|
ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക് |
|
സന്നിധാനത്ത് ശക്തമായ സുരക്ഷാസന്നാഹം ഏര്‍പ്പെടുത്തി
ശബരിമല: സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്. രാവിലെ ശരംകുത്തി കഴിഞ്ഞും ഭക്തരുടെ നിര നീണ്ടു. ബാബറി സ്ജിദ് ദിനമായ ഡിസംബര്‍ ആറിന്റെ പശ്ചാത്തലത്തിലും സംസ്ഥാനത്തെ സ്കൂളുകള്‍ ഏഴുമുതല്‍ മോഡല്‍ പരീക്ഷ തുടങ്ങുന്ന സാഹചര്യത്തിലും ഭക്തര്‍ നേരത്തെ
അയ്യപ്പദര്‍ശനത്തിനെത്തുന്നതാണ് ഭക്തജനത്തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമെന്നുകരുതുന്നു. മണിക്കൂറുകള്‍ ഭക്തര്‍ അയ്യപ്പദര്‍ശനത്തിന് കാത്തുനിന്നു. ഉച്ചയ്ക്ക് ശേഷവും തിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഉച്ചയ്ക്ക് നടപ്പന്തല്‍ കഴിഞ്ഞും ഭക്തരുടെ നിരനീണ്ടു. അപ്പം, അരവണ കൗണ്ടറുകള്‍ക്ക് മുന്നിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. കൂടാതെ നെയ്യഭിഷേകത്തിന് പരിശോധന ഏര്‍പ്പെടുത്തിയതും തിരക്ക് വര്‍ദ്ധിപ്പിച്ചു. പോലീസും കേന്ദ്രസേന വിഭാഗങ്ങളും കനത്ത പരിശോധനയ്ക്ക് ശേഷമാണ് ഭക്തരെ കടത്തിവിടുന്നത്. ബാബ്‌റി മസ്ജിദ് ദിനത്തോടനുബന്ധിച്ച് ശബരിമലയില്‍ ഐ.ജി: ജി.ബാബുരാജിന്റെ മേല്‍നോട്ടത്തില്‍ ശക്തമായ സുരക്ഷാസന്നാഹം. പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ വി.കെ.ഗിരിജാനാഥന്‍നായരുടെ നേതൃത്വത്തില്‍ ഏത് പ്രതികൂല സാഹചര്യത്തെയും നേരിടാന്‍ തക്കവണ്ണം പോലീസ്-ആര്‍.എ.എഫ്-എന്‍.ഡി.ആര്‍.എഫ് സംയുക്തസേന ശബരിമലയില്‍ വിന്യസിച്ചിരിക്കുകയാണ്. സന്നിധാനം സ്പെഷ്യല്‍ ഡ്യൂട്ടിക്കായിസ്പെഷ്യല്‍ ബ്രാഞ്ച് പോലീസിലെ വിദഗ്ധപരിശീലനം നേടിയ 25 പേര്‍ കൂടി വെള്ളിയാഴ്ച എത്തിച്ചേര്‍ന്നിട്ടുണ്ട്.
ശബരിമലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പൂജാസമയങ്ങളിലോ അഭിഷേകം ഉള്‍പ്പെടെയുള്ള വഴിപാടുകളുടെ നടത്തിപ്പിലോ മാറ്റമില്ല. ഇന്നും നാളെയും മറ്റന്നാളും ഇരുമുടിക്കെട്ടില്ലാതെ ദര്‍ശനം അനുവദിക്കില്ല. ഇന്നുരാത്രി 11 മണിക്ക് നട അടച്ച ശേഷം ഭക്തജനങ്ങളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുകയില്ല. ഇന്നുമുതല്‍ മൂന്നുദിവസങ്ങളില്‍ ഇരുമുടിക്കെട്ട് സോപാനം പരിസരത്ത് വച്ച് അഴിക്കരുത്. നെയ്ത്തേങ്ങകള്‍ നെയ്ത്തോണിയില്‍ ഉടയ്ക്കാന്‍ അനുവദിക്കില്ല. ഇതിനായി മാളികപ്പുറം മേല്‍പാലത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. സോപാനം ഭണ്ഡാരത്തില്‍ കാണിക്കയും മറ്റ് സാധനങ്ങളും സമര്‍പ്പിക്കുവാന്‍ അനുവദിക്കില്ല. ഇതിനായി നാഗക്ഷേത്രത്തിനും ഗണപതിക്ഷേത്രത്തിനുമിടയില്‍ ചെമ്പ് പാത്രം സജ്ജീകരിച്ചിട്ടുണ്ട്. നെയ്യഭിഷേകം കര്‍ശന പരിശോധനക്ക് ശേഷമേ നടത്തൂ.
|