| മഅ്ദനി ബന്ധം സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കും |
|
കോഴിക്കോട് നഗരത്തില്‍ നടന്ന ഇരട്ട സ്ഫോടനങ്ങള്‍ സംബന്ധിച്ച രണ്ട് കേസുകള്‍, കളമശ്ശേരിയില്‍ ബസ് കത്തിച്ച സംഭവം, കാശ്മീരിലേക്ക് കേരളത്തില്‍ നിന്ന് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത സംഭവം, വാഗമണ്‍-പാനായിക്കുളം സിമി ക്യാമ്പുകള്‍ എന്നിവയെപ്പറ്റിയാണ് എന്‍.ഐ.എ അന്വേഷണം ആരംഭിക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സി ഇക്കൊല്ലം നിലവില്‍വന്ന കുറ്റാന്വേഷണ വിഭാഗമാണ്. കേരളത്തില്‍ മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ പലതും നടന്നിട്ട് നാലഞ്ചുവര്‍ഷങ്ങളാകുന്നു. എങ്കിലും ആ കുറ്റകൃത്യങ്ങളുടെ വ്യാപ്തിയും ഗൗരവസ്വഭാവവും തിരിച്ചറിഞ്ഞ് ശരിയായ രീതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ കേസുകളില്‍ ഉള്‍പ്പെട്ട ചിലര്‍ക്ക് ഇടതുമുന്നണിയെ നയിക്കുന്ന സി.പി.എമ്മുമായുള്ള അവിശുദ്ധ രാഷ്ട്രീയബന്ധമാണ് ദേശരക്ഷയെ ബാധിക്കുന്ന സുപ്രധാനമായ ഈ സംഭവങ്ങളെക്കുറിച്ച് ശരിയായ അന്വേഷണം നടത്താന്‍ തടസ്സമായിത്തീര്‍ന്നത്.
ദേശീയ അന്വേഷണ ഏജന്‍സി കളമശ്ശേരി കേസും കാശ്മീര്‍ റിക്രൂട്ട്മെന്റ് സംഭവവും ഏറ്റെടുത്തവാര്‍ത്ത ഇന്നലെ പുറത്തുവന്നപ്പോള്‍തന്നെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രതിഷേധപൂര്‍വം രംഗത്തുവന്നകാര്യം ശ്രദ്ധേയമാണ്. സംസ്ഥാനത്തെ അറിയിക്കാതെയാണ് കേന്ദ്ര ഏജന്‍സി കേരളത്തില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തുന്നു. കേരളത്തെ ഇരുട്ടില്‍നിര്‍ത്തി കേന്ദ്രം നടത്തുന്ന ഈ നടപടി ഫെഡറല്‍ സംവിധാനത്തിന് ഭീഷണിയാണെന്നും മന്ത്രി പറയുന്നു. 2009ല്‍ രൂപംകൊണ്ട എന്‍.ഐ.എ അതിനുമുമ്പുള്ള കേസുകള്‍ അന്വേഷിക്കുന്നത് ചട്ടവിരുദ്ധമാണെന്നൊരു തടസ്സവാദവും മന്ത്രി മുന്നോട്ടുവയ്ക്കുന്നുണ്ട്. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസുകള്‍ സംസ്ഥാനമറിയാതെ വീണ്ടും കേന്ദ്രഏജന്‍സി അന്വേഷിക്കാന്‍ ഇടയായത് എന്തെന്ന് പൊലീസ് ഭരണത്തിന്റെ തലപ്പത്തിരിക്കുന്ന മന്ത്രി സാവകാശം ആലോചിക്കണം.
ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുന്നു എന്നുകേട്ടപ്പോള്‍ വെറളിപിടിച്ച മന്ത്രി സി.പി.എം അകപ്പെട്ടിരിക്കുന്ന അന്തരാളഘട്ടത്തെക്കുറിച്ചാണ് അമ്പരപ്പോടെ പ്രതികരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ വിഷമമില്ല. സംസ്ഥാനത്തെ ഇരുട്ടില്‍ നിര്‍ത്തി എന്ന പ്രയോഗത്തിലൂടെ ഭരണമുന്നണിയെ നയിക്കുന്ന പാര്‍ട്ടിയുടെയും ഇത്രകാലവും നിയമവ്യവസ്ഥയെ പരിഹസിച്ചുപോരുന്ന പൊലീസിന്റെയും ദയനീയാവസ്ഥ ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളു. ദേശീയ സുരക്ഷാ പ്രശ്നങ്ങളില്‍ എന്‍.ഐ.എയ്ക്ക് ഇടപെടാന്‍ സംസ്ഥാനത്തിന്റെ പ്രത്യേക അനുമതി ആവശ്യമില്ല. അന്വേഷണ ഏജന്‍സി നിലവില്‍വന്നതിനുശേഷം മാത്രമുള്ള സംഭവങ്ങളേ അന്വേഷിക്കാവൂ എന്ന മന്ത്രിയുടെ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. കുറ്റകൃത്യം നടന്നതിനുശേഷമാണ് പ്രത്യേക കുറ്റാന്വേഷണ ഏജന്‍സികളെ നിയോഗിക്കുന്നതെന്ന കാര്യം പോലും ആഭ്യന്തരമന്ത്രി മറന്നുപോയത് കഷ്ടം. കേരളത്തിലെ പൊലീസ് ഇത്രകാലവും അടയിരുന്ന കുറ്റകൃത്യങ്ങളുടെ ഫയലുകളാണ് ദൂരെയെറിഞ്ഞിട്ട് കേന്ദ്രഏജന്‍സി പുനരന്വേഷണം നടത്താന്‍ പോകുന്നത്.
കോഴിക്കോട് സ്ഫോടനങ്ങളും വാഗമണ്‍-പാനായിക്കുളം രഹസ്യക്യാമ്പുകളും കളമശ്ശേരി ബസ് കത്തിക്കലും അന്വേഷിക്കുന്നതില്‍ കേരളത്തിലെ പൊലീസ് ആരുടെയോ സമ്മര്‍ദ്ദത്തിന് വിധേയമായി ഉഴപ്പുകയായിരുന്നു. കളമശ്ശേരി സംഭവത്തിലെ പത്താം പ്രതിയെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്ന സൂഫിയാ മഅ്ദനിയെ അറസ്റ്റുചെയ്യാന്‍ നാലരക്കൊല്ലം എടുത്തു. ഹൈക്കോടതി അതേക്കുറിച്ച് നടത്തിയ നിരീക്ഷണം സംസ്ഥാന ആഭ്യന്തരവകുപ്പിന് എതിരായ വിമര്‍ശനമായി കരുതണം. കേരളത്തില്‍ നടന്ന എല്ലാ തീവ്രവാദ സ്വഭാവമുള്ള സംഭവങ്ങളിലും ഉള്‍പ്പെട്ട ലഷ്കര്‍-ഇ-തൊയ്ബ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ ടി. നസീര്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നുപോയി എന്ന വിവരം സംസ്ഥാന ആഭ്യന്തരവകുപ്പ് അറിഞ്ഞതായിപ്പോലും നടിച്ചില്ല. എന്നാല്‍ അയാള്‍ ബംഗ്ലാദേശിലേക്ക് കടന്നു എന്നകാര്യം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമായ 'റാ'യെ അറിയിച്ചത് കേരളമാണെന്ന് ആഭ്യന്തരമന്ത്രി കളവുപറഞ്ഞു.
മന്ത്രി കോടിയേരി പറഞ്ഞത് കളവാണെന്ന് തിരുവനന്തപുരത്തെ ഒരു അഭിഭാഷകന്‍ വിവരാവകാശ നിയമപ്രകാരം ആഭ്യന്തരവകുപ്പിനോട് രേഖ ആവശ്യപ്പെട്ട് തെളിയിക്കുകയുണ്ടായി. രാജ്യരക്ഷാ പ്രശ്നങ്ങളില്‍ മന്ത്രിയുടെ നിലപാട് ഇതാണെങ്കില്‍ അദ്ദേഹത്താല്‍ നയിക്കപ്പെടുന്ന പൊലീസിന്റെ അവസ്ഥ എത്ര ദയനീയമായിരിക്കും. ബാംഗ്ലൂര്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലൂടെ പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കേരളാ പൊലീസിന് കൂടുതല്‍ നാണക്കേടുണ്ടാക്കുമെന്ന് വന്നപ്പോഴാണ് തിടുക്കത്തില്‍ കളമശ്ശേരി കേസ് പൊടിതട്ടിയെടുത്തതും സൂഫിയാ മഅ്ദനിയെ അറസ്റ്റുചെയ്ത് നാടകം കാട്ടി ജാമ്യം ലഭിക്കത്തക്കവിധം പ്രോസിക്യൂഷന്‍ ദുര്‍ബലവാദങ്ങളുമായി കോടതിയിലെത്തിയതും.
കേന്ദ്ര അന്വേഷണ ഏജന്‍സി കേരളത്തിലെ ഭീകരവാദ സംഭവങ്ങള്‍ ഏറ്റെടുത്താല്‍ ആഭ്യന്തരവകുപ്പും സി.പി.എം ഔദ്യോഗികവിഭാഗവും പ്രതിക്കൂട്ടിലാകുമെന്ന അങ്കലാപ്പാണ് മന്ത്രി കോടിയേരിയുടെ പ്രതിഷേധത്തില്‍ പ്രതിധ്വനിക്കുന്നത്. മഅ്ദനി-മാര്‍ക്സിസ്റ്റ് ബന്ധത്തിന്റെ ഇരുള്‍ഗര്‍ത്തങ്ങളിലേക്ക് വരുംനാളുകളില്‍ അന്വേഷണത്തിന്റെ വെളിച്ചമെത്തും എന്ന് സി.പി.എം ഭയപ്പെടുന്നു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ദേശീയ സുരക്ഷയെ ബാധിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സി (എന്‍.ഐ.എ) കേരളത്തില്‍ നടന്ന ആറ് സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. 
-°C 