|
ബിജെപിയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തമ്മിലടി; ആര്‍എസ്‌എസിന്റെ നീക്കം പാളുന്നു |
|
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റിനെ സമവായത്തിലൂടെ തെരഞ്ഞെടുക്കാന്‍ കേന്ദ്രനേതൃത്വം നീക്കം നടക്കുമ്പോള്‍ നേതാക്കള്‍ തമ്മില്‍ പോരുമായി രംഗത്ത്.
ഇതോടെ വി മുരളീധരനെ പ്രസിഡന്റാക്കാന്‍ ആര്‍എസ്‌എസ് നേതൃത്വം നടത്തിവന്ന നീക്കങ്ങളും പാളുകയാണ്. സംസ്ഥാന പ്രസിഡന്റായി താനും മല്‍സരിക്കുന്നുണ്ടെന്ന് മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍ പ്രഖ്യാപിച്ചതാണ് സമവായം ഉണ്ടായിക്കഴിഞ്ഞുവെന്ന് അവകാശവാദം മുഴക്കിയ ബിജെപിക്ക് കനത്ത വെല്ലുവിളിയായിരിക്കുന്നത്. അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരമുണ്ടാവില്ലെന്നാണ് ആര്‍എസ്‌എസിന്റെ ആശിര്‍വാദത്തോടെ രംഗത്തുള്ള വി മുരളീധരന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മത്സരിയ്ക്കുന്നതിന് ആരും രംഗത്തില്ലെന്ന് മുരളീധരന്‍ പറയുന്നത് അദ്ദേഹത്തിന് അക്കാര്യം അറിയാത്തതുകൊണ്ടാണെന്ന് മുകുന്ദന്‍ തിരിച്ചടിച്ചു. മത്സരിയ്ക്കുന്ന കാര്യത്തില്‍ തനിക്ക് അണികളില്‍ നിന്ന് കനത്ത സമ്മര്‍ദ്ദമുണ്ട്. ഇന്ന് ഉച്ചയോടെ ഈ കാര്യത്തില്‍ തീരുമാനമെടുക്കും. ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായ തരത്തിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ പ്രവര്‍ത്തകരുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും. സമവായം ഉണ്ടായെന്ന് പറയുന്നത് ജില്ലാ പ്രസിഡന്റുമാരുടെ കാര്യത്തിലാണ്. ജില്ലാ പ്രസിഡന്റുമാര്‍ക്ക് വോട്ടില്ല. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. ഇവരുടെ മേല്‍ കനത്ത സമ്മര്‍ദ്ദമാണ് ചെലുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കൗണ്‍സില്‍ അംഗങ്ങളുടെ ഒപ്പ് ഒരാളുടെ പേരില്‍ സ്വരൂപിക്കുന്ന പരിപാടിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പി.പി മുകുന്ദന്‍ ആരോപിച്ചു.
ഇതിനിടെ ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാല്‍ ഇക്കുറി നേതൃനിരയില്‍ ഉണ്ടാവില്ലെന്നുറപ്പായി. തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകാത്തതാണ് കാരണം. പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒ രാജഗോപാല്‍ നേതൃനിരയില്‍ നിന്ന് മാറി നില്‍ക്കുന്നത്. കൂടാതെ മറ്റ് ജില്ലകളിലെ നേതാക്കളായ എംടി രമേശ്, രമാരഘുനന്ദന്‍ തുടങ്ങിയവരെയും സംസ്ഥാന കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്തിട്ടില്ല. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് ബിജെപിക്ക് തലവേദനയായിട്ട് മാസങ്ങളായി. നിരവധി തവണ കേന്ദ്ര നേതൃത്വം ഇടപെട്ട് ചര്‍ച്ച നടത്തി. ആര്‍എസ്‌എസ് നോമിനിയായ മുരളീധരനെ പ്രസിഡന്റാക്കുന്നതിന് നീക്കം തുടങ്ങിയപ്പോള്‍ മുതല്‍ കനത്ത എതിര്‍പ്പാണ് പാര്‍ട്ടിയ്ക്കുള്ളില്‍ ഉണ്ടായത്.
ആദ്യം ജനറല്‍ സെക്രട്ടറിയായ എഎന്‍ രാധാകൃഷ്ണനും പിന്നീട് സികെ പത്മനാഭനും ആര്‍എസ്‌എസ് നീക്കത്തിനെതിരേ രംഗത്ത് വന്നിരുന്നെങ്കിലും കനത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്നാക്കം പോകുകയായിരുന്നു. തുടര്‍ന്നാണ് സംഘടനയ്ക്കുള്ളില്‍ അതി നിര്‍ണ്ണായക സ്വാധീനമുള്ള പിപി മുകന്ദനെ തന്നെ രംഗത്തിറക്കുന്നതിന് വിരുദ്ധര്‍ നീക്കം നടത്തുന്നത്. ചൊവ്വാഴ്ചയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുളള നാമനിര്‍ദേശം സമര്‍പ്പിക്കേണ്ട ദിവസം. ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ്. ആര്‍എസ്.എസിന്റെയും കേന്ദ്ര നേതൃത്വത്തിന്റെയും ശക്തമായ പിന്തുണയുളള വി. മുരളീധരന്‍ പ്രസിഡന്റ് ആകാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും അവസാന ഘട്ടത്തിലും കനത്ത എതിര്‍പ്പുണ്ടെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള നീക്കമാണ് മുകുന്ദനീലുടെ ഉണ്ടാവുന്നത്. എതിര്‍പ്പുകള്‍ക്ക് നടുവില്‍ മുരളീധരന്‍ പ്രസിഡന്റായാല്‍ തന്നെ അദ്ദേഹത്തിന് മുന്നില്‍ സംഘടനയെ ഒറ്റക്കെട്ടായി നയിച്ച് കൊണ്ടുപോകല്‍ വലിയ വെല്ലുവിളി തന്നെ അവശേഷിയ്ക്കും. |