്‍വലിച്ചില്ലെങ്കില്‍ പെര്‍മിറ്റ്‌ സംബന്ധിച്ച ഒരു കേസും പരിഗണിക്കില്ലെന്ന്‌ കഴിഞ്ഞദിവസം ഹൈക്കോടതി ജസ്റ്റിസ്‌ പി.എന്‍ രവീന്ദ്രന്‍ ഉത്തരവിറക്കിയിരുന്നു.

 

ജനങ്ങളുടെ വിഷമവും സര്‍ക്കാരിനെതിരായ പൊതുവികാരവും അര്‍ഹിക്കുന്ന ഗൗരവത്തില്‍ മനസ്സിലാക്കിയ കോടതിയുടെ ഉത്തരവുപോലും അനങ്ങാപ്പാറ സര്‍ക്കാര്‍ അവഗണിച്ചത്‌ ജനാധിപത്യമൂല്യങ്ങളോടുള്ള മര്യാദയില്ലാത്ത വെല്ലുവിളിയാണ്‌. സംസ്ഥാനത്ത്‌ നിലവിലുള്ള ബസ്‌ കൂലി തന്നെ അമിതവും ഫെയര്‍ സ്റ്റേജ്‌ അശാസ്ത്രീയവുമാണെന്ന്‌ ജനങ്ങള്‍ക്കറിയാം. പാസഞ്ചര്‍ ട്രെയിനിലെ യാത്രാനിരക്കിന്റെ അഞ്ചിരട്ടിയാണ്‌ ഓര്‍ഡിനറി ബസിലെ നിരക്ക്‌. രണ്ടുരൂപാ ടിക്കറ്റില്‍ ട്രെയിനില്‍ 12 കിലോമീറ്റര്‍ സഞ്ചരിക്കാം. ബസിലോ? ഇപ്പോള്‍ത്തന്നെ അത്രയും ദൂരത്തിന്‌ പത്തുരൂപ കൊടുക്കണം. ഇനി സമരസമ്മര്‍ദ്ദത്തിലൂടെ അത്‌ എത്രയിരട്ടി വര്‍ധിപ്പിക്കാനാണ്‌ സര്‍ക്കാരും ബസ്‌ ഉടമകളും തമ്മില്‍ ഒത്തുകളിക്കുന്നത്‌? കോടതിയുടെ പരാമര്‍ശം പരിഗണിച്ചെങ്കിലും സര്‍ക്കാര്‍ സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ രണ്ടുദിവസമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന യാത്രാദുരിതത്തിന്‌ പരിഹാരം കണ്ടെത്താന്‍ മുന്നോട്ടുവരുമെന്ന്‌ പ്രത്യാശിക്കാം.

 

നിരക്ക്‌ കൂട്ടുന്നതിന്‌ സര്‍ക്കാര്‍ എതിരല്ലെന്ന്‌ മന്ത്രിതന്നെ വ്യക്തമാക്കി. പണിമുടക്കിനെ നേരിടാന്‍ ബദല്‍സംവിധാനം ഏര്‍പ്പെടുത്തുമെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ എന്ത്‌ ബദല്‍ സംവിധാനമാണ്‌ 3,000 ബസ്‌ കൈവശമുള്ള കെ.എസ്‌.ആര്‍.ടി.സി വഴി സര്‍ക്കാര്‍ ചെയ്തത്‌? 28,000 സ്വകാര്യബസ്‌ ഓടിക്കൊണ്ടിരുന്ന സ്ഥാനത്ത്‌ സര്‍ക്കാരിന്‌ യാതൊരു ബദല്‍ സംവിധാനവും ചെയ്യാന്‍ കഴിയില്ല, താല്‍പര്യവുമില്ല. ജനങ്ങളെ പറ്റിക്കാന്‍ വെറുതെ ഭംഗിവാക്കുകള്‍ പറയാതെ സത്യസന്ധമായി പ്രശ്നങ്ങളെ സമീപിക്കാന്‍ സംസ്ഥാനത്തെ ഇടതുസര്‍ക്കാര്‍ എന്നാണ്‌ പഠിക്കുക?

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls