| കമ്യൂണിസ്റ്റ് ഭീകരത-3 |
|
എം.ജി.എസ്. നാരായണന്‍ മുതലാളിത്ത സംഘടനകളുടെ ഭാഗത്തും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. തൊഴിലാളി സംഘടനകളുമായും കക്ഷികളുമായും തുറന്ന ചര്‍ച്ചകള്‍ പതിവായതോടെ വിപ്ലവലക്ഷ്യം കാലഹരണപ്പെട്ട് അപ്രസക്തവും പരിഹാസ്യവുമായിത്തീര്‍ന്നു. ഒരിമ്പാച്ചിയായി മാത്രം അതിനെ "തൊഴിലാളിപ്പാര്‍ട്ടികള്‍" കൊണ്ടുനടക്കുന്നു. ഉല്‍പ്പാദനസേവനരംഗങ്ങളില്‍ പൊതുമേഖലയും സ്വകാര്യമേഖലയും സമതുലിതമായി പ്രവര്‍ത്തിക്കുന്ന ജവാഹര്‍ലാലിന്റെ മിശ്രസാമ്പത്തികവ്യവസ്ഥ, ഉറക്കെപ്പറയാതെയെങ്കിലും, മിക്ക മുതലാളിത്ത രാജ്യങ്ങളിലും നടപ്പാക്കിക്കഴിഞ്ഞു. ഒരു വന്‍മുതലാളിക്ക് പകരം ഓരോ വ്യവസായകേന്ദ്രത്തിലും ഓഹരിയുടമസ്ഥന്മാരുടെ (Limited Shareholders) നിയുക്തപ്രതിനിധികള്‍ വോട്ടു ചെയ്തെടുക്കുന്ന സമിതികള്‍ വരികയും സങ്കീര്‍ണമായ സാങ്കേതികാവസ്ഥയില്‍ പ്രൊഫഷണല്‍ ആയ ഒരുമേല്‍നോട്ടവര്‍ഗ്ഗം(Managerial Class) ഉടലെടുക്കുകയും ചെയ്തു. പലതരം അക്രമങ്ങളും ചൂഷണങ്ങളും നിലവിലുണ്ടെങ്കിലും അവ പഴയരൂപത്തിലല്ല. പഴയമുദ്രാവാക്യങ്ങള്‍കൊണ്ടും അടവുകള്‍കൊണ്ടും അവയെ നേരിടാനും കഴിയില്ല.
കോര്‍പ്പറേറ്റ് മുതലാളി ഒരു വ്യക്തിയല്ല; പലപ്പോഴും അദൃശ്യനും അപ്രാപ്യനുമാണ്. ഇത്തരം പുതിയ 'ലിബറല്‍' മുതലാളിത്തത്തെ മനുഷ്യോപയോഗമാക്കി മയപ്പെടുത്തിയെടുക്കാന്‍ പുതിയ തന്ത്രങ്ങള്‍ വേണം. ഇല്ലെങ്കില്‍ ആകെ പൊട്ടിത്തകര്‍ന്ന് സോവിയറ്റ് യൂണിയനില്‍ ഉണ്ടായതുപോലെ സാര്‍വ്വത്രിക രക്തകുരുതിയില്‍ കലാശിക്കും. ഒരു ശാസ്ത്രവിദ്യാഭ്യാസവും ഇല്ലാത്തവരും സാംസ്കാരികപശ്ചാത്തലം കുറഞ്ഞവരുമായ കമ്യൂണിസിറ്റുകളാണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റ് സങ്കല്‍പ്പത്തിന്റെ പരമശത്രുക്കള്‍. മറ്റൊരു വലിയ മാറ്റം കൂടി വന്നിട്ടുണ്ട്. മുമ്പെങ്ങും ചരിത്രത്തില്‍ ഇല്ലാത്തതുപോലെ-നലാന്റയും തക്ഷശിലയും കൊര്‍ഡോബയുടെയും മഹാപാഠശാലകളെ മറന്നുകൊണ്ടല്ല-ഒരാശയം പ്രചരിപ്പിക്കുന്നതിനു പകരം ചിന്താസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്ന ആധുനികസ്വതന്ത്രസര്‍വ്വകലാശാലകള്‍ പാശ്ചാത്യരാജ്യങ്ങളില്‍ വളര്‍ന്നുവന്നു.
ഭരണകൂടാശ്രയം കൈവിട്ടുകൊണ്ടുള്ളതും ഹാര്‍വാര്‍ഡ് മുതലായ സര്‍വ്വകലാശാലകളുടെ നിലനില്‍പ്പ് ട്രസ്റ്റുകളും ഫണ്ടുകളും ദാനം ചെയ്യുന്ന സ്വകാര്യവ്യവസായികളുടെ സൃഷ്ടിയാണ്. സ്വതന്ത്രമായ പല ഫൗണ്ടേഷനുകള്‍ ഫണ്ടുകള്‍ വഴി സ്വതന്ത്രചിന്തയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ യൂറോപ്യന്‍ സമൂഹങ്ങളില്‍ ഭൗതികശാസ്ത്ര-സാമൂഹ്യശാസ്ത്ര പുരോഗതി അഭൂതപൂര്‍വ്വമായ തോതില്‍ നടന്നു. അച്ചടിയും അന്യമാധ്യമങ്ങളും കൂടി ചിന്താഫലങ്ങള്‍ അപ്പപ്പോള്‍ അന്തര്‍ദേശീയതലത്തില്‍ അനേകമാര്‍ഗ്ഗങ്ങളിലൂടെ ജനമനസ്സുകളില്‍ എത്തിച്ചു.ഇതൊന്നുമറിയാതെ പഴയ സാമ്പത്തികസിദ്ധാന്തങ്ങളുമായി നടക്കുന്ന കമ്യൂണിസ്റ്റുകള്‍ അനിവാര്യമായ വംശനാശം നേരിടുന്നു. കമ്യൂണിസ്റ്റ് നേതാക്കളും പ്രതിപക്ഷനേതാക്കളും ഈ സ്ഥിതിവിശേഷം കണക്കിലെടുക്കുന്നില്ല. കമ്യൂണിസ്റ്റുകള്‍ക്ക് ഇനി രണ്ടു പോംവഴികളാണുള്ളത്.
ഒന്നുകില്‍ മുതലാളിത്തത്തെ ആലിംഗനം ചെയ്ത് ചൈന ചെയ്യുന്നതുപോലെ മുതലാളിമാരേക്കാള്‍ മുതലാളിമാരായി അഴിമതിയും വോട്ടുരാഷ്ട്രീയവും കൊണ്ട് നടത്തുന്ന പാശ്ചാത്യശക്തികളെപ്പോലെ ജനവഞ്ചനയിലൂടെ മുദ്രാവാക്യഭരണം തുടര്‍ന്നുപോവുക; ഇല്ലെങ്കില്‍ നക്ലലൈറ്റുകളെപ്പോലെ നാടന്‍ബോംബുകളുമെറിഞ്ഞു ആത്മഹത്യാപരമായി പഴഞ്ചന്‍ മട്ടില്‍ പൊരുതി നശിക്കുക. ഇതില്‍ ആദ്യം പറഞ്ഞ വഴിയാണ് കേരളത്തിലെ കമ്യൂണിസ്റ്റുകക്ഷികള്‍ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് പാര്‍ട്ടിയുടെ ആയുസ്സ് അല്‍പംകൂടി നീട്ടിക്കിട്ടുമെന്നല്ലാതെ മറ്റൊരു ഫലമില്ല. എല്ലാത്തരത്തിലുള്ള അഴിമതി സര്‍ക്കസ്സുകളും നടത്തുന്ന ഒരു സ്വതന്ത്ര ബൂര്‍ഷ്വാ പാര്‍ട്ടിയായി ചില വര്‍ഷങ്ങള്‍ കഴിയാം. ഈ വിധി എത്രവേഗം കമ്യൂണിസ്റ്റുനേതാക്കളും അവരുടെ വിമര്‍ശകരും തിരിച്ചറിയുന്നുവോ അത്രയും വേഗത്തില്‍ കേരളത്തിന്റെ മോചനം സംഭവിക്കുമെന്ന് ഉറപ്പായി പറയാം.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

ജനവഞ്ചന തന്നെ കമ്യൂണിസ്റ്റ് മാര്‍ഗം 
-°C 