| സൂഫിയാ മഅ്ദനിക്കേസും ബുദ്ധിജീവികളുടെ മൗനവും |
|
കഴിഞ്ഞ മൂന്നുനാലു ദിവസമായി കേരളത്തിന്റെ പൊതുചര്‍ച്ചയില്‍ സജീവവിഷയമായിത്തീര്‍ന്ന സൂഫിയാ കേസില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ചില ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനവുമായി പ്രതിക്ക് ബന്ധമുണ്ടെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ബസ് കത്തിച്ചത് ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും കോടതി പറഞ്ഞു. പൊതുമാധ്യമങ്ങള്‍ക്കെതിരെ പി.ഡി.പി നേതാക്കള്‍ ഉന്നയിക്കുന്ന പരാതി ശരിയല്ലെന്നും അക്കാര്യത്തില്‍ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതി പാടില്ലെന്നും പറഞ്ഞ കോടതി കേരളത്തിലെ ബുദ്ധിജീവികളെക്കുറിച്ച് വിചിത്രമായ ഒരു അഭിപ്രായ പ്രകടനവും നടത്തിയിട്ടുണ്ട്.
എന്നാല്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞമാസം പൊലീസ് പിടിയിലായ കണ്ണൂര്‍ക്കാരന്‍ ടി. നസീര്‍ എന്ന മുന്‍ പി.ഡി.പി പ്രവര്‍ത്തകനില്‍ നിന്ന് പൊലീസിന് ലഭിച്ച മൊഴികളില്‍ സൂഫിയാ മഅ്ദനിയുടെ ഇത്തരം പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. വേണ്ടത്ര തെളിവുകളില്ലാത്തതിനാല്‍ അന്തിമതീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയാതെ നീണ്ടുപോയ ബസ് കത്തിക്കല്‍ സംഭവത്തെക്കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം പൊലീസിന് അതോടെ ലഭ്യമായി. പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ പത്താംപ്രതിയായി തീര്‍ന്ന സൂഫിയ മഅ്ദനിയെ ഏതുനിമിഷവും ചോദ്യം ചെയ്യാന്‍ പൊലീസിന് നിയമപരമായി അവകാശമുണ്ടായിരുന്നു. കോടതിയില്‍ നല്‍കപ്പെട്ട ഒരു ജാമ്യഹര്‍ജിയുടെ തണലില്‍ അറസ്റ്റും ചോദ്യംചെയ്യലും നീട്ടിക്കൊണ്ടുപോയത് മഅ്ദനിയും കേരളം ഭരിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ഹിതമോ അവിഹിതമോ ആയ ബന്ധം മൂലമായിരുന്നു.
കാരണം സൂഫിയയെ പൊലീസ് അറസ്റ്റ് ചെയ്യുന്നതില്‍ വിരോധമില്ലെന്ന് ജാമ്യഹര്‍ജി പരിഗണിക്കുന്ന സിംഗിള്‍ബഞ്ച് രണ്ടുതവണ കേസ് നീട്ടിവെയ്ക്കുന്ന വേളയില്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് ജാമ്യഹര്‍ജിയില്‍ കോടതിയുടെ തീരുമാനം വരുവോളം കാത്തിരുന്നു.
എഴുതിവെയ്ക്കപ്പെട്ട ഒരു ഭരണഘടനയുടെ കീഴില്‍ വ്യവസ്ഥാപിതമായി ജീവിക്കുന്ന ഒരു സമൂഹമാണ് നമ്മള്‍. കോടതിയും പൊലീസും ആ വ്യവസ്ഥകള്‍ ഭംഗം കൂടാതെ പരിപാലിക്കാന്‍ ശ്രമിക്കുന്നു. മാധ്യമങ്ങള്‍ ജനാഭിപ്രായ രൂപീകരണത്തില്‍ അവരുടേതായ പങ്ക് വഹിക്കുന്നു. പക്ഷേ, ജനങ്ങളെ ആശയപരമായി നയിക്കുകയും ശരിതെറ്റുകള്‍ വിവേചിച്ച് മനസ്സിലാക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യേണ്ട ബൗദ്ധിക സമൂഹത്തിന് ശബ്ദമില്ലാതാകുന്നത് ഒരു നാടിന്റെ വലിയ ഗതികേടുകളിലൊന്നാണ്. ആരോ ഒരിക്കല്‍ ചോദിച്ചു ഈ ബുദ്ധിജീവികളെക്കൊണ്ട് എന്ത് പ്രയോജനം എന്ന്. കോടതിയുടെ ചോദ്യത്തിലെ വിസ്മയം അര്‍ത്ഥവത്താണ്. കാരണം, വളരെ നിസാരകാര്യങ്ങള്‍ക്കുപോലും ഒപ്പുശേഖരണം നടത്തി സ്ഥിരം പ്രതികരണ വീരന്‍മാര്‍ ബുദ്ധിജീവി നാട്യത്തോടെ അണിനിരക്കുന്ന നാടാണ് നമ്മുടേത്.
സൂഫിയാ മഅ്ദനിയെപ്പോലൊരു യുവതി ഉള്‍പ്പെട്ട കുറ്റകരമായ ഒരു സംഭവത്തെപ്പറ്റി നൈതികബോധം വിടാതെ ഒരു അഭിപ്രായം ഉന്നയിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ലെന്നത് നമ്മുടെ സമൂഹം നേരിടുന്ന ബൗദ്ധിക പാപ്പരത്വത്തിനും ധര്‍മഭീരുത്വത്തിനും ഭയത്തിനും ഏറ്റവും വലിയ ഉദാഹരണമാണ്. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ മുതല്‍ സുകുമാര്‍ അഴീക്കോട്, ഒ.എന്‍.വി കുറുപ്പ്, സുഗതകുമാരി തുടങ്ങി കെ.ജി ശങ്കരപ്പിള്ള വരെയുള്ള ആളുകള്‍ ഏത് മാളത്തില്‍പോയി ഒളിച്ചിരിക്കുന്നു എന്ന് കോടതി ചോദിക്കാഞ്ഞത് ഭാഗ്യം. സൂഫിയാ മഅ്ദനി പൊലീസ് പിടിയിലായശേഷം അവരുടെ ഭര്‍ത്താവും പി.ഡി.പി നേതാവുമായ അബ്ദുള്‍ നാസര്‍ മഅ്ദനി മൂന്നുകാര്യങ്ങള്‍ പറഞ്ഞു. ഒന്ന്-നിയമപരമായി നേരിടും, രണ്ട്-രാഷ്ട്രീയമായി നേരിടും, മൂന്ന്-മുസ്ലീം ജനസഞ്ചയം പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിയമപരമായി നേരിടുമെന്ന നിലപാട് ന്യായം.
രാഷ്ട്രീയമായി നേരിടുമെന്ന് പറഞ്ഞത് പി.ഡി.പി സമരം ചെയ്യുമെന്നാകാം. എന്നാല്‍ മൂന്നാമത്തെ കാര്യം നിഷ്പക്ഷനും നീതിമാനും മതനിരപേക്ഷ വാദിയുമെന്ന മഅ്ദനിയുടെ അവകാശവാദത്തെ സ്വയം ചോദ്യം ചെയ്യുന്നു. ശ്രദ്ധേയമായ ഈ കേസില്‍ മഅ്ദനി മതവികാരം കലര്‍ത്താന്‍ ശ്രമിക്കുന്നത് തെറ്റാണ്. ആപത്കരവുമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഅ്ദനിയെ കൂട്ടുപിടിച്ച് കേരള രാഷ്ട്രീയത്തില്‍ വര്‍ഗീയതയുടെ തേരോട്ടം നടത്താന്‍ വിഫലശ്രമം നടത്തി ജനങ്ങളുടെ മുന്നില്‍ ഇളിഭ്യരായിത്തീര്‍ന്ന സി.പി.എം നേതാക്കളെപ്പോലെ പൊതുസമൂഹത്തിന്റെ അനുകമ്പയില്‍ നിന്ന് മഅ്ദനി അകന്നുപോകരുത്.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

സൂഫിയാ മഅ്ദനിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പത്താംപ്രതിയായ സൂഫിയ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് കലൂരിലെ വസതിയില്‍നിന്ന് പൊലീസ് അവരെ കസ്റ്റഡിയിലെടുത്തത്. 
-°C 