|
ജനങ്ങളുടെ പ്രതീക്ഷകളെല്ലാം തകര്‍ത്ത് ഇടതുസര്‍ക്കാര്‍ ആറാട്ട് തുടരുകയാണ്. ഭരണമുന്നണി ഘടകകക്ഷികള്‍ തമ്മിലും മുന്നണിയെ നയിക്കുന്ന സി.പി.എമ്മിലെ നേതാക്കള്‍ തമ്മിലും പോയവര്‍ഷം ഉണ്ടായ താല്‍പര്യ സംഘട്ടനങ്ങള്‍ എല്ലാ മേഖലകളിലും കേരളത്തിന്റെ മേല്‍ഗതിയെ സാരമായി ബാധിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഭക്ഷ്യവിതരണം, ഗതാഗതം, ധനകാര്യ മാനേജ്മെന്റ്, ക്രമസമാധാനം തുടങ്ങിയ രംഗങ്ങള്‍ താറുമാറായി. വികസനമേഖല സ്തംഭിച്ചു. സേവനരംഗം മുരടിച്ചു. ഭരണമുന്നണിയുടെ വൈതാളികരും കങ്കാണികളുമായി ചുറ്റിക്കൂടി നില്‍ക്കുന്ന ഒരുവിഭാഗം ആളുകളുടെ അതിരുവിട്ട അഴിമതികളുടെ കേളീരംഗമായി കേരളം അധഃപതിച്ചു. ഇടതുഭരണത്തെക്കുറിച്ച് ഒരു വിലയിരുത്തല്‍.
നിസാര്‍ മുഹമ്മദ് അടങ്ങാത്ത ജനരോഷവും ഒടുങ്ങാത്ത അഗ്നിപരീക്ഷണങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന ഇടതുസര്‍ക്കാരും ഭരണമുന്നണിയും പ്രത്യാക്രമണത്തിനും പ്രതിരോധത്തിനും വഴിയില്ലാതെ ഒഴിഞ്ഞ ആവനാഴിയുമായാണ് പുതുവര്‍ഷത്തെ വരവേറ്റത്. ജനവിരുദ്ധ നയങ്ങളുടെയും വികസന മുരടിപ്പിന്റെയും ഉത്തരവാദികളായ സംസ്ഥാന സര്‍ക്കാരിന് ജനങ്ങള്‍ വിധിച്ച ശിക്ഷയുടെ മായ്ക്കാനാവാത്ത മുറിപ്പാടുകളാണ് 2009-ല്‍ അവശേഷിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നുണ്ടായ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന നിരവധി ഉപതെരഞ്ഞെടുപ്പുകളിലും പരാജയത്തിന്റെ ആഴങ്ങളിലേക്ക് പതിച്ച ഇടതുമുന്നണിയുടെ കരകയറ്റം അത്രഎളുപ്പമാവില്ലെന്ന് സി.പി.എം മനസ്സിലാക്കുന്നു. ജനങ്ങള്‍ കാത്തിരുന്ന സ്വപ്നപദ്ധതികള്‍ കുഴിച്ചുമൂടിയ ഇടതുസര്‍ക്കാര്‍ പ്രഖ്യാപനങ്ങളിലൂടെ 'വികസനക്കുതിപ്പ്' നടത്തുന്ന കാഴ്ചയാണ് 2009-ന് തിരശ്ശീല വീഴുമ്പോള്‍ കാണുന്നത്. ഭരണത്തിന്റെ ആദ്യനാളുകളില്‍ മുന്‍സര്‍ക്കാരിനെ പഴിചാരിയും സാമ്പത്തികമാന്ദ്യമെന്ന മുറവിളി കൂട്ടിയും അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഒരുവിധം പിടിച്ചുനിന്നു. പക്ഷേ 2009 അവസാനിക്കുമ്പോള്‍ വിലക്കയറ്റത്തിന്റെ തീരാദുരിതം പേറുന്ന ജനങ്ങളുടെ ശാപവാക്കുകളില്‍ എരിഞ്ഞുതീരേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍. 2009-ല്‍ മുന്നണിയിലും സിപിഎമ്മിലും ഏറ്റവും കൂടുതല്‍ ചര്‍ച്ചാ വിഷയമായത് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിലപാടുകള്‍ ആയിരുന്നു. പാര്‍ട്ടിക്കെതിരെയും നേതാക്കള്‍ക്കെതിരെയും കച്ചകെട്ടിയിറങ്ങുന്നുവെന്ന് ധ്വനിപ്പിക്കുകയും തൊട്ടടുത്ത ദിവസം മുട്ടുമടക്കുകയും ചെയ്യുന്ന അച്യുതാനന്ദന്‍, പല വിഷയങ്ങളിലും പറഞ്ഞും തിരുത്തിയും പരിഹാസ്യനായി. ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ കുടുക്കുക എന്ന അജണ്ടയുമായി കളിക്കളത്തിലിറങ്ങിയ മുഖ്യമന്ത്രിക്ക് പാര്‍ട്ടിയുടെ അച്ചടക്കനടപടി നേരിടേണ്ടി വന്നതും പോളിറ്റ് ബ്യൂറോയുടെ പടിയിറങ്ങേണ്ടി വന്നതും കേരളം കണ്ടു. ഏറ്റവും ഒടുവില്‍ പിഡിപി ബന്ധത്തിന്റെ പേരില്‍ പിണറായി വിജയനെതിരെ ഒളിയമ്പുമായി കേന്ദ്രനേതൃത്വത്തിന് കത്തുനല്‍കിയതിലെത്തിയിരിക്കുന്നു വിഎസിന്റെ മായാജാലങ്ങള്‍. സ്വാശ്രയ പ്രശ്നം മുതല്‍ വ്യവസായ ഏകജാലകത്തര്‍ക്കം വരെ നീളുന്നു. ഇടതുമുന്നണിയിലെ പടലപ്പിണക്കങ്ങള്‍. ഏകജാലകത്തിന്റെ പേരില്‍ സിപിഎമ്മിലും സിപിഐയിലും ഉള്‍പ്പാര്‍ട്ടി പോര് നടക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്വീകരിച്ച ധാര്‍ഷ്ട്യത്തിന്റെ പേരില്‍ എംപി വീരേന്ദ്രകുമാറിനെയും അനുയായികളെയും കൂടെനിര്‍ത്താന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞില്ല. ആര്‍എസ്പിയും മുന്നണിയില്‍ ഉടക്കുകക്ഷിയായി തുടരുകയാണ്. മന്ത്രി എന്‍കെ പ്രേമചന്ദ്രനെ പിന്‍വലിക്കുമെന്ന ഭീഷണിയുമായി ഒരുവേള കത്തിനിന്ന ആര്‍എസ്പി പിന്നീട് തണുത്തെങ്കിലും ചന്ദ്രചൂഢന്റെ നാവില്‍ നിന്ന് സര്‍ക്കാരിനും മുന്നണിക്കും കേള്‍ക്കേണ്ടി വരുന്ന പഴി ചെറുതൊന്നുമല്ല. സംസ്ഥാനത്ത് എന്തു നടക്കുന്നുവെന്ന് സര്‍ക്കാരിന് അറിയില്ലെന്നുവരെ പറഞ്ഞുകളഞ്ഞു ചന്ദ്രചൂഢന്‍. ഭരണവിരുദ്ധ വികാരത്തെ പ്രതിരോധിക്കാനുള്ള പരിചയായി കേന്ദ്ര സര്‍ക്കാരിനെ കുറ്റങ്ങള്‍കൊണ്ടു മൂടുമ്പോഴും കഴിഞ്ഞ ഒരു വര്‍ഷത്തെ പദ്ധതികള്‍ കേരളജനതക്ക് എത്രമാത്രം പ്രയോജനപ്പെട്ടു എന്ന ചോദ്യത്തിന് മറുപടി പറയാന്‍ സര്‍ക്കാരിനാവില്ലെന്നതാണ് വസ്തുത. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം ഭരണം പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോഴും വിലക്കയറ്റത്തിന്റെ പേരില്‍ ഒരു സമരത്തിനെ പോലും നേരിടേണ്ടി വന്നിരുന്നില്ല. നിയമസഭയില്‍ അന്നത്തെ പ്രതിപക്ഷം പല വിഷയങ്ങളും ഉന്നയിച്ച് നിരവധി വാക്കൗട്ടുകള്‍ നടത്തി, സഭ സ്തംഭിപ്പിച്ചു. പക്ഷെ അതിലൊന്നും വിലക്കയറ്റം എന്ന ഒരുവാക്കും കേട്ടിരുന്നില്ല. പക്ഷെ ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. ഓരോ വര്‍ഷവും അടിക്കടി വിലക്കയറ്റം. വിലക്കയറ്റം കേരളത്തെ നടുക്കിയ വര്‍ഷമാണ് 2009.
ഓരോ മിനിട്ടിലും ആഗോള വിപണിയെ സ്വര്‍ണ്ണം മുള്‍മുനയില്‍ നിര്‍ത്തിയപ്പോള്‍ കേരളത്തിലെ കമ്പോളത്തില്‍ ഉപ്പുമുതല്‍ കര്‍പ്പൂരം വരെ പൊള്ളുന്ന വില. അപ്പോഴും പതിവു പല്ലവിയുമായി മുഖ്യമന്ത്രിയും മന്ത്രി സി. ദിവാകരനും രംഗത്തെത്തി. എല്ലാം കേന്ദ്രത്തിന്റെ കുഴപ്പമെന്ന് പ്രസ്താവനയിറക്കി സ്വയം വിഡ്ഡിവേഷം കെട്ടി. ഇടക്കിടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ യോഗങ്ങള്‍ ചേര്‍ന്നു. ഉല്‍പ്പാദകരില്‍ നിന്നും പച്ചക്കറിയിനങ്ങള്‍ ശേഖരിക്കാന്‍ ഏജന്‍സികളെ നിയമിച്ചു. സബ് കമ്മിറ്റികള്‍ രൂപീകരിച്ചു പലവട്ടം ചര്‍ച്ച ചെയ്തു. ഓരോ ചര്‍ച്ചകള്‍ക്കുശേഷവും കേന്ദ്രത്തെ പഴിചാരി വാര്‍ത്താക്കുറിപ്പുകളിറക്കി. മലയോര മേഖലകളില്‍ പച്ചക്കറിയിനങ്ങള്‍ കെട്ടിക്കിടന്നിട്ടും കര്‍ഷകനില്‍ നിന്നും അവ ശേഖരിച്ച് പൊതുവിപണിയിലെത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. തക്കാളി കിലോക്ക് ഉല്‍പ്പാദകന് കിട്ടുന്നത് 5 രൂപയാണെങ്കില്‍ പൊതുവിപണിയില്‍ 26 രൂപ കൊടുത്തുവാങ്ങേണ്ട ഗതികേടിലേക്ക് സര്‍ക്കാര്‍ ജനങ്ങളെ വലിച്ചിഴച്ചു. മാവേലി സ്റ്റോറുകളിലും സപ്ലൈകോ വിപണന കേന്ദ്രങ്ങളിലും ആവശ്യത്തിന് സാധനങ്ങള്‍ സ്റ്റോക്കില്ലാതായതോടെ സര്‍ക്കാര്‍ വാഗ്ദാനം പൊള്ളയാണെന്ന് വ്യക്തമായി. സ്വപ്ന പദ്ധതിയായ സ്മാര്‍ട്സിറ്റിയെ കുറിച്ച് പറയാതെ വയ്യ. തറക്കല്ലിട്ട് രണ്ടാം വര്‍ഷം പദ്ധതി ഉപേക്ഷിക്കേണ്ടി വരുന്ന സ്ഥിതി. സ്മാര്‍ട്സിറ്റിയുടെ പ്രായോജകരായ ടീകോമുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളുടെ പരമ്പര ഇപ്പോള്‍ വഴിമുട്ടി നില്‍ക്കുന്നു. ഇനി ഈ ചര്‍ച്ചയ്ക്കായി കേരളത്തിലേക്ക് ഇല്ലെന്ന് ടീകോം തുറന്നുപറഞ്ഞതോടെ സ്മാര്‍ട്സിറ്റി വിഷയത്തില്‍ വികസനം കാത്തിരിക്കുന്ന ഒരു ജനതക്ക് മുന്നില്‍ ഇടതു സര്‍ക്കാര്‍ പരാജയപ്പെട്ടു മുട്ടുമടക്കുന്നതായി. ടീകോമിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പലപ്രാവശ്യം സംശയം പ്രകടിപ്പിച്ച സര്‍ക്കാര്‍, ചര്‍ച്ചകളില്‍ കെട്ടഴിഞ്ഞ വഞ്ചിയുടെ സ്ഥിതിയിലായിരുന്നു. സിപിഎമ്മിലെ ആഭ്യന്തര വട്ടമേശയില്‍ നിന്നും ഒഴിവാക്കപ്പെട്ട അച്യുതാനന്ദന്‍ സ്മാര്‍ട്സിറ്റി നടപ്പിലാക്കി�'സ്മാര്‍ട്'�ആകേണ്ടെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം തീരുമാനിച്ചതിന്റെ തിക്തഫലവും ജനങ്ങള്‍ അനുഭവിക്കേണ്ടിവന്നുവെന്ന് സാരം.
ന്യൂനപക്ഷ സമുദായങ്ങളുടെ പദ്ധതികള്‍ക്ക് ഇന്ത്യയിലെ മേറ്റ്ല്ലാ സംസ്ഥാനങ്ങളും പ്രഥമ പരിഗണന നല്‍കിയപ്പോള്‍ അതിനൊരു അപവാദമായി കേരളം ന്യൂനപക്ഷവിരുദ്ധ അജണ്ട രൂപപ്പെടുത്തിയ ദയനീയ കാഴ്ചയും നമുക്ക് മുന്നിലുണ്ട്. മദ്രസാ അധ്യാപകര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം മുസ്ലിം സമുദായം വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ക്ഷേമനിധി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പുകളില്‍ ഇതൊരു വോട്ടുതേടല്‍ തന്ത്രമായി മുസ്ലിം സമുദായത്തിനിടയില്‍ പ്രചരിപ്പിക്കുകയുമല്ലാതെ മറ്റൊന്നും നടന്നില്ല. സച്ചാര്‍ കമ്മിറ്റിക്ക് മുകളില്‍ പാലോളി കമ്മീഷനെ പ്രതിഷ്ഠിച്ചപ്പോള്‍ തന്നെ പദ്ധതികള്‍ പാളുന്നതിന്റെ സൂചനയുണ്ടായിരുന്നു. ന്യൂനപക്ഷ വകുപ്പ് രൂപീകരിക്കുമെന്ന വാഗ്ദാനം ഇതുവരെ നടപ്പിലാക്കാത്തത് ഇതിന് ഉദാഹരണമാണ്. സെക്രട്ടറിയേറ്റിലെ ഒരു കുടുസുമുറിയിലാണ് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ വികസന സ്വപ്നങ്ങള്‍ കുന്നുകൂടിയിരിക്കുന്നത്.
മൈനോറിറ്റി സെല്‍ എന്നുവിളിക്കുന്ന ഇവിടം സന്ദര്‍ശിച്ചാല്‍ എപ്പോഴും കിട്ടുന്ന മറുപടി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുവെന്നുമാത്രം. സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ പത്തുകോടി രൂപയെക്കുറിച്ച് മന്ത്രി പാലോളി മുഹമ്മദുകുട്ടി എത്ര ആവേശത്തോടെയാണ് പ്രസംഗിക്കുന്നത്. ചൂണ്ടിക്കാണിക്കാന്‍ ഒരു പദ്ധതിപോലുമില്ലെന്നത് യാഥാര്‍ത്ഥ്യം. തീരദേശ മേഖലകളിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹ്യ-സാമ്പത്തിക പുരോഗതി ലക്ഷ്യമിടുന്ന പാക്കേജ് പഴങ്കഥയായി. ഇഴഞ്ഞും വീണും മുന്നോട്ടുപോകുന്നത് കേന്ദ്രഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന സ്കോളര്‍ഷിപ്പ് മാത്രം. അഞ്ച് ജില്ലകളില്‍ സിവില്‍ സര്‍വ്വീസ് പരിശീലന അക്കാദമി സ്ഥാപിക്കുമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ല. ഒരെണ്ണം മാത്രമാണ് സ്ഥാപിക്കാനായത്. ഇത്തരത്തില്‍ ന്യൂനപക്ഷങ്ങളുടെ സാമൂഹ്യപുരോഗതി ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതികള്‍ കേരളത്തിലെത്തിയപ്പോള്‍ അവര്‍ക്ക് സാമൂഹ്യനീതി നിഷേധിക്കലായി രൂപാന്തരപ്പെട്ടുവെങ്കില്‍ അതൊരു ജനാധിപത്യ വ്യവസ്ഥിതിയെ കളങ്കപ്പെടുത്തിയ വീഴ്ചയായി എല്‍.ഡി.എഫിന് പശ്ചാത്തപിക്കേണ്ടിവരും.
യുപിഎ സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു പ്രോജക്ടായി ഇന്ത്യ മുഴുവന്‍ അംഗീകരിക്കപ്പെടുന്ന പദ്ധതിയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി. പ്രതിവര്‍ഷം നൂറ് തൊഴില്‍ദിനങ്ങള്‍ ഒരു വ്യക്തിക്ക് സമ്മാനിക്കുന്ന ഈ പദ്ധതിയെ കേരളത്തിലെ �തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാന�ത്തിന്റെ സര്‍ക്കാര്‍ താറുമാറാക്കി. 2009-10 വര്‍ഷത്തേക്ക് 875 കോടി രൂപ അനുവദിച്ചപ്പോള്‍ കേവലം 98 കോടി മാത്രമാണ് ഇതുവരെ ചെലവഴിക്കാനായത്. ഒരു സിപിഎം പദ്ധതിയായി സാധാരണ ജനങ്ങള്‍ക്കിടയില്‍ തൊഴിലുറപ്പു പദ്ധതിയെ തെറ്റിദ്ധരിപ്പിക്കുക കൂടി ചെയ്തു. ഉല്‍പ്പാദന മേഖലയില്‍ ഇതിന്റെ ഫണ്ട് ഉപയോഗിച്ച് യാതൊരു പ്രവര്‍ത്തനങ്ങളും നടത്തിയില്ലെന്നു മാത്രമല്ല, പശ്ചാത്തല മേഖലയില്‍ തൊഴില്‍ നല്‍കിയിട്ടും റോഡുകള്‍ക്കും തോടുകള്‍ക്കും പുരോഗതിയുണ്ടായതുമില്ല. രണ്ടാം മുണ്ടശ്ശേരിക്ക് 2009 ഉം കഷ്ടകാലമായിരുന്നു.
എംഎ ബേബിയുടെ വികലമായ പരിഷ്ക്കാരങ്ങള്‍ക്കു നേരെ സിപിഐയും മറ്റ് ഘടകകക്ഷികളും ആയുധമെടുത്തപ്പോള്‍ എസ്‌എഫ്‌ഐയുടെ വിപ്ലവ ചിന്തകള്‍ക്കും ചിറകു മുളച്ചു. അവര്‍ ബേബിയെ പരസ്യമായി പഴിചാരിയത് കേരളചരിത്രത്തില്‍ ഒരു മന്ത്രിക്കും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്തവിധം വിഷമവൃത്തം സൃഷ്ടിക്കപ്പെട്ടു.സ്വാശ്രയ മാനേജ്മെന്റുകളുമായുള്ള ചര്‍ച്ചകള്‍ ഒടുവില്‍ വാര്‍ത്തകളേ അല്ലാത്തവിധം അവഗണിക്കപ്പെട്ടു. ചോദ്യപേപ്പറുകളില്‍ കടന്നുകൂടിയ വിവാദങ്ങള്‍ വിദ്യാഭ്യാസ നയത്തിന്റെ വികലമായ ചിന്തകളും അനാസ്ഥയും വെളിച്ചത്താകുവാന്‍ ഇടയാക്കി.ഏറ്റവുമധികം പഴികേള്‍ക്കേണ്ടിവന്ന മന്ത്രിയാരെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം തേടുക പ്രയാസകരം. എങ്കിലും മന്ത്രി പികെ ശ്രീമതിക്ക് തൊട്ടതെല്ലാം പിഴച്ചു. ആ പിഴവുകള്‍ മന്ത്രിയുടെയും സര്‍ക്കാരിന്റെയും തലക്ക് മീതെ ഇപ്പോഴും വലയം വെക്കുന്നു. മെഡിക്കല്‍ കോളജുകള്‍ റഫറല്‍ ആസ്പത്രികളാക്കിക്കൊണ്ടുള്ള തീരുമാനമാണോ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തലാക്കിയ തീരുമാനമാണോ ഏറ്റവും വഷളായത് എന്ന കാര്യത്തില്‍ വിവേചനം വേണ്ട. ഇവ രണ്ടും ആരോഗ്യ വകുപ്പിനെ നാണക്കേടിന്റെ പടുകുഴിയിലെത്തിച്ചു. റഫറല്‍ സംവിധാനം ഏര്‍പ്പെടുത്തി തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ മെഡിക്കല്‍ കോളജുകളിലെ ജീവനക്കാരുടെ കൈക്കൂലി കേസുകള്‍ പുറത്തുവന്നു. എന്‍ആര്‍എച്ച്‌എം ഒരു സമാന്തര ആരോഗ്യവകുപ്പായി പ്രവര്‍ത്തിക്കുന്നുവെന്നും ഫണ്ടുകളെല്ലാം എന്‍ആര്‍എച്ച്‌എമ്മിനാണെന്നുമുള്ള പരാതിയാണ് ആരോഗ്യവകുപ്പിലെ ഉന്നതഉദ്യോഗസ്ഥര്‍ക്ക്. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനാകാതെ ആരോഗ്യവകുപ്പ് പരാജയപ്പെട്ടപ്പോഴും മന്ത്രി ശ്രീമതി സധൈര്യം മുന്നോട്ടുപോയി. സെന്‍ട്രല്‍ പര്‍ച്ചേസിംഗ് കമ്മിറ്റിയെന്ന ഔഷധ വിതരണ സമ്പ്രദായം അവസാനിപ്പിച്ച് മെഡിക്കല്‍ കോര്‍പ്പറേഷന്‍ രൂപീകരിച്ചു. (തുടരും) |