കമ്യൂണിസ്റ്റ്‌ ഭീകരത-2

Imageകമ്യൂണിസ്റ്റ്മുതലാളിമാരുടെ കാലം

എം.ജി.എസ്‌. നാരായണന്‍

പക്ഷേ ഈ ഫാസിസ്റ്റ്‌ തന്ത്രങ്ങളെല്ലാം പയറ്റിയിട്ടും കമ്യൂണിസം ആഗോളതലത്തില്‍ ക്ഷയിക്കുന്നത്‌ എന്തുകൊണ്ടാണ്‌? "സോവിയറ്റ്‌ യൂണിയന്‍ ആകെ നശിച്ചാലും കമ്യൂണിസം അവിടെ നശിച്ചിട്ടില്ല;

വ്യക്തികളുടെ പാളിച്ചയില്‍ താല്‍ക്കാലികമായി ഒന്ന്‌ പതറിയിട്ടേയുള്ളു" അവര്‍ കൊട്ടിഘോഷിക്കുന്നു. അതു വീണ്ടും അതിശക്തമായി റഷ്യയില്‍ വളരുകയാണെന്നും അവര്‍ക്ക്‌ വിശ്വസിക്കാന്‍ കഴിയും. ആ വിശ്വാസം നഷ്ടപ്പെട്ടാല്‍ ചൈനയിലെന്നപോലെ പുറമേ ഒന്നും പറയാതെ അവര്‍ കണ്ണടച്ച്‌ മുതലാളിത്തപ്പാളയത്തിലേയ്ക്ക്‌ അതിവേഗ മടക്കയാത്ര നടത്തിയെന്നും വരും.
പൊളിയാനുള്ള കാരണം, പ്രധാനമായി സാമ്പത്തിക-സാമൂഹ്യശാസ്ത്രങ്ങളെപ്പറ്റിയുള്ള തികഞ്ഞ അജ്ഞതയാണ്‌. ഈ ശാസ്ത്രങ്ങള്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെ സാഹചര്യത്തില്‍ അതിപ്രഗത്ഭമായി പഠിച്ചുകൊണ്ടാണ്‌ കാറല്‍ മാര്‍ക്സ്‌ കമ്യൂണിസം സ്ഥാപിച്ചത്‌. അല്‍പബുദ്ധികളും അധികാരമോഹികളും സങ്കുചിതവീക്ഷണക്കാരും കടുംപിടുത്തക്കാരും കാപട്യശാലികളുമായ ലെനിന്‍-സ്റ്റാലിന്‍ പ്രഭൃതികള്‍ അതിനെ വളച്ചൊടിച്ചു നശിപ്പിച്ച്‌ ആ പേരില്‍ റഷ്യയില്‍ സര്‍വ്വാധിപത്യം സ്ഥാപിക്കുകയും ചെയ്തു.


കാറല്‍ മാര്‍ക്സ്‌ കണ്ടതുപോലെ ക്യാപ്പിറ്റലിസം വാര്‍ദ്ധക്യത്തിലെത്തി വൈരുദ്ധ്യങ്ങളിലൂടെ തകര്‍ന്നുവീണില്ല മറിച്ച്‌ അലംഘ്യമായ സാമ്പത്തികനിയമങ്ങള്‍ക്കനുസരിച്ച്‌ അതിന്റെ ഉഗ്രസ്വഭാവത്തിലുള്ള യൗവന പ്രഭാവം ഇരുപതാം നൂറ്റാണ്ടില്‍ അനാവരണം ചെയ്യപ്പെട്ടതേയുള്ളു. ഒരു വ്യവസായവിപ്ലവത്തിന്റെ സ്ഥാനത്ത്‌ ഒരു നൂറ്‌ വ്യവസായവിപ്ലവങ്ങള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ അരങ്ങേറി. പല ദുഷ്ടതകളും ദൗര്‍ബല്യങ്ങളുമുണ്ടെങ്കിലും, അതിക്രൂരമെങ്കിലും, അതിന്റെ തടസ്സം മറികടക്കാനുള്ള സാദ്ധ്യത ഇനിയും തെളിഞ്ഞിട്ടില്ല. മുന്‍ഗാമികള്‍ സ്വപ്നം കണ്ടവിധത്തിലല്ലെങ്കിലും അതുകൂടുതല്‍ മാനുഷികമായ ഒരു സംവിധാനത്തിന്‌ ഇന്നൊ നാളെയോ വഴിമാറിക്കൊടുക്കേണ്ടി വരും. പക്ഷേ ഇതുവരെ ആ സംവിധാനം ദൃഷ്ടിഗോചരമായിട്ടില്ല. ഉണ്ടെന്ന്‌ കണ്ണടച്ച്‌ വിശ്വസിച്ചിരുട്ടാക്കുന്നതുകൊണ്ട്‌ ചരിത്രം നമ്മെ പിന്തള്ളി സ്വയം മുന്നോട്ടുകുതിക്കുക എന്നതുമാത്രമേ സംഭവിക്കുകയുള്ളു.


കാറല്‍ മാര്‍ക്സ്‌ ശരിയായി കണ്ടതുപോലെ ഒരു സാമ്പത്തിക-സാമൂഹ്യവ്യവസ്ഥ അതിന്റെ എല്ലാ സാദ്ധ്യതകളും പ്രയോജനപ്പെടുത്തിക്കഴിഞ്ഞ ശേഷം മാത്രമേ അരങ്ങൊഴിയാന്‍ തയ്യാറാവുകയുള്ളു. അല്ലാതെ ലെനിന്‍ ചെയ്തതുപോലെ നാടുവാഴി-ജന്മിവ്യവസ്ഥയില്‍ ഞെക്കിപ്പഴുപ്പിച്ചെടുത്ത സാഹസികപട്ടാളവിപ്ലവങ്ങള്‍ "കമ്യൂണിസ്റ്റ്‌ വിപ്ലവ"ങ്ങളായി മാറുകയില്ല. നേരത്തേയോ വൈകിയോ എന്നെങ്കിലും പ്രതിവിപ്ലവങ്ങളെ സൃഷ്ടിച്ച്‌ സാര്‍വത്രികനാശം വരുത്തുകയേ ചെയ്യുകയുള്ളു. വ്യക്തിപ്രഭാവത്താലോ ബലപ്രയോഗത്താലോ കൃത്യമായ അപ്രമാദിത്വസിദ്ധാന്തത്താലോ ചരിത്രഗതിയെ മാറ്റിമറിയ്ക്കാനാവില്ല. ആ ശ്രമങ്ങള്‍ അനേകദുരിതങ്ങള്‍ക്ക്‌ വഴിവെയ്ക്കുമെന്ന്‌ മാത്രമേയുള്ളു.


കാറല്‍ മാര്‍ക്സ്‌ ശരിയായി കാണാതിരുന്ന ഒരു കാര്യമുണ്ട്‌: ഭാവിയുടെ ഗര്‍ഭത്തിലിരുന്ന ജനാധിപത്യശക്തികളുടെ അത്ഭുതകരമായ വികസനം പത്തൊന്‍പതാം ശതകത്തിലെ പഴയ ഫാക്ടറിത്തൊഴിലാളിയെ, ദിവസക്കൂലികൊണ്ട്‌ കഷ്ടി കഴിഞ്ഞുകൂടുന്ന, അവകാശങ്ങളില്ലാത്ത, നാക്കില്ലാത്ത, സംഘടനാശക്തികൊണ്ട്‌ മാത്രം രക്ഷപ്പെടാവുന്ന "പ്രോളിറ്റേറിയന്‍" തൊഴിലാളിവര്‍ഗ്ഗത്തെ, അവരുടെ വന്‍തേനീച്ചക്കൂട്ടങ്ങളായ ഫാക്ടറികളടക്കം ഇല്ലാതാക്കി, അവര്‍ക്കു തൊഴില്‍ സംഘടനാസ്വാതന്ത്ര്യവും മാധ്യമപിന്തുണയും അസംബ്ലി - പാര്‍ലമെന്റ്‌ സ്ഥാനങ്ങളും ഇന്‍സ്റ്റാള്‍മെന്റ്‌ അടിസ്ഥാനത്തില്‍ വീടുകളും കാറുകളും അവരുടെ മക്കള്‍ക്കു വിദ്യാഭ്യാസ - ഉദ്യോഗസംവരണവും പൗരാവകാശങ്ങളും മുതലാളിത്തത്തിനുള്ളില്‍ സാധ്യമായതോടെ "ദേഹാധ്വാനമല്ലാതെ ഒന്നും വില്‍ക്കാനില്ലാത്ത" സര്‍വ്വരാജ്യത്തൊഴിലാളി അപ്രത്യക്ഷമായി. ദേശീയ സര്‍ക്കാരുകളില്‍ അവര്‍ക്ക്‌ ആരോഗ്യകരമായ പ്രാതിനിധ്യമുണ്ടായി.
(തുടരും)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls