ഷാജി എന്‍ കരുണ്‍ പറയുന്നത്‌ നുണയെന്ന്‌ അക്കാദമി ചെയര്‍മാന്‍

Image'കുട്ടിസ്രാങ്ക്‌ ' ആവശ്യപ്പെട്ടതിന്‌ രേഖകളുണ്ടെന്ന്‌ കെആര്‍ മോഹനന്‍

നിസാര്‍ മുഹമ്മദ്‌
തിരുവനന്തപുരം:
തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലേക്ക്‌ 'കുട്ടിസ്രാങ്ക്‌' ആവശ്യപ്പെട്ടിട്ടില്ലെന്ന സംവിധായകന്‍ ഷാജി എന്‍ കരുണിന്റെ അഭിപ്രായം നുണയാണെന്ന്‌ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ ആര്‍ മോഹനന്‍.

 'വീക്ഷണ'ത്തിന്‌ അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ്‌ അക്കാദമി ചെയര്‍മാന്‍ ഷാജി എന്‍ കരുണിനെതിരെ വീണ്ടും ആഞ്ഞടിച്ചത്‌. ചലച്ചിത്ര അക്കാദമി ചെയര്‍മാനോ വൈസ്‌ ചെയര്‍മാനോ ആര്‍ട്ടിസ്റ്റിക്‌ ഡയറക്ടറോ തന്നോട്‌ ഫോണിലൂടെയോ അല്ലാതെയോ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും നിര്‍മ്മാതാക്കളോട്‌ ചോദിച്ചിട്ടുണ്ടോ എന്നറിയില്ലെന്നുമാണ്‌ കഴിഞ്ഞദിവസം ഗോവ ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നതിനിടെ ഷാജി എന്‍ കരുണ്‍ പ്രതികരിച്ചത്‌.


?ചലച്ചിത്രമേളയിലേക്ക്‌ ചോദിച്ചിട്ടും കുട്ടിസ്രാങ്ക്‌ നല്‍കിയില്ല എന്ന അങ്ങയുടെ ആരോപണം ഷാജി എന്‍ കരുണ്‍ നിഷേധിച്ചിരിക്കുകയാണല്ലോ? എന്താണ്‌ പറയാനുള്ളത്‌.
- അത്‌ നുണയാണ്‌. തിരുവനന്തപുരത്ത്‌ ഡിസംബര്‍ 11 മുതല്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവലിലേക്ക്‌ ഷാജി എന്‍ കരുണിന്റെ ചിത്രം ഞങ്ങള്‍ ആവശ്യപ്പെട്ടതാണ്‌. അതിന്റെ രേഖകള്‍ ഇവിടെയുണ്ട്‌. സാധാരണ നിലയില്‍ നമ്മള്‍ നടത്തുന്ന ഫെസ്റ്റിവലിലേക്ക്‌ ഒരു സിനിമ ആവശ്യപ്പെടേണ്ട കാര്യമില്ല. എന്നിട്ടും ഞങ്ങള്‍ അദ്ദേഹത്തിന്റെ ചിത്രം ആവശ്യപ്പെട്ടുവെന്നതാണ്‌ സത്യം. ഇതേക്കുറിച്ച്‌ കൂടുതല്‍ വിവാദത്തിന്‌ ഞാനില്ല. എങ്കിലും ചില കാര്യങ്ങള്‍ പറയാതിരിക്കാന്‍ കഴിയില്ല. തിരുവനന്തപുരം ചലച്ചിത്രമേളയിലേക്ക്‌ സിനിമകള്‍ ക്ഷണിച്ചുകൊണ്ട്‌ പത്രങ്ങളിലും വെബ്സൈറ്റിലുമൊക്കെ അറിയിപ്പുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. അങ്ങനെ എത്രയോ എന്‍ട്രികള്‍ വന്നു. ലോകത്തെമ്പാടുമുള്ള വിഖ്യാത സംവിധായകരുടേതും മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുമൊക്കെ എന്‍ട്രികള്‍ വരുന്നത്‌ ആ അറിയിപ്പിലൂടെയാണ്‌. എല്ലാ ഫെസ്റ്റിവലിലും അങ്ങനെയാണ്‌. എങ്കിലും ഷാജി മികച്ച സംവിധായകനായത്‌ കൊണ്ട്‌ നേരിട്ട്‌ ലെറ്റര്‍ അയച്ചിട്ടുണ്ട്‌. നിര്‍മ്മാതാക്കള്‍ക്കും അയച്ചിട്ടുണ്ട്‌. ഇനി കൂടുതല്‍ വിവാദത്തിന്‌ താല്‍പ്പര്യമില്ല. ഞങ്ങള്‍ ഞങ്ങളുടെ വാദവും ഷാജി അദ്ദേഹത്തിന്റെ ഭാഗവും പറഞ്ഞുകഴിഞ്ഞു.


?കുട്ടിസ്രാങ്കിന്റെ നിര്‍മ്മാതാക്കളായ റിലയന്‍സ്‌ ഗ്രൂപ്പിനെതിരെ താങ്കള്‍ സംസാരിച്ചത്‌ അദ്ദേഹത്തിനെതിരെയുള്ള പരോക്ഷമായ ആക്രമണമാണെന്നാണ്‌ ഷാജി എന്‍ കരുണ്‍ പ്രതികരിച്ചിരിക്കുന്നത്‌.
- റിലയന്‍സിന്‌ എതിരായിട്ടല്ല ഞാന്‍ സംസാരിച്ചത്‌. വാസ്തവത്തില്‍ ജൂറിയിലെ ഒരംഗം തന്നെ പറഞ്ഞു, റിലയന്‍സിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ ജൂറി ചെയര്‍മാന്‍ നിര്‍ബന്ധം പിടിച്ചുവെന്ന്‌. അതിനെതിരായിട്ടാണ്‌ ഞാന്‍ പ്രതികരിച്ചത്‌.


?കോര്‍പ്പറേറ്റുകള്‍ മലയാള സിനിമാ നിര്‍മ്മാണ രംഗത്തേക്ക്‌ കടന്നുവരുന്നതിനെക്കുറിച്ച്‌.
- കോര്‍പ്പറേറ്റുകള്‍ നല്ല സിനിമയെടുക്കുന്നത്‌ നല്ല കാര്യമാണ്‌. ഞാനുമൊരു ചലച്ചിത്ര സംവിധായകനാണല്ലോ, എന്റെ ഒരു ചിത്രം ചെയ്യാമെന്ന്‌ റിലയന്‍സ്‌ സമ്മതിച്ചാല്‍ ഞാനും ചെയ്തെന്നിരിക്കും. പക്ഷെ സിനിമ ഒരു ജൂറിയുടെ മുമ്പില്‍ വരുമ്പോള്‍ ജൂറി ചെയര്‍മാന്‍ തന്നെ അതിന്‌ വേണ്ടി നിര്‍ബന്ധം പിടിക്കുന്നത്‌ ശരിയല്ല. റിലയന്‍സ്‌ എടുത്ത ചിത്രങ്ങള്‍ ഒരുപക്ഷേ ജൂറി ചെയര്‍മാന്‍ പറയാതെ തന്നെ അംഗീകരിക്കപ്പെടേണ്ട ചിത്രങ്ങളായിരിക്കും. ഷാജി എന്‍ കരുണ്‍, ബുദ്ധദാസ്‌ ഗുപ്ത, എംഎസ്‌ സത്യു തുടങ്ങിയ പ്രശസ്തരായ സംവിധായകരുടെ പടങ്ങളാണല്ലോ റിലയന്‍സ്‌ നിര്‍മ്മിച്ചത്‌. ഈ ചിത്രങ്ങള്‍ ആരും ഇടപെടാതെ തന്നെ തെരഞ്ഞെടുക്കപ്പെടും. പക്ഷെ ഇങ്ങനെ ജൂറി ചെയര്‍മാന്‍ ഇടപെടല്‍ നടത്തിയെന്ന്‌ പറഞ്ഞതിന്റെ പേരിലാണ്‌ ഞാന്‍ പ്രതികരിച്ചത്‌. ഷാജിയെ കൊണ്ട്‌ എടുക്കുന്ന സിനിമകള്‍ വിജയിച്ചാല്‍ റിലയന്‍സ്‌ ഗ്രൂപ്പ്‌ മറ്റ്‌ സംവിധായകരെകൊണ്ടും സിനിമ ചെയ്യിക്കും. അത്‌ മലയാള സിനിമയ്ക്ക്‌ മുതല്‍ക്കൂട്ടാവും. പക്ഷെ മറ്റുള്ള ശ്രമങ്ങള്‍ ശരിയല്ല എന്നാണ്‌ ഞാന്‍ പറയുന്നത്‌.


? തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇക്കുറി തെരഞ്ഞെടുക്കപ്പെട്ട സിനിമകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണെന്നാണോ അങ്ങയുടെ വിശ്വാസം.
-തീര്‍ച്ചയായും, ഈ വര്‍ഷം മലയാളത്തിലുണ്ടായ ഏറ്റവും നല്ല സിനിമകള്‍ തന്നെയാണ്‌ ഈ ചലച്ചിത്രമേളയില്‍ തെരഞ്ഞെടുത്തിരിക്കുന്നത്‌. ഇന്ത്യന്‍ സിനിമാ വിഭാഗത്തിലും ലോക സിനിമാ വിഭാഗത്തിലും മല്‍സര വിഭാഗത്തിലും മികച്ച സിനിമകള്‍ തന്നെയാണ്‌ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്ന്‌ യാതൊരു സംശയവും ഇല്ലാതെ പറയാന്‍ കഴിയും.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls