|
കമ്യൂണിസ്റ്റ് തുടര്‍ഭരണം ത്രിപുരയെ രാജ്യത്തെ ഏറ്റവും പിന്നാക്കംചെന്ന നാടാക്കി മാറ്റി. റബ്ബര്‍ ബോര്‍ഡ് നല്‍കിയ ഉദാര കാര്‍ഷിക സഹായ പദ്ധതികളിലൂടെ ആ ചെറിയ സംസ്ഥാനത്ത് ജീവിതം പച്ചപിടിച്ചു വരുന്നതിനെക്കുറിച്ചുള്ള അനുഭവ വിവരണം.
ഭാരതീപുരം ശശി ഇന്ത്യയിലെ ചെറിയ സംസ്ഥാനങ്ങളില്‍ ഒന്നായ ത്രിപുര, എന്തുകൊണ്ടും വിഭിന്നമാണ്. ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറന്‍ ഭാഗത്ത് ബംഗ്ലാദേശുമായി ചേര്‍ന്ന് കിടക്കുന്ന ഈ കൊച്ചു സംസ്ഥാനത്തിലെ ജനസംഖ്യ 32 ലക്ഷമാണ്. ഇതില്‍ 31 ശതമാനം പട്ടികജാതിക്കാരും 12 ശതമാനം പട്ടികവര്‍ഗ്ഗക്കാരുമാണ്. നാലുജില്ലകളാണ് ഈ സംസ്ഥാനത്തിനുള്ളത്.2100 മില്ലി മീറ്റര്‍ മഴ ലഭിക്കുന്ന ത്രിപുരയില്‍ 10 ചെറു നദികളും ഏഴോളം ഹില്‍ റെയ്ഞ്ചുകളും ഉണ്ട്. 74 ശതമാനം ജനങ്ങള്‍ സാക്ഷരത നേടിയിട്ടുണ്ടെങ്കിലും, 67 ശതമാനം ജനങ്ങള്‍ ഇന്നും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്ന് കണക്കുകള്‍ പറയുന്നു. ചെറിയ സംസ്ഥാനം എന്ന് ത്രിപുരയെ വിശേഷിപ്പിക്കുമ്പോഴും, ത്രിപുരയുടെ ഭൂപ്രദേശങ്ങളുടെ 73 ശതമാനം കൃഷിയോഗ്യമാണ്. എന്നാല്‍ കേവലം നാലുശതമാനം പ്രദേശത്ത് മാത്രമാണ് ജലസേചന സൗകര്യമുള്ളത്. ഏത് മാനദണ്ഡത്തില്‍ വിലയിരുത്തിയാലും, ത്രിപുര ഇന്ത്യയുടെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ പ്രഥമ സ്ഥാനത്താണ്. ദാരിദ്ര്യമാണ് ഇവിടുത്തെ ആദിവാസികളായ ജനവിഭാഗത്തിന്റെ മുഖ്യപ്രശ്നം. ജാതീയമായി നമ്മുടെ സമൂഹത്തില്‍ അടിഞ്ഞുകൂടിയ അധഃസ്ഥിതാവസ്ഥയുടെ വികൃതമായ മുഖം പൂര്‍ണ്ണമായി തുടച്ചുമാറ്റുവാന്‍ ഇന്നും നമുക്ക് കഴിഞ്ഞില്ലെന്നുവേണം കരുതാന്‍. ഒരുപക്ഷേ അതുകൊണ്ടാവണം ഇവിടുത്തെ സാധുജനങ്ങള്‍ തീവ്രവാദപ്രസ്ഥാനങ്ങളില്‍ ആകൃഷ്ടരായത്. ഭക്ഷണത്തിനും വസ്ത്രത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഇവര്‍ ഏറെ ക്ലേശിച്ചിരുന്നു.വളരെ ശ്രമകരവും ദീര്‍ഘവീക്ഷണപരവുമായ പദ്ധതികളിലൂടെ തീവ്രവാദം പറിച്ചെറിയുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൂട്ടിക്കൊണ്ടുവരുന്നതിനും റബ്ബര്‍ ബോര്‍ഡിന്റെ പരിശ്രമങ്ങള്‍ക്ക് ഫലം കണ്ടുതുടങ്ങിയെന്നുവേണം കരുതാന്‍.
റബ്ബര്‍ ഉല്‍പാദനത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനം കേരളത്തിനും രണ്ടാം സ്ഥാനം ത്രിപുരയ്ക്കുമാണ്. 1963-ല്‍ മണ്ണ് സംരക്ഷണത്തിന്റെ ഭാഗമായിട്ടാണ് ത്രിപുരയില്‍ റബ്ബര്‍ കൃഷി ആരംഭിച്ചത്. ഇപ്പോള്‍ ഇവിടെ 46,588 ഹെക്ടര്‍ പ്രദേശത്ത് റബ്ബര്‍ കൃഷി വ്യാപിപ്പിച്ചിരിക്കുകയാണ്. ഇതില്‍ 23,273 ഹെക്ടര്‍ പ്രദേശത്തുനിന്നും ആദായം കിട്ടിത്തുടങ്ങി. ത്രിപുരയിലെ 46,588 ഹെക്ടര്‍ റബ്ബര്‍ പ്ലാന്റേഷനുകള്‍, 50,000 ചെറുകിട റബ്ബര്‍ കര്‍ഷകരുടെ വകയാണെന്നത് എടുത്തുപറയേണ്ട സംഗതിയാണ്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ത്രിപുര സംസ്ഥാനത്തെ റബ്ബര്‍ കൃഷി നിലവിലുള്ളതിന്റെ ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ റബ്ബര്‍ ബോര്‍ഡ് ആരംഭിച്ചു കഴിഞ്ഞു.
ആദിവാസി വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കിയിട്ടുള്ളതും അവര്‍ക്ക് പൂര്‍ണ്ണ അവകാശമുള്ളതുമായ ഭൂമിയിലാണ് ബ്ലോക്ക് പ്ലാന്റേഷനുകള്‍ നടപ്പാക്കിയിരിക്കുന്നത്. നാടോടി വിഭാഗക്കാരായ 3200 ജുമൈയ്യാ കുടുംബങ്ങളും അവരുടെ 20,000 ആശ്രിതരും ഈ സ്കീമിന്റെ ഗുണഭോക്താക്കളാണ്. ഈ പദ്ധതി വിജയകരമായി നടപ്പാക്കിയതിന്റെ പിന്നില്‍ ത്രിപുര സര്‍ക്കാരും റബ്ബര്‍ ബോര്‍ഡും വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. നടപ്പുവര്‍ഷം 1550 മെട്രിക് ടണ്‍ റബ്ബര്‍ ബ്ലോക്ക് പ്ലാന്റേഷനുകള്‍ മാത്രമായി ഉല്‍പാദിപ്പിച്ചു കഴിഞ്ഞു.ത്രിപുരയില്‍ റബ്ബര്‍ ബോര്‍ഡ് കൈവരിച്ച ഈ നേട്ടങ്ങള്‍ നേരിട്ട് ബോദ്ധ്യപ്പെടുന്നതിനുവേണ്ടിയാണ് ബോര്‍ഡിന്റെ ഒരു സമ്പൂര്‍ണ്ണയോഗം ത്രിപുരയുടെ തലസ്ഥാന നഗരമായ അഗര്‍ത്തലയില്‍ ചേര്‍ന്നത്. അഗര്‍ത്തലയിലേക്ക് യാത്രാസൗകര്യം ഇന്നും പരിമിതമാണ്.
റെയില്‍ ഗതാഗതവും റോഡ് ഗതാഗതവും തികച്ചും അപര്യാപ്തമാണ്. ഇവിടെ ഇന്നു കാണുന്ന റോഡുകളെല്ലാം ബോര്‍ഡര്‍ റോഡ്സ് നിര്‍മ്മിച്ചവയാണ്. കല്‍ക്കത്തയില്‍ നിന്ന് അഗര്‍ത്തലവരെയുള്ള വിമാനങ്ങളാണ് ഇവിടെ എത്താനുള്ള വ്യോമയാന മാര്‍ഗ്ഗം.യാത്ര ക്ലേശകരമാവാം എന്നതുകൊണ്ട് അഗര്‍ത്തലയിലെ ബോര്‍ഡ് യോഗത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നാണ് ആദ്യം തീരുമാനിച്ചത്. ഏതാനും പൊതുമേഖലാ പ്ലാന്റേഷന്‍ കമ്പനികളുടെ ചെയര്‍മാന്‍ എന്നനിലയിലും തോട്ടം മേഖലയിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകന്‍ എന്ന നിലയിലും ഉള്ള അനുഭവസമ്പത്ത് അഗര്‍ത്തലയിലെ ബോര്‍ഡ് യോഗത്തില്‍നിന്ന് മാറി നില്‍ക്കാന്‍ അനുവദിച്ചില്ല. സര്‍വ്വോപരി അഗര്‍ത്തല ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കണമെന്നും ബോര്‍ഡിന്റെ നേട്ടം കണ്ടു ബോദ്ധ്യപ്പെടണമെന്നുമുള്ള ചെയര്‍മാന്‍ സാജന്‍ പീറ്ററിന്റെ അഭ്യര്‍ത്ഥനയും ത്രിപുരയ്ക്ക് പോകാന്‍ പ്രേരകശക്തിയാവുകയായിരുന്നു. നവംബര്‍ 11ന് രാത്രിയില്‍ 8.30ന് ഡല്‍ഹിയില്‍ വിമാനമിറങ്ങിയപ്പോള്‍, കേരള ഹൗസിലെ ഡ്രൈവര്‍ മോഹനന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. അന്ന് രാത്രിയില്‍ വെസ്റ്റേണ്‍ കോര്‍ട്ടില്‍ താമസിച്ച്, അതിരാവിലെ തന്നെ എയര്‍പോര്‍ട്ടിലെത്തി. ആറു മണിക്കുള്ള ഇന്‍ഡിഗോ ബഡ്ജറ്റ് എയര്‍ലൈനില്‍ അഗര്‍ത്തലയ്ക്ക് തിരിച്ചു. കല്‍ക്കത്തയില്‍ ഇറങ്ങിയാണ് വിമാനം അഗര്‍ത്തലയ്ക്ക് പോയത്. ബഡ്ജറ്റ് എയര്‍ലൈന്‍ ആയതിനാല്‍ ലഘുഭക്ഷണമൊന്നും ലഭിക്കുമായിരുന്നില്ല. 50 രൂപാ കൊടുത്ത് വാങ്ങിയ ആപ്പിള്‍ ജ്യോൂസ് വയറ്റില്‍ കോളിളക്കം ഉണ്ടാക്കുകയും ചെയ്തു. രാവിലെ 11 മണിയോടുകൂടി അഗര്‍ത്തലയില്‍ ഇറങ്ങുമ്പോള്‍ അഗര്‍ത്തലയിലെ റബ്ബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കാത്തുനില്‍പുണ്ടായിരുന്നു. ആദ്യമായി എത്തിയ ബോര്‍ഡംഗം എന്ന നിലയിലുള്ള ആതിഥേയത്വം നുകരാനുള്ള ഭാഗ്യവും എനിക്കാണ് ലഭിച്ചത്.
ബാക്കിയുള്ളവര്‍ മുംബൈ വഴി ഉച്ചയ്ക്ക് രണ്ടുമണിക്കാണ് എത്തുക. അഗര്‍ത്തല കേരളത്തിലെ ഒരു ജില്ലാ ആസ്ഥാനത്തിന്റെപോലും സൗകര്യങ്ങളില്ലാത്ത ചെറിയ പട്ടണമാണ്.എയര്‍പോര്‍ട്ടിന് അധികം അകലെയല്ലാതെയുള്ള ജിഞ്ചര്‍ ഹോട്ടലിലാണ് ഞങ്ങള്‍ക്ക് താമസം ഏര്‍പ്പാടാക്കിയിരുന്നത്. അഗര്‍ത്തലയില്‍ ലഭ്യമായ മുന്തിയ ഹോട്ടലായിരുന്നു അത്. എന്നാല്‍ കൊച്ചിയിലെ ഒരു ഇടത്തരം ഹോട്ടലിലെ സൗകര്യങ്ങള്‍ മാത്രം. റൂം സര്‍വ്വീസും മറ്റും അവിടെ സാധാരണമല്ല. ഡൈനിംഗ് ഹാളില്‍ സാധാരണ ഭക്ഷണം. രാവിലെ ചായ കിട്ടാന്‍ എട്ടുമണി.അഗര്‍ത്തല എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങുന്നത് ബംഗ്ലാദേശ് ഗ്രാമങ്ങളുടെ മുകളില്‍ക്കൂടി ഒരു വിഹഗവീക്ഷണത്തിന് അവസരം ഒരുക്കിയാണ്. ടിന്‍ ഷീറ്റുകള്‍ മേഞ്ഞ ചെറിയ വീടുകള്‍, ബംഗ്ലാദേശ് ഗ്രാമങ്ങളുടെ മുഖച്ചിത്രംപോലെ ഏറെ നേരം എന്റെ കണ്ണുകളില്‍ തെളിഞ്ഞുനിന്നു. (തുടരും) |