|
കൊല്ലം/കൊച്ചി: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ജയ്ഹിന്ദ് ടി.വി സീനിയര്‍ ന്യൂസ് എഡിറ്ററുമായ സി. ശങ്കരനാരായണന്‍ (45) അന്തരിച്ചു. കൊല്ലത്തിന് സമീപം പട്ടംതുരുത്തില്‍ തീവണ്ടിയില്‍നിന്ന് തെറിച്ചുവീണായിരുന്നു മരണം.
സംസ്കാരം ചിറങ്ങരയിലെ വീട്ടുവളപ്പില്‍ നടത്തി. കൊരട്ടി ചിറങ്ങര തെക്കേടത്ത് കേശവ മന്ദിരത്തില്‍ പരേതനായ പി.കെ. കേശവന്‍ നായരുടേയും സരസ്വതിയമ്മയുടെയും മകനാണ്. ഭാര്യ: പി.എസ്.ഗീത (എസ്.ബി.ടി കറുകുറ്റി). മക്കള്‍: ശ്രീഹരി (എട്ടാം ക്ലാസ് വിദ്യാര്‍ഥി, വിശ്വജ്യോതി പബ്ലിക് സ്കൂള്‍, അങ്കമാലി), ശ്രീരാജ് (നാലാം ക്ലാസ് വിദ്യാര്‍ഥി, വിശ്വജ്യോതി പബ്ലിക് സ്കൂള്‍, അങ്കമാലി). പട്ടംതുരുത്ത് ഇടച്ചാല്‍ പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഔദ്യോഗിക മീറ്റിംഗില്‍ പങ്കെടുത്തശേഷം വീഡിയോഗ്രാഫര്‍ക്കൊപ്പം അമൃത എക്സ്പ്രസ്സില്‍ എറണാകുളത്തേക്ക് മടങ്ങുംവഴിയായിരുന്നു അപകടം. ട്രെയിന്‍ കായംകുളത്ത് എത്തിയപ്പോഴാണ് ശങ്കരനാരായണനെ കാണാതായതായി വീഡിയോഗ്രാഫറുടെ ശ്രദ്ധയില്‍പ്പെട്ടത്. പട്ടംതുരുത്തില്‍ കണ്ടെത്തിയ മൃതദേഹത്തിലുണ്ടായിരുന്ന ഐഡന്റിറ്റി കാര്‍ഡാണ് തിരിച്ചറിയാന്‍ സഹായിച്ചത്. കിഴക്കേകല്ലട പോലീസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം മൃതദേഹം ആലപ്പുഴ മെഡിക്കല്‍കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. 'മാതൃഭൂമി'യിലൂടെയാണ് സി.ശങ്കരനാരായണന്‍ പത്രപ്രവര്‍ത്തനരംഗത്ത് വരുന്നത്. 1984 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന അദ്ദേഹം, തൃശൂര്‍, പാലക്കാട്, ഇടുക്കി, കോഴിക്കോട്, മലപ്പുറം, കൊച്ചി ബ്യൂറോകളില്‍ ജോലി ചെയ്തിട്ടുണ്ട്. 2006 ല്‍ ജയ്ഹിന്ദ് ടി.വിയില്‍ ചേര്‍ന്ന അദ്ദേഹം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. സീനിയര്‍ ന്യൂസ് എഡിറ്ററായിരുന്ന ശങ്കരനാരായണന്‍ കൊച്ചി ബ്യൂറോ ചീഫുമായിരുന്നു. പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. യൂണിയന്റെ സംസ്ഥാന കമ്മിറ്റി അംഗമായും ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എറണാകുളം പ്രസ്സ് ക്ലബില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ എം.പിമാരായ പി.സി ചാക്കോ, കെ.പി ധനപാലന്‍, കെ.ബാബു എം.എല്‍.എ, വി.ഡി സതീശന്‍ എം.എല്‍.എ, ചാണ്ടി ഉമ്മന്‍, കെ പി സി സി എക്സിക്യുട്ടീവ് അംഗം ജെയ്സണ്‍ ജോസഫ്, ഡി.സി.സി ഭാരവാഹികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. വീക്ഷണത്തിന് വേണ്ടി മാനേജിങ്ങ് ഡയറക്ടര്‍ ബെന്നി ബഹനാനും കേന്ദ്ര മന്ത്രി വയലാര്‍ രവിക്കുവേണ്ടി കെ.എം.ഐ മേത്തറും റീത്ത് സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല, എന്‍.എസ്.യു പ്രസിഡണ്ട് ഹൈബി ഈഡന്‍, ജില്ലാ കളക്ടര്‍ എം.ബീന എന്നിവര്‍ക്ക് വേണ്ടിയും റീത്ത് സമര്‍പ്പിക്കപ്പെട്ടു. ഡി സി സി പ്രസിഡന്റ് വി ജെ പൗലോസിനുവേണ്ടി സെക്രട്ടറി ഐ കെ രാജു റീത്ത് സമര്‍പ്പിച്ചു. |