| പത്ത് ഐ.ടി.ഐക്കുള്ള പണവും ലാപ്സാക്കി |
|
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഐ.ടി.ഐ കള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. അവ സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടുപിടിക്കാന്‍ ജില്ലാ കളക്ടര്‍മാരെ നിയോഗിക്കുകയും ചെയ്തിരുന്നതായാണ് വിവരം. എന്നാല്‍ യാതൊരുനടപടിയും മുന്നോട്ടു നീങ്ങിയില്ല. അതിനാല്‍ ഐ.ടി.ഐ സ്ഥാപിക്കാന്‍ അനുവദിച്ച 70 കോടി രൂപയും സംസ്ഥാനത്തിന് നഷ്ടമാകാന്‍ പോകുകയാണ്.ഭൂമി ഏറ്റെടുക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും കേരളം വീഴ്ച തുടര്‍ന്നാല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള അവസരം എന്നേയ്ക്കുമായി നഷ്ടമാകുമെന്ന് എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിംഗ് ഡയറക്ടര്‍ക്ക് കേന്ദ്ര തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി രാജ്യമൊട്ടാകെ 500 ഐ.ടി.ഐകളാണ് തുടങ്ങുന്നത്.
സംസ്ഥാനത്ത് കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, കോഴിക്കോട്, കൊല്ലം, എറണാകുളം എന്നിവിടങ്ങളില്‍ പത്ത് ഐ.ടി.ഐകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. പിന്നോക്ക പ്രദേശമെന്ന നിലയില്‍ മലപ്പുറത്ത് മൂന്ന് ഐ.ടി.ഐകളാണ് അനുവദിച്ചത്. ഒരു ഐ.ടി.ഐക്ക് 7.19 കോടി രൂപ കേന്ദ്രം നല്‍കും. പത്ത് ഏക്കര്‍ വീതം ഭൂമി ഓരോ ജില്ലയിലെയും ബ്ലോക്ക് പഞ്ചായത്തുകള്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്ഥലം നിര്‍ണയിച്ചാല്‍ ഫണ്ട് കൈമാറും. എന്നാല്‍ ഭൂമി കണ്ടെത്തുന്ന കാര്യത്തില്‍ ഉണ്ടായ വീഴ്ച മൂലം ഈ സ്ഥാപനങ്ങളിലൊന്നു പോലും കേരളത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കരുതാന്‍ വയ്യ. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച റവന്യു രേഖകള്‍ ജനുവരി പത്തിന് അകം കൈമാറിയാല്‍ മാത്രമേ മുന്നോട്ടു പോകാന്‍ ആകൂ എന്ന് എംപ്ലോയിമെന്റ് ആന്‍ഡ് ട്രെയിനിംഗ് ഡയറക്ടര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് എഴുതിയിരുന്നു. നിരന്തരമായി ആവശ്യപ്പെട്ടിട്ടും കണ്ണൂര്‍ ജില്ലയില്‍ നിന്നുമാത്രമേ ഇതുവരെ അനുകൂല മറുപടിപോലും പോയിട്ടുള്ളു.
കൊല്ലം, വയനാട് ജില്ലകളില്‍ ജില്ലാ അധികൃതര്‍ പ്രതികരിച്ചിട്ടുപോലുമില്ല. കോട്ടയം, പാലക്കാട് ജില്ലകളില്‍ നിന്ന് ഭൂമി വിലയ്ക്ക് വാങ്ങണമെന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കപ്പെട്ടത്. മലപ്പുറം ജില്ലയില്‍ മൂന്ന് ഐ.ടി.ഐ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചെങ്കിലും ഒരെണ്ണത്തിനാവശ്യമായ പത്ത് ഏക്കര്‍ സ്ഥലം മാത്രമേ നിര്‍ണയിക്കപ്പെട്ടിട്ടുള്ളു. വേണ്ടത്ര സര്‍ക്കാര്‍ ഭൂമി ലഭ്യമല്ലെന്നാണ് അറിയുന്നത്. സ്ഥലം വിലയ്ക്ക് വാങ്ങാന്‍ നീക്കവുമില്ല. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് സ്ഥലം കണ്ടുപിടിക്കാനോ വാങ്ങാനോ കഴിയുന്നില്ലെങ്കില്‍ ജില്ലാ ഭരണകൂടം ഇടപെടേണ്ടതാണ്. അവര്‍ക്കും കഴിയാതെ വന്നാല്‍ സംസ്ഥാന റവന്യൂ വിഭാഗം ഉത്സാഹിച്ച് ആവശ്യമായ സ്ഥലം കണ്ടെത്താന്‍ നടപടി സ്വീകരിക്കണമായിരുന്നു. വിദ്യാലയം കെട്ടാന്‍പോലും സ്ഥലമില്ലാത്ത നാടായി കേരളം മാറിയാല്‍ എങ്ങനെ വ്യവസായ ആവശ്യത്തിന് ഭൂമി കണ്ടെത്തും?
മുസ്ലിം ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കാന്‍ സച്ചാര്‍ കമ്മീഷന്‍ മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ ദീര്‍ഘകാല ആസൂത്രണ വിചാരത്തോടെ നടപ്പിലാക്കേണ്ടതാണ്. സ്വാതന്ത്ര്യം ലഭിച്ച് 62 വര്‍ഷം പിന്നിട്ടിട്ടും ചില വിഭാഗങ്ങളും സമുദായങ്ങളും പൊതുനിലവാരത്തില്‍ നിന്നും വളരെ പിന്നില്‍ ജീവിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് അതേക്കുറിച്ച് പഠനവും റിപ്പോര്‍ട്ടുകളും ഉണ്ടാകുന്നത്. മുസ്ലിം ന്യൂനപക്ഷങ്ങളുടെ ജീവിത സാഹചര്യം ഏറ്റവും പരിതാപകരമായ നിലയിലുള്ള സംസ്ഥാനമാണ് 32 വര്‍ഷമായി ഇടതുപക്ഷം ഭരിക്കുന്ന പശ്ചിമ ബംഗാള്‍. പൊതുസാക്ഷരതാ നിലവാരം ദേശീയ ശരാശരിയിലും താഴ്‌ന്ന പടിഞ്ഞാറെ ബംഗാളില്‍ മുസ്ലീങ്ങളുടെ സാക്ഷരത വെറും ഒമ്പത് ശതമാനമാണെന്ന് കണക്കാക്കുന്നു. കേരളത്തില്‍ ഭാഗ്യവശാല്‍ സി.പി.എം നയിക്കുന്ന ഇടതുഭരണം ഒരു തുടര്‍ പ്രക്രിയ ആയില്ല. അതിനാല്‍ ഇവിടെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും പട്ടികജാതി പട്ടികവര്‍ഗക്കാരും വിദ്യാഭ്യാസപരമായി ദേശീയശരാശരിയിലും വളരെ മുന്നിലെത്തിയിട്ടുണ്ട്.
എന്നാല്‍ തൊഴില്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളം അടുത്തകാലം വരെ വളരെ പിന്നോട്ടു പോയി. യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച വിദ്യാഭ്യാസ നയത്തിന്റെ ഫലമായി സ്വാശ്രയ മേഖലയില്‍ ധാരാളം സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വന്നു. അവിടെ പകുതി സീറ്റുകളില്‍ മിടുക്കരായ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം കിട്ടുന്ന വ്യവസ്ഥകളും ഉണ്ടായിരുന്നു. അവയെല്ലാം അട്ടിമറിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ അപ്പാടെ താറുമാറാക്കിയ ഇടതു സര്‍ക്കാര്‍ മുസ്ലിം ജനവിഭാഗങ്ങളുടെ തൊഴില്‍ പഠനത്തിന് ഊന്നല്‍ നല്‍കുന്ന പത്ത് ഐ.ടി.ഐകള്‍ക്ക് കേന്ദ്രം അനുവദിച്ച 70 കോടി രൂപയാണ് അനങ്ങാപ്പാറ നയം മൂലം ഇപ്പോള്‍ നഷ്ടപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ എത്ര ശ്രമിച്ചാലും രണ്ടാഴ്ചകൊണ്ട് പത്ത് ജില്ലകളില്‍ നൂറ് ഏക്കര്‍ സ്ഥലം ഐ.ടി.ഐകള്‍ക്ക് വേണ്ടി കണ്ടെത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല.
തൊഴിലും വിദ്യാഭ്യാസവും വഴി ചെറുപ്പക്കാര്‍ ജീവിതത്തിന്റെ പൊതുധാരയിലേക്ക് ആത്മാഭിമാന ബോധമുള്ള പൗരന്മാരായി ഉയര്‍ന്നു വന്നാലേ നാട്ടില്‍ നിന്ന് അക്രമവും വിധ്വംസക പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിയുകയുള്ളു. അതിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കേണ്ട സര്‍ക്കാര്‍ എത്ര അലംഭാവത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നഷ്ടപ്പെടുന്ന ഐ.ടി.ഐ ഫണ്ടിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ആലോചിക്കണം. |
| < മുന്‍ പേജ് | അടുത്തത് > |
|---|

മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി സച്ചാര്‍ കമ്മീഷന്‍ നിരവധി ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. അവ ഒന്നൊന്നായി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര പുരോഗതിയില്ലെന്ന് പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
-°C 