|
സംസ്ഥാന ഭാരവാഹികളെ ഇന്ന് തെരഞ്ഞെടുക്കും
കൊച്ചി: കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെയും ഭാരവാഹികളെയും ഇന്ന് പ്രഖ്യാപിക്കും. മധ്യമേഖലാ തെരഞ്ഞെടുപ്പ് ഇന്നലെ കൊച്ചിയില്‍ നടന്നു.
രാവിലെ മുതല്‍ തന്നെ വിദ്യാര്‍ത്ഥികളുടെ നീണ്ട ക്യൂ വോട്ടെടുപ്പ് നടന്ന ടൗണ്‍ ഹാളില്‍ രൂപപ്പെട്ടു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാനെത്തിയത്. മൂന്നാംഘട്ട തിരഞ്ഞെടുപ്പ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി ഇന്ന് നടക്കും. സംസ്ഥാന പ്രസിഡന്റ്, ദേശീയ കൗണ്‍സില്‍ അംഗം എന്നീ സ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്ന് നടക്കും. ആലപ്പുഴയിലും തൃശ്ശൂരം വനിതാ പ്രസിഡന്റുമാരാണ്. ടിന്റു സ്റ്റീഫന്‍ (ആലപ്പുഴ), ജോബിന്‍ ജേക്കബ് (കോട്ടയം), മുകേഷ് മോഹന്‍ (ഇടുക്കി), ജിന്റോ ജോണ്‍ (എറണാകുളം), ഷെജീന എ എം (തൃശ്ശൂര്‍) എന്നിവരാണ് പുതിയ ജില്ലാ പ്രസിഡന്റുമാര്‍. എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി രൂപം കൊടുത്ത തിരഞ്ഞെടുപ്പ് രീതിക്ക് വന്‍ പ്രതികരണമാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിച്ചത്. വര്‍ഷങ്ങളള്‍ക്കു ശേഷം കെ.എസ്.യുവില്‍ നടന്ന തെരഞ്ഞെടുപ്പ് ആവേശത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തത്. ഒന്നാം ഘട്ടത്തില്‍ അംഗത്വ പ്രചരണവും രണ്ടാം ഘട്ടത്തില്‍ യൂണിത്തല തിരഞ്ഞെടുപ്പുകളും വിജയകരമായി പൂര്‍ത്തിയാക്കിയാണ് ജില്ലാതല തിരഞ്ഞെടുപ്പുകള്‍ക്ക് ഇന്നലെതുടക്കം കുറിച്ചത്. താഴെക്കിടയിലുള്ള പ്രവര്‍ത്തകര്‍ക്ക് നേതൃനിരയിലേക്ക് കടന്നു വരാനുള്ള വാതിലുകളാണ് പുതിയ തിരഞ്ഞെടുപ്പ് രീതിയിലൂടെ തുറക്കപ്പെട്ടത്.ആലപ്പുഴ ജില്ലാ പ്രസിഡന്റായി 93 വോട്ടുകള്‍ നേടിയാണ് ടിന്റു സ്റ്റീഫന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ആര്യാട് ബി.എഡ് കോളജ് വിദ്യാര്‍ത്ഥിനിയാണ്. മാളിക മുക്ക് കാഞ്ഞിരംചിറ വാര്‍ഡ് കൗണ്‍സിലറായിരുന്ന ടി.സി സ്റ്റീഫന്റെ മകളാണ് ടിന്റു.
മറ്റു ഭാരവാഹികള്‍: വി.പി രാജലക്ഷ്മി (വൈസ് പ്രസിഡന്റ്), ദേവദാസ് എച്ച് മല്ലന്‍, ജോര്‍ജ് സ്രാമ്പിക്കല്‍, എ.ആര്‍ കണ്ണന്‍, ധനേഷ്, ലിനു (ജന. സെക്രട്ടറിമാര്‍). കോട്ടയം ജില്ലാ പ്രസിഡന്റായി ജോബിന്‍ ജേക്കബ് 133 വോട്ടുകള്‍ നേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. എം.ജി സര്‍വകലാശാല സെനറ്റ് അംഗം കൂടിയായി ജോബിന്‍ ബെസലിയോസ് കോളജിലെ രണ്ടാം വര്‍ഷ സുവോളജി വിദ്യാര്‍ത്ഥിയാണ്. മറ്റു ഭാരവാഹികള്‍: സനോജ് പനയ്ക്കല്‍ (വൈസ് പ്രസിഡന്റ്), മുഹമ്മദ് അമീന്‍, ടിന്റു തോമസ്, മാര്‍ട്ടിന്‍ സ്കറിയ, സനക്സ് പി മാത്യു, ദയാ തോമസ്, അനു അന്നാ ജേക്കബ് (ജന. സെക്രട്ടറിമാര്‍). 92 വോട്ടുകള്‍ നേടിയ മുകേഷ് മോഹനാണ് ഇടുക്കി ജില്ലാ പ്രസിഡന്റ്. നിലവില്‍ ജില്ലാ വൈസ് പ്രസിഡന്റായ മുഖേഷ് കട്ടപ്പന ഗവണ്‍മെന്റ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. മറ്റു ഭാരവാഹികള്‍: നിയാസ് ഇസ്മയില്‍ (വൈസ് പ്രസിഡന്റ്), അക്ബര്‍ ടി.എല്‍, ജോമോന്‍ വി.ജെ, ശ്രീലാല്‍, ഡോണ്‍ മാത്യു ജോണ്‍, നീതു തോമസ് (ജന. സെക്രട്ടറിമാര്‍). റാങ്ക് ജേതാവ് കൂടിയായ ജിന്റോ ജോണ്‍ 278 വോട്ടുകള്‍ നേടിയാണ് എറണാകുളം ജില്ലാ പ്രസിഡന്റായത്. ആലുവ യു.സി കോളജ് മുന്‍ ചെയര്‍മാന്‍ കൂടിയായ ജിന്റോ തൃക്കാക്കര ജയഭാരത് ബി.എഡ് കോളജ് വിദ്യാര്‍ത്ഥിയാണ്. ബി.എയ്ക്ക് രണ്ടാം റാങ്കും, എം.എയ്ക്ക് നാലാം റാങ്കും നേടിയിട്ടുണ്ട്. മറ്റു ഭാരവാഹികള്‍: വര്‍ഗീസ് വിനു (വൈസ് പ്രസിഡന്റ്), നിഷാദ്, പോള്‍വിന്‍, ഷെറഫുന്നിസ, ആരതി, സ്നേഹലക്ഷ്മി, റിനി മാത്യു (ജന.സെക്രട്ടറിമാര്‍). തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റായി എ.എം ഷെജീന 171 വോട്ടുകളോടെ തെരഞ്ഞെടുക്കപ്പെട്ടു. തൃശ്ശൂര്‍ ഗവ. ലോക്കോളജ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. വി.പി ഗ്രീഷ്മ (വൈസ് പ്രസിഡന്റ്), ദീപക് പി.സി, കെ.വി സുബിന്‍, സൗമ്യ, അല്‍ഫോണ്‍സാ സ്റ്റീഫന്‍, സിവിന്‍ (ജന. സെക്രട്ടറിമാര്‍). രാവിലെ ഒമ്പതു മണിക്കു തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് അഞ്ചുമണിക്ക് അവസാനിച്ചു. ദക്ഷിണമേഖലാ തെരഞ്ഞെടുപ്പ് ഇന്ന് തിരുവനന്തപുരത്ത് നടക്കും.
|