| അക്ഷരാഗ്നി അണഞ്ഞു |
സാംസ്‌കാരിക കേരളം സുകുമാര്‍ അഴീക്കോടിന്റെ വിയോഗത്തില്‍ തേങ്ങുന്നു ഇന്നലെ രാവിലെ തൃശൂര്‍ അമലാ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം, സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് 12 ന് കണ്ണൂര്‍ പയ്യാമ്പലത്ത്, അന്ത്യാഞ്ജലിയുമായി രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളുടെ പ്രവാഹം 31 സാഹിത്യ ഗ്രന്ഥങ്ങളുടെ കര്‍ത്താവ്; നിരവധി അംഗീകാരങ്ങള്തൃശൂര്: കേരളത്തിലെ സാംസ്‌കാരിക നായകരില്‍ പ്രമുഖനും ഉജ്ജ്വല പ്രഭാഷകനും ആയിരുന്ന ഡോ. സുകുമാര്‍ അഴീക്കോട് (85) അന്തരിച്ചു. അക്ഷരങ്ങളെ അഗ്നിയാക്കി ആറ് ദശാബ്ദക്കാലം പ്രശോഭിച്ച അദ്ദേഹത്തിന്റെ വിയോഗം ഇന്നലെ രാവിലെ ആറരയോടെ തൃശൂര്‍ അമല ആശുപത്രിയിലായിരുന്നു. സംസ്‌കാരം ഇന്ന് പതിനൊന്നുമണിക്ക് കണ്ണൂര്‍ പയ്യാമ്പലത്ത് സര്‍ക്കാര്‍ ബഹുമതികളോട് നടത്തും. മലയാളിയുടെ മനസ്സില്‍ പ്രഭാഷണകലയുടെ മാരിവില്ല് തീര്‍ത്ത അഴീക്കോട് ക്യാന്‍സര്‍ രോഗം മൂലം ഡിസംബര്‍ ഒമ്പതിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ശനിയാഴ്ച മുതല്‍ രോഗം മൂര്‍ച്ഛിച്ച് അബോധാവസ്ഥയിലായി. മരണസമയത്ത് അനന്തരവന്‍മാരായ മനോജ്, രാജേഷ് എന്നിവര്‍ സമീപത്തുണ്ടായിരുന്നു. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ, അക്ബര്‍ കക്കട്ടില്‍, സി. രാവുണ്ണി, പി.എ രാധാകൃഷ്ണന്‍, കെ.പി രാജേന്ദ്രന്‍, കെ.എം രാഘവന്‍നമ്പ്യാര്‍ എന്നിവരടക്കം പ്രമുഖര്‍ സ്ഥലത്തെത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രിമാരായ സി.എന്‍ ബാലകൃഷ്ണന്‍, കെ.സി ജോസഫ്, ഇബ്രാഹിംകുഞ്ഞ്, കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ തുടങ്ങി സാമൂഹ്യ, സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.വായില്‍ അര്‍ബുദ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് കുറച്ച് നാളായി ചികില്‍സയിലായിരുന്നു. കുളിമുറിയില്‍ വീണ് ഡിസംബര്‍ എട്ടിനാണ് തൃശൂര്‍ ഹാര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് പരിശോധനയില്‍ നട്ടെല്ലിലേക്ക് അര്‍ബുദം വ്യാപിച്ചതായി കണ്ടെത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക നിര്‍ദേശപ്രകാരം അഴീക്കോടിനെ ഡിസംബര്‍ 10ന് അമല മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആദ്യ ദിവസങ്ങളില്‍ നടന്ന റേഡിയേഷന്‍ തുടങ്ങിയെങ്കിലും, രോഗം വ്യാപിച്ച അവസ്ഥയില്‍ കീമോ തെറാപ്പിക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. 1926 മേയ് 12ന് കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്ട് ജനിച്ച സുകുമാരന്‍ പില്‍ക്കാലത്ത് സുകുമാര്‍ അഴീക്കോട് എന്ന നിലയില്‍ അറിയപ്പെട്ടു. വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്‍ ആയിരുന്നു പിതാവ്. അമ്മ കേളോത്ത് തട്ടാരത്ത് മാധവിയമ്മയും. 1941-ല്‍ എസ്.എസ്.എല്‍.സി. (ചിറയ്ക്കല്‍ രാജാസ് ഹൈസ്‌ക്കൂള്‍) 1946-ല്‍ ബി.കോം ബിരുദം. തുടര്‍ന്ന് ബി.ടി മലയാളത്തിലും സംസ്‌കൃതത്തിലും എം.എ., പി.എച്ച്.ഡി. (കേരള യൂണിവേഴ്‌സിറ്റി-1981) ബിരുദങ്ങള്‍. യൗവനാരംഭത്തില്‍ വാഗ്ഭടാനന്ദഗുരുദേവന്‍ വളരെ സ്വാധീനിച്ചു. 1946-ല്‍ ജോലി തേടി ഡല്‍ഹിയില്‍പോയി. ലഭിച്ച ഉദ്യോഗം വേണ്ടെന്നുവെച്ച് തിരിച്ചുപോരുമ്പോള്‍ സേവാഗ്രാമത്തില്‍ ചെന്ന് ഗാന്ധിജിയെ കണ്ടു. ചിറയ്ക്കല്‍ രാജാസ് ഹൈസ്‌കൂള്‍ (1952), മംഗലാപുരം സെന്റ് അലോഷ്യസ് കോളേജ് (എം.എ.ബിരുദമെടുക്കുന്നതിനു മുമ്പുതന്നെ അവിടെ മലയാളം-സംസ്‌കൃതം ലക്ചററായി,1952-56ല്‍), കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് (1956-62 ല്‍ മലയാളം ലക്ചറര്‍) എന്നിവിടങ്ങളില്‍ അധ്യാപനം. മൂത്തകുന്നം എസ്.എന്‍.എം.ട്രെയിനിങ് കോളജില്‍ പ്രിന്‍സിപ്പല്‍ (1962-1971), കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ മലയാളം പ്രൊഫസര്‍ (1971-1986). പ്രോ-വൈസ് ചാന്‍സലറായും ആക്ടിംഗ് വൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചു. 1986ല്‍ സര്‍വ്വീസില്‍നിന്നു വിരമിച്ചു. ആദ്യത്തെ എമറിറ്റസ് പ്രൊഫസര്‍. യു.ജി.സിയുടെ ഭാരതീയഭാഷാപഠനത്തിന്റെ പാനല്‍ അംഗമായും കേന്ദ്ര-കേരള സാഹിത്യ അക്കാദമികളില്‍ നിര്‍വ്വാഹകസമിതി അംഗമായും പ്രവര്‍ത്തിച്ചു. യു.ജി.സിയുടെ ആദ്യത്തെ നാഷണല്‍ ലക്ചറര്‍. സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡണ്ട് (1965-77), നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ (93-96). 1985ല്‍ കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യവിമര്‍ശനത്തിനുള്ള അവാര്‍ഡ് മലയാള സാഹിത്യവിമര്‍ശം എന്ന കൃതിക്ക് ലഭിച്ചു. 'തത്വമസി' എന്ന കൃതി 1985ല്‍ കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ അവാര്‍ഡുകള്‍ക്കും 1989ല്‍ വയലാര്‍ അവാര്‍ഡ്, രാജാജി അവാര്‍ഡ്, സുവര്‍ണ്ണകൈരളി അവാര്‍ഡ്, പുത്തേഴന്‍ അവാര്‍ഡ് തുടങ്ങി 12 അവാര്‍ഡുകള്‍ക്കും അര്‍ഹമായി. കേരള സാഹിത്യ അക്കാദമി 1991ല്‍ വിശിഷ്ടാംഗത്വം നല്കി ആദരിച്ചു. 2004ലെ കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം നേടി. പ്രഭാഷകനെന്ന നിലയില്‍ കേരളം കണ്ട എക്കാല ത്തെയും ഏറ്റവും വലിയ പ്രതിഭ. സ്വാതന്ത്ര്യജൂബിലി പ്രഭാഷണപരമ്പര, ഗാന്ധിജിയുടെ 125-ാം ജയന്തിയോടനുബന്ധിച്ച് 125 ഗ്രാമങ്ങളില്‍ നടത്തിയ പ്രഭാഷണപരമ്പര, ഭാരതീയതയെക്കുറിച്ച് ഏഴുദിവസം തുടര്‍ച്ചയായി തൃശൂരില്‍ നടത്തിയ പ്രഭാഷണപരമ്പര എന്നിവ വളരെ പ്രശസ്തി നേടി.നവഭാരതവേദി എന്ന സംഘടനയുടെ സ്ഥാപകപ്രസിഡണ്ടായിരുന്നു. ദീനബന്ധു, മലയാള ഹരിജന്‍, ദേശമിത്രം, നവയുഗം, ദിനപ്രഭ എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. വര്‍ത്തമാനം ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. മാതൃഭൂമിയിലെ സാഹിതീസപര്യ, ഇന്ത്യാ ടുഡേയില്‍ നേര്‍ക്കാഴ്ച, ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ ഇന്‍-പാസിങ്ങ് എന്നിവയ്ക്കുപുറമേ മലയാള പത്രങ്ങളിലെ കോളങ്ങളിലും വൈഭവം തെളിയിച്ചു. വൈലോപ്പിള്ളി സ്മാരകസമിതി, പി. കുഞ്ഞിരാമന്‍ നായര്‍ സ്മാരകം എന്നിവയുടെ അധ്യക്ഷനാണ്. അഴീക്കോട് ഫൗണ്ടേഷനും രൂപവല്‍ക്കരിച്ചു. 1986ല്‍ കോഴിക്കോട് നിന്ന് തൃശൂരിലെ വിയ്യൂരിലേക്ക് താമസം മാറി. പിന്നീട് തൃശൂരിലെ തന്നെ ഇരവിമംഗലത്ത് പുതിയ വീട് നിര്‍മിച്ച് അങ്ങോട്ട് മാറി. തിരക്കേറിയ പൊതുജീവിതത്തില്‍ വ്യാപൃതനായിരുന്ന അദ്ദേഹം വിവാഹിതനായിരുന്നില്ല.1985ല്‍ പുറത്ത് വന്ന തത്വമസിയാണ് അഴീക്കോടിന്റെ മാസ്റ്റര്‍പീസ് രചനയായി കണക്കാക്കുന്നത്. കേന്ദ്ര-കേരള സാഹിത്യ അക്കാദമി, വയലാര്‍, രാജാജി അവാര്‍ഡുകള്‍ ഉള്‍പ്പെടെ 12 പുരസ്‌കാരങ്ങള്‍ ലഭിച്ച ഈ കൃതി വിവിധ ഭാഷകളിലേക്ക് മൊഴി മാറ്റം ചെയ്തിട്ടുണ്ട്.വേദങ്ങളിലും ഉപനിഷത്തുകളിലും അധിഷ്ടിതമായ ഇന്ത്യന്‍ തത്വചിന്തയെ ആധാരമാക്കിയുള്ള ഈ രചന ഭാഷയിലും സാഹിത്യത്തിലും ചിന്താപരമായുള്ള അഴീക്കോടിന്റെ പാണ്ഡിത്യം വെളിപ്പെടുത്തുന്നതാണ്. വ്യക്തിപരമായി ഏറെ അടുപ്പമുള്ള ഗുരുതുല്യനായ പ്രശസ്ത കവി ജി. ശങ്കരകുറുപ്പിന്റെ രചനകളെ സൃഷ്ടിപരമായി വിമര്‍ശിച്ച് ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന ഗ്രന്ഥത്തിലൂടെ സുകുമാര്‍ അഴീക്കോട് ഏറെ ശ്രദ്ധേയനായി. ആശാന്റെ സീതാകാവ്യം, രമണനും മലയാള കവിതയും, മഹാത്മാവിന്റെ മാര്‍ഗം, പുരോഗമന സാഹിത്യവും മറ്റും, മലയാള സാഹിത്യ വിമര്‍ശം, തത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിന് ഭാരതധരേ, അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍, അഴീക്കോടിന്റെ ഫലിതങ്ങള്‍, ഗുരുവിന്റെ ദുഃഖം, ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, പാതകള്‍ കാഴ്ചകള്‍, ഭാവന എന്ന വിസ്മയം, ഭാവയാത്രകള്‍ തുടങ്ങിയ 35ലധികം കൃതികളുണ്ട്.മലബാറിലെ ആത്മീയ ഗുരുവായിരുന്ന വാഗ്ഭടാനന്ദന്റെ ശിഷ്യനായ അഴീക്കോട് ഗാന്ധിയന്‍ ദര്‍ശനങ്ങളായിരുന്നു ജീവിതത്തില്‍ പകര്‍ത്തിയത്. ശ്രീനാരായണഗുരുവിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് മദ്യ വിരുദ്ധ മതേതര നിലപാടുകളില്‍ ഉറച്ച് വിശ്വസിച്ചു. 1962ല്‍ കോഴിക്കോട് ദേവഗിരി കോളജ് അധ്യാപകനായിരിക്കെ അദ്ദഹേം കെ.പി.സി.സി പ്രസിഡന്റ് സി.കെ. ഗോവിന്ദന്‍ നായരുടെ നിര്‍ദേശപ്രകാരം തലശേരി നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി. കഴിഞ്ഞ രണ്ട് മാസമായി ശാരീരികമായ അവശതയിലായിരുന്നു അഴീക്കോട്. എന്നിരുന്നാലും ചര്യകളില്‍ മുടക്കംവരുത്തിയിരുന്നില്ല. പൊതുപരിപാടികളിലും എഴുത്തിലും അദ്ദഹേം സജീവമായിരുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ഡിസംബര്‍ ഒന്നിന് സാഹിത്യ അക്കാദമിയില്‍ നടന്ന പ്രകൃതി ചികിത്സകന്‍ ജേക്കബ് വടക്കന്‍ചേരിയുടെ ഗ്രന്ഥം പ്രകാശനം ചെയ്തത് അദ്ദേഹമായിരുന്നു. സംസ്‌കാര ചടങ്ങ് സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ തിരുവനന്തപുരം: സുകുമാര്‍ അഴീക്കോടിന്റെ സംസ്‌കാരം സമ്പൂര്‍ണ സംസ്ഥാന ബഹുമതിയോടെ ആയിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സംസ്‌കാരചടങ്ങുകള്‍ പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍ അടുത്ത ബന്ധുക്കളുടെ തീരുമാനപ്രകാരം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

സാംസ്‌കാരിക കേരളം സുകുമാര്‍ അഴീക്കോടിന്റെ വിയോഗത്തില്‍ തേങ്ങുന്നു ഇന്നലെ രാവിലെ തൃശൂര്‍ അമലാ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം, സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് 12 ന് കണ്ണൂര്‍ പയ്യാമ്പലത്ത്, അന്ത്യാഞ്ജലിയുമായി രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളുടെ പ്രവാഹം 31 സാഹിത്യ ഗ്രന്ഥങ്ങളുടെ കര്‍ത്താവ്; നിരവധി അംഗീകാരങ്ങള്‍
-°C 