|
'തായ് സിനിമയില്‍ ഹ്രസ്വചിത്രങ്ങളുടെ സ്വധീനം ശക്തം' |
|
തിരുവനന്തപുരം: തായ്‌ലന്റില്‍ കലാമൂല്യമുള്ള സിനിമകള്‍ കുറവാണെന്നും ഹ്രസ്വ ചിത്രങ്ങളുടെ സ്വാധീനം ശക്തമാണെന്നും പ്രശസ്ത തായ് സംവിധായകന്‍ പെനക് രത്നാറുവാംഗ് പറഞ്ഞു.
രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് കൈരളി തിയേറ്ററില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തായ്‌ലന്റില്‍ കലാമൂല്യമുള്ള സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നത് ജപ്പാന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ ധനസഹായത്തോടെയാണ്. ലോകത്ത് നല്ല സിനിമകള്‍ക്ക് വേണ്ടത്ര പരിഗണനയോ പരിരക്ഷയോ ലഭിക്കുന്നില്ലെന്ന ഇന്ത്യന്‍ സിനിമാ പ്രവര്‍ത്തകരുടെ പരിഭവം താനും പങ്കുവെയ്ക്കുന്നതായി അദ്ദേഹം അറിയിച്ചു. സിനിമാ ലോകത്തേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന തനിക്ക് സിനിമ ഒരു തൊഴിലല്ല. തന്റെ സിനിമകള്‍ യാതൊരു മുന്നൊരുക്കവുമില്ലാതെ നിര്‍മ്മിക്കപ്പെടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ച ശ്രദ്ധേയനായ സംവിധായകന്‍ അമിത് റായ് നാലര വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കൊടുവിലാണ് 'റോഡ് ടു സംഗം' എന്ന ചിത്രം പുറത്തിറക്കിയതെന്ന് അദ്ദേഹം അറിയിച്ചു. ഈ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ആവേശകരമായ സ്വീകരണം ലഭിച്ചതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. പൊതുവെ മാറ്റങ്ങളെ അംഗീകരിക്കാത്ത മലയാള പ്രേക്ഷകര്‍ പരീക്ഷണ ചിത്രമായ 'കേരള കഫേ'യുടെ വ്യത്യസ്തത തിരിച്ചറിഞ്ഞതില്‍ സംവിധായകന്‍ രഞ്ജിത്തും സംതൃപ്തി രേഖപ്പെടുത്തി. വി സി ഹാരിസ് പരിപാടിയില്‍ മോഡറേറ്ററായിരുന്നു. |