കേരളം പിന്നോട്ട്‌-2

Imageലാവ്ലിന്‍ മുതല്‍ പിണറായി വരെ

നിസാര്‍ മുഹമ്മദ്‌

മരുന്നുകള്‍ പര്‍ച്ചേസ്‌ ചെയ്യുന്നതും കാര്യക്ഷമമായി ആസ്പത്രികളിലെത്തിക്കുന്നതും ഇതോടെ അവതാളത്തിലായി.

പകര്‍ച്ചവ്യാധി നിയന്ത്രണ സെല്‍ അടച്ചുപൂട്ടി മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ പ്രവര്‍ത്തിക്കുന്ന എപ്പിഡെമിക്‌ സെല്ലിന്‌ ചുമതല നല്‍കിയതോടെ പകര്‍ച്ചവ്യാധികളെ സംബന്ധിച്ച വിവരങ്ങളും പ്രതിരോധ സംവിധാനങ്ങളും താളംതെറ്റി. അനന്തരം പകര്‍ച്ചവ്യാധി സംബന്ധിച്ച്‌ അനുവദിച്ച ഫണ്ടിന്റെ കണക്കും റിപ്പോര്‍ട്ടും നല്‍കാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പകര്‍ച്ചവ്യാധി നിയന്ത്രണ സംസ്ഥാനങ്ങളുടെ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും കഴിഞ്ഞദിവസം കേരളം പുറത്തായി.മന്ത്രിമാരുടെ കസേരകള്‍ തെറിക്കുന്നതും പുതിയ സ്ഥാനാരോഹണങ്ങള്‍ക്കും കൂടി 2009 വേദിയായി. എന്നാല്‍ വികസന മുരടിപ്പിന്റെ ഉറവിടം തേടിപ്പോയാല്‍ തമ്മിലടിയും തര്‍ക്കങ്ങളും അഴിമതിക്കഥകളും മാത്രം ചര്‍ച്ച ചെയ്യുന്ന ഒരു പാര്‍ട്ടിയും ആ പാര്‍ട്ടി നേതൃത്വം നല്‍കുന്ന മുന്നണിയും ഇനിയും പാഠം ഉള്‍ക്കൊള്ളുന്നില്ലെന്ന വസ്തുത വിസ്മരിക്കാനാവില്ല.


സിപിഎം കേരളഘടകത്തിന്‌ പ്രതിസന്ധിയുടെ കാലമായിരുന്നു 2009. സിപിഎമ്മിന്റെ സ്ഥാപകനേതാക്കളില്‍ പ്രമുഖനായ അച്യുതാനന്ദന്‌ പൊളിറ്റ്‌ ബ്യൂറോ മെമ്പര്‍ സ്ഥാനം നഷ്ടപ്പെട്ടത്‌ സിപിഎം അണികളിലുണ്ടാക്കിയ ഷോക്ക്‌ ചെറുതല്ല. മറ്റൊരു പൊളിറ്റ്‌ ബ്യൂറോ മെമ്പറും സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ ലാവ്ലിന്‍ അഴിമതിക്കേസില്‍ ഏഴാം പ്രതിയായി കോടതിയെ നേരിടുന്നതാണ്‌ അണികളെ കൂടുതല്‍ നടുക്കിയത്‌. അഴിമതിയുടെ കറപുരളാത്ത ഏകപാര്‍ട്ടി എന്ന അവകാശവാദം ഇതോടെ തകര്‍ന്നടിഞ്ഞു. പിണറായി വിജയനെ രക്ഷപ്പെടുത്തുന്നതിനുവേണ്ടി ഭരണയന്ത്രം ദുരുപയോഗിച്ചതും മാധ്യമങ്ങളെയും നീതിന്യായ സംവിധാനങ്ങളെയും നിരന്തരം ഭീഷണിപ്പെടുത്തിയതും ജനങ്ങളില്‍ സിപിഎമ്മിനെതിരായ വികാരം സൃഷ്ടിച്ചു.


പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രതിഫലനമുണ്ടായി. ഏറ്റവുമൊടുവില്‍ നടന്ന മൂന്ന്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ കണക്കുതീര്‍ത്തു. കേരളത്തിലെ ഇടതുമുന്നണി ഭരണത്തിന്റെ സമ്പൂര്‍ണ പരാജയവും പാര്‍ട്ടി സംഘടനയിലെ ഉള്‍പ്പോരുകളും താഴെത്തട്ടുവരെയുള്ള അഴിമതിയും സിപിഎമ്മിനെ തെല്ലൊന്നുമല്ല വലക്കുന്നത്‌.ജനങ്ങളില്‍ നിന്ന്‌ ഒറ്റപ്പെട്ടു എന്ന തിരിച്ചറിവ്‌ സിപിഎം കേന്ദ്രനേതൃത്വത്തെ ശരിക്കും അമ്പരപ്പിച്ചിരിക്കുകയാണ്‌. പാര്‍ട്ടിക്കകത്ത്‌ അഴിമതി ഉള്‍പ്പെടെയുള്ള ഗുരുതരമായ തെറ്റുകള്‍ വ്യാപകമാണെന്ന്‌ തുറന്നുപറയാന്‍ കേന്ദ്ര നേതൃത്വം നിര്‍ബ്ബന്ധിതരായി. മുതലാളിത്ത വ്യവസ്ഥയില്‍ നിന്ന്‌ പടര്‍ന്നുകയറുന്ന ദൂഷ്യങ്ങളെ പ്രതിരോധിക്കുന്നതിന്‌ ഒരു തെറ്റുതിരുത്തല്‍ രേഖ രൂപപ്പെടുത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും നേതൃത്വം നിര്‍ബന്ധിതരായി. 1996-ല്‍ കൊട്ടിഘോഷിച്ച്‌ പാസ്സാക്കിയ തെറ്റുതിരുത്തല്‍ രേഖ പൊടിതട്ടിയെടുത്ത്‌ വീണ്ടും അവതരിപ്പിക്കുകയാണ്‌ കേന്ദ്ര നേതൃത്വം ചെയ്തത്‌.

 

ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കേസില്‍ പ്രതിയായ പിണറായി വിജയനെ പൊളിറ്റ്‌ ബ്യൂറോയില്‍ നിലനിര്‍ത്തിക്കൊണ്ട്‌ കേന്ദ്ര നേതൃത്വം തുടരുന്ന തെറ്റുതിരുത്തല്‍ പാര്‍ട്ടി അണികളിലും ജനങ്ങളിലും പരിഹാസമാണ്‌ ഉണ്ടാക്കിയത്‌. ഇക്കാരണത്താല്‍ തന്നെ തെറ്റുതിരുത്തല്‍ പരിശ്രമങ്ങളൊക്കെ ജലരേഖയാവുമെന്ന്‌ പാര്‍ട്ടി നേതൃത്വത്തിനും അണികള്‍ക്കും ഒരേപോലെ ബോധ്യമായി. സിപിഎമ്മില്‍ നിന്ന്‌ ആശയസമരം നടത്തി പുറത്തുപോയവര്‍ വളരെ മുമ്പേ ഉന്നയിച്ച പ്രശ്നങ്ങള്‍ വസ്തുനിഷ്ഠമായിരുന്നുവെന്നും അവരുടെ വിമര്‍ശനങ്ങള്‍ ശരിയായിരുന്നുവെന്നും പരോക്ഷമായി അംഗീകരിക്കുകയാണ്‌ തെറ്റുതിരുത്തലിലൂടെ സിപിഎം നേതൃത്വം ചെയ്യുന്നത്‌.കൂനിന്‍മേല്‍കുരുവെന്ന പോലെയാണ്‌ സിപിഎമ്മിന്റെ മുന്നണി ബന്ധങ്ങള്‍ സംബന്ധിച്ച്‌ 2009-ലുണ്ടായ പ്രശ്നങ്ങള്‍. തീവ്രവര്‍ഗീയ കക്ഷിയായ പിഡിപിയുമായി കേരള സംസ്ഥാന കമ്മിറ്റി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ്‌ സഖ്യം പാര്‍ട്ടിയെ ശരിക്കും വെള്ളം കുടിപ്പിച്ചു.

 

പാര്‍ട്ടിയുടെ പിബി അംഗവും കേരള മുഖ്യമന്ത്രിയുമായിരുന്ന ഇകെ നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത്‌ ഉള്‍പ്പെടെയുള്ള കേസുകളില്‍ ഉള്‍പ്പെട്ട പിഡിപിക്കാരെ സംരക്ഷിക്കാന്‍ ഈ ഐക്യം പാര്‍ട്ടി നേതൃത്വം മറയാക്കി എന്നതും നിസാരമായി കാണാനാവില്ല.സിപിഎമ്മിന്റെ വിശ്വാസ്യത ജനങ്ങള്‍ക്കിടയില്‍ വന്‍തോതില്‍ നഷ്ടപ്പെടുത്തുകയായിരുന്നു ഇതിലൂടെ സംഭവിച്ചത്‌. ഇടതുപക്ഷ മുന്നണിയുടെ തെരഞ്ഞെടുപ്പ്‌ വിജയസാധ്യതയെപ്പോലും ഈ കൂട്ടുകെട്ട്‌ വന്‍തോതില്‍ ബാധിച്ചു. പിഡിപിയുമായുണ്ടാക്കിയ തെരഞ്ഞെടുപ്പ്‌ സഖ്യം അവസരവാദപരമായതുകൊണ്ട്‌ പാര്‍ട്ടി അണികളില്‍ നിന്നുപോലും നേതൃത്വം ഒറ്റപ്പെട്ടു. പണ്ടേ തന്നെ തകര്‍ന്നുപോയ പിഡിപിക്ക്‌ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ്‌ വിജയത്തിനെ സഹായിക്കാനുമായില്ല. പിഡിപിയുമായി ഉണ്ടാക്കിയ ബന്ധത്തിന്റെ പേരില്‍ ജനതാദളും സിപിഐയും ഐഎന്‍എല്ലും പരസ്യമായി തന്നെ ഇടഞ്ഞു.

 

ഇടതുമുന്നണിയിലെ ഐക്യം താറുമാറായി, പരമ്പരാഗത മതേതര വോട്ടുകള്‍ ഇടതുമുന്നണിക്ക്‌ നഷ്ടമായി. യുഡിഎഫ്‌ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയത്‌ ഇതിന്റെ ഫലമായാണ്‌. 30 കൊല്ലത്തിനിടയില്‍ ഒരിക്കലും തോറ്റിട്ടില്ലാത്ത വടകര പാര്‍ലമെന്റ്‌ മണ്ഡലംപോലും സിപിഎമ്മിന്‌ കൈമോശം വന്നു. കമ്യൂണിസ്റ്റ്‌ പാര്‍ട്ടി 1939ല്‍ രൂപം കൊണ്ട പിണറായി പാറപ്പുറത്തെ ബൂത്തില്‍പോലും ചരിത്രത്തിലാദ്യമായി യുഡിഎഫ്‌ ലീഡ്‌ നേടി. തൊട്ടുപിന്നാലെ നടന്ന കണ്ണൂര്‍ അടക്കമുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ സീറ്റ്‌ പിടിച്ചെടുക്കാന്‍ ഏതറ്റം വരെ പോയിട്ടും സിപിഎമ്മിന്‌ തോറ്റ്‌ നാണം കെടേണ്ടിവന്നു.ദേശീയരാഷ്ട്രീയത്തില്‍ നിന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും ഒരേപോലെ ഒറ്റപ്പെട്ടുകഴിഞ്ഞ സിപിഎമ്മിന്‌ ആഭ്യന്തരമായും ബാഹ്യമായും നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ ഇവിടെ അവസാനിക്കുന്നില്ല.

 

മുതലാളിത്ത വികസനത്തോടുള്ള സമീപനം, വര്‍ഗീയ, രാഷ്ട്രീയത്തോടുള്ള നിലപാട്‌, അഴിമതി അടക്കമുള്ള തിന്മകള്‍ പാര്‍ട്ടി കേഡര്‍മാരെ സ്വാധീനിക്കുന്നതെങ്ങനെ ചെറുക്കാം എന്ന പ്രശ്നം, സംഘടനക്കകത്ത്‌ രൂപപ്പെടുന്ന ഉള്‍പ്പോരുകള്‍, നവലിബറല്‍ സാമ്പത്തിക സമീപനം സ്വീകരിക്കണമെന്ന നേതൃത്വത്തിന്റെ പിടിവാശി ഇതെല്ലാം പാര്‍ട്ടിക്ക്‌ മുന്നിലെ കീറാമുട്ടികളാണ്‌. 2010ല്‍ നടക്കാനിരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന ഭയം ഇപ്പോഴേ നേതൃത്വത്തെ ബാധിച്ചുകഴിഞ്ഞു. ചുരുക്കത്തില്‍ 2009 സിപിഎമ്മിന്റെ തകര്‍ച്ചക്ക്‌ തുടക്കമിട്ട കാലമാണ്‌.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls