|
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ നേര്‍ക്ക് നേര്‍ മുട്ടുന്നു. മോഹന്‍ലാലിന്റെ ഇവിടം സ്വര്‍ഗ്ഗമാണ് എന്ന ചിത്രവും മമ്മൂട്ടിയുടെ ചട്ടമ്പിനാടുമാണ് നേര്‍ക്കുനേര്‍ മുട്ടുന്നത്.
രണ്ട് ചിത്രങ്ങളേയും ശ്രദ്ധേയമാക്കുന്ന നിരവധി ഘടകങ്ങളും ചിത്രങ്ങള്‍ക്ക് പിന്നിലുണ്ട്. ഉദയനാണ് താരം എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും ശ്രീനിവാസനും റോഷന്‍ ആന്‍ഡ്രൂസും ഒന്നിയ്ക്കുന്ന ഇവിടം സ്വര്‍ഗ്ഗമാണ് എന്ന ചിത്രം നിര്‍മ്മിയ്ക്കുന്നത് മോഹന്‍ലാലിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് പ്രൊഡക്ഷനാണ്. ചിത്രം പ്രദര്‍ശനത്തിനെത്തിയ്ക്കുന്നതോ മോന്‍ലാലിന്റെ മാക്സ ലാബും. ചട്ടമ്പിനാടാകട്ടെ മായാവിയെന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഷാഫിയും മമ്മൂട്ടിയും ഒന്നിയ്ക്കുന്ന ചിത്രവും. ചിത്രം വിതരണത്തിനെത്തിയ്ക്കുന്നത് മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ പ്ലേഹൗസ്. ലക്ഷ്മി റായ് ആണ് രണ്ട് ചിത്രങ്ങളിലേയും നായിക. ചട്ടമ്പിനാട് ക്രിസ്മസിന് ഒരു ദിവസം മുമ്പ് എത്തുമ്പോള്‍ ക്രിസ്മസ് ദിനത്തിലാണ് ഇവിടെ സ്വര്‍ഗ്ഗമാണ് എത്തുന്നത്. കാര്യങ്ങള്‍ ഇങ്ങിനെയാണെങ്കിലും ഇംഗ്ലീഷ് ചിത്രമാണ് അവതാര്‍, വിജയ് ചിത്രമായ വേട്ടൈക്കാരന്‍ എന്നിവ രണ്ട് പേര്‍ക്കും ഭീഷണിയായി നില്‍ക്കുന്നു. |