മലയാള ചിത്രങ്ങള്‍ക്ക്‌ ആവേശപൂര്‍ണമായ വരവേല്‍പ്പ്‌

Imageനിസാര്‍ മുഹമ്മദ്‌
തിരുവനന്തപുരം:
രാജ്യാന്തര ചലച്ചിത്രമേളയെന്നാല്‍ 'ലോക ക്ലാസിക്‌ സിനിമകളുടെ' സംഗമം എന്നാണ്‌ പൊതുവെ വിലയിരുത്തല്‍.
അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഭാഷാ ചിത്രങ്ങള്‍ക്ക്‌ പോലും ഇവിടെ കാര്യമായ പ്രേക്ഷകരുണ്ടാവാറില്ല, മലയാള ചിത്രങ്ങള്‍ക്കാകട്ടെ പ്രേക്ഷകരുടെ പങ്കാളിത്തം തീരെകുറവുമായിരിക്കും.

എന്നാല്‍ ഇന്നലെ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച നാല്‌ മലയാള സിനിമകളാണ്‌ നിറഞ്ഞ സദസ്സില്‍ കയ്യടി നേടിയത്‌. പ്രിയനന്ദന്റെ 'സൂഫി പറഞ്ഞകഥ', രഞ്ജിത്തിന്റെ 'കേരളാ കഫേ', ടി.വി. ചന്ദ്രന്റെ 'ഭൂമി മലയാളം', ശ്യാമ പ്രസാദിന്റെ 'ഋതു' തുടങ്ങിയവയാണ്‌ ഞായറാഴ്ചയുടെ അവധി ആലസ്യത്തില്‍ വെള്ളിത്തിരയില്‍ ഉണര്‍ന്ന മലയാള ചിത്രങ്ങള്‍. ഒപ്പം പ്രശസ്ത സംവിധായകന്‍ സയ്യിദ്‌ മിര്‍സയുടെ 'ജസ്റ്റ്‌ എ ചാന്‍സ്‌', ചേരന്റെ 'പൊക്കിഷം' എന്നിവയും കയ്യടി നേടി. മാറ്റത്തെ സ്വാഗതം ചെയ്യാന്‍ സന്നദ്ധമായി നില്‍ക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലെ മലബാറിന്റെ ഹൃദയസ്ഥലികളിലൂടെയാണ്‌ പ്രിയനന്ദന്‍ 'സൂഫി പറഞ്ഞ കഥ' അവതരിപ്പിച്ചത്‌. കെപി രാമനുണ്ണിയുടെ നോവലിനെ ആസ്പദമാക്കി മലബാര്‍ പ്രദേശത്തിന്റെ മിത്തും ജനതയുടെ ചരിത്രവും കഥാപാത്രങ്ങളുടെ പ്രണയവും വികാരങ്ങളും സഹിഷ്ണുതയുടെ ആത്മീയ പരിസരവുമെല്ലാം ചിത്രത്തില്‍ അന്വേഷണ വിധേയമാക്കുന്നുണ്ട്‌.

 

പ്രതാപിയായ ഒരുനായര്‍ തറവാട്ടിലെ അനന്തരാവകാശിയായ കാര്‍ത്തിയെന്ന യുവതിയും നാടോടി കച്ചവടക്കാരനായ മാമൂട്ടിയെന്ന മുസ്ലിം യുവാവുമായുള്ള പ്രണയത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഒരു മലയാള ചിത്രത്തിന്‌ കേരളത്തിന്റെ ചലച്ചിത്രമേളയില്‍ കിട്ടിയ വരവേല്‍പ്പ്‌ മേളയുടെ ചരിത്രത്തിന്‌ മറക്കാനാവാത്തതാണെന്നാണ്‌ വിലയിരുത്തല്‍.ദുസ്വപ്നങ്ങള്‍ പിന്തുടരുന്ന ഏഴ്‌ സ്ത്രീകളുടെ പ്രമേയവുമായി ടിവി ചന്ദ്രന്റെ ഭൂമി മലയാളവും, മലയാള സിനിമ ഇന്ന്‌ വിഭാഗത്തില്‍ ഇന്നലെ പ്രദര്‍ശിപ്പിച്ചു. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വിവിധ കാലങ്ങളില്‍ അവരിലേക്ക്‌ പ്രവേശിക്കുന്ന ഭീതിദമായ സ്വപ്നങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ രൂപം കൊള്ളുന്നതാണ്‌ ടിവി ചന്ദ്രന്‍ 'ഭൂമി മലയാള'ത്തിലൂടെ പറഞ്ഞത്‌. തിയേറ്ററുകളില്‍ നേരത്തെ പ്രദര്‍ശനത്തിനെത്തിയതാണെങ്കിലും കേരളാ കഫേയും ഋതുവും കാണാനും പ്രേക്ഷകര്‍ തിക്കിത്തിരക്കി. 12ാ‍ം നൂറ്റാണ്ടിലെ ഒരു പേര്‍ഷ്യന്‍ പ്രണയകഥ തിയേറ്ററിലിരുന്ന്‌ കാണുന്ന 112 ഇറാനിയന്‍ സ്ത്രീകളും ഒരു ഫ്രഞ്ച്കാരിയും.


അവരെ കാണുന്ന നമ്മള്‍. പരീക്ഷണത്തിന്റെ പുത്തന്‍ റീലുമായി പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ്‌ കിയാരോസ്തമി ചലച്ചിത്രമേളയില്‍ ഇന്നലെ സാന്നിധ്യമറിയിച്ചു. ഇദ്ദേഹത്തിന്റെ 'ഷിറിന്‍' എന്ന ചിത്രം രാവിലെ 11.30-ന്‌ ലോകസിനിമാ വിഭാഗത്തില്‍ കലാഭവനിലാണ്‌ പ്രദര്‍ശിപ്പിച്ചത്‌. സിനിമ കണ്ടിരിക്കുന്ന സ്ത്രീകളുടെ മുഖഭാവങ്ങളിലൂടെയും സൗണ്ട്‌ ട്രാക്കിലൂടെയും കഥ പറയുന്ന 'ഷെറിന്‍' പ്രേക്ഷകര്‍ക്ക്‌ പുത്തന്‍ അനുഭവമായിരുന്നു. ഫിന്‍ലാന്‍ഡ്‌ സംവിധായകന്‍ മില്‍ക്ക കൗരിസ്മാക്കിയുടെ 'ത്രീ വൈസ്‌ മെന്‍' ആയിരുന്നു മറ്റൊരു ശ്രദ്ധേയ ചിത്രം. ഒരു ക്രിസ്മസ്‌ ദിനത്തില്‍ മധ്യവയസ്ക്കരായ മൂന്നു പഴയകാല സുഹൃത്തുക്കള്‍ കണ്ടുമുട്ടുന്നു. തുറന്നുപറച്ചിലുകളുടെ വേദിയായി ബാറിലെ ആ പുനഃസമാഗമം.

 

വോഡ്കയും വിസ്ക്കിയും കൂടെ സംഗീതവും അകമ്പടി. മനസുതുറക്കുന്ന മധ്യവയസ്ക്കരിലുടെ ഈ സിനിമ ആസ്വാദകരിലേക്ക്‌ ഇറങ്ങിവന്നു.
ചൂതാട്ടത്തിന്റെ ആകര്‍ഷണവലയില്‍ പെട്ടുപോകുന്ന സാധാരണ ബാങ്ക്‌ ഉദ്യോഗസ്ഥന്റെ കുത്തഴിഞ്ഞ ജീവിതമായിരുന്നു ഫ്രഞ്ച്‌ ചിത്രമായ 'ബേ ഓഫ്‌ ഏന്‍ജല്‍സി'ന്റെ ഇതിവൃത്തം. ഫ്രഞ്ച്‌ ന്യൂവേവ്‌ വിഭാഗത്തിലെ ഈ ചിത്രം ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളിലേക്കാണ്‌ ക്യാമറ ചലിപ്പിക്കുന്നത്‌. കൈരളി തിയേറ്ററില്‍ ഈ ചിത്രത്തിനും തിരക്കിന്‌ കുറവുണ്ടായില്ല.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls