താരങ്ങളുടെ പ്രതിഫലം സിനിമാ നിര്‍മ്മാണത്തിന്‌ തടസ്സമല്ലെന്ന്‌ മോഹന്‍ലാല്‍

Imageതിരുവനന്തപുരം: മലയാള സിനിമയുടെ ബജറ്റ്‌ കുറയ്ക്കണമെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നും താരങ്ങളുടെ പ്രതിഫലം സിനിമാ നിര്‍മ്മാണത്തിന്‌ തടസ്സമല്ലെന്നും മോഹന്‍ലാല്‍.

ഇവിടം സ്വര്‍ഗ്ഗമാണ്‌ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിന്‌ ശേഷം അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം തിരുവനന്തപുരം പ്രസ്ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ലാല്‍. കൂടിയ ബജറ്റില്‍ സിനിമ ചെയ്യണോ വേണ്ടയോ എന്ന്‌ തീരുമാനിക്കേണ്ടത്‌ നിര്‍മ്മാതാക്കളാണ്‌. സംവിധായകന്‍ മനസ്സില്‍ കാണുന്നതെല്ലാം ചിത്രീകരിക്കാനുള്ള ചിലവ്‌ ചിത്രത്തിനുണ്ടാകും. ഗുണമേന്മയുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കണമെങ്കില്‍ ചെലവ്‌ കൂടും. താരങ്ങളുടെ പ്രതിഫലവും സിനിമയുടെ മറ്റ്‌ കാര്യങ്ങളുമായി ബന്ധമില്ല. തിരക്കഥയും സിനിമയെടുക്കുന്ന രീതിയുമാണ്‌ ഒരു ചിത്രത്തിന്റെ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. മലയാള സിനിമ കഴിഞ്ഞ 25 വര്‍ഷമായി മോഹന്‍ലാലിനും മമ്മൂട്ടിക്കും ഇടയില്‍ കിടന്ന്‌ കളിക്കുകയാണെന്ന വാദത്തില്‍ കഴമ്പില്ല.

 

കഴിവില്ലാത്തവര്‍ ഇല്ലാത്തത്‌ കൊണ്ടല്ല, അത്‌ ഞങ്ങളുടെ ഒരു ഭാഗ്യമാണ്‌. തൊണ്ണൂറാമത്തെ വയസ്സിലും ആരോഗ്യം നല്ലതാണെങ്കില്‍ സിനിമയില്‍ ഉണ്ടാവണമെന്നാണ്‌ തന്റെ ആഗ്രഹം. അന്ന്‌ ആരെങ്കിലും ഒരു വേഷം തന്നാല്‍ അഭിനയിക്കുന്നതില്‍ നിന്ന്‌ നിങ്ങള്‍ വിലക്കരുതെന്നും ലാല്‍ പറഞ്ഞു.
ഉത്സവ സീസണുകളില്‍ മലയാളസിനിമകള്‍ പുറത്തിറങ്ങുന്ന സമയത്ത്‌ അന്യഭാഷാചിത്രങ്ങള്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ നിര്‍മ്മാതാക്കള്‍ കൂട്ടായി പരിശ്രമിക്കണം. മാതൃഭാഷയിലുള്ള ചിത്രങ്ങളിറങ്ങുമ്പോള്‍ പല സംസ്ഥാനങ്ങളിലും അന്യഭാഷാ ചിത്രങ്ങള്‍ റിലീസ്‌ ചെയ്യാന്‍ അനുവദിക്കാറില്ല. എന്നാല്‍ തനിക്ക്‌ പോയി ഇത്തരം സിനിമകള്‍ റിലീസ്‌ ചെയ്യരുതെന്ന്‌ പറയാനാവില്ല. ഇതിന്‌ നിര്‍മ്മാതാക്കള്‍ കൂട്ടായി പരിശ്രമിക്കണം.

 

താന്‍ എന്ത്‌ പ്രതിഫലം വാങ്ങണമെന്നത്‌ തന്റെ തീരുമാനമാണ്‌. താരങ്ങള്‍ ഏറ്റവും കുറച്ച്‌ പ്രതിഫലം വാങ്ങുന്നത്‌ മലയാളസിനിമയിലാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഫാന്‍സ്‌ അസോസിയേഷന്‍ കൊണ്ട്‌ തനിക്ക്‌ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല. ഫാന്‍സുകാര്‍ പിന്തുണച്ചതു കൊണ്ട്‌ മാത്രം കാര്യമില്ല, നല്ല സിനിമ ചെയ്യുന്നു എന്നതാണ്‌ കാര്യം. തന്റെ തുടക്കത്തില്‍ നല്ല സംവിധായകരുടെ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്‌ സാധിക്കുമായിരുന്നു. അതുകൊണ്ട്‌ തന്നെ ഓരോ വര്‍ഷവും 32 ചിത്രങ്ങള്‍ വരെ പുറത്തിറക്കിയിട്ടുണ്ട്‌. പിന്നീട്‌ നല്ല കഥാപാത്രങ്ങള്‍ കുറഞ്ഞതിനാലാണ്‌ തന്റെ ചിത്രങ്ങളുടെ എണ്ണവും കുറഞ്ഞത്‌. പുതിയ സംവിധായകരിലൂടെ വീണ്ടും മലയാള സിനിമയില്‍ മാറ്റങ്ങള്‍ വരികയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

 

എറണാകുളത്ത്‌ നടന്ന ഒരു യഥാര്‍ഥ സംഭവവും തന്റെ ജീവിതാനുഭവങ്ങളും ചേര്‍ത്താണ്‌ ഇവിടം സ്വര്‍ഗ്ഗമാണ്‌ എന്ന ചിത്രം ഒരുക്കിയതെന്ന്‌ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്‌ പറഞ്ഞു. തന്റെ അഛന്‍ കേരള ഫിനാന്‍സ്‌ കോര്‍പറേഷനില്‍ നിന്നും 30 ലക്ഷം കടമെടുത്ത്‌ പിന്നീട്‌ 20 വര്‍ഷം കഴിഞ്ഞാണ്‌ ഒന്നരക്കോടി രൂപ പലിശയായെന്ന്‌ കോര്‍പറേഷന്‍ അറിയിക്കുന്നത്‌. അതിനിടയില്‍ വീടും ജപ്തി ചെയ്തു. പക്ഷേ വെറും 50000 രൂപ കൊടുത്ത്‌ താന്‍ കടം വീട്ടി. ഇത്തരത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും തിക്താനുഭവങ്ങള്‍ നേരിടേണ്ടി വന്ന ഒരു സാധാരണക്കാരന്റെ കഥയാണ്‌ ഇവിടം സ്വര്‍ഗ്ഗമാണെന്നും റോഷന്‍ ആന്‍ഡ്രൂസ്‌ പറഞ്ഞു. മുഖാമുഖത്തില്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത്‌ ജയിംസ്‌ ആല്‍ബര്‍ട്ട്‌, നിര്‍മ്മാതാവ്‌ ആന്റണി പെരുമ്പാവൂര്‍, നടി പ്രിയങ്ക, നടന്‍ ശങ്കര്‍ പങ്കെടുത്തു.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls