|
കേരളീയരുടെ മദ്യാസക്തി ആശങ്കാജനകമാണെന്ന് രാഷ്ട്രപതി പ്രതിഭാ ദേവീസിംഗ് പാട്ടീല്‍ കഴിഞ്ഞദിവസം കൊച്ചിയില്‍ പറഞ്ഞു. സാക്ഷരതയിലും സാമൂഹിക പരിഷ്കരണത്തിലും മുന്നില്‍നില്‍ക്കുന്ന ഒരു സംസ്ഥാനത്ത് മദ്യപാനശീലം വര്‍ധിച്ചുവരുന്നതില്‍ ശ്രീമതി പാട്ടീല്‍ വിസ്മയം പ്രകടിപ്പിക്കുകയും ചെയ്തു.
പുരുഷന്‍മാരുടെ മദ്യപാനശീലത്തിന്റെ പ്രധാന ഇരകള്‍ വീട്ടിലെ സ്ത്രീകളും കുട്ടികളുമാണ്. എന്നാല്‍ മദ്യപാനം കുടുംബത്തെ മാത്രമല്ല, വ്യക്തിയെയും സമൂഹത്തെയും ഒന്നാകെ തകര്‍ക്കുന്നു. സമൂഹത്തില്‍ ഇന്നുകാണുന്ന ദുഷ്പ്രവണതകള്‍ പലതും അമിതമായ മദ്യപാനത്തിന്റെ പരിണിതഫലമാണെന്ന് കാണാന്‍ വിഷമമില്ല. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസപരമായും സാംസ്കാരികമായും മുന്നിട്ടുനില്‍ക്കുന്ന ഒരു സമൂഹത്തില്‍ വ്യക്തിയുടെ ദുശ്ശീലമായി വളര്‍ന്നുവന്ന മദ്യപാനം വലിയൊരു സാമൂഹിക തിന്മയായി മേറ്റ്ങ്ങുമില്ലാത്തവിധം ആഴത്തില്‍ വേരുറപ്പിച്ചിരിക്കുന്നു. കേരളം നേരിടുന്ന ഏറ്റവും വിപല്‍ക്കരമായ പ്രശ്നം അഴിമതിയോ കൊലപാതകമോ റോഡ് അപകടമോ തീവ്രവാദമോ അല്ല. ഈ വിപത്തുകള്‍ക്കെല്ലാം പ്രേരകമാംവിധം കേരളം നേരിടുന്ന ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം മദ്യത്തിന്റെ അനിയന്ത്രിതമായ വ്യാപനമാണ്. ഉപയോഗിക്കരുത് എന്ന് ഉപദേശിച്ചുകൊണ്ട് സര്‍ക്കാര്‍ തന്നെ കവലകള്‍ തോറും വില്‍പ്പനകേന്ദ്രങ്ങള്‍ തുറന്ന് മദ്യം പ്രചരിപ്പിക്കുന്നു. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക മേഖലകളെ അവിഹിതമായി സ്വാധീനിക്കുന്ന ഒരു സമാന്തര പണശക്തിയായി മദ്യം വളര്‍ന്നിട്ടുണ്ട്. ഭരണകൂടങ്ങളെപ്പോലും രാഷ്ട്രീയ ചിന്താവ്യവസ്ഥകള്‍ക്ക് അതീതമായി സ്വാധീനിച്ച് കീഴ്പ്പെടുത്തുന്ന ദുഷ്ടശക്തിയാണ് കേരളത്തിലെ അബ്കാരി രംഗം. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും കാണാത്തവിധം പ്രായവ്യത്യാസമില്ലാതെ മലയാളികള്‍ മദ്യത്തെ അമിതമായി ആശ്രയിക്കുന്നതിന്റെ മനഃശാസ്ത്രപരമായ കാരണങ്ങളിലേക്കൊന്നും ആരും വേണ്ടവിധം ഇറങ്ങിച്ചെന്നിട്ടില്ല.
കേരളത്തിലെ സര്‍ക്കാര്‍ ഖജനാവ് നിലനിര്‍ത്തിയിരിക്കുന്നത് മദ്യത്തിന്റെയും പെട്രോളിയം ഉല്‍പന്നങ്ങളുടെയും നികുതി വരുമാനത്തിലാണ്. മനുഷ്യശരീരത്തിന് യാതൊരു ഗുണവും ചെയ്യാത്ത ആല്‍ക്കഹോള്‍ എങ്ങനെ ബുദ്ധിശാലികളെന്ന് ഭാവിക്കുന്ന മലയാളികളുടെ ഇഷ്ടപാനീയമായി തീര്‍ന്നു എന്നറിയില്ല. മുമ്പൊക്കെ പരസ്യമായി മദ്യപിക്കുന്നതും മദ്യപനെന്ന് മറ്റുള്ളവര്‍ അറിയുന്നതും നാണക്കേടായി ആളുകള്‍ കരുതിയിരുന്നു. തലയില്‍ മുണ്ടിട്ട് മദ്യശാലയില്‍ കയറുന്ന 'മാന്യന്മാര്‍' ആയിരുന്നു ഏറെ. ഇപ്പോള്‍ മദ്യപര്‍ക്കിടയില്‍ അത്തരം സങ്കോചമൊന്നുമില്ല. സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ള മദ്യശാലകള്‍ക്കും ബാര്‍ ഹോട്ടലുകള്‍ക്കും പുറത്ത് പൊതുസ്ഥലത്തുവെച്ചു പരസ്യമായി മദ്യപിക്കുന്നവരെ പൊലീസുകാര്‍ ചോദ്യം ചെയ്യുന്നില്ല. അത്രയേറെ അനുവദനീയവും സാര്‍വ്വത്രികവുമായി തീര്‍ന്ന ഈ ദുശീലം കേരളീയ യുവത്വത്തെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം മദ്യപിച്ച് വഴക്കുണ്ടാക്കിയതിന് പൊലീസ് പിടികൂടിയ ഒരു കൗമാരപ്രായക്കാരന്‍ കിണറ്റില്‍വീണ് മരിച്ച വാര്‍ത്ത ചിലരെങ്കിലും ശ്രദ്ധിച്ചിരിക്കും. പൊലീസ് കസ്റ്റഡിയിലിരിക്കെ അയാള്‍ എങ്ങനെ കിണറ്റില്‍ വീണുമരിച്ചു എന്നതിലായിരുന്നു വാര്‍ത്തയുടെ ഊന്നല്‍. എന്നാല്‍ മരണമടഞ്ഞ വ്യക്തിയുടെ പ്രായം ശ്രദ്ധിച്ചവര്‍ ഞെട്ടിപ്പോയിട്ടുണ്ടാകണം. പതിനെട്ടാം വയസ്സില്‍ മദ്യപിച്ച് ബഹളം കൂട്ടി പൊലീസ് പിടിയിലാവുകയും ദുരൂഹസാഹചര്യത്തില്‍ മരിക്കുകയും ചെയ്യുന്നു. കോളജ് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല ഹൈസ്കൂള്‍ കുട്ടികള്‍ പോലും പതിവായി മദ്യപിക്കുന്ന നാടാണ് കേരളമെന്ന യാഥാര്‍ത്ഥ്യം നമ്മുടെ സാമൂഹിക ചിന്തകരെ ഒന്നും അലട്ടുന്നില്ല. പുകവലി നിരോധിക്കാന്‍ കോടതിയെ സമീപിച്ച സുമനസ്സുകളുടെ നാടാണ് കേരളം. അന്യന്റെ പുകവലി തന്റെ ആരോഗ്യത്തിനും ഹാനികരമായതുകൊണ്ടാകാം ആ പൊതുശല്യത്തില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ ഒരാള്‍ പൊതുതാല്‍പര്യ ഹര്‍ജിയുമായി കോടതിയിലെത്തിയത്. വ്യക്തിയുടെ മദ്യപാനശീലം നേരിട്ട് അന്യര്‍ക്ക് ദോഷമുണ്ടാക്കുന്നില്ലെങ്കിലും അടിക്കടി സാംക്രമികരോഗം പോലെ പടരുന്ന ഈ ദുശ്ശീലം സമൂഹത്തിന്റെ പൊതുസ്ഥിതിക്ക് വന്‍ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. മദ്യപന്‍മാരെ സമൂഹം വെറുക്കുന്നുണ്ട്. സ്ഥിരം മദ്യപാനിയെ ഭര്‍ത്താവായി സ്വീകരിക്കാന്‍ ഒരു സ്ത്രീയും ഇഷ്ടപ്പെടില്ല. പക്ഷേ എന്നിട്ടും നമ്മുടെ ചെറുപ്പക്കാര്‍ ഏതോ മഹാമേരുവിനെ കീഴടക്കുന്ന ആവേശത്തില്‍ മദ്യലഹരിയില്‍ കൂട്ടത്തോടെ ചെന്ന് വീണടിയുകയാണ്. പടിഞ്ഞാറന്‍ നാട്ടില്‍നിന്ന് വന്ന ഒരു ദുശ്ശീലമായി മദ്യപാനത്തെ കാണുന്നവരുണ്ട്. 'സോഷ്യല്‍ ഡ്രിങ്കര്‍' എന്ന പ്രയോഗത്തിലൂടെ മദ്യപാനത്തിന് സാമൂഹിക അംഗീകാരം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ എന്നും ഒരു ന്യൂനപക്ഷമാണ്. വ്യക്തിബന്ധങ്ങള്‍ അരക്കിട്ടുറപ്പിക്കാന്‍ സാമൂഹികമായ ഒത്തുചേരലിന് ഉല്ലാസവേളകളില്‍ ചെറിയതോതില്‍ മദ്യപിക്കുന്നത് പടിഞ്ഞാറന്‍ ജീവിതരീതിയുടെ അനുകരണത്തില്‍ നിന്ന് നമ്മുടെ നാട്ടിലെ ചിലര്‍ക്കും പകര്‍ന്നുകിട്ടി. കഠിനമായ തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ആഹാരം പോലെ മഞ്ഞുദേശവാസികള്‍ക്ക് അല്‍പം മദ്യം അനുപേക്ഷണീയമാണ്. അത് ഒരു മേന്‍മയായി ഉഷ്ണമേഖലാ പ്രദേശത്ത് കഠിനമായ ചൂടിനോട് മല്ലിട്ട് വസിക്കുന്ന ചില ബുദ്ധിശൂന്യന്മാരായ മലയാളികള്‍ കരുതിയിരിക്കാം. അവരെ അന്ധമായി അനുകരിച്ച് ശീലിച്ച് വളര്‍ത്തിയെടുത്ത വിപല്‍ക്കരമായ ഒരു ദുര്‍വാസനയുടെ ഇരകളാണ് മദ്യപാനികളായ മലയാളികള്‍.
രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചതുപോലെ കേരളത്തിലെ ഏറ്റവും വലിയ ഈ വിപത്ത് എങ്ങനെ അവസാനിപ്പിക്കാനാവും? ഏതായാലും നമ്മുടെ നാട് ഭരിക്കുന്നവരില്‍ നിന്ന് ആ നന്മ പ്രതീക്ഷിക്കാന്‍ ഇന്നത്തെ നിലയില്‍ ആര്‍ക്കുമാവില്ല. |