|
ഇന്നു മുതല്‍ സ്വകാര്യ ബസ് സമരം |
|
കെ എസ് ആര്‍ ടി സി സൂചനാ പണിമുടക്കും ഇന്ന്
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സ്വകാര്യ ബസ്സുകളും കെഎസ്‌ആര്‍ടിസി സര്‍വീസ്സുകളും പണിമുടക്കും. നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഗതാഗതമന്ത്രി ജോസ് തെറ്റയിലുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സ്വകാര്യ ബസ്സുടമകള്‍ പണിമുടക്കുന്നത്.
അതേസമയം ക്ഷാമബത്ത കുടിശിക അടിയന്തിരമായി വിതരണം ചെയ്യാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് കെഎസ്‌ആര്‍ടിയില്‍ തൊഴിലാളികള്‍ പണിമുടക്കിന് ഇറങ്ങുന്നത്. കെഎസ്‌ആര്‍ടിസിയില്‍ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷനും എഐടിയുസിയുടെ നേതൃത്വത്തിലുള്ള യൂണിയനും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ബിഎംഎസ് യൂണിയന്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ ബസുടമകളുമായും എഐടിയുസി പ്രതിനിധികളുമായും സര്‍ക്കാര്‍ വെവ്വേറെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് ഉറപ്പായത്. സ്വകാര്യ ബസുടമകളുമായി ചര്‍ച്ച നടത്തുന്നതിന് മുന്‍പായി അവരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതി ചര്‍ച്ച നടത്തി ധാരണയിലെത്തി. ഇതിനുശേഷം ഗതാഗതമന്ത്രി ജോസ് തെറ്റയിലിന്റെ ചേമ്പറിലായിരുന്നു ചര്‍ച്ച. വ്യവസായ മന്ത്രി എളമരം കരീം, തൊഴില്‍മന്ത്രി പി.കെ.ഗുരുദാസന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സ്വകാര്യ ബസ്സുടമകള്‍ക്ക് ചര്‍ജ് വര്‍ധന നയപരമായ തീരുമാനമായതിനാല്‍ ഇടതുമുന്നണിയുടെ അംഗീകാരം വേണമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. നിരക്കുവര്‍ധന സംബന്ധിച്ച് പഠിക്കാന്‍ നേരത്തേ നിയോഗിച്ച നാറ്റ്പാക്കിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാമെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് സംയൂക്ത സമരസമിതി പ്രത്യേകം യോഗം ചേര്‍ന്ന് സര്‍ക്കാര്‍ തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്തു. തുടര്‍ന്ന് മന്ത്രിയുടെ ചേമ്പറിലെത്തിയ ബസുടമകള്‍ ഒരു വട്ടം കൂടി ചര്‍ച്ച നടത്തി. ചര്‍ച്ചകളില്‍ സമവായം ഉരുത്തിരിയാത്ത സാഹചര്യത്തില്‍ സമരവുമായി മുന്നോട്ടുപോകുകയാണെന്ന് ബസുടമകള്‍ പ്രഖ്യാപിച്ചു. ചര്‍ച്ചയില്‍ സര്‍ക്കാര്‍ 15 ദിവസത്തെ സാവകാശം ആവശ്യപ്പെട്ടെങ്കിലും സമരസമിതി തളളി. നേരത്തെ നവംബര്‍ 30 ന് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ഡിസംബര്‍ 30 നകം തീരുമാനമെടുക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഈ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ ഇനി കൂടുതല്‍ സാവകാശം നല്‍കാനാവില്ലെന്ന് അവര്‍ പറഞ്ഞു.
ഇതിനിടെ ഇന്ന് നടത്തുന്ന സൂചനാ പണിമുടക്കില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്ന് ടിഡിഎഫ് യൂണിയനും ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ യൂണിയന്‍ പ്രതിനിധികളും വ്യക്തമാക്കി. കുടിശികയുള്ള ഏഴ് ഡിഎകളില്‍ മൂന്നെണ്ണം ഇപ്പോള്‍ നല്‍കുകയും ബാക്കിയുള്ളത് എന്ന് നല്‍കുമെന്നത് തീരുമാനിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ യൂണിയനുകള്‍ സൂചനാ പണിമുടക്ക് നടത്തുന്നത്. പ്രമോഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക, എട്ട് വര്‍ഷമായ എം പാനല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ടുവയ്ക്കുന്നു. അതേസമയം രണ്ടു ഗഡു കുടിശിക മാത്രമേ നല്‍കാന്‍ കഴിയൂവെന്ന് സര്‍ക്കാര്‍ പിടിവാശി കാട്ടുമ്പോഴും സിഐടിയു യൂണിയനുകള്‍ സമരത്തില്‍ നിന്ന് പിന്മാറിയെന്നതാണ് ശ്രദ്ധേയം.
|