| 'ആഫ്രിക്ക'യായിത്തീര്‍ന്ന ഐക്യജര്‍മ്മനി |
|
ഇരുജര്‍മ്മനികളേയും വേര്‍പ്പെടുത്തിനിന്ന മതില്‍ 1989 നവംബറില്‍ ജനങ്ങള്‍ഇടിച്ചുനിരത്തി. ഒന്നാവാനുള്ള അഭിനിവേശമായിരുന്നു. വലിയ ആവേശം ഇരുകുട്ടരും കാണിച്ചു. പതിറ്റാണ്ടുകള്‍ക്കിടയില്‍ മതിലുകള്‍ക്കപ്പുറം എന്തുനടന്നു എന്ന ആകാംക്ഷയ്ക്കൊപ്പം ഉറ്റവരെ കാണുവാനുള്ള ധൃതിയായിരുന്നു. നാസികളുടെ പൊടിപ്പുകള്‍ ഐക്യജര്‍മ്മനിയില്‍ ഉണ്ടാവാതിരിയ്ക്കാനായിരുന്നു വന്‍ശക്തികള്‍ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജര്‍മ്മനിയെ പകുത്തത്. കഴിഞ്ഞമാസം ജര്‍മ്മന്‍കാര്‍ മതിലിന്റെ ഓര്‍മ്മയ്ക്കായി നിലനിര്‍ത്തിയ ഭാഗത്തുവന്ന് കണ്ണീര്‍വാര്‍ത്തു. തങ്ങളുടെ ജീവിതവസന്തം കരിഞ്ഞതോര്‍ത്താണ് ഇരു പുറത്തുമുള്ളവര്‍ വിലപിച്ചത്. അവര്‍ കണ്ണീര്‍തൂവിയതിന്റെ അര്‍ത്ഥം ജര്‍മ്മന്‍ ചാന്‍സലര്‍ ഏന്‍ജല മെര്‍ക്കലിനു മനസ്സിലായി. അതിനേക്കാളുപരി ഏന്‍ജല മെര്‍ക്കലിന്റെ മുന്‍ഗാമി ഹെല്‍മുട്ട് കോളിനും മനസ്സിലായി. മതിലുണ്ടായിരുന്ന കാലത്ത് കിഴക്കന്‍ ജര്‍മ്മനി എന്ന ജി.ഡി.ആര്‍. സോഷ്യലിസ്റ്റ് പാതയിലായിരുന്നു. അവിടെ പൊതുമേഖലാസ്ഥാപനങ്ങള്‍ തഴച്ചുവളര്‍ന്നു. ജനങ്ങള്‍ തൊഴിലുറപ്പിലും വരുമാനത്തിനും ജീവിതസാഹചര്യങ്ങളിലും സംതൃപ്തരായിരുന്നു.
അവര്‍ നാളെയെക്കുറിച്ച് ആശങ്കകളില്ലാതെ സ്വസ്ഥമായുറങ്ങി. പടിഞ്ഞാറന്‍ ജര്‍മ്മനി മുതലാളിത്തപാതയിലായിരുന്നെങ്കിലും സ്റ്റേറ്റിന്റെ ശക്തമായ നിയന്ത്രണങ്ങള്‍ സാമ്പത്തികക്രമത്തിലുണ്ടായിരുന്നു. കിഴക്കുണ്ടായിരുന്നു സാമൂഹ്യസുരക്ഷകളൊക്കെ മുതലാളിത്ത സാമ്പത്തികക്രമത്തില്‍ പടിഞ്ഞാറന്‍ ജര്‍മ്മനിയിലുമുണ്ടായിരുന്നു. അതെല്ലാം തകര്‍ത്തെറിഞ്ഞത് ജര്‍മ്മന്‍കാര്‍ തന്നെയെന്നുള്ള പശ്ചാത്താപമാണ് മതിലിന്റെ അവശിഷ്ടത്തിനുമുമ്പിലവര്‍ നിന്നു സങ്കടപ്പെടുന്നത് കാണാന്‍ ലോകം സാക്ഷിയായത്.ഐക്യജര്‍മ്മനിയുടെ ചാന്‍സലറായിവന്ന ഹെല്‍മുട്ട് കോള്‍ ജനങ്ങളെ ദരിദ്രരാക്കി. രണ്ടാമൂഴത്തില്‍ കഷ്ടിച്ചെത്തിയ ഏന്‍ജല മെര്‍ക്കന്‍ ജര്‍മ്മന്‍കാരെ തെണ്ടികളാക്കാന്‍ ഒരുമ്പെട്ടുനില്‍ക്കുന്നു. ഉദാരവല്‍ക്കരണത്തിന് ലോകരാഷ്ട്രങ്ങളില്‍ ഒരോ അവതാരങ്ങളുണ്ട്. പഴയ സോവിയറ്റ് യൂണിയനില്‍ ഗോര്‍ബച്ചേവ് മാലാഖ പെരിസ്ട്രോയിക്ക ഗ്ലാസ്നോസ്റ്റ് എന്നീ അഭ്യാസത്തിലൂടെ ഒരുരാഷ്ട്രക്രമത്തെ തകര്‍ത്തു.
ഹെല്‍മുട്ട് കോള്‍ പുതിയ പടിഞ്ഞാറന്‍ സാമ്പത്തികനയമായ ഉദാരവല്‍ക്കരണം, ആഗോളവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം എന്നിവയുടെ ശക്തനായ പ്രയോക്താവായിരുന്നു. ജര്‍മ്മന്‍ മതില്‍ ഇടിഞ്ഞുവീണപ്പോള്‍ ശ്രീമാന്‍ കിഴക്കന്‍ ജര്‍മ്മനിയാകെ പടര്‍ന്നുകിടന്ന പൊതുമേഖലാസ്ഥാപനങ്ങളെ വിറക് വിലയ്ക്ക് വിറ്റ് തുലച്ചു. ജീവനക്കാരുടെ തൊഴില്‍ അദ്ദേഹത്തിന് പ്രശ്നമായിരുന്നില്ല. സാമൂഹ്യസുരക്ഷകള്‍ എടുത്തുകളഞ്ഞു. ഇവിടെ ഇന്ത്യയില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ ആദ്യം ലാഭത്തില്‍ നടന്നിരുന്ന പൊതുമേഖലയിലെ ബാല്‍കോ എന്ന അലൂമിനിയം കമ്പനി 500 കോടിക്ക് വിറ്റാണ് ഗണപതിയ്ക്കുവച്ചത്. അന്ന് ചത്തീസ്ഗര്‍ മുഖ്യമന്ത്രിയായിരുന്ന അജിത്ജോഗി 1500 കോടിക്ക് കമ്പനി എടുത്തോളാമെന്ന് പറഞ്ഞിട്ടും സുപ്രീം കോടതി കേന്ദ്രത്തിന്റെ നയപ്രശ്നമെന്ന നിലയില്‍ ഇടപെട്ടില്ല. ബാല്‍കോ വാസ്തവത്തില്‍ വിറ്റത് 1500 കോടിയ്ക്കായിരുന്നു. 3000 കോടിയുടെ ആസ്തിയുണ്ടായിരുന്നു. എന്‍.ഡി.എ. 1000 കോടി വിഴുങ്ങി. വാങ്ങിയവന് 1500 കോടി ലാഭം.
ഈ ദേശദ്രോഹത്തിനാണ് ഇന്ത്യക്കാര്‍ എന്‍.ഡി.ഐ നാനാവിധമാക്കിയത്. ജര്‍മ്മനിയില്‍ അതുനടന്നുകൊണ്ടിരിയ്ക്കുന്നു. വിദ്യാഭ്യാസമൊഴികെ മേറ്റ്ല്ലാം ജര്‍മ്മനിയില്‍ സ്വകാര്യനിയന്ത്രണത്തിലാണ്. 300 യൂറോ കിന്റര്‍ഗാര്‍ട്ടനിലെ കുട്ടികള്‍ക്ക് മാസം കിട്ടും. അത് വിദ്യാഭ്യാസത്തിനല്ല ഭക്ഷണം കഴിയ്ക്കാന്‍ മാതാപിതാക്കള്‍ ഉപയോഗിക്കും.യൂറോപ്പില്‍ ഇത്രയും പോഷകാഹാരക്കുറവുള്ള കുട്ടികള്‍ ജര്‍മ്മനിയിലല്ലാതെ മേറ്റ്ങ്ങുമില്ല. സര്‍ക്കാര്‍ പാപ്പരാണ്. തൊഴിലില്ലായ്മാ വേതനം 70000 രൂപ വരെ നല്‍കിയിരുന്ന ജര്‍മ്മനി ഇപ്പോഴത് നിര്‍ത്തി. രാജ്യത്ത് വ്യവസായഭീമന്മാര്‍ തടിച്ചുകൊഴുക്കുകയാണ്. അവരാണ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. ജനങ്ങള്‍ അവരുടെ അടിമകളാണ്. ഒരു റീട്ടെയില്‍ മാള്‍ തുടങ്ങുന്ന മുതലാളി മാനേജര്‍ക്ക് ഇഷ്ടമുള്ള പണം എഴുതിയെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കും. കട പൂട്ടിയാല്‍ മാനേജര്‍ക്ക് 10 മില്യന്‍ യൂറോ നഷ്ടപരിഹാരം.
അടിമവേലചെയ്ത പണിക്കാര്‍ക്ക് തൊഴിലില്ലായ്മ തന്നെ നഷ്ടപരിഹാരം. അതായത് തൊഴില്‍ നിയമങ്ങളില്ല എന്നതുതന്നെ കാരണം. സമരം പാടില്ല. യൂണിയനുണ്ട്. യൂണിയന്‍ നേതാക്കള്‍ ഒറ്റുകാരാണ്. കമ്പനി പൂട്ടുമെന്നുകണ്ടാല്‍ ജോലിക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കും. കമ്പനിയുടെ ഷെയര്‍ എടുത്തുകൊള്ളാന്‍ നിര്‍ബ്ബന്ധിക്കും. എടുത്തില്ലെങ്കില്‍ കമ്പനി പൊളിഞ്ഞതായി പ്രഖ്യാപിക്കും. ഷെയറെടുത്താലും അതിലൊരുവന്‍ചതി ഉണ്ട്. പട്ടിണിക്കാരനായ ജീവനക്കാരന്റെ ഓഹരിയും വെള്ളത്തിലാക്കി മൂതലാളി കമ്പനി പൊളിച്ച് സ്ഥലംവിടും. ജര്‍മ്മനിയില്‍ മുതലാളി നടത്തുന്ന ആ ക്രിമിനല്‍ കുറ്റം മാന്യമാണ്. നിയമപരമാണ്. അതാണ് ജര്‍മ്മനി മുതലാളിമാരുടെ പറുദീസയെന്ന് ജര്‍മ്മന്‍കാര്‍ പറയുന്നത്.
രണ്ടുമണിക്കൂര്‍ കഴിയുമ്പോള്‍ ക്ഷീണിയ്ക്കുന്ന അവന്റെ അദ്ധ്വാനം നഷ്ടമെന്നാണ് മുതലാളി പറയുന്നത്. വ്യവസായ വിപ്ലവാനന്തര യൂറോപ്പിലെ കൊടിയ തൊഴിലാളി ചൂഷണത്തെ വെല്ലുകയാണ് ജര്‍മ്മന്‍ മുതലാളിമാര്‍. മണിക്കൂറിന് ഏഴ് യൂറോ. ആകെ ദിവസവരുമാനം 14 യൂറോ. ജര്‍മ്മനിയില്‍ വീടില്ലാത്തവരാണ് ഇപ്പോള്‍ ഭൂരിപക്ഷവും. 450 യൂറോ വാടകകൊടുത്താല്‍ ഒരു ചെറിയ വീട് കിട്ടൂം. 150 യൂറോ ഒരാള്‍ക്ക് ഭക്ഷണത്തിന് വേണം. രാപകലില്ലാതെ ജോലി വേണ്ട കമ്പനികള്‍ ചിക്കാഗോ തൊഴിലാളികള്‍ നേടിയെടുത്ത എട്ടുമണിക്കൂര്‍ ജോലി എന്ന നിയമം കാറ്റില്‍ പറത്തി പണിയെടുപ്പിച്ചാല്‍ മാസം 800 യൂറോ നല്‍കും. അവിടെ കഴുകന്‍ കണ്ണുമായി സര്‍ക്കാരുണ്ട്. നികുതി പിരിയ്ക്കാന്‍ ഉദ്യോഗസ്ഥരില്ല. സര്‍ക്കാരും മുതലാളിമാരും യോജിച്ചുതന്നെ നീങ്ങും. ശമ്പളത്തിലെ ഒമ്പതുശതമാനം നികുതി പിടിക്കും. ഭക്ഷണത്തിന് ഏഴ് ശതമാനവും നികുതിപിടിക്കും. മക്കത്തുചെന്നാല്‍ പൊതിയാതേങ്ങയോളം പൊന്നുകിട്ടുമെങ്കിലും ജര്‍മ്മനിയിലതുകൊടുത്താല്‍ നാഴിയരികിട്ടുമെന്ന് ജനങ്ങള്‍ അവരുടെ ദുരവസ്ഥയിലും തമാശപറയുന്നു. പട്ടിണിപ്പാവങ്ങളെ പിഴിഞ്ഞാല്‍ സര്‍ക്കാര്‍ ഖജനാവ് നിറയില്ല.
മുതലാളിമാര്‍ക്ക് വന്‍ സൗജന്യങ്ങളാണ്. അവര്‍ നികുതി വെട്ടിക്കും. വെട്ടിക്കുന്ന നികുതിയുടെ ഓഹരി ഭരണകക്ഷി വിഴുങ്ങും. ജര്‍മ്മനിയിലെ ധനകാര്യസ്ഥാപനങ്ങള്‍ എല്ലാം പൊളിഞ്ഞു. ബാങ്കുകള്‍ നാശത്തിന്റെ അവസാനപാദത്തിലാണ്. നവലിബറല്‍ സാമ്പത്തിക നയത്തിന്റെ തലതൊട്ടപ്പനായ അമേരിക്ക പോലും ഇത്രയ്ക്ക് നശിച്ചിട്ടില്ല.
ചികിത്സ നീട്ടിക്കൊണ്ടുപോയി പലരും അകാലത്തില്‍ മരണം വരിയ്ക്കുന്നു. പണ്ട് ഇന്‍ഷ്വറന്‍സ് എടുത്താല്‍ മരുന്ന് സൗജന്യം. ഇപ്പോള്‍ രോഗി മരുന്നിന് പണം കൊടുക്കണം. ആശുപത്രിയില്‍ കിടക്കാന്‍ ദിവസം പത്ത് യൂറോ കൊടുക്കണം. ഇതെല്ലാം ഇന്‍ഷ്വറന്‍സ് ഉണ്ടായിട്ടാണെന്നോര്‍ക്കണം. അതില്ലെങ്കില്‍ രോഗം വന്ന് ചികിത്സയില്ലാതെ മരിക്കും. ദാരിദ്ര്യം കടന്നുപിടിച്ച ആഫ്രിക്കന്‍ വന്‍കരയേക്കാള്‍ മോശമാണ് ഇന്ന് ജര്‍മ്മനി. സാമൂഹ്യ സുരക്ഷാപദ്ധതിയുടെ ആനുകൂല്യം കിട്ടണമെങ്കില്‍ വസ്തുവകകള്‍ വിറ്റുതുലച്ച് നിസ്വനായി ചെല്ലണം. വിറ്റപണം ബാങ്കിലിട്ടാന്‍ നിസ്വനാവില്ല. പണം തീര്‍ത്തുതന്നെ ചെല്ലണം. വിദ്യാര്‍ത്ഥികള്‍ക്ക് ആറുമാസം കൂടുമ്പോള്‍ 600 യൂറോ നല്‍കണം. വിദ്യാഭ്യാസം സൗജന്യമായിരുന്ന കാലമുണ്ടായിരുന്നു ഇരുജര്‍മ്മനിയില്‍. കൈപൊള്ളുന്ന വിദ്യാഭ്യാസം മൂലം അഭ്യസ്തവിദ്യരുടെ എണ്ണം കുറയുകയാണ്. ദാരിദ്ര്യം, നിരക്ഷരത എന്നിവ ചൂഷകന്റെ ഏറ്റവും വളക്കൂറുള്ള മണ്ണ്.
ഐക്യജര്‍മ്മനി കിഴക്കന്‍ ജര്‍മ്മനിക്കാര്‍ക്ക് വന്‍ നഷ്ടമാണുണ്ടാക്കിയത്. അപരിഹാര്യനഷ്ടത്തിന്റെ കണക്കുകളെണ്ണിയാണ് അവര്‍ തേങ്ങിക്കരഞ്ഞത്. ജര്‍മ്മന്‍കാര്‍ ഇപ്പോള്‍ യാത്രചെയ്യാറില്ല. സൈക്കിള്‍ എത്താവുന്നിടത്തുപോവും. കാറുകള്‍ വെറുതെകിടക്കുന്നു. റെയില്‍വേ സര്‍ക്കാരിന്റെതാണെങ്കിലും യാത്രകൂലി ഒട്ടും മയമില്ലാത്തതാണ്. 300 കീ.മീ യാത്രചെയ്യാന്‍ പതിനായിരം രൂപ വേണം. ശരാശരി ആരോഗ്യമുള്ള ജര്‍മ്മന്‍കാരന്റെ അദ്ധ്വാനഫലം പ്രതിമാസം 56000 രൂപയാണ്. നികുതി നല്‍കേണ്ടാത്തവരുടെവരുമാനം 400 യൂറോ. അതായത് 28000 രൂപ. അതുകൊണ്ട് ഒന്നിനും തികയുകയില്ല. |
| < മുന്‍ പേജ് | അടുത്തത് > |
|---|

വി.പി രമേശന്‍
-°C 