|
ഓണം സര്‍ക്കാരും കച്ചവടമാക്കി |
|
കള്ളവും ചതിയും വിദ്വേഷവുമില്ലാതെ മാനുഷരെല്ലാരും സന്തോഷത്തിലും സമൃദ്ധിയിലും കഴിഞ്ഞിരുന്ന ഒരു സാങ്കല്‍പിക രാജഭരണകാലത്തെ നല്ലനാളുകളെ അനുസ്മരിച്ചുകൊണ്ട് ജനകീയ മാവേലി മന്നന്മാരും ഉദ്യോഗസ്ഥ പ്രഭുക്കളും ചേര്‍ന്നൊരുക്കുന്ന സര്‍ക്കാര്‍ ഓണം ഏതാനും പേരുടെ കീശ വീര്‍പ്പിക്കുന്ന വെറുമൊരു കച്ചവട മാമാങ്കമായി മാറി.
സര്‍ക്കാര്‍ തലത്തില്‍ ഓണാഘോഷം നടത്താന്‍ തീരുമാനിച്ച ആദ്യവര്‍ഷങ്ങളില്‍ ഭരണ-പ്രതിപക്ഷ കക്ഷിഭേദമില്ലാതെ എം.എല്‍.എമാരും കലാ-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും ഉള്‍പ്പെടുന്ന കമ്മിറ്റിയും സബ് കമ്മിറ്റികളും രൂപീകരിച്ച് എല്ലാവരുടെയും പങ്കാളിത്തത്തോടെയായിരുന്നു ഓണാഘോഷ പരിപാടികള്‍ക്ക് രൂപം നല്‍കിവന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയേട്ടന്‍ കക്ഷിയിലെ ഒരു എം.എല്‍.എയുടെയും പാര്‍ശ്വവര്‍ത്തികളായ ചില യുവജന നേതാക്കളുടെയും സാംസ്കാരിക നായകന്‍മാരുടെയും കെ.ടി.ഡി.സിയിലെ ചില ഉദ്യോഗസ്ഥ പ്രമുഖരുടെയും മേല്‍ക്കോയ്മയിലാണ് സര്‍ക്കാര്‍ ഓണം നടന്നുവരുന്നത്. പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും സംരക്ഷകരായി അറിയപ്പെടുന്ന ജനകീയ നേതാക്കള്‍ വന്‍കിട കുത്തക മുതലാളിമാര്‍ക്ക് ലാഭം കൊയ്യാന്‍ ശരിക്കും പാവപ്പെട്ടവന്റെ ഓണക്കച്ചവടം എന്ന് വിശേഷിപ്പിക്കാവുന്ന 'വഴിയോരക്കച്ചവടം' നടത്തുന്ന ചെറുകിട കച്ചവടക്കാരെയും വഴിവാണിഭക്കാരെയും നിയമംകൊണ്ടും പൊലീസിനെയും ഗുണ്ടകളെയും കൊണ്ട് ഭീഷണിപ്പെടുത്തി തുരത്തിയോടിച്ചും ബിനാമിയായി സ്റ്റാളുകളും അമ്യൂസ്മെന്റ് പാര്‍ക്കും മറ്റ് കരാറുകളും ഒപ്പിച്ചെടുത്തും തങ്ങള്‍ക്ക് താല്‍പര്യമുള്ള കലാകാരന്‍മാര്‍ക്കും കലാസമിതികള്‍ക്കും ഓണവേദികളില്‍ തുടര്‍ച്ചയായി പരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ നല്‍കിയും ഓണം എന്ന സമത്വസുന്ദര സ്വപ്നത്തെ അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ ഒരു മേളയായി മാറ്റിത്തീര്‍ത്തിരിക്കുന്നു.
ദേവഗണങ്ങളുടെ ദുരാഗ്രഹത്തിനുവഴങ്ങി വാമനാവതാരം പൂണ്ടെത്തിയ മഹാവിഷ്ണു ഒരു ചതിപ്രയോഗത്തിലൂടെ പാതാളത്തിലേക്ക് പറഞ്ഞയച്ച സത്യസന്ധനും ധര്‍മ്മിഷ്ഠനും പ്രജാതല്‍പ്പരനുമായിരുന്ന മഹാബലി ചക്രവര്‍ത്തി ഐതീഹ്യകഥയില്‍ പറയുന്നതുപോലെ നാടിനെയും നാട്ടാരെയും കാണാന്‍ ഓണം നാളില്‍ എഴുന്നള്ളുമ്പോള്‍ 'അഭിനവ വാമനന്മാര്‍' നടത്തുന്ന ഓണക്കച്ചവട മാമാങ്കം കണ്ട് അന്ധാളിച്ചുനില്‍ക്കാനേ വഴിയുള്ളൂ. ഓണം എന്ന സങ്കല്‍പ്പത്തിന്റെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട്, സര്‍ക്കാര്‍ ഓണം എല്ലാവരുടെയും ഉത്സവമായി തീരണമെങ്കില്‍ ഓണാഘോഷ നടത്തിപ്പ് സ്ഥിരമായി വല്യേട്ടന്‍മാരുടെ കയ്യില്‍മാത്രം ഒതുങ്ങാതെ ശരിയായ ജനകീയ പങ്കാളിത്തത്തോടെ ഭാവിയിലെങ്കിലും നടത്തുന്ന കാര്യം ബന്ധപ്പെട്ട വകുപ്പുമന്ത്രിയും ഉദ്യോഗസ്ഥരും താല്‍പര്യപൂര്‍വം പരിഗണിക്കേണ്ടതാണ്.
സാംസ്കാരിക പ്രവര്‍ത്തകര്‍ |