ആഫ്രിക്കയായി തീര്‍ന്ന ഐക്യജര്‍മ്മനി-2

Imageവഴിമാറിപ്പോയി വസന്തം

വി.പി രമേശന്‍

ജര്‍മ്മനി ഭരിയ്ക്കുന്നത്‌ ഏന്‍ജല മെര്‍ക്കലിന്റെ ക്രിസ്റ്റ്‌ ഡെമോക്രാറ്റിക്‌ യൂണിയനും മുതലാളിമാരുടെ പാര്‍ട്ടിയായ ഫൈന്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയും ചേര്‍ന്നുള്ള സഖ്യമാണ്‌.

സി.ഡി.യു.എഫ്‌.ഡി.പി സഖ്യം മുതലാളിമാര്‍ക്കുള്ള ഭരണമാണ്‌. ജര്‍മ്മന്‍കാരെ സാമ്പത്തിക ചുഴിയിലാക്കി ആഹ്ലാദിക്കുന്ന ചൂഷകസമൂഹം ഐക്യജര്‍മ്മനിയില്‍ അവരുടെ വസന്തം വിരിയിക്കുമ്പോള്‍ തങ്ങളുടെ വസന്തം മതിലുകള്‍ക്കിരുപുറവുമായിരുന്നെന്ന വലിയ സത്യം പടിഞ്ഞാറും കിഴക്കുമുള്ള ജര്‍മ്മന്‍കാര്‍ നന്നായി മനസ്സിലാക്കുന്നതിന്റെ ലക്ഷണം ജര്‍മ്മന്‍ തിരഞ്ഞെടുപ്പില്‍ കണ്ടു. തീര്‍ത്തും നാമാവശേഷമായിരുന്ന സോഷ്യലിസ്റ്റുകള്‍ 14 ശതമാനം സീറ്റുനേടി മുളയെടുക്കുന്നു. ദുരിതഭൂമിയില്‍ ആശനല്‍കി സോഷ്യലിസ്റ്റുകള്‍ വരുമ്പോള്‍ ജര്‍മ്മന്‍ ജനത അവര്‍ക്കുപിന്നില്‍ അണിനിരക്കാനുള്ള രാഷ്ട്രീയ-സാമ്പത്തിക സാഹചര്യം ഇന്നു ജര്‍മ്മനിയില്‍ ഏന്‍ജല മെര്‍ക്കന്‍ ഒരുക്കികൊണ്ടിരിയ്ക്കുന്നു. ചരിത്രത്തില്‍ ജനങ്ങള്‍ക്ക്‌ ഭ്രാന്തെടുത്തിട്ടുണ്ട്‌. ജനങ്ങളുടെ നിസ്സഹായതയിലും ദൈന്യതയിലും നിന്നാണ്‌ ഭ്രാന്തമായ ജനപഥങ്ങള്‍ കൊടുങ്കാറ്റായി സിംഹാസനമിളക്കുന്നത്‌. ചെങ്കോലും കിരീടവും തട്ടിയെറിയുന്നത്‌. വന്‍കരകളിലൊക്കെ അതുണ്ടായിട്ടുണ്ട്‌.

 

സാറിന്റെ റഷ്യയിലതുകണ്ടു ലോകം. വ്യവസായവിപ്ലവകാലയൂറോപ്പാകെ കണ്ടു കൊടുങ്കാറ്റ്‌. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ജനാരണ്യങ്ങള്‍ അലറി. വിഭജനത്തിലും ഒരുഭ്രാന്തുണ്ടായിരുന്നു. കഴ്സണ്‍ ബംഗാള്‍ വിഭജിച്ചപ്പോഴും സ്വാതന്ത്ര്യം ഭാരതത്തെ രണ്ടാക്കിയപ്പോഴും അതുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടൊടുവില്‍ കിഴക്കന്‍ യൂറോപ്പിലും സോവിയറ്റ്‌ യൂണിയനിലും ജനങ്ങള്‍ക്ക്‌ ഭ്രാന്തെടുത്തു. ഇതിനുകാരണം ദുര്‍ഭരണമാണ്‌. ജീവിതം ചൂട്ടുനീറ്റി ഭരണാധികാരി ആഹ്ലാദിക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കും. ബെനിറ്റോ മുസോളിനിയേയും കാമുകിയേയും കൊന്നുകെട്ടിത്തുക്കിയ ഇറ്റലിയിലെ തെരുവോരത്തു ജനങ്ങള്‍ തിങ്ങികൂടി മത്സരിച്ചത്‌ ജഡങ്ങളെ മലമൂത്രാഭിഷേകം നടത്തി കാര്‍ക്കിച്ചുതുപ്പി കത്തുന്ന പ്രതികാരാഗ്നി കെടുത്താനായിരുന്നു. ഈ ഭൂമിയ്ക്കുവേണ്ടാത്തതാണ്‌ ആഗോളവല്‍ക്കരണമെന്നും ഫ്യൂഡല്‍-മുതലാളിത്ത ജീനുള്ള പരിഷ്ക്കാരമെന്നും ലോകം ഉറക്കെ പറയുന്നു. ദൂബായ്‌ വേള്‍ഡ്‌ നിലംപൊത്തി. അതിനുമുന്‍പ്‌ വാള്‍സ്ട്രീറ്റും മെയിന്‍സ്ട്രീറ്റും വീണു.

 

ആഗോളവല്‍ക്കരണത്തിന്റെ ആശാനായ അമേരിക്ക സ്വകാര്യസ്ഥാപനങ്ങള്‍വരെ ദേശസാല്‍ക്കരിക്കുന്നു. തെറ്റുതിരുത്തുന്നു. എന്നിട്ടും ഏന്‍ജല മെര്‍ക്കലുമാര്‍ പഠിക്കുന്നില്ല. ജര്‍മ്മനിയില്‍ മുഖം കാണിയ്ക്കുന്ന കാലങ്ങള്‍ ശിശിരവും ഗ്രീഷ്മവും ഇലപൊഴിയും കാലവുമാണ്‌. മഞ്ഞുവീഴ്ചയ്ക്കുമുന്‍പ്‌ ജര്‍മ്മനി വര്‍ണ്ണാഭമാവും. എങ്ങും മഞ്ഞ ഇലകളും അഗ്നിചുവപ്പാര്‍ന്ന ഇലകളുംമാത്രം. മഞ്ഞുവീഴ്ചശക്തമാവുമ്പോള്‍ ഇലപൊഴിയും. മരങ്ങള്‍ വിവസ്ത്രരായി പിന്നെ ഉറക്കമാണ്‌. അഞ്ചുമാസം നീളുന്ന ആ ഉറക്കമുണരുന്നത്‌ ഗ്രീഷ്മവരവിലാണ്‌. ആ വരവില്‍ പ്രകൃതി തളിര്‍ത്തുപൂക്കും. മരതകപ്പച്ചയ്ക്കകത്തിരുന്ന്‌ റോസാനിറവും മഞ്ഞനിറവും പൂക്കളായി തലനീട്ടും.

 

കായ്കനികള്‍ വിളഞ്ഞുനില്‍ക്കും. ഇതാണ്‌ ജര്‍മ്മന്‍കാരുടെ വസന്തം. യൂറോപ്പ്‌ ആകമാനമെന്നതുപോലെ. ആ വസന്തവരവില്‍ ജര്‍മ്മന്‍കാര്‍ ഇന്ന്‌ സന്തോഷിക്കാറില്ല. അവരുടെ സന്തോഷം മതിലിടിച്ച 1989ല്‍ തീര്‍ന്നു. ഐക്യജര്‍മ്മനിയെ അവര്‍ ശപിയ്ക്കുന്നു. അഡോള്‍ഫ്‌ ഹിറ്റ്ലര്‍ തേര്‍വാഴ്ച നടത്തിയ ജര്‍മ്മനിയില്‍ ഏന്‍ജല മെര്‍ക്കന്‍ വംശവെറിയില്ലാതെ മുതലാളി സ്നേഹഭാവത്താല്‍ കഴിയുമ്പോള്‍ ജര്‍മ്മന്‍കാരുടെ നിലവിളികള്‍ക്ക്‌ ആരുകാതുകൊടുക്കാന്‍?

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls