| ശാസ്ത്ര കോണ്‍ഗ്രസ് വീണ്ടും കേരളത്തില്‍ |
|
സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ 97-ാമത് സയന്‍സ് കോണ്‍ഗ്രസ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ഉദ്ഘാടനം ചെയ്യും. ഏഴായിരത്തോളം ശാസ്ത്ര സാങ്കേതിക പ്രതിഭകള്‍ നാലുദിവസം നീളുന്ന സെമിനാറുകളിലും ചര്‍ച്ചകളിലും പങ്കെടുക്കുന്ന ബൃഹത്തായ ഈ പരിപാടി കേരളത്തിലെ പുതിയ തലമുറയുടെ ശാസ്ത്രാവബോധത്തിന് ഉണര്‍വും ഉത്തേജനവും നല്‍കുമെന്ന് പ്രത്യാശിക്കാം. അടിസ്ഥാന ശാസ്ത്ര വിഷയങ്ങളില്‍ നിന്ന് നമ്മുടെ പഠനവ്യവസ്ഥകള്‍ വ്യതിചലിച്ചുകൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭത്തിലാണ് ദേശീയ ശാസ്ത്ര കോണ്‍ഗ്രസ് ഇവിടെ നടക്കുന്നത്. ബി.എസ്സി, എം.എസ്സി കോഴ്സുകള്‍ക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കഴിയാത്തവിധം തൊഴിലധിഷ്ഠിത സാങ്കേതിക പഠനസൗകര്യങ്ങള്‍ വിപുലപ്പെട്ടപ്പോള്‍ ഉപരിവിദ്യാഭ്യാസ രംഗത്ത് സംഭവിച്ച അപചയം ഈ അവസരത്തില്‍ കണക്കിലെടുക്കേണ്ടതാണ്.
എല്ലാ ശാസ്ത്രങ്ങളുടെയും ശാസ്ത്രമായ ഗണിതം പഠിക്കാതെയും പഠിപ്പിക്കാതെയും ഒരു സമൂഹത്തിന് എങ്ങനെ പുരോഗമിക്കാനാകും? അടിസ്ഥാന ശാസ്ത്രവിഷയങ്ങള്‍ക്കൊപ്പം ബയോകെമിസ്ട്രി, ജനിതകശാസ്ത്രം തുടങ്ങി നാനോ ടെക്നോളജി വരെയെത്തുന്ന പുതിയ ശാസ്ത്ര ശാഖകളിലേക്കുള്ള മാര്‍ഗം നമ്മുടെ ചെറുപ്പക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്. അത്തരത്തില്‍ വിപുലമായ അവബോധം ഉണര്‍ത്താന്‍ സയന്‍സ് കോണ്‍ഗ്രസിന് തീര്‍ച്ചയായും കഴിയും. ഏഴായിരം പ്രതിനിധികള്‍ക്കുമാത്രമേ സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അവസരമുള്ളൂ എങ്കിലും അവിടെ നടക്കുന്ന ചര്‍ച്ചകളും പ്രദര്‍ശനങ്ങളും വിപുലമായ മാധ്യമസൗകര്യങ്ങളിലൂടെ ജനങ്ങള്‍ക്കുമുഴുവന്‍ അനുഭവിക്കാവുന്ന തരത്തിലാണ് സംഘാടകര്‍ ഒരുക്കങ്ങള്‍ നടത്തിയിട്ടുള്ളത്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സമ്മേളനത്തിനോ ഒരു അമ്പലത്തിന്റെ പൊങ്കാല പരിപാടിക്കോ നല്‍കുന്നതിലും വലിയ പൊതുപ്രാധാന്യം പൊതുമാധ്യമങ്ങള്‍ എന്നവകാശപ്പെടുന്ന പത്രങ്ങളും ടെലിവിഷനും റേഡിയോ പ്രക്ഷേപണനിലയങ്ങളും ശാസ്ത്രകോണ്‍ഗ്രസിന് നല്‍കിയേക്കാം.
ശാസ്ത്ര ഗവേഷണ രംഗങ്ങളില്‍ ജീവിതം അര്‍പ്പിച്ച് പ്രവര്‍ത്തിക്കുന്ന അനേകം പ്രതിഭകളുള്ള ഒരു രാജ്യമാണ് ഇന്ത്യ. നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞസമൂഹത്തെ ലോകം ഇന്ന് കൗതുകത്തോടെയാണ് കാണുന്നത്. ഊര്‍ജ്ജതന്ത്രത്തിന്റെയും ഗണിതശാസ്ത്രത്തിന്റെയും ലോകോത്തര ഗവേഷണ സ്ഥാപനമായ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ഇന്ത്യയുടെ അഭിമാനസ്ഥാപനമാണ്. 96 വര്‍ഷമായി നടന്നുവരുന്ന ദേശീയ ശാസ്ത്രകോണ്‍ഗ്രസിന് പശ്ചാത്തലമൊരുക്കുമ്പോള്‍ വിപുലമായ ഒരു പാരമ്പര്യവും സംസ്കാരവും ശാസ്ത്രീയരംഗത്ത് ഇന്ത്യയ്ക്കുണ്ട് എന്ന കാര്യം ഓര്‍ക്കേണ്ടതാണ്. അണുവിഘടന വിദ്യയുടെ ഉപജ്ഞാതാവായ കണാദന്‍, ബ്രഹ്മഭട്ടന്‍, ആര്യഭട്ടന്‍, ഭാസ്കരന്‍ തുടങ്ങിയ പൂര്‍വകാല ശാസ്ത്രപ്രതിഭകളെ സ്മരിച്ചുകൊണ്ട് ആധുനിക ഇന്ത്യയുടെ ദീപസ്തംഭങ്ങളെക്കുറിച്ചും ആലോചിക്കണം.
ചെടികള്‍ക്ക് ജീവനുണ്ടെന്ന് ലോകത്തോട് ആദ്യം വിളിച്ചുപറഞ്ഞ ജഗദീഷ് ചന്ദ്രബോസ്, ഐന്‍സ്റ്റീന്‍-ബോസ് സിദ്ധാന്തത്തില്‍ പങ്കാളിയായ സത്യേന്ദ്രനാഥ ബോസ്, വിഖ്യാത അണുശാസ്ത്രജ്ഞനായ ഹോമി ജഹാംഗീര്‍ ഭാഭ, നക്ഷത്രങ്ങള്‍ മരിക്കുകയും ജനിക്കുകയും ചെയ്യുന്നുണ്ടെന്ന് കണ്ടുപിടിച്ച ഡോ. ചന്ദ്രശേഖരന്‍ തുടങ്ങിയവരൊക്കെ നമ്മുടെ ശാസ്ത്ര പാരമ്പര്യത്തിന്റെ ഉജ്ജ്വല മാതൃകകളാണ്. സി.വി രാമന്‍, ഹര്‍ഗോവിന്ദ് ഖൊരാന തുടങ്ങി വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ വരെ എത്തിനില്‍ക്കുന്ന ഇന്ത്യന്‍ ശാസ്ത്രപ്രതിഭകള്‍ ലോകോത്തര സമ്മാനം വഴി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വിഖ്യാതമായ 'ടാക്കിയോണ്‍' സിദ്ധാന്തം വഴി ആധുനിക ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ച മലയാളിയായ ഇ.സി.ജി സുദര്‍ശന്‍ ഉണ്ട്. മിസെയില്‍ സാങ്കേതികവിദ്യ ഉത്ഭവിച്ചത് ടിപ്പു സുല്‍ത്താന്റെ കാലത്ത് ദക്ഷിണേന്ത്യയില്‍ നിന്നുമാണ്. കാര്യക്ഷമമായ നല്ല മിസെയില്‍ നിര്‍മ്മിച്ച് ഫ്രഞ്ച് ഗവണ്‍മെന്റിന് വിറ്റയാളാണ് ടിപ്പു സുല്‍ത്താന്‍.
പുതുയുഗത്തിലേക്ക് വരുമ്പോള്‍ വാര്‍ത്താവിനിമയരംഗത്തും ഐ.ടി മേഖലയിലും ഇന്ത്യയിലെ യുവാക്കള്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന മികവ് നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഗണ്യമായി സഹായിക്കുന്നുണ്ട്. ലോകത്തിന്റെ ഏതെങ്കിലും കോണില്‍നിന്ന് സുവര്‍ണസമ്മാനങ്ങളൊന്നും ലഭിച്ചില്ലെങ്കിലും എത്രയെത്ര ശാസ്ത്ര പ്രതിഭകളാണ് നമ്മുടെ നാട്ടിലും പുറത്തും അത്ഭുതങ്ങള്‍ തീര്‍ത്തുകൊണ്ടിരിക്കുന്നത്. വികസ്വര രാജ്യങ്ങള്‍ പലതവണ ചന്ദ്രനില്‍ ഇറങ്ങിയിട്ടും അവിടെ ജലാംശമുണ്ടെന്ന് കണ്ടുപിടിക്കാന്‍ മലയാളി നിര്‍മിച്ച റോക്കറ്റ് അവിടെയെത്തേണ്ടിവന്നു. ഐ.എസ്.ആര്‍.ഒയുടെ ആ മികവിന്റെ പശ്ചാത്തലത്തിലാണ് സി.എന്‍.ആര്‍ റാവു, ജി. മാധവന്‍നായര്‍, എം.എസ് സ്വാമിനാഥന്‍ തുടങ്ങിയ പ്രമുഖരുടെ നേതൃത്വത്തില്‍ കേരളത്തില്‍ ഇക്കൊല്ലത്തെ ദേശീയ ശാസ്ത്രകോണ്‍ഗ്രസ് അരങ്ങേറുന്നത്. ഡോ. എ.പി.ജെ അബ്ദുള്‍കലാം, എം.ജി.കെ മേനോന്‍, ആര്‍. ചിദംബരം തുടങ്ങിയ പ്രമുഖര്‍ നൂതനമായ ആശയങ്ങള്‍ കൊണ്ട് ഈ മേളയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കും.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് നാളെ തിരുവനന്തപുരത്ത് ആരംഭിക്കുന്നു. 96 വര്‍ഷമായി ദേശീയതലത്തില്‍ കൊല്ലംതോറും നടന്നുവരുന്ന ശാസ്ത്ര കോണ്‍ഗ്രസിന് 20 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കേരളം വീണ്ടും വേദിയാകുന്നത്. 
-°C 