കമ്യൂണിസ്റ്റ്‌ ഭീകരത

Imageഎം.ജി.എസ്‌. നാരായണന്‍

"ചെറുപ്പത്തില്‍ കമ്യൂണിസ്റ്റാവാത്ത ബുദ്ധിമാന്മാര്‍ ഇല്ല. 40 വയസ്സിലെത്തുമ്പോഴേയ്ക്കും ബുദ്ധി നശിച്ചിട്ടില്ലെങ്കില്‍ അവര്‍ പുറത്തുവരികയും ചെയ്യും" എന്ന്‌ പറയാറുണ്ട്‌.

ഇരുപതാം നൂറ്റാണ്ടിലെ സത്യാനുഭവം അതായിരുന്നു. ബുദ്ധിയുള്ളവരില്‍ കുറച്ചൊക്കെ ആത്മാഭിമാനവും കാണും. പാര്‍ട്ടിക്കുള്ളിലെ വിധേയത്വവും അഴിമതിയും വിഭാഗീയതയും-അതൊക്കെ മറ്റു പാര്‍ട്ടികളില്‍ എല്ലാത്തിലും കുറച്ചുണ്ടാകാമെങ്കിലും-പ്രത്യയശാസ്ത്ര സ്വഭാവം കൊണ്ട്‌ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കപ്പെടുന്നത്‌ കമ്യൂണിസ്റ്റ്‌ കക്ഷികളിലാണ്‌. കണ്ടുമടുക്കുമ്പോള്‍ ബുദ്ധി നശിച്ചിട്ടില്ലെങ്കില്‍ എല്ലാവരും പുറത്തുചാടാന്‍ ഒരുങ്ങും. ചിലര്‍ അപ്പോഴേയ്ക്കും വലിയ സ്ഥാനമാനങ്ങളും സ്വത്തുക്കളും വ്യക്തി-കുടുംബബന്ധങ്ങളും സ്ഥാപിതതാല്‍പര്യങ്ങളും വളര്‍ത്തിക്കഴിഞ്ഞിരിക്കും. അതുകൊണ്ട്‌ അവര്‍ക്ക്‌ പുറത്തുവരുന്നത്‌ വന്‍നഷ്ടമുണ്ടാക്കും. പിന്നെ മനഃസാക്ഷിയെ ഞെക്കിക്കൊന്ന്‌ രാക്ഷസന്മാരായി പാര്‍ട്ടിയില്‍ തുടരുകയും ചെയ്യും. തങ്ങളുടെ മനുഷ്യത്വവും ആദര്‍ശവും കുറേ ബാക്കിവച്ചിട്ടുള്ളവരാണ്‌ യഥാര്‍ത്ഥത്തില്‍ വേലി, അഥവാ അദൃശ്യമായ ഇരുമ്പുമറ പൊളിച്ചുപുറത്തുചാടുന്നത്‌. എന്തായാലും അത്തരക്കാര്‍ ഒരു പുനര്‍ജന്മമാണ്‌ സമ്പാദിക്കുന്നത്‌.


അങ്ങിനെ പുറത്തുവരുന്നവരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും അകത്തുതന്നെ പിടിച്ചുനിര്‍ത്തുവാനും അഥവാ രണ്ടുംകല്‍പ്പിച്ച്‌ അവര്‍ പുറത്തുവന്നാല്‍ അവരുടെ പിന്നീടുള്ള ജീവിതം അതീവദുസ്സഹമാക്കാനും പാര്‍ട്ടിനേതാക്കള്‍ പലതും ചെയ്യാറുണ്ട്‌. അവര്‍ നാട്ടിലാണെങ്കില്‍ ജീവനും സ്വത്തിനും ഭീഷണിയുള്ളതുകൊണ്ട്‌ അനുയായികളെ കൂട്ടി മറ്റേതെങ്കിലും പാര്‍ട്ടിയുടെ സംരക്ഷണം തേടേണ്ടിവരും. അങ്ങനെവന്നാല്‍ തുടര്‍ന്ന്‌ വഞ്ചകന്‍, ബൂര്‍ഷ്വാ, പിന്തിരിപ്പന്‍ചേരിയില്‍ ചേര്‍ന്നവന്‍ എന്നൊക്കെ ആര്‍ത്തുവിളിച്ചും അപവാദപ്രചരണം നടത്തിയും നാനാവിധത്തില്‍ കള്ളക്കഥകള്‍ സൃഷ്ടിച്ചും ബഹിഷ്ക്കരിച്ചും കഴിയുമെങ്കില്‍ ശാരീരികപീഡനങ്ങള്‍ എല്‍പ്പിച്ചും അവരെ 'സംഹരിക്കും'. ഊരുവിലക്കുവരെ സ്വകാര്യമായി സംഘടിപ്പിക്കും. അതെല്ലാം അതിജീവിക്കുവാന്‍ പ്രയാസമാണ്‌.

 

പുറമേയ്ക്ക്‌ മാന്യന്മാരായി നടിച്ചുകൊണ്ട്‌ പാര്‍ട്ടിക്കാര്‍ നടത്തുന്ന സ്വഭാവഹത്യാശ്രമങ്ങള്‍ പറഞ്ഞാല്‍ മറ്റുള്ളവര്‍ക്ക്‌ അവിശ്വാസ്യമായിത്തോന്നും. കാരണം കമ്യൂണിസ്റ്റുകള്‍ ഇരട്ടവ്യക്തിത്വം സാമര്‍ത്ഥ്യമാണെന്ന്‌ വിചാരിക്കുന്നവരാണ്‌. അവിടെയാണ്‌ പലയിടത്തും, സര്‍ക്കാര്‍കേന്ദ്രങ്ങളിലടക്കം, രഹസ്യബന്ധങ്ങളുള്ള അക്രമസജ്ജരായ ഗുണ്ടകളുടെ അകമ്പടിയുള്ള, നേതാക്കളുടെ വിജയം കുടികൊള്ളുന്നത്‌. പുറത്തുവരുന്നവര്‍ പ്രശസ്തരും സമ്പന്നരുമാണെങ്കില്‍ ഒരുവിധത്തില്‍ ജീവനുംകൊണ്ട്‌ രക്ഷപ്പെട്ടുവെന്നുവരും. അല്ലെങ്കില്‍ അടിഞ്ഞുപോകും. ഫാസിസ്റ്റ്‌ എന്ന്‌ കമ്യൂണിസ്റ്റുകള്‍ ആക്ഷേപിക്കുന്നവരേക്കാള്‍ നീചവും നിഷ്ഠൂരവുമാണ്‌ കമ്യൂണിസ്റ്റുകളുടെ തന്ത്രങ്ങള്‍. തെളിവുകള്‍ നശിപ്പിക്കുന്നതിലും ഉന്മൂലനത്തിലും അവര്‍ വിദഗ്ധരാണെന്ന്‌ റഷ്യന്‍-ചൈനീസ്‌ അനുഭവം കഴിഞ്ഞ തലമുറയില്‍ തന്നെ വ്യക്തമാക്കിയിരുന്നു.


"ചെങ്കൊടിതൊട്ടു കളിച്ചോരാരും
തന്നില്ലം കണ്ടു മരിച്ചിട്ടില്ല"
എന്ന മുദ്രാവാക്യമുഖരിതമായ പാട്ട്‌ നാട്ടിന്‍പുറങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ജനാധിപത്യം, മാനവികത, സംസ്കാരം എന്നീ പദങ്ങളെല്ലാം അര്‍ത്ഥശൂന്യമായ ജനവഞ്ചനാസൂത്രങ്ങള്‍ മാത്രമാണ്‌. അതൊക്കെ ആവര്‍ത്തിച്ചുകൊണ്ട്‌ ബോധപൂര്‍വ്വം എതിരായി പ്രവര്‍ത്തിക്കുവാന്‍ അവര്‍ക്കു പരിശീലനം നല്‍കുന്ന പാര്‍ട്ടി ആത്യന്തികസത്യമാണെന്ന്‌ കണ്ണടച്ചു വിശ്വസിച്ചുകഴിഞ്ഞാല്‍പ്പിന്നെ എല്ലാ ചെയ്തികളും അതിന്റെ പേരില്‍ ന്യായീകരിക്കാം. ചുരുക്കത്തില്‍ മനഃസാക്ഷിയെ നിശബ്ദമാക്കുന്ന പരിപാടിയാണത്‌. പാര്‍ട്ടിയുടെ പേരില്‍ മതാന്ധതസൃഷ്ടിക്കുകയും മനഃസാക്ഷിയില്ലാത്ത മനുഷ്യനെ അവന്‍ അനുസരണശീലമുള്ളവനായാല്‍ എന്തിനും ഉപയോഗിക്കുകയും ചെയ്യും.


സാമൂഹ്യജീവിതത്തിലെ ഈ പുതിയതരം അര്‍ബുദത്തിന്‌ മറുമരുന്ന്‌ പാരമ്പര്യസംസ്കാരമാണ്‌. അത്‌ മതത്തിന്റെയോ രാജ്യസ്നേഹത്തിന്റെയോ കുടുംബസ്നേഹത്തിന്റെയോ പേരില്‍ കുഞ്ഞുനാളിലേ അകത്തു കടന്നിട്ടുണ്ടെങ്കില്‍ എപ്പോഴെങ്കിലും ചോദ്യചിഹ്നങ്ങളുയര്‍ത്തി കമ്യൂണിസ്റ്റ്‌ അജണ്ടയെ ധിക്കരിച്ച്‌ മനുഷ്യത്വം വീണ്ടെടുക്കാന്‍ സാധിക്കും. സാംസ്കാരിക ബലമുള്ള ഒരു സമൂഹത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക്‌ വേരൂന്നാന്‍ പ്രയാസമാണ്‌. അത്തരം സംഘങ്ങളെ പിളര്‍ത്തി നശിപ്പിക്കുവാന്‍ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ ചില വ്യക്തികളെപ്പിടിച്ച്‌ പൊക്കി മുള്ളിനെക്കൊണ്ടു മുള്ളെടുക്കുന്ന പരിപാടി നടത്തും. മുണ്ടശ്ശേരിയെക്കൊണ്ട്‌ കത്തോലിക്കപ്പള്ളിയെ, കെ.ടി. ജലീലിനെക്കൊണ്ട്‌ മുസ്ലീം സമുദായത്തെ-ഇങ്ങിനെ ഉദാഹരണങ്ങള്‍ അടുത്തകാലത്ത്‌ കേരളത്തില്‍ത്തന്നെ ഉണ്ടായിട്ടുണ്ട്‌.

 

മതങ്ങളെ നശിപ്പിക്കാനുള്ള വഴി ദേവാലയക്കമ്മിറ്റികളില്‍ കടന്നുകൂടുകയാണ്‌. സാഹിത്യത്തെ നശിപ്പിക്കാന്‍ സാഹിത്യസമിതികള്‍, കലയെ നശിപ്പിക്കാന്‍ കലാസമിതികള്‍, അങ്ങിനെ എല്ലാറ്റിലും കടന്നുകയറി ആധിപത്യം സ്ഥാപിക്കണം. തങ്ങളുടെ പാര്‍ട്ടിയൊഴിച്ച്‌ ഒന്നിനും സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതാക്കണം.ഐക്യമുന്നണിയും ഇതുപോലെ ഒരു തന്ത്രത്തിലാണ്‌. ഏതെങ്കിലും കക്ഷിയെ കൂട്ടുപിടിക്കുന്നത്‌ അവരുമായി നിത്യസൗഹൃദം വളര്‍ത്താനല്ലാ ശോഷിപ്പിച്ച്‌ ശോഷിപ്പിച്ച്‌, അവരുടെ അണികളില്‍ ഛിദ്രം വരുത്തി, അവരുടെ മാര്‍ഗ്ഗം തെറ്റാണെന്ന്‌ വരുത്തി, അവരെ ഉന്മൂലനാശം (ഹശൂൌ‍ശറമശ്ി‍) ചെയ്യാനാണ്‌. കേരളത്തില്‍ സോഷ്യലിസ്റ്റ്‌ കക്ഷികള്‍ ഏതാണ്ടില്ലാതായി; കമ്യൂണിസ്റ്റ്‌ കക്ഷികള്‍ അടുത്തപടി; പിന്നെ ഇടതുപക്ഷം തന്നെ വേണ്ടിവരില്ല.


തങ്ങളുടെ തത്വശാസ്ത്രങ്ങള്‍ തങ്ങള്‍ വായിച്ച്‌ മനസ്സിലാക്കിയത്‌ എല്ലാം സത്യമെന്നും അതുമാത്രമാണ്‌ സത്യമെന്നും അത്‌ അനുസരിച്ചാണ്‌ എല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ഒരന്ധവിശ്വാസമാണ്‌ ആദ്യമേ ഈ മതപ്രവര്‍ത്തകര്‍ (കമ്യൂണിസം ഒരു മതമായി കഴിഞ്ഞിരിക്കുന്നു) അനുഭാവികളില്‍ അടിച്ചേല്‍പ്പിക്കുന്നത്‌. അതിന്റെ ബലത്തില്‍ സാമ്പത്തികശാസ്ത്രവും രാഷ്ട്രീയവും സാഹിത്യവും കലയും എല്ലാം ഇവര്‍ വ്യാഖാനിക്കാന്‍ പഠിക്കുന്നു; അഥവാ നേതാക്കളുടെ വ്യാഖ്യാനം അക്ഷരംപ്രതി മനഃപാഠമാക്കുന്നു. അതുകൊണ്ടു കണ്‍വെട്ടത്തുള്ള യാഥാര്‍ത്ഥ്യങ്ങള്‍പോലും തിരിച്ചറിയാന്‍ വയ്യാതാവുന്നു. പ്രതിപക്ഷത്തുള്ളപ്പോള്‍ അതിനു യുക്തികളും കള്ളവും കലര്‍ത്തി ഭരണത്തിലുള്ളവരെ വിമര്‍ശിക്കുന്നു. വലിയ ജനപ്രിയവാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്നു.

 

അധികാരത്തിലെത്തിയാല്‍ അതെല്ലാം മറന്ന്‌ അസഹിഷ്ണുതയോടെ വിമര്‍ശകരെ അടിച്ചമര്‍ത്താനും മാധ്യമങ്ങളെ ഒതുക്കാനും തുടങ്ങുന്നു. അവര്‍ക്ക്‌ ജനാധിപത്യമെന്നാല്‍ തെരഞ്ഞെടുപ്പില്‍ ആസൂത്രിതമായി ഏതെങ്കിലും സൂത്രം പ്രയോഗിച്ച്‌ അധികാരം പിടിച്ചെടുക്കലും അതുകഴിഞ്ഞാല്‍ എല്ലാ ജനാധിപത്യനിയമങ്ങളും കാറ്റില്‍പ്പറത്തി, ഭരണസംവിധാനത്തില്‍ മുഴുവന്‍ സെല്‍ഭരണം സ്ഥാപിച്ച്‌, സ്വേച്ഛാധിപത്യം സ്ഥാപിക്കലുമാണ്‌, അങ്ങനെ ജനാധിപത്യരീതിയെ പ്രയോജനപ്പെടുത്തി ജനാധിപത്യത്തിന്‌ തുരങ്കം വെയ്ക്കലാണ്‌. സായുധവിപ്ലവം, വര്‍ഗ്ഗസമരം തുടങ്ങി ജനാധിപത്യത്തില്‍ സ്ഥാനമില്ലാത്തതും മുമ്പേ തങ്ങള്‍ ഏറ്റെടുത്തതുമായ പരിപാടികള്‍ ഒന്നും അവര്‍ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. സ്വന്തം അണികളോട്‌ ഒരു വാക്കും അന്യരോട്‌ മറ്റൊരു വാക്കും പ്രയോഗിക്കുന്നത്‌ കമ്യൂണിസ്റ്റ്‌ നീതിശാസ്ത്രത്തില്‍ അനുവദിച്ചിട്ടുള്ളതാണ്‌.
(തുടരും)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls